സംഖ്യാപുസ്തകം 12
12
1മോശെ ഒരു കൂശ്യസ്ത്രീയെ വിവാഹം ചെയ്തിരുന്നതുകൊണ്ടു കൂശ്യസ്ത്രീ നിമിത്തം മിര്യാമും അഹരോനും അവനു വിരോധമായി സംസാരിച്ചു: 2യഹോവ മോശെ മുഖാന്തരം മാത്രമേ അരുളിച്ചെയ്തിട്ടുള്ളുവോ? ഞങ്ങൾ മുഖാന്തരവും അരുളിച്ചെയ്തിട്ടില്ലയോ എന്നു പറഞ്ഞു; യഹോവ അതു കേട്ടു. 3മോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകല മനുഷ്യരിലും അതിസൗമ്യനായിരുന്നു. 4പെട്ടെന്ന് യഹോവ മോശെയോടും അഹരോനോടും മിര്യാമിനോടും: നിങ്ങൾ മൂവരും സമാഗമനകൂടാരത്തിങ്കൽ വരുവിൻ എന്നു കല്പിച്ചു; അവർ മൂവരും ചെന്നു. 5യഹോവ മേഘസ്തംഭത്തിൽ ഇറങ്ങി കൂടാരവാതിൽക്കൽ നിന്നു, അഹരോനെയും മിര്യാമിനെയും വിളിച്ചു; അവർ ഇരുവരും അങ്ങോട്ടു ചെന്നു. 6പിന്നെ അവൻ അരുളിച്ചെയ്തത്: എന്റെ വചനങ്ങളെ കേൾപ്പിൻ; നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടെങ്കിൽ യഹോവയായ ഞാൻ അവനു ദർശനത്തിൽ എന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തിൽ അവനോട് അരുളിച്ചെയ്കയും ചെയ്യും. 7എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ എന്റെ ഗൃഹത്തിലൊക്കെയും വിശ്വസ്തനാകുന്നു. 8അവനോടു ഞാൻ അരുളിച്ചെയ്യുന്നത് മറപൊരുളായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും അത്രേ; അവൻ യഹോവയുടെ രൂപം കാണുകയും ചെയ്യും. അങ്ങനെയിരിക്കെ നിങ്ങൾ എന്റെ ദാസനായ മോശെക്കു വിരോധമായി സംസാരിപ്പാൻ ശങ്കിക്കാഞ്ഞത് എന്ത്? 9യഹോവയുടെ കോപം അവരുടെ നേരേ ജ്വലിച്ചു; അവൻ മറഞ്ഞു. 10മേഘവും കൂടാരത്തിന്മേൽനിന്നു നീങ്ങിപ്പോയി. മിര്യാം ഹിമംപോലെ വെളുത്തു കുഷ്ഠരോഗിണിയായി; അഹരോൻ മിര്യാമിനെ നോക്കിയപ്പോൾ അവൾ കുഷ്ഠരോഗിണിയെന്നു കണ്ടു. 11അഹരോൻ മോശെയോട്: അയ്യോ യജമാനനേ, ഞങ്ങൾ ഭോഷത്തമായി ചെയ്തുപോയ ഈ പാപം ഞങ്ങളുടെമേൽ വയ്ക്കരുതേ. 12അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെടുമ്പോൾ മാംസം പകുതി അഴുകിയിരിക്കുന്ന ചാപിള്ളയെപ്പോലെ ഇവൾ ആകരുതേ എന്നു പറഞ്ഞു. 13അപ്പോൾ മോശെ യഹോവയോട്: ദൈവമേ, അവളെ സൗഖ്യമാക്കേണമേ എന്നു നിലവിളിച്ചു. 14യഹോവ മോശെയോട്: അവളുടെ അപ്പൻ അവളുടെ മുഖത്തു തുപ്പിയെങ്കിൽ അവൾ ഏഴു ദിവസം ലജ്ജിച്ചിരിക്കയില്ലയോ? അവളെ ഏഴു ദിവസത്തേക്കു പാളയത്തിനു പുറത്ത് അടച്ചിടേണം; പിന്നത്തേതിൽ അവളെ ചേർത്തുകൊള്ളാം എന്നു കല്പിച്ചു. 15ഇങ്ങനെ മിര്യാമിനെ ഏഴു ദിവസം പാളയത്തിനു പുറത്താക്കി അടച്ചിട്ടു; അവളെ വീണ്ടും അംഗീകരിച്ചതുവരെ ജനം യാത്ര ചെയ്യാതിരുന്നു. 16അതിന്റെശേഷം ജനം ഹസേരോത്തിൽനിന്നു പുറപ്പെട്ടു പാരാൻമരുഭൂമിയിൽ പാളയമിറങ്ങി.
Currently Selected:
സംഖ്യാപുസ്തകം 12: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.