YouVersion Logo
Search Icon

ലേവ്യാപുസ്തകം 11

11
1യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്: 2നിങ്ങൾ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ഭൂമിയിലുള്ള സകല മൃഗങ്ങളിലും നിങ്ങൾക്കു തിന്നാകുന്ന മൃഗങ്ങൾ ഇവ: 3മൃഗങ്ങളിൽ കുളമ്പു പിളർന്നിരിക്കുന്നതും കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായതൊക്കെയും നിങ്ങൾക്കു തിന്നാം. 4എന്നാൽ അയവിറക്കുന്നവയിലും കുളമ്പു പിളർന്നിരിക്കുന്നവയിലും നിങ്ങൾ തിന്നരുതാത്തവ ഇവ: ഒട്ടകം; അയവിറക്കുന്നു എങ്കിലും കുളമ്പു പിളർന്നതല്ലായ്കകൊണ്ട് അതു നിങ്ങൾക്ക് അശുദ്ധം. 5കുഴിമുയൽ; അയവിറക്കുന്നു എങ്കിലും കുളമ്പു പിളർന്നതല്ലായ്കയാൽ അതു നിങ്ങൾക്ക് അശുദ്ധം. 6മുയൽ; അയവിറക്കുന്നു എങ്കിലും കുളമ്പു പിളർന്നതല്ലായ്കയാൽ അതു നിങ്ങൾക്ക് അശുദ്ധം. 7പന്നി; കുളമ്പു പിളർന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതുതന്നെ എങ്കിലും അയവിറക്കുന്നതല്ലായ്കയാൽ അതു നിങ്ങൾക്ക് അശുദ്ധം. 8ഇവയുടെ മാംസം നിങ്ങൾ തിന്നരുത്; പിണം തൊടുകയും അരുത്; ഇവ നിങ്ങൾക്ക് അശുദ്ധം.
9വെള്ളത്തിലുള്ള എല്ലാറ്റിലുംവച്ചു നിങ്ങൾക്കു തിന്നാകുന്നവ ഇവ: കടലുകളിലും നദികളിലും ഉള്ള വെള്ളത്തിൽ ചിറകും ചെതുമ്പലും ഉള്ളവയൊക്കെയും നിങ്ങൾക്കു തിന്നാം. 10എന്നാൽ കടലുകളിലും നദികളിലും ഉള്ള വെള്ളത്തിൽ ചലനം ചെയ്യുന്ന എല്ലാറ്റിലും വെള്ളത്തിലുള്ള സകല ജന്തുക്കളിലും ചിറകും ചെതുമ്പലുമില്ലാത്തതൊക്കെയും നിങ്ങൾക്ക് അറപ്പായിരിക്കേണം. 11അവ നിങ്ങൾക്ക് അറപ്പായിതന്നെ ഇരിക്കേണം; അവയുടെ മാംസം തിന്നരുത്; അവയുടെ പിണം നിങ്ങൾക്ക് അറപ്പായിരിക്കേണം. 12ചിറകും ചെതുമ്പലും ഇല്ലാതെ വെള്ളത്തിൽ ഉള്ളതൊക്കെയും നിങ്ങൾക്ക് അറപ്പായിരിക്കേണം.
13പക്ഷികളിൽ നിങ്ങൾക്ക് അറപ്പായിരിക്കേണ്ടുന്നവ ഇവ: അവയെ തിന്നരുത്; അവ അറപ്പാകുന്നു: കഴുകൻ, ചെമ്പരുന്ത്, കടൽറാഞ്ചൻ, 14ഗൃദ്ധ്രം, അതതുവിധം പരുന്ത്, 15അതതുവിധം കാക്ക, 16ഒട്ടകപക്ഷി, പുള്ള്, കടൽകാക്ക, അതതുവിധം പ്രാപ്പിടിയൻ, 17നത്ത്, നീർകാക്ക, കൂമൻ, 18മൂങ്ങ, വേഴാമ്പൽ, കുടുമ്മച്ചാത്തൻ, പെരിഞ്ഞാറ, 19അതതുവിധം കൊക്ക്, കുളക്കോഴി, നരിച്ചീർ എന്നിവയും 20ചിറകുള്ള ഇഴജാതിയിൽ നാലു കാൽകൊണ്ടു നടക്കുന്നവയൊക്കെയും നിങ്ങൾക്ക് അറപ്പായിരിക്കേണം. 21എങ്കിലും ചിറകുള്ള ഇഴജാതിയിൽ നാലു കാൽകൊണ്ടു നടക്കുന്ന എല്ലാറ്റിലും നിലത്തു കുതിക്കേണ്ടതിനു കാലിന്മേൽ തുട ഉള്ളവയെ നിങ്ങൾക്കു തിന്നാം. 22ഇവയിൽ അതതുവിധം വെട്ടുക്കിളി, അതതുവിധം വിട്ടിൽ, അതതുവിധം ചീവീട്, അതതുവിധം തുള്ളൻ എന്നിവയെ നിങ്ങൾക്കു തിന്നാം. 23ചിറകും നാലു കാലുമുള്ള ശേഷം ഇഴജാതിയൊക്കെയും നിങ്ങൾക്ക് അറപ്പായിരിക്കേണം.
24അവയാൽ നിങ്ങൾ അശുദ്ധരാകും: അവയുടെ പിണം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധൻ ആയിരിക്കേണം. 25അവയുടെ പിണം വഹിക്കുന്നവനെല്ലാം വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം. 26കുളമ്പു പിളർന്നതെങ്കിലും കുളമ്പു രണ്ടായി പിരിയാതെയും അയവിറക്കാതെയും ഇരിക്കുന്ന സകല മൃഗവും നിങ്ങൾക്ക് അശുദ്ധം; അവയെ തൊടുന്നവനെല്ലാം അശുദ്ധൻ ആയിരിക്കേണം. 27നാലു കാൽകൊണ്ടു നടക്കുന്ന സകല മൃഗങ്ങളിലും ഉള്ളംകാൽ പതിച്ചു നടക്കുന്നവയൊക്കെയും നിങ്ങൾക്ക് അശുദ്ധം; 28അവയുടെ പിണം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധൻ ആയിരിക്കേണം. അവയുടെ പിണം വഹിക്കുന്നവൻ വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവ നിങ്ങൾക്ക് അശുദ്ധം.
29നിലത്ത് ഇഴയുന്ന ഇഴജാതിയിൽ നിങ്ങൾക്ക് അശുദ്ധമായവ ഇവ: 30പെരിച്ചാഴി, എലി, അതതുവിധം ഉടുമ്പ്, അളുങ്ക്, ഓന്ത്, പല്ലി, അരണ, തുരവൻ. 31എല്ലാ ഇഴജാതിയിലും വച്ച് ഇവ നിങ്ങൾക്ക് അശുദ്ധം; അവ ചത്തശേഷം അവയെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം. 32ചത്തശേഷം അവയിൽ ഒന്ന് ഏതിന്മേൽ എങ്കിലും വീണാൽ അതൊക്കെയും അശുദ്ധമാകും; അതു മരപ്പാത്രമോ വസ്ത്രമോ തോലോ ചാക്കുശീലയോ വേലയ്ക്ക് ഉപയോഗിക്കുന്ന പാത്രമോ എന്തായാലും വെള്ളത്തിൽ ഇടേണം; അതു സന്ധ്യവരെ അശുദ്ധമായിരിക്കേണം; പിന്നെ ശുദ്ധമാകും. 33അവയിൽ യാതൊന്നെങ്കിലും ഒരു മൺപാത്രത്തിനകത്തു വീണാൽ അതിനകത്തുള്ളതൊക്കെയും അശുദ്ധമാകും; നിങ്ങൾ അത് ഉടച്ചുകളയേണം. 34തിന്നുന്ന വല്ല സാധനത്തിന്മേലും ആ വെള്ളം വീണാൽ അത് അശുദ്ധമാകും; കുടിക്കുന്ന വല്ല പാനീയവും ആ വക പാത്രത്തിൽ ഉണ്ടെങ്കിൽ അത് അശുദ്ധമാകും; 35അവയിൽ ഒന്നിന്റെ പിണം വല്ലതിന്മേലും വീണാൽ അതൊക്കെയും അശുദ്ധമാകും: അടുപ്പോ തീച്ചട്ടിയോ ഇങ്ങനെ എന്തായാലും അതു തകർത്തുകളയേണം; അവ അശുദ്ധം ആകുന്നു; അവ നിങ്ങൾക്ക് അശുദ്ധം ആയിരിക്കേണം. 36എന്നാൽ നീരുറവും വെള്ളമുള്ള കിണറും ശുദ്ധമായിരിക്കും; പിണം തൊടുന്നവനോ അശുദ്ധനാകും. 37വിതയ്ക്കുന്ന വിത്തായ വല്ല ധാന്യത്തിന്മേലും അവയിൽ ഒന്നിന്റെ പിണം വീണാലും അതു ശുദ്ധമായിരിക്കും. 38എന്നാൽ വിത്തിൽ വെള്ളം ഒഴിച്ചിട്ട് അവയിൽ ഒന്നിന്റെ പിണം അതിന്മേൽ വീണാൽ അത് അശുദ്ധം.
39നിങ്ങൾക്കു തിന്നാകുന്ന ഒരു മൃഗം ചത്താൽ അതിന്റെ പിണം തൊടുന്നവൻ സന്ധ്യവരെ അശുദ്ധൻ ആയിരിക്കേണം. 40അതിന്റെ പിണം തിന്നുന്നവൻ വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; അതിന്റെ പിണം വഹിക്കുന്നവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം.
41നിലത്ത് ഇഴയുന്ന ഇഴജാതിയെല്ലാം അറപ്പാകുന്നു; അതിനെ തിന്നരുത്. 42ഉരസ്സുകൊണ്ടു ചരിക്കുന്നതും നാലു കാൽകൊണ്ടു നടക്കുന്നതും അല്ലെങ്കിൽ അനേകം കാലുള്ളതായി നിലത്ത് ഇഴയുന്നതുമായ യാതൊരു ഇഴജാതിയെയും നിങ്ങൾ തിന്നരുത്; അവ അറപ്പാകുന്നു. 43യാതൊരു ഇഴജാതിയെക്കൊണ്ടും നിങ്ങളെത്തന്നെ അറപ്പാക്കരുത്; അവയാൽ നിങ്ങൾ മലിനപ്പെടുമാറു നിങ്ങളെത്തന്നെ അശുദ്ധമാക്കുകയും അരുത്. 44ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാൻ വിശുദ്ധനാകയാൽ നിങ്ങൾ നിങ്ങളെത്തന്നെ വിശുദ്ധീകരിച്ച് വിശുദ്ധന്മാരായിരിക്കേണം; ഭൂമിയിൽ ഇഴയുന്ന യാതൊരു ഇഴജാതിയാലും നിങ്ങളെത്തന്നെ അശുദ്ധമാക്കരുത്. 45ഞാൻ നിങ്ങൾക്കു ദൈവമായിരിക്കേണ്ടതിനു നിങ്ങളെ മിസ്രയീംദേശത്തു നിന്നു പുറപ്പെടുവിച്ച യഹോവ ആകുന്നു; ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധന്മാരായിരിക്കേണം.
46ശുദ്ധവും അശുദ്ധവും തമ്മിലും തിന്നാകുന്ന മൃഗത്തെയും തിന്നരുതാത്ത മൃഗത്തെയും തമ്മിലും വകതിരിക്കേണ്ടതിന് 47ഇതു മൃഗങ്ങളെയും പക്ഷികളെയും വെള്ളത്തിൽ ചലനം ചെയ്യുന്ന സകല ജന്തുക്കളെയും നിലത്ത് ഇഴയുന്ന ജന്തുക്കളെയുംപറ്റിയുള്ള പ്രമാണം ആകുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for ലേവ്യാപുസ്തകം 11