YouVersion Logo
Search Icon

മർക്കൊസ് 8

8
1ആ ദിവസങ്ങളിൽ ഏറ്റവും വലിയ പുരുഷാരം ഉണ്ടായിരിക്കെ അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവരോട്: 2ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെ പാർക്കുന്നു; അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ട് എനിക്ക് അവരോട് അലിവു തോന്നുന്നു; 3ഞാൻ അവരെ പട്ടിണിയായി വീട്ടിലേക്ക് അയച്ചാൽ അവർ വഴിയിൽവച്ചു തളർന്നുപോകും; അവരിൽ ചിലർ ദൂരത്തുനിന്നു വന്നവരല്ലോ എന്നു പറഞ്ഞു. 4അതിന് അവന്റെ ശിഷ്യന്മാർ: ഇവർക്ക് ഇവിടെ മരുഭൂമിയിൽ അപ്പം കൊടുത്തു തൃപ്തിവരുത്തുവാൻ എങ്ങനെ കഴിയും എന്ന് ഉത്തരം പറഞ്ഞു. 5അവൻ അവരോട്: നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട് എന്നു ചോദിച്ചു. ഏഴ് എന്ന് അവർ പറഞ്ഞു. 6അവൻ പുരുഷാരത്തോടു നിലത്ത് ഇരിപ്പാൻ കല്പിച്ചു.; പിന്നെ ആ ഏഴപ്പം എടുത്തു സ്തോത്രം ചെയ്തു നുറുക്കി, ശിഷ്യന്മാരുടെ പക്കൽ വിളമ്പുവാൻ കൊടുത്തു; അവർ പുരുഷാരത്തിനു വിളമ്പി. 7ചെറിയ മീനും കുറെ ഉണ്ടായിരുന്നു; അതും അവൻ അനുഗ്രഹിച്ചിട്ട്, വിളമ്പുവാൻ പറഞ്ഞു. 8അവർ തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങൾ ഏഴു വട്ടി നിറച്ചെടുത്തു. 9അവർ ഏകദേശം നാലായിരം പേർ ആയിരുന്നു. 10അവൻ അവരെ പറഞ്ഞയച്ച ഉടനെ ശിഷ്യന്മാരോടുകൂടെ പടകു കയറി ദല്മനൂഥ അംശങ്ങളിൽ എത്തി.
11അനന്തരം പരീശന്മാർ വന്ന് അവനെ പരീക്ഷിച്ചുകൊണ്ട് ആകാശത്തുനിന്ന് ഒരു അടയാളം അന്വേഷിച്ച് അവനുമായി തർക്കിച്ചുതുടങ്ങി. 12അവൻ ആത്മാവിൽ ഞരങ്ങി: ഈ തലമുറ അടയാളം അന്വേഷിക്കുന്നതെന്ത്? ഈ തലമുറയ്ക്ക് അടയാളം ലഭിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. 13അവരെ വിട്ടു പിന്നെയും പടകു കയറി അക്കരയ്ക്കു കടന്നു.
14അവർ അപ്പം കൊണ്ടുപോരുവാൻ മറന്നു പോയിരുന്നു; പടകിൽ അവരുടെ പക്കൽ ഒരു അപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 15അവൻ അവരോട്: നോക്കുവിൻ, പരീശന്മാരുടെ പുളിച്ച മാവും, ഹെരോദാവിന്റെ പുളിച്ച മാവും സൂക്ഷിച്ചുകൊൾവിൻ എന്നു കല്പിച്ചു. 16നമുക്ക് അപ്പം ഇല്ലായ്കയാൽ എന്ന് അവർ തമ്മിൽ തമ്മിൽ പറഞ്ഞു. 17അതു യേശു അറിഞ്ഞ് അവരോട് പറഞ്ഞത്: അപ്പം ഇല്ലായ്കയാൽ നിങ്ങൾ തമ്മിൽ പറയുന്നത് എന്ത്? ഇപ്പോഴും തിരിച്ചറിയുന്നില്ലയോ? ഗ്രഹിക്കുന്നില്ലയോ? നിങ്ങളുടെ ഹൃദയം കടുത്തിരിക്കുന്നുവോ? 18കണ്ണ് ഉണ്ടായിട്ടും കാണുന്നില്ലയോ? ചെവി ഉണ്ടായിട്ടും കേൾക്കുന്നില്ലയോ? ഓർക്കുന്നതുമില്ലയോ? 19അയ്യായിരം പേർക്കു ഞാൻ അഞ്ചപ്പം നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര കുട്ട നിറച്ചെടുത്തു? പന്ത്രണ്ട് എന്ന് അവർ അവനോടു പറഞ്ഞു. 20നാലായിരം പേർക്ക് ഏഴു നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര വട്ടി നിറച്ചെടുത്തു? ഏഴ് എന്ന് അവർ അവനോടു പറഞ്ഞു. 21പിന്നെ അവൻ അവരോട്: ഇപ്പോഴും നിങ്ങൾ ഗ്രഹിക്കുന്നില്ലയോ എന്നു പറഞ്ഞു.
22അവർ ബേത്ത്സയിദയിൽ എത്തിയപ്പോൾ: ഒരു കുരുടനെ അവന്റെ അടുക്കൽ കൊണ്ടുവന്ന് അവനെ തൊടേണമെന്ന് അപേക്ഷിച്ചു. 23അവൻ കുരുടന്റെ കൈക്കു പിടിച്ച് അവനെ ഊരിനു പുറത്തു കൊണ്ടുപോയി അവന്റെ കണ്ണിൽ തുപ്പി അവന്റെമേൽ കൈവച്ചു: നീ വല്ലതും കാണുന്നുണ്ടോ എന്നു ചോദിച്ചു. 24അവൻ മേല്പോട്ടു നോക്കി: ഞാൻ മനുഷ്യരെ കാണുന്നു; അവർ നടക്കുന്നതു മരങ്ങൾ പോലെയത്രേ കാണുന്നത് എന്നു പറഞ്ഞു. 25പിന്നെയും അവന്റെ കണ്ണിന്മേൽ കൈ വച്ചാറെ അവൻ സൗഖ്യം പ്രാപിച്ചു മിഴിച്ചുനോക്കി എല്ലാം സ്പഷ്ടമായി കണ്ടു. 26നീ ഊരിൽ കടക്കപോലും അരുത് എന്ന് അവൻ പറഞ്ഞ് അവനെ വീട്ടിലേക്ക് അയച്ചു.
27അനന്തരം യേശു ശിഷ്യന്മാരുമായി ഫീലിപ്പൊസിന്റെ കൈസര്യക്ക് അടുത്ത ഊരുകളിലേക്കു പോയി; വഴിയിൽവച്ചു ശിഷ്യന്മാരോട്: ജനങ്ങൾ എന്നെ ആർ എന്നു പറയുന്നു എന്നു ചോദിച്ചു. 28യോഹന്നാൻസ്നാപകനെന്നു ചിലർ, ഏലീയാവെന്നു ചിലർ, പ്രവാചകന്മാരിൽ ഒരുത്തൻ എന്നു മറ്റു ചിലർ എന്ന് അവർ ഉത്തരം പറഞ്ഞു. 29അവൻ അവരോട്: എന്നാൽ നിങ്ങൾ എന്നെ ആർ എന്നു പറയുന്നു എന്നു ചോദിച്ചതിന്: നീ ക്രിസ്തു ആകുന്നു എന്നു പത്രൊസ് ഉത്തരം പറഞ്ഞു. 30പിന്നെ തന്നെക്കുറിച്ച് ആരോടും പറയരുതെന്ന് അവൻ അവരോടു ഖണ്ഡിതമായി പറഞ്ഞു. 31മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും മൂന്നു നാൾ കഴിഞ്ഞിട്ട് അവൻ ഉയിർത്തെഴുന്നേല്ക്കയും വേണം എന്ന് അവരെ ഉപദേശിച്ചുതുടങ്ങി. 32അവൻ ഈ വാക്കു തുറന്നുപറഞ്ഞു. അപ്പോൾ പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി ശാസിച്ചുതുടങ്ങി; 33അവനോ തിരിഞ്ഞുനോക്കി ശിഷ്യന്മാരെ കണ്ടിട്ടു പത്രൊസിനെ ശാസിച്ചു: സാത്താനേ, എന്നെ വിട്ടു പോ; നീ ദൈവത്തിൻറേതല്ല മനുഷ്യരുടേതത്രേ കരുതുന്നത് എന്നു പറഞ്ഞു.
34പിന്നെ അവൻ പുരുഷാരത്തെയും തന്റെ ശിഷ്യന്മാരെയും അരികെ വിളിച്ച് അവരോടു പറഞ്ഞത്: ഒരുവൻ എന്നെ അനുഗമിപ്പാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ചു തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ. 35ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; ആരെങ്കിലും എന്റെയും സുവിശേഷത്തിന്റെയും നിമിത്തം തന്റെ ജീവനെ കളഞ്ഞാൽ അതിനെ രക്ഷിക്കും. 36ഒരു മനുഷ്യൻ സർവലോകവും നേടുകയും തന്റെ ജീവനെ കളകയും ചെയ്താൽ അവന് എന്തു പ്രയോജനം? 37അല്ല, തന്റെ ജീവനുവേണ്ടി മനുഷ്യൻ എന്തൊരു മറുവില കൊടുക്കും; 38വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധദൂതന്മാരുമായി വരുമ്പോൾ നാണിക്കും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in