YouVersion Logo
Search Icon

മത്തായി 8

8
1അവൻ മലയിൽനിന്ന് ഇറങ്ങിവന്നാറെ വളരെ പുരുഷാരം അവനെ പിന്തുടർന്നു. 2അപ്പോൾ ഒരു കുഷ്ഠരോഗി വന്ന് അവനെ നമസ്കരിച്ച് കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു പറഞ്ഞു. 3അവൻ കൈ നീട്ടി അവനെ തൊട്ടു: എനിക്കു മനസ്സുണ്ട്; നീ ശുദ്ധമാക എന്നു പറഞ്ഞു; ഉടനെ കുഷ്ഠം മാറി അവൻ ശുദ്ധമായി. 4യേശു അവനോട്: നോക്കൂ, ആരോടും പറയരുത്; അവർക്കു സാക്ഷ്യത്തിനായി നീ ചെന്നു നിന്നെത്തന്നെ പുരോഹിതനു കാണിച്ച്, മോശെ കല്പിച്ച വഴിപാടു കഴിക്ക എന്നു പറഞ്ഞു.
5അവൻ കഫർന്നഹൂമിൽ എത്തിയപ്പോൾ ഒരു ശതാധിപൻ വന്ന് അവനോട്: 6കർത്താവേ, എന്റെ ബാല്യക്കാരൻ പക്ഷവാതം പിടിച്ചു കഠിനമായി വേദനപ്പെട്ടു വീട്ടിൽ കിടക്കുന്നു എന്ന് അപേക്ഷിച്ചു പറഞ്ഞു. 7അവൻ അവനോട്: ഞാൻ വന്ന് അവനെ സൗഖ്യമാക്കും എന്നു പറഞ്ഞു. 8അതിനു ശതാധിപൻ: കർത്താവേ, നീ എന്റെ പുരയ്ക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല; ഒരു വാക്കു മാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരനു സൗഖ്യം വരും. 9ഞാനും അധികാരത്തിൻകീഴുള്ള മനുഷ്യൻ ആകുന്നു. എന്റെ കീഴിൽ പടയാളികൾ ഉണ്ട്; ഞാൻ ഒരുവനോട്: പോക എന്നു പറഞ്ഞാൽ പോകുന്നു; മറ്റൊരുത്തനോട്: വരിക എന്നു പറഞ്ഞാൽ വരുന്നു; എന്റെ ദാസനോട്: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്ന് ഉത്തരം പറഞ്ഞു. 10അതു കേട്ടിട്ട് യേശു അതിശയിച്ചു, പിൻചെല്ലുന്നവരോടു പറഞ്ഞത്: യിസ്രായേലിൽക്കൂടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 11കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകർ വന്ന് അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗരാജ്യത്തിൽ പന്തിക്കിരിക്കും. 12രാജ്യത്തിന്റെ പുത്രന്മാരെയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്കു തള്ളിക്കളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 13പിന്നെ യേശു ശതാധിപനോട്: പോക, നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ എന്നു പറഞ്ഞു. ആ നാഴികയിൽതന്നെ അവന്റെ ബാല്യക്കാരനു സൗഖ്യം വന്നു.
14യേശു പത്രൊസിന്റെ വീട്ടിൽ വന്നാറെ അവന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു. 15അവൻ അവളുടെ കൈ തൊട്ടു പനി അവളെ വിട്ടു; അവൾ എഴുന്നേറ്റ് അവർക്ക് ശുശ്രൂഷ ചെയ്തു.
16വൈകുന്നേരം ആയപ്പോൾ പല ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകല ദീനക്കാർക്കും സൗഖ്യം വരുത്തി. 17അവൻ നമ്മുടെ ബലഹീനതകളെ എടുത്തു, വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ തന്നെ.
18എന്നാൽ യേശു തന്റെ ചുറ്റും വളരെ പുരുഷാരത്തെ കണ്ടാറെ അക്കരയ്ക്കു പോകുവാൻ കല്പിച്ചു. 19അന്ന് ഒരു ശാസ്ത്രി അവന്റെ അടുക്കൽ വന്നു: ഗുരോ, നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു. 20യേശു അവനോട്: കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടുകളും ഉണ്ട്; മനുഷ്യപുത്രനോ തല ചായിപ്പാൻ ഇടമില്ല എന്നു പറഞ്ഞു. 21ശിഷ്യന്മാരിൽ വേറൊരുത്തൻ അവനോട്: കർത്താവേ, ഞാൻ മുമ്പേ പോയി എന്റെ അപ്പനെ അടക്കം ചെയ്‍വാൻ അനുവാദം തരേണം എന്നു പറഞ്ഞു. 22യേശു അവനോട്: നീ എന്റെ പിന്നാലെ വരിക; മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യട്ടെ എന്നു പറഞ്ഞു.
23അവൻ ഒരു പടകിൽ കയറിയപ്പോൾ അവന്റെ ശിഷ്യന്മാർ കൂടെ ചെന്നു. 24പിന്നെ കടലിൽ വലിയ ഓളം ഉണ്ടായിട്ടു പടക് തിരകളാൽ മുങ്ങുമാറായി; അവനോ ഉറങ്ങുകയായിരുന്നു. 25അവർ അടുത്തു ചെന്നു: കർത്താവേ, രക്ഷിക്കേണമേ: ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞ് അവനെ ഉണർത്തി. 26അവൻ അവരോട്: അല്പവിശ്വാസികളേ, നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്ത് എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോൾ വലിയ ശാന്തതയുണ്ടായി. 27എന്നാറെ ആ മനുഷ്യർ അതിശയിച്ചു: ഇവൻ എങ്ങനെയുള്ളവൻ? കാറ്റും കടലുംകൂടെ ഇവനെ അനുസരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
28അവൻ അക്കരെ ഗദരേനരുടെ ദേശത്ത് എത്തിയാറെ രണ്ടു ഭൂതഗ്രസ്തർ ശവക്കല്ലറകളിൽനിന്നു പുറപ്പെട്ട് അവന് എതിരേ വന്നു; അവർ അത്യുഗ്രന്മാർ ആയിരുന്നതുകൊണ്ട് ആർക്കും ആ വഴി നടന്നുകൂടാഞ്ഞു. 29അവർ നിലവിളിച്ചു: ദൈവപുത്രാ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്ത്? സമയത്തിനു മുമ്പേ ഞങ്ങളെ ദണ്ഡിപ്പിപ്പാൻ ഇവിടെ വന്നുവോ എന്നു പറഞ്ഞു. 30അവർക്കകലെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. 31ഭൂതങ്ങൾ അവനോട്: ഞങ്ങളെ പുറത്താക്കുന്നു എങ്കിൽ പന്നിക്കൂട്ടത്തിലേക്ക് അയയ്ക്കേണം എന്ന് അപേക്ഷിച്ചു. 32പൊയ്ക്കൊൾവിൻ എന്ന് അവൻ അവരോടു പറഞ്ഞു; അവർ പുറപ്പെട്ടു പന്നികളിലേക്കു ചെന്നു; ആ കൂട്ടം എല്ലാം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞ് വെള്ളത്തിൽ മുങ്ങി ചത്തു. 33മേയ്ക്കുന്നവർ ഓടി പട്ടണത്തിൽ ചെന്ന് സകലവും ഭൂതഗ്രസ്തരുടെ വസ്തുതയും അറിയിച്ചു. 34ഉടനെ പട്ടണം എല്ലാം പുറപ്പെട്ട് യേശുവിന് എതിരേ ചെന്നു; അവനെ കണ്ടാറെ തങ്ങളുടെ അതിർ വിട്ടുപോകേണമെന്ന് അപേക്ഷിച്ചു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in