ലേവ്യാപുസ്തകം 10
10
1അനന്തരം അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും ഓരോ ധൂപകലശം എടുത്ത് അതിൽ തീ ഇട്ട് അതിന്മേൽ ധൂപവർഗവും ഇട്ടു, അങ്ങനെ തങ്ങളോടു കല്പിച്ചതല്ലാത്ത അന്യാഗ്നി യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു. 2ഉടനെ യഹോവയുടെ സന്നിധിയിൽനിന്നു തീ പുറപ്പെട്ട് അവരെ ദഹിപ്പിച്ചുകളഞ്ഞു; അവർ യഹോവയുടെ സന്നിധിയിൽ മരിച്ചുപോയി. 3അപ്പോൾ മോശെ: എന്നോട് അടുക്കുന്നവരിൽ ഞാൻ ശുദ്ധീകരിക്കപ്പെടും; സർവജനത്തിന്റെയും മുമ്പാകെ ഞാൻ മഹത്ത്വപ്പെടും എന്ന് യഹോവ അരുളിച്ചെയ്തത് ഇതുതന്നെ എന്ന് അഹരോനോടു പറഞ്ഞു. അഹരോനോ മിണ്ടാതിരുന്നു. 4പിന്നെ മോശെ അഹരോന്റെ ഇളയപ്പൻ ഉസ്സീയേലിന്റെ പുത്രന്മാരായ മീശായേലിനെയും എത്സാഫാനെയും വിളിച്ച് അവരോട്: നിങ്ങൾ അടുത്തു ചെന്നു നിങ്ങളുടെ സഹോദരന്മാരെ വിശുദ്ധമന്ദിരത്തിന്റെ മുമ്പിൽനിന്നു പാളയത്തിനു പുറത്തു കൊണ്ടുപോകുവിൻ എന്നുപറഞ്ഞു. 5മോശെ പറഞ്ഞതുപോലെ അവർ അടുത്തുചെന്ന് അവരെ അവരുടെ അങ്കികളോടുകൂടെ പാളയത്തിനു പുറത്തു കൊണ്ടുപോയി. 6പിന്നെ മോശെ അഹരോനോടും അവന്റെ പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും നിങ്ങൾ മരിക്കാതെയും സർവസഭയുടെയുംമേൽ കോപം വരാതെയും ഇരിപ്പാൻ നിങ്ങളുടെ തലമുടി പിച്ചിപ്പറിക്കരുത്; നിങ്ങളുടെ വസ്ത്രം കീറുകയും അരുത്; നിങ്ങളുടെ സഹോദരന്മാരായ യിസ്രായേൽഗൃഹമൊക്കെയും യഹോവ ദഹിപ്പിച്ച ദഹനം നിമിത്തം കരയട്ടെ. 7നിങ്ങളോ മരിച്ചുപോകാതിരിക്കേണ്ടതിനു സമാഗമനകൂടാരത്തിന്റെ വാതിൽ വിട്ടു പുറത്തു പോകരുത്; യഹോവയുടെ അഭിഷേകതൈലം നിങ്ങളുടെമേൽ ഇരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അവർ മോശെയുടെ വചനംപോലെ തന്നെ ചെയ്തു.
8യഹോവ അഹരോനോട് അരുളിച്ചെയ്തത്: 9നീയും നിന്റെ പുത്രന്മാരും മരിച്ചുപോകാതിരിക്കേണ്ടതിനു സമാഗമനകൂടാരത്തിൽ കടക്കുമ്പോൾ വീഞ്ഞും മദ്യവും കുടിക്കരുത്. ഇതു നിങ്ങൾക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം. 10ശുദ്ധവും അശുദ്ധവും മലിനവും നിർമ്മലവും തമ്മിൽ നിങ്ങൾ വകതിരിക്കേണ്ടതിനും 11യഹോവ മോശെ മുഖാന്തരം യിസ്രായേൽമക്കളോടു കല്പിച്ച സകല പ്രമാണങ്ങളും അവരെ ഉപദേശിക്കേണ്ടതിനും തന്നെ.
12അഹരോനോടും അവന്റെ ശേഷിപ്പുള്ള പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും മോശെ പറഞ്ഞതെന്തെന്നാൽ: യഹോവയുടെ ദഹനയാഗങ്ങളിൽ ശേഷിപ്പുള്ള ഭോജനയാഗം നിങ്ങൾ എടുത്തു യാഗപീഠത്തിന്റെ അടുക്കൽ വച്ചു പുളിപ്പില്ലാത്തതായി ഭക്ഷിപ്പിൻ; അത് അതിവിശുദ്ധം. 13അത് ഒരു വിശുദ്ധസ്ഥലത്തുവച്ചു ഭക്ഷിക്കേണം; യഹോവയുടെ ദഹനയാഗങ്ങളിൽ അതു നിനക്കുള്ള അവകാശവും നിന്റെ പുത്രന്മാർക്കുള്ള അവകാശവും ആകുന്നു; ഇങ്ങനെ എന്നോടു കല്പിച്ചിരിക്കുന്നു. 14നീരാജനത്തിന്റെ നെഞ്ചും ഉദർച്ചയുടെ കൈക്കുറകും നീയും നിന്റെ പുത്രന്മാരും പുത്രിമാരും വെടിപ്പുള്ളൊരു സ്ഥലത്തുവച്ചു തിന്നേണം; യിസ്രായേൽമക്കളുടെ സമാധാനയാഗങ്ങളിൽ അവ നിനക്കുള്ള അവകാശവും നിന്റെ മക്കൾക്കുള്ള അവകാശവുമായി നല്കിയിരിക്കുന്നു. 15മേദസ്സിന്റെ ദഹനയാഗങ്ങളോടുകൂടെ അവർ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണ്ടതിന് ഉദർച്ചയുടെ കൈക്കുറകും നീരാജനത്തിന്റെ നെഞ്ചും കൊണ്ടുവരേണം; അതു യഹോവ കല്പിച്ചതുപോലെ ശാശ്വതാവകാശമായി നിനക്കും നിന്റെ മക്കൾക്കും ഇരിക്കേണം.
16പിന്നെ പാപയാഗമായ കോലാടിനെക്കുറിച്ചു മോശെ താൽപര്യമായി അന്വേഷിച്ചു; എന്നാൽ അതു ചുട്ടുകളഞ്ഞിരുന്നു; അപ്പോൾ അവൻ അഹരോന്റെ ശേഷിപ്പുള്ള പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും കോപിച്ചു: 17പാപയാഗം അതിവിശുദ്ധവും സഭയുടെ അകൃത്യം നീക്കിക്കളവാനും അവർക്കുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിപ്പാനും നിങ്ങൾക്കു തന്നതുമായിരിക്കെ നിങ്ങൾ അത് ഒരു വിശുദ്ധസ്ഥലത്തുവച്ചു ഭക്ഷിക്കാഞ്ഞത് എന്ത്? 18അതിന്റെ രക്തം വിശുദ്ധമന്ദിരത്തിനകത്തു കൊണ്ടുവന്നില്ലല്ലോ; ഞാൻ ആജ്ഞാപിച്ചതുപോലെ നിങ്ങൾ അത് ഒരു വിശുദ്ധസ്ഥലത്തു വച്ചു ഭക്ഷിക്കേണ്ടതായിരുന്നു എന്നു പറഞ്ഞു. 19അപ്പോൾ അഹരോൻ മോശെയോട്: ഇന്ന് അവർ തങ്ങളുടെ പാപയാഗവും ഹോമയാഗവും യഹോവയുടെ സന്നിധിയിൽ അർപ്പിച്ചു; എനിക്ക് ഇങ്ങനെ ഭവിച്ചുവല്ലോ; ഇന്നു ഞാൻ പാപയാഗം ഭക്ഷിച്ചു എങ്കിൽ അതു യഹോവയ്ക്കു പ്രസാദമായിരിക്കുമോ എന്നു പറഞ്ഞു. 20ഇതു കേട്ടപ്പോൾ മോശെക്കു ബോധിച്ചു.
Currently Selected:
ലേവ്യാപുസ്തകം 10: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.