YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 109

109
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.
1എന്റെ പുകഴ്ചയായ ദൈവമേ, മൗനമായിരിക്കരുതേ.
2ദുഷ്ടന്റെ വായും വഞ്ചകന്റെ വായും എന്റെ നേരേ തുറന്നിരിക്കുന്നു;
ഭോഷ്കുള്ള നാവുകൊണ്ട് അവർ എന്നോടു സംസാരിച്ചിരിക്കുന്നു.
3അവർ ദ്വേഷവാക്കുകൾകൊണ്ട് എന്നെ വളഞ്ഞു
കാരണംകൂടാതെ എന്നോടു പൊരുതിയിരിക്കുന്നു.
4എന്റെ സ്നേഹത്തിനു പകരം അവർ വൈരം കാണിക്കുന്നു;
ഞാനോ പ്രാർഥന ചെയ്തുകൊണ്ടിരിക്കുന്നു.
5നന്മയ്ക്കു പകരം തിന്മയും സ്നേഹത്തിനു പകരം ദ്വേഷവും
അവർ എന്നോടു കാണിച്ചിരിക്കുന്നു.
6നീ അവന്റെമേൽ ഒരു ദുഷ്ടനെ നിയമിക്കേണമേ;
എതിരാളി അവന്റെ വലത്തുഭാഗത്തു നില്ക്കട്ടെ.
7അവനെ വിസ്തരിക്കുമ്പോൾ അവൻ കുറ്റക്കാരനെന്നു തെളിയട്ടെ;
അവന്റെ പ്രാർഥന പാപമായിത്തീരട്ടെ.
8അവന്റെ നാളുകൾ ചുരുങ്ങിപ്പോകട്ടെ;
അവന്റെ സ്ഥാനം മറ്റൊരുത്തൻ ഏല്ക്കട്ടെ.
9അവന്റെ മക്കൾ അനാഥരും
അവന്റെ ഭാര്യ വിധവയും ആയിത്തീരട്ടെ.
10അവന്റെ മക്കൾ അലഞ്ഞു തെണ്ടിനടക്കട്ടെ;
തങ്ങളുടെ ശൂന്യഭവനങ്ങളെ വിട്ട് ഇരന്നുനടക്കട്ടെ.
11കടക്കാരൻ അവനുള്ളതൊക്കെയും കൊണ്ടുപോകട്ടെ;
അന്യജാതിക്കാർ അവന്റെ പ്രയത്നഫലം കൊള്ളയിടട്ടെ.
12അവന് ദയ കാണിപ്പാൻ ആരും ഉണ്ടാകരുതേ;
അവന്റെ അനാഥരോട് ആർക്കും കൃപ തോന്നരുതേ.
13അവന്റെ സന്തതി മുടിഞ്ഞുപോകട്ടെ;
അടുത്ത തലമുറയിൽ തന്നെ അവരുടെ പേർ മാഞ്ഞുപോകട്ടെ.
14അവന്റെ പിതാക്കന്മാരുടെ അകൃത്യം യഹോവ ഓർക്കുമാറാകട്ടെ;
അവന്റെ അമ്മയുടെ പാപം മാഞ്ഞുപോകയുമരുതേ.
15അവ എല്ലായ്പോഴും യഹോവയുടെ മുമ്പാകെ ഇരിക്കട്ടെ;
അവരുടെ ഓർമ അവൻ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിനു തന്നെ.
16അവൻ ദയ കാണിപ്പാൻ മറന്നുകളഞ്ഞുവല്ലോ;
എളിയവനെയും ദരിദ്രനെയും
മനംതകർന്നവനെയും മരണപര്യന്തം ഉപദ്രവിച്ചു.
17ശാപം അവന് പ്രിയമായിരുന്നു; അത് അവനു ഭവിച്ചു;
അനുഗ്രഹം അവന് അപ്രിയമായിരുന്നു; അത് അവനെ വിട്ടകന്നുപോയി.
18അവൻ വസ്ത്രംപോലെ ശാപം ധരിച്ചു;
അതു വെള്ളംപോലെ അവന്റെ ഉള്ളിലും
എണ്ണപോലെ അവന്റെ അസ്ഥികളിലും ചെന്നു.
19അത് അവന് പുതയ്ക്കുന്ന വസ്ത്രം പോലെയും
നിത്യം അരയ്ക്കു കെട്ടുന്ന കച്ചപോലെയും ഇരിക്കട്ടെ.
20ഇത് എന്റെ എതിരാളികൾക്കും എനിക്കു വിരോധമായി ദോഷം പറയുന്നവർക്കും
യഹോവ കൊടുക്കുന്ന പ്രതിഫലം ആകുന്നു.
21നീയോ കർത്താവായ യഹോവേ,
നിന്റെ നാമത്തിനടുത്തവണ്ണം എന്നോടു ചെയ്യേണമേ;
നിന്റെ ദയ നല്ലതാകകൊണ്ട് എന്നെ വിടുവിക്കേണമേ.
22ഞാൻ അരിഷ്ടനും ദരിദ്രനും ആകുന്നു;
എന്റെ ഹൃദയം എന്റെ ഉള്ളിൽ മുറിഞ്ഞിരിക്കുന്നു.
23ചാഞ്ഞുപോകുന്ന നിഴൽപോലെ ഞാൻ കടന്നുപോകുന്നു;
ഒരു വെട്ടുക്കിളിയെപ്പോലെ എന്നെ ചാടിക്കുന്നു.
24എന്റെ മുഴങ്കാലുകൾ ഉപവാസംകൊണ്ട് വിറയ്ക്കുന്നു.
എന്റെ ദേഹം പുഷ്‍ടിവിട്ടു ക്ഷയിച്ചിരിക്കുന്നു.
25ഞാൻ അവർക്ക് ഒരു നിന്ദയായി തീർന്നിരിക്കുന്നു;
എന്നെ കാണുമ്പോൾ അവർ തലകുലുക്കുന്നു;
26എന്റെ ദൈവമായ യഹോവേ,
എന്നെ സഹായിക്കേണമേ;
നിന്റെ ദയയ്ക്ക് തക്കവണ്ണം എന്നെ രക്ഷിക്കേണമേ.
27യഹോവേ, ഇതു നിന്റെ കൈ എന്നും
നീ ഇതു ചെയ്തു എന്നും അവർ അറിയേണ്ടതിനു തന്നെ.
28അവർ ശപിക്കട്ടെ;
നീയോ അനുഗ്രഹിക്കേണമേ;
അവർ എതിർക്കുമ്പോൾ ലജ്ജിച്ചുപോകട്ടെ;
അടിയനോ സന്തോഷിക്കും;
29എന്റെ എതിരാളികൾ നിന്ദ ധരിക്കും;
പുതപ്പ് പുതയ്ക്കുംപോലെ അവർ ലജ്ജ പുതയ്ക്കും.
30ഞാൻ എന്റെ വായ്കൊണ്ട് യഹോവയെ അത്യന്തം സ്തുതിക്കും;
അതേ, ഞാൻ പുരുഷാരത്തിന്റെ നടുവിൽ അവനെ പുകഴ്ത്തും.
31അവൻ എളിയവനെ ശിക്ഷയ്ക്കു
വിധിക്കുന്നവരുടെ കൈയിൽനിന്നു രക്ഷിപ്പാൻ
അവന്റെ വലത്തുഭാഗത്തു നില്ക്കുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in