YouVersion Logo
Search Icon

വിലാപങ്ങൾ 1

1
1അയ്യോ, ജനപൂർണയായിരുന്ന നഗരം ഏകാന്തയായിരിക്കുന്നതെങ്ങനെ?
ജാതികളിൽ മഹതിയായിരുന്നവൾ വിധവയെപ്പോലെ ആയതെങ്ങനെ?
സംസ്ഥാനങ്ങളുടെ നായികയായിരുന്നവൾ ഊഴിയവേലക്കാരത്തിയായതെങ്ങനെ?
2രാത്രിയിൽ അവൾ കരഞ്ഞുകൊണ്ടിരിക്കുന്നു.
അവളുടെ കവിൾത്തടങ്ങളിൽ കണ്ണുനീർ കാണുന്നു;
അവളുടെ സകല പ്രിയന്മാരിലും അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല;
അവളുടെ സ്നേഹിതന്മാരൊക്കെയും അവൾക്കു ശത്രുക്കളായി ദ്രോഹം ചെയ്തിരിക്കുന്നു.
3കഷ്ടതയും കഠിനദാസ്യവും നിമിത്തം യെഹൂദാ പ്രവാസത്തിലേക്കു പോകേണ്ടിവന്നു;
അവൾ ജാതികളുടെ ഇടയിൽ പാർക്കുന്നു;
വിശ്രാമം കണ്ടെത്തുന്നതുമില്ല;
അവളെ പിന്തുടരുന്നവരൊക്കെയും ഇടുക്കിടങ്ങളിൽവച്ച് അവളെ എത്തിപ്പിടിക്കുന്നു.
4ഉത്സവത്തിന് ആരും വരായ്കകൊണ്ട് സീയോനിലേക്കുള്ള വഴികൾ ദുഃഖിക്കുന്നു;
അവളുടെ വാതിലുകളൊക്കെയും ശൂന്യമായി.
പുരോഹിതന്മാർ നെടുവീർപ്പിടുന്നു;
അവളുടെ കന്യകമാർ ഖേദിക്കുന്നു;
അവൾക്കും വ്യസനം പിടിച്ചിരിക്കുന്നു.
5അവളുടെ അതിക്രമബാഹുല്യം
നിമിത്തം യഹോവ അവൾക്കു സങ്കടം വരുത്തിയതിനാൽ
അവളുടെ വൈരികൾക്കു പ്രാധാന്യം ലഭിച്ചു,
അവളുടെ ശത്രുക്കൾ ശുഭമായിരിക്കുന്നു;
അവളുടെ കുഞ്ഞുങ്ങൾ വൈരിയുടെ മുമ്പായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു.
6സീയോൻപുത്രിയുടെ മഹത്ത്വമൊക്കെയും അവളെ വിട്ടുപോയി;
അവളുടെ പ്രഭുക്കന്മാർ മേച്ചൽകാണാത്ത മാനുകളെപ്പോലെ ആയി;
പിന്തുടരുന്നവന്റെ മുമ്പിൽ അവർ ശക്തിയില്ലാതെ നടക്കുന്നു.
7കഷ്ടാരിഷ്ടതകളുടെ കാലത്ത്
യെരൂശലേം പണ്ടത്തെ മനോഹരവസ്തുക്കളെയൊക്കെയും ഓർക്കുന്നു;
സഹായിപ്പാൻ ആരുമില്ലാതെ അവളുടെ ജനം വൈരിയുടെ കൈയിൽ അകപ്പെട്ടപ്പോൾ,
വൈരികൾ അവളെ നോക്കി അവളുടെ നാശത്തെക്കുറിച്ചു ചിരിച്ചു.
8യെരൂശലേം കഠിനപാപം ചെയ്തിരിക്കകൊണ്ടു മലിനയായിരിക്കുന്നു;
അവളെ ബഹുമാനിച്ചവരൊക്കെയും അവളുടെ നഗ്നത കണ്ടിട്ട് അവളെ നിന്ദിക്കുന്നു;
അവളോ നെടുവീർപ്പിട്ടുകൊണ്ട് പിന്നോക്കം തിരിയുന്നു.
9അവളുടെ മലിനത ഉടുപ്പിന്റെ വിളുമ്പിൽ കാണുന്നു;
അവൾ ഭാവികാലം ഓർത്തില്ല;
അവൾ അതിശയമാംവണ്ണം വീണുപോയി;
അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല;
യഹോവേ, ശത്രു വമ്പു പറയുന്നു;
എന്റെ സങ്കടം നോക്കേണമേ.
10അവളുടെ സകല മനോഹര വസ്തുക്കളിന്മേലും വൈരി കൈവച്ചിരിക്കുന്നു;
നിന്റെ സഭയിൽ പ്രവേശിക്കരുതെന്ന് നീ കല്പിച്ച ജാതികൾ
അവളുടെ വിശുദ്ധമന്ദിരത്തിൽ കടന്നത് അവൾ കണ്ടുവല്ലോ.
11അവളുടെ സർവജനവും നെടുവീർപ്പിട്ടുകൊണ്ട് ആഹാരം തിരയുന്നു;
വിശപ്പടക്കുവാൻ ആഹാരത്തിനുവേണ്ടി
അവർ തങ്ങളുടെ മനോഹരവസ്തുക്കളെ കൊടുത്തുകളയുന്നു;
യഹോവേ, ഞാൻ നിന്ദിതയായിരിക്കുന്നതു കടാക്ഷിക്കേണമേ.
12കടന്നുപോകുന്ന ഏവരുമായുള്ളോരേ,
ഇതു നിങ്ങൾക്ക് ഏതുമില്ലയോ?
യഹോവ തന്റെ ഉഗ്രകോപദിവസത്തിൽ ദുഃഖിപ്പിച്ചിരിക്കുന്ന എനിക്ക്
അവൻ വരുത്തിയ വ്യസനംപോലെ ഒരു വ്യസനം ഉണ്ടോ എന്നു നോക്കുവിൻ!
13ഉയരത്തിൽനിന്ന് അവൻ എന്റെ അസ്ഥികളിൽ തീ അയച്ചിരിക്കുന്നു;
അതു കടന്നുപിടിച്ചിരിക്കുന്നു;
എന്റെ കാലിന് അവൻ വല വിരിച്ചു,
എന്നെ മടക്കിക്കളഞ്ഞു;
അവൻ എന്നെ ശൂന്യയും നിത്യരോഗിണിയും ആക്കിയിരിക്കുന്നു.
14എന്റെ അതിക്രമങ്ങളുടെ നുകം അവൻ സ്വന്തകൈയാൽ പിണച്ചിരിക്കുന്നു;
അവ എന്റെ കഴുത്തിൽ പിണഞ്ഞിരിക്കുന്നു;
അവൻ എന്റെ ശക്തി ക്ഷയിപ്പിച്ചു;
എനിക്ക് എതിർത്തുനില്പാൻ കഴിയാത്തവരുടെ കൈയിൽ കർത്താവ് എന്നെ ഏല്പിച്ചിരിക്കുന്നു.
15എന്റെ നടുവിലെ സകല ബലവാന്മാരെയും കർത്താവ് നിരസിച്ചുകളഞ്ഞു;
എന്റെ യൗവനക്കാരെ തകർത്തു
കളയേണ്ടതിന് അവൻ എന്റെ നേരേ ഒരു ഉത്സവയോഗം വിളിച്ചുകൂട്ടി;
യെഹൂദാപുത്രിയായ കന്യകയെ കർത്താവ് ചക്കിൽ ഇട്ടു ചവിട്ടിക്കളഞ്ഞിരിക്കുന്നു.
16ഇതുനിമിത്തം ഞാൻ കരയുന്നു;
എന്റെ കണ്ണ് കണ്ണുനീരൊഴുക്കുന്നു;
എന്റെ പ്രാണനെ തണുപ്പിക്കേണ്ടുന്ന ആശ്വാസപ്രദൻ എന്നോട് അകന്നിരിക്കുന്നു;
ശത്രു പ്രബലനായിരിക്കയാൽ എന്റെ മക്കൾ നശിച്ചിരിക്കുന്നു.
17സീയോൻ കൈ മലർത്തുന്നു;
അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല;
യഹോവ യാക്കോബിന് അവന്റെ ചുറ്റും വൈരികളെ കല്പിച്ചാക്കിയിരിക്കുന്നു;
യെരൂശലേം അവരുടെ ഇടയിൽ മലിനയായിരിക്കുന്നു.
18യഹോവ നീതിമാൻ;
ഞാൻ അവന്റെ കല്പനയോടു മത്സരിച്ചു;
സകല ജാതികളുമായുള്ളോരേ, കേൾക്കേണമേ,
എന്റെ വ്യസനം കാണേണമേ;
എന്റെ കന്യകമാരും യൗവനക്കാരും പ്രവാസത്തിലേക്കു പോയിരിക്കുന്നു.
19ഞാൻ എന്റെ പ്രിയന്മാരെ വിളിച്ചു;
അവരോ എന്നെ ചതിച്ചു;
എന്റെ പുരോഹിതന്മാരും മൂപ്പന്മാരും വിശപ്പടക്കേണ്ടതിന്
ആഹാരം തിരഞ്ഞുനടക്കുമ്പോൾ നഗരത്തിൽവച്ച് പ്രാണനെ വിട്ടു.
20യഹോവേ, നോക്കേണമേ;
ഞാൻ വിഷമത്തിലായി എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു;
ഞാൻ കഠിനമായി മത്സരിക്കകൊണ്ട്
എന്റെ ഹൃദയം എന്റെ ഉള്ളിൽ മറിഞ്ഞിരിക്കുന്നു;
പുറമേ വാൾ സന്തതിനാശം വരുത്തുന്നു;
വീട്ടിലോ മരണം തന്നെ.
21ഞാൻ നെടുവീർപ്പിടുന്നത് അവർ കേട്ടു;
എന്നെ ആശ്വസിപ്പിപ്പാൻ ആരുമില്ല;
എന്റെ ശത്രുക്കളൊക്കെയും എന്റെ അനർഥം കേട്ടു,
നീ അതു വരുത്തിയതുകൊണ്ടു സന്തോഷിക്കുന്നു;
നീ കല്പിച്ച ദിവസം നീ വരുത്തും;
അന്ന് അവരും എന്നെപ്പോലെയാകും.
22അവരുടെ ദുഷ്ടതയൊക്കെയും തിരുമുമ്പിൽ വരട്ടെ;
എന്റെ സകല അതിക്രമങ്ങളും നിമിത്തം
നീ എന്നോടു ചെയ്തതുപോലെ അവരോടും ചെയ്യേണമേ;
എന്റെ നെടുവീർപ്പു വളരെയല്ലോ;
എന്റെ ഹൃദയം രോഗാർത്തമായിരിക്കുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for വിലാപങ്ങൾ 1