മത്തായി 9
9
1അവൻ പടകിൽ കയറി ഇക്കരയ്ക്കു കടന്നു സ്വന്തപട്ടണത്തിൽ എത്തി. 2അവിടെ ചിലർ കിടക്കമേൽ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ടു പക്ഷവാതക്കാരനോട്: മകനേ, ധൈര്യമായിരിക്ക; നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു. 3എന്നാൽ ശാസ്ത്രിമാരിൽ ചിലർ: ഇവൻ ദൈവദൂഷണം പറയുന്നു എന്ന് ഉള്ളംകൊണ്ടു പറഞ്ഞു. 4യേശുവോ അവരുടെ നിരൂപണം ഗ്രഹിച്ച്: നിങ്ങൾ ഹൃദയത്തിൽ ദോഷം നിരൂപിക്കുന്നത് എന്ത്? 5നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു. 6എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന് അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയേണ്ടതിന്- അവൻ പക്ഷവാതക്കാരനോട്: എഴുന്നേറ്റ്, കിടക്ക എടുത്തു വീട്ടിൽ പോക എന്നു പറഞ്ഞു. 7അവൻ എഴുന്നേറ്റ് വീട്ടിൽ പോയി. 8പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്ത്വപ്പെടുത്തി.
9യേശു അവിടെനിന്നു പോകുമ്പോൾ മത്തായി എന്നു പേരുള്ള ഒരു മനുഷ്യൻ ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ടു: എന്നെ അനുഗമിക്ക എന്ന് അവനോടു പറഞ്ഞു; അവൻ എഴുന്നേറ്റ് അവനെ അനുഗമിച്ചു.
10അവൻ വീട്ടിൽ ഭക്ഷണത്തിന് ഇരിക്കുമ്പോൾ വളരെ ചുങ്കക്കാരും പാപികളും വന്നു യേശുവിനോടും അവന്റെ ശിഷ്യന്മാരോടുംകൂടെ പന്തിയിൽ ഇരുന്നു. 11പരീശന്മാർ അതു കണ്ട് അവന്റെ ശിഷ്യന്മാരോട്: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടുംകൂടെ ഭക്ഷിക്കുന്നത് എന്ത് എന്നു ചോദിച്ചു. 12യേശു അതു കേട്ടാറെ: ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ട് ആവശ്യമില്ല. 13യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നുള്ളത് എന്ത് എന്നു പോയി പഠിപ്പിൻ. ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാൻ വന്നത് എന്നു പറഞ്ഞു.
14യോഹന്നാന്റെ ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു: ഞങ്ങളും പരീശന്മാരും വളരെ ഉപവസിക്കുന്നു; നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തത് എന്ത് എന്നു ചോദിച്ചു. 15യേശു അവരോടു പറഞ്ഞത്: മണവാളൻ കൂടെയുള്ളപ്പോൾ തോഴ്മക്കാർക്ക് ദുഃഖിപ്പാൻ കഴികയില്ല; മണവാളൻ പിരിഞ്ഞുപോകേണ്ടുന്ന നാൾ വരും; അന്ന് അവർ ഉപവസിക്കും. 16കോടിത്തുണിക്കണ്ടം ആരും പഴയവസ്ത്രത്തിൽ ചേർത്തു തുന്നുമാറില്ല; തുന്നിച്ചേർത്താൽ അതുകൊണ്ട് വസ്ത്രം കീറും; ചീന്തൽ ഏറ്റവും വല്ലാതെയായിത്തീരും. 17പുതുവീഞ്ഞ് പഴയതുരുത്തിയിൽ പകരുമാറുമില്ല; പകർന്നാൽ തുരുത്തി പൊളിഞ്ഞ് വീഞ്ഞ് ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും. പുതുവീഞ്ഞ് പുതിയതുരുത്തിയിലേ പകർന്നു വയ്ക്കയുള്ളൂ; അങ്ങനെ രണ്ടും ഭദ്രമായിരിക്കും.
18അവൻ ഇങ്ങനെ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പ്രമാണി വന്ന് അവനെ നമസ്കരിച്ചു: എന്റെ മകൾ ഇപ്പോൾ തന്നെ കഴിഞ്ഞുപോയി; എങ്കിലും നീ വന്ന് അവളുടെമേൽ കൈ വച്ചാൽ അവൾ ജീവിക്കും എന്നു പറഞ്ഞു. 19യേശു എഴുന്നേറ്റ് ശിഷ്യന്മാരുമായി അവന്റെ കൂടെ ചെന്നു. 20അന്നു പന്ത്രണ്ട് സംവത്സരമായിട്ടു രക്തസ്രവമുള്ളൊരു സ്ത്രീ: 21അവന്റെ വസ്ത്രം മാത്രം ഒന്നു തൊട്ടാൽ എനിക്കു സൗഖ്യം വരും എന്ന് ഉള്ളംകൊണ്ട് പറഞ്ഞു, പിറകിൽ വന്ന് അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു. 22യേശു തിരിഞ്ഞ് അവളെ കണ്ടപ്പോൾ: മകളേ, ധൈര്യപ്പെടുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു എന്നു പറഞ്ഞു; ആ നാഴികമുതൽ സ്ത്രീക്ക് സൗഖ്യം വന്നു. 23പിന്നെ യേശു പ്രമാണിയുടെ വീട്ടിൽ കടന്നു, കുഴലൂതുന്നവരെയും ആരവാരക്കൂട്ടത്തെയും കണ്ടിട്ട് : മാറിപ്പോകുവിൻ; 24ബാല മരിച്ചില്ലല്ലോ ഉറങ്ങുന്നത്രേ എന്നു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു. 25അവൻ പുരുഷാരത്തെ പുറത്താക്കി അകത്തു കടന്ന് ബാലയുടെ കൈപിടിച്ചു, ബാല എഴുന്നേറ്റു. 26ഈ വർത്തമാനം ആ ദേശത്തൊക്കെയും പരന്നു.
27യേശു അവിടെനിന്നു പോകുമ്പോൾ രണ്ടു കുരുടന്മാർ: ദാവീദുപുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുംകൊണ്ടു പിന്തുടർന്നു. 28അവൻ വീട്ടിൽ എത്തിയപ്പോൾ കുരുടന്മാർ അവന്റെ അടുക്കൽ വന്നു. ഇതു ചെയ്‍വാൻ എനിക്കു കഴിയും എന്നു വിശ്വസിക്കുന്നുവോ എന്ന് യേശു ചോദിച്ചതിന്: ഉവ്വ്, കർത്താവേ എന്ന് അവർ പറഞ്ഞു. 29അവൻ അവരുടെ കണ്ണ് തൊട്ടു: നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്ക് ഭവിക്കട്ടെ എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണുതുറന്നു. 30പിന്നെ യേശു: നോക്കുവിൻ; ആരും അറിയരുത് എന്ന് അമർച്ചയായി കല്പിച്ചു. 31അവരോ പുറപ്പെട്ട് ആ ദേശത്തിലൊക്കെയും അവന്റെ ശ്രുതിയെ പരത്തി.
32അവർ പോകുമ്പോൾ ചിലർ ഭൂതഗ്രസ്തനായൊരു ഊമനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. 33അവൻ ഭൂതത്തെ പുറത്താക്കിയശേഷം ഊമൻ സംസാരിച്ചു: യിസ്രായേലിൽ ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല എന്നു പുരുഷാരം അതിശയിച്ചു. 34പരീശന്മാരോ: ഇവൻ ഭൂതങ്ങളുടെ തലവനെക്കൊണ്ട് ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.
35യേശു പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ച് അവരുടെ പള്ളികളിൽ ഉപദേശിച്ച് രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും സകലവിധ ദീനവും വ്യാധിയും സൗഖ്യമാക്കുകയും ചെയ്തു. 36അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ട് അവരെക്കുറിച്ച് മനസ്സലിഞ്ഞു, തന്റെ ശിഷ്യന്മാരോട്: 37കൊയ്ത്ത് വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം; 38ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയയ്ക്കേണ്ടതിനു യാചിപ്പിൻ എന്നു പറഞ്ഞു.
Currently Selected:
മത്തായി 9: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.