മർക്കൊസ് 7
7
1യെരൂശലേമിൽനിന്നു പരീശന്മാരും ചില ശാസ്ത്രിമാരും അവന്റെ അടുക്കൽ വന്നു കൂടി. 2അവന്റെ ശിഷ്യന്മാരിൽ ചിലർ ശുദ്ധിയില്ലാത്ത എന്നുവച്ചാൽ, കഴുകാത്ത, കൈകൊണ്ടു ഭക്ഷണം കഴിക്കുന്നത് അവർ കണ്ടു. 3പരീശന്മാരും യെഹൂദന്മാർ ഒക്കെയും പൂർവന്മാരുടെ സമ്പ്രദായം പ്രമാണിച്ചു കൈ നന്നായി കഴുകീട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല. 4ചന്തയിൽനിന്നു വരുമ്പോഴും കുളിച്ചിട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല. പാനപാത്രം, ഭരണി, ചെമ്പ് എന്നിവ കഴുകുക മുതലായി പലതും പ്രമാണിക്കുന്നത് അവർക്കു ചട്ടമായിരിക്കുന്നു. 5അങ്ങനെ പരീശന്മാരും ശാസ്ത്രിമാരും: നിന്റെ ശിഷ്യന്മാർ പൂർവന്മാരുടെ സമ്പ്രദായം അനുസരിച്ചു നടക്കാതെ ശുദ്ധിയില്ലാത്ത കൈകൊണ്ടു ഭക്ഷണം കഴിക്കുന്നത് എന്ത് എന്ന് അവനോടു ചോദിച്ചു. 6അവൻ അവരോട് ഉത്തരം പറഞ്ഞത്: കപടഭക്തിക്കാരായ നിങ്ങളെക്കുറിച്ചു യെശയ്യാവ് പ്രവചിച്ചതു ശരി:
“ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു ; എങ്കിലും അവരുടെ ഹൃദയം എങ്കൽനിന്നു ദൂരത്ത് അകന്നിരിക്കുന്നു. 7മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ ഉപദേശിക്കുന്നതുകൊണ്ട് എന്നെ വ്യർഥമായി ഭജിക്കുന്നു”
എന്ന് എഴുതിയിരിക്കുന്നതുപോലെ തന്നേ. 8നിങ്ങൾ ദൈവകല്പന വിട്ടുംകളഞ്ഞു മനുഷ്യരുടെ സമ്പ്രദായം പ്രമാണിക്കുന്നു; 9പിന്നെ അവരോടു പറഞ്ഞത്: നിങ്ങളുടെ സമ്പ്രദായം പ്രമാണിപ്പാൻവേണ്ടി നിങ്ങൾ ദൈവകല്പന തള്ളിക്കളയുന്നതു നന്നായി. 10നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ പ്രാകുന്നവൻ മരിക്കേണം എന്നും മോശെ പറഞ്ഞുവല്ലോ. 11നിങ്ങളോ ഒരു മനുഷ്യൻ അപ്പനോടോ അമ്മയോടോ: നിനക്ക് എന്നാൽ ഉപകാരമായി വരേണ്ടതു വഴിപാട് എന്നർഥമുള്ള കൊർബ്ബാൻ എന്നു പറഞ്ഞാൽ മതി എന്നു പറയുന്നു; 12തന്റെ അപ്പനോ അമ്മയ്ക്കോ മേലാൽ ഒന്നും ചെയ്‍വാൻ അവനെ സമ്മതിക്കുന്നതുമില്ല. 13ഇങ്ങനെ നിങ്ങൾ ഉപദേശിക്കുന്ന സമ്പ്രദായത്താൽ ദൈവകല്പന ദുർബലമാക്കുന്നു; ഈ വക പലതും നിങ്ങൾ ചെയ്യുന്നു. 14പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ച് അവരോട്: എല്ലാവരും കേട്ടു ഗ്രഹിച്ചുകൊൾവിൻ. 15പുറത്തുനിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിനും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല; അവനിൽനിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നത് 16[കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ] എന്നു പറഞ്ഞു. 17അവൻ പുരുഷാരത്തെ വിട്ടു വീട്ടിൽ ചെന്നശേഷം ശിഷ്യന്മാർ ആ ഉപമയെക്കുറിച്ച് അവനോടു ചോദിച്ചു. 18അവൻ അവരോടു: ഇങ്ങനെ നിങ്ങളും ബോധമില്ലാത്തവരോ? പുറത്തുനിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിനും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല എന്നു തിരിച്ചറിയുന്നില്ലയോ? 19അത് അവന്റെ ഹൃദയത്തിൽ അല്ല വയറ്റിലത്രേ ചെല്ലുന്നത്; പിന്നെ മറപ്പുരയിലേക്കു പോകുന്നു; ഇങ്ങനെ സകല ഭോജ്യങ്ങൾക്കും ശുദ്ധിവരുത്തുന്നു എന്നു പറഞ്ഞു. 20മനുഷ്യനിൽനിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നത്; 21അകത്തുനിന്ന്, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നെ, 22ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കൊലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമം, വിടക്കുകണ്ണ് , ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. 23ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നും അവൻ പറഞ്ഞു.
24അവൻ അവിടെനിന്നു പുറപ്പെട്ട് സീദോന്റെയും സോരിന്റെയും അതിർനാട്ടിൽ ചെന്ന് ഒരു വീട്ടിൽ കടന്നു; ആരും അറിയരുത് എന്ന് ഇച്ഛിച്ചു എങ്കിലും മറഞ്ഞിരിപ്പാൻ സാധിച്ചില്ല. 25അശുദ്ധാത്മാവു ബാധിച്ച ചെറിയ മകൾ ഉള്ളൊരു സ്ത്രീ അവന്റെ വസ്തുത കേട്ടിട്ടു വന്ന് അവന്റെ കാല്ക്കൽ വീണു. 26അവൾ സുറഫൊയീനിക്യ ജാതിയിലുള്ള ഒരു യവനസ്ത്രീ ആയിരുന്നു; തന്റെ മകളിൽനിന്നു ഭൂതത്തെ പുറത്താക്കുവാൻ അവൾ അവനോട് അപേക്ഷിച്ചു. 27യേശു അവളോട്: മുമ്പേ മക്കൾക്കു തൃപ്തി വരട്ടെ; മക്കളുടെ അപ്പം എടുത്തു ചെറുനായ്ക്കൾക്ക് ഇട്ടുകൊടുക്കുന്നതു നന്നല്ല എന്നു പറഞ്ഞു. 28അവൾ അവനോട്: അതേ, കർത്താവേ, ചെറുനായ്ക്കളും മേശയ്ക്കു കീഴെ കുട്ടികളുടെ അപ്പനുറുക്കുകളെ തിന്നുന്നുവല്ലോ എന്ന് ഉത്തരം പറഞ്ഞു. 29അവൻ അവളോട്: ഈ വാക്കുനിമിത്തം പൊയ്ക്കൊൾക; ഭൂതം നിന്റെ മകളെ വിട്ടുപോയിരിക്കുന്നു എന്നു പറഞ്ഞു. 30അവൾ വീട്ടിൽ വന്നാറെ, മകൾ കിടക്കമേൽ കിടക്കുന്നതും ഭൂതം വിട്ടുപോയതും കണ്ടു.
31അവൻ വീണ്ടും സോരിന്റെ അതിർവിട്ട് സീദോൻവഴിയായി ദെക്കപ്പൊലിദേശത്തിന്റെ നടുവിൽക്കൂടി ഗലീലക്കടല്പുറത്തു വന്നു. 32അവിടെ അവർ വിക്കനായൊരു ചെകിടനെ അവന്റെ അടുക്കൽ കൊണ്ടുവന്ന്, അവന്റെമേൽ കൈ വയ്ക്കേണം എന്ന് അപേക്ഷിച്ചു. 33അവൻ അവനെ പുരുഷാരത്തിൽനിന്നു വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്റെ ചെവിയിൽ വിരൽ ഇട്ട്, തുപ്പി അവന്റെ നാവിനെ തൊട്ടു, 34സ്വർഗത്തേക്കു നോക്കി നെടുവീർപ്പിട്ട് അവനോട്: തുറന്നുവരിക എന്ന് അർഥമുള്ള എഫഥാ എന്നു പറഞ്ഞു. 35ഉടനെ അവന്റെ ചെവിതുറന്നു നാവിന്റെ കെട്ടും അഴിഞ്ഞിട്ട് അവൻ ശരിയായി സംസാരിച്ചു. 36ഇത് ആരോടും പറയരുത് എന്ന് അവരോടു കല്പിച്ചു. എങ്കിലും അവൻ എത്ര കല്പിച്ചുവോ അത്രയും അവർ പ്രസിദ്ധമാക്കി: 37അവൻ സകലവും നന്നായി ചെയ്തു; ചെകിടരെ കേൾക്കുമാറാക്കുന്നു; ഊമരെ സംസാരിക്കുമാറാക്കുന്നു എന്നു പറഞ്ഞ് അത്യന്തം വിസ്മയിച്ചു.
Currently Selected:
മർക്കൊസ് 7: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.