YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 1

1
1യിസ്രായേൽരാജാവായി ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങൾ.
2ജ്ഞാനവും പ്രബോധനവും പ്രാപിപ്പാനും
വിവേകവചനങ്ങളെ ഗ്രഹിപ്പാനും
3പരിജ്ഞാനം, നീതി, ന്യായം, നേർ
എന്നിവയ്ക്കായി പ്രബോധനം ലഭിപ്പാനും
4അല്പബുദ്ധികൾക്ക് സൂക്ഷ്മബുദ്ധിയും ബാലന് പരിജ്ഞാനവും വകതിരിവും നല്കുവാനും
5ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിപ്പാനും,
ബുദ്ധിമാൻ സദുപദേശം സമ്പാദിപ്പാനും
6സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും മനസ്സിലാക്കുവാനും അവ ഉതകുന്നു.
7യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു;
ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.
8മകനേ, അപ്പന്റെ പ്രബോധനം കേൾക്ക.
അമ്മയുടെ ഉപദേശം ഉപേക്ഷിക്കയും അരുത്;
9അവ നിന്റെ ശിരസ്സിന് അലങ്കാരമാലയും
നിന്റെ കഴുത്തിന് സരപ്പളിയും ആയിരിക്കും.
10മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ വഴിപ്പെട്ടുപോകരുത്.
11ഞങ്ങളോടുകൂടെ വരിക;
നാം രക്തത്തിനായി പതിയിരിക്ക;
നിർദോഷിയെ കാരണം കൂടാതെ പിടിപ്പാൻ ഒളിച്ചിരിക്ക.
12പാതാളംപോലെ അവരെ ജീവനോടെയും കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ അവരെ സർവാംഗമായും വിഴുങ്ങിക്കളക.
13നമുക്ക് വിലയേറിയ സമ്പത്തൊക്കെയും കിട്ടും; നമ്മുടെ വീടുകളെ കൊള്ളകൊണ്ടു നിറയ്ക്കാം.
14നിനക്ക് ഞങ്ങളോടുകൂടെ സമാംശം കിട്ടും;
നമുക്ക് എല്ലാവർക്കും സഞ്ചി ഒന്നായിരിക്കും; എന്നിങ്ങനെ അവർ പറഞ്ഞാൽ,
15മകനേ, നീ അവരുടെ വഴിക്ക് പോകരുത്;
നിന്റെ കാൽ അവരുടെ പാതയിൽ വയ്ക്കുകയും അരുത്.
16അവരുടെ കാൽ ദോഷം ചെയ്‍വാൻ ഓടുന്നു;
രക്തം ചൊരിയിപ്പാൻ അവർ ബദ്ധപ്പെടുന്നു.
17പക്ഷി കാൺകെ വലവിരിക്കുന്നത് വ്യർഥമല്ലോ.
18അവർ സ്വന്തരക്തത്തിനായി പതിയിരിക്കുന്നു;
സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു.
19ദുരാഗ്രഹികളായ ഏവരുടെയും വഴികൾ അങ്ങനെ തന്നെ;
അത് അവരുടെ ജീവനെ എടുത്തുകളയുന്നു.
20ജ്ഞാനമായവൾ വീഥിയിൽ ഘോഷിക്കുന്നു;
വിശാലസ്ഥലത്ത് സ്വരം കേൾപ്പിക്കുന്നു.
21അവൾ ആരവമുള്ള തെരുക്കളുടെ തലയ്ക്കൽനിന്നു വിളിക്കുന്നു;
നഗരദ്വാരങ്ങളിലും നഗരത്തിനകത്തും പ്രസ്താവിക്കുന്നത്:
22ബുദ്ധിഹീനരേ, നിങ്ങൾ ബുദ്ധിഹീനതയിൽ രസിക്കയും
പരിഹാസികളേ, നിങ്ങൾ പരിഹാസത്തിൽ സന്തോഷിക്കയും
ഭോഷന്മാരേ, നിങ്ങൾ പരിജ്ഞാനത്തെ വെറുക്കയും ചെയ്യുന്നത് എത്രത്തോളം?
23എന്റെ ശാസനയ്ക്കു തിരിഞ്ഞുകൊൾവിൻ;
ഞാൻ എന്റെ മനസ്സ് നിങ്ങൾക്കു പൊഴിച്ചുതരും;
എന്റെ വചനങ്ങൾ നിങ്ങളെ അറിയിക്കും.
24ഞാൻ വിളിച്ചിട്ട് നിങ്ങൾ ശ്രദ്ധിക്കാതെയും
ഞാൻ കൈ നീട്ടിയിട്ട് ആരും കൂട്ടാക്കാതെയും
25നിങ്ങൾ എന്റെ ആലോചനയൊക്കെയും ത്യജിച്ചുകളകയും
എന്റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കയും ചെയ്തതുകൊണ്ട്
26ഞാനും നിങ്ങളുടെ അനർഥദിവസത്തിൽ ചിരിക്കും;
നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്കു ഭവിക്കുമ്പോൾ പരിഹസിക്കും.
27നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്കു കൊടുങ്കാറ്റുപോലെയും
നിങ്ങളുടെ ആപത്ത് ചുഴലിക്കാറ്റു പോലെയും വരുമ്പോൾ,
കഷ്ടവും സങ്കടവും നിങ്ങൾക്കു വരുമ്പോൾ തന്നെ.
28അപ്പോൾ അവർ എന്നെ വിളിക്കും; ഞാൻ ഉത്തരം പറകയില്ല.
എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല.
29അവർ പരിജ്ഞാനത്തെ വെറുത്തല്ലോ;
യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല.
30അവർ എന്റെ ആലോചന അനുസരിക്കാതെ
എന്റെ ശാസനയൊക്കെയും നിരസിച്ചുകളഞ്ഞതുകൊണ്ട്
31അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കയും
തങ്ങളുടെ ആലോചനകളാൽ തൃപ്തി പ്രാപിക്കയും ചെയ്യും.
32ബുദ്ധിഹീനരുടെ പിൻമാറ്റം അവരെ കൊല്ലും;
ഭോഷന്മാരുടെ നിശ്ചിന്ത അവരെ നശിപ്പിക്കും.
33എന്റെ വാക്ക് കേൾക്കുന്നവനോ നിർഭയം വസിക്കയും
ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in