YouVersion Logo
Search Icon

യിരെമ്യാവ് 52

52
1സിദെക്കീയാവ് വാണുതുടങ്ങിയപ്പോൾ അവന് ഇരുപത്തൊന്നു വയസ്സായിരുന്നു; അവൻ പതിനൊന്നു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മയ്ക്ക് ഹമൂതൽ എന്നു പേർ; അവൾ ലിബ്നക്കാരനായ യിരെമ്യാവിന്റെ മകൾ ആയിരുന്നു. 2യെഹോയാക്കീം ചെയ്തതുപോലെയൊക്കെയും അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു. 3യഹോവയുടെ കോപം ഹേതുവായി യെരൂശലേമിനും യെഹൂദായ്ക്കും അങ്ങനെ ഭവിച്ചു; അവൻ ഒടുവിൽ അവരെ തന്റെ സന്നിധിയിൽ നിന്നു തള്ളിക്കളഞ്ഞു; എന്നാൽ സിദെക്കീയാവ് ബാബേൽരാജാവിനോടു മത്സരിച്ചു. 4അവന്റെ വാഴ്ചയുടെ ഒമ്പതാം ആണ്ടിൽ പത്താം മാസം പത്താം തീയതി, ബാബേൽരാജാവായ നെബൂഖദ്നേസർ തന്റെ സർവസൈന്യവുമായി യെരൂശലേമിന്റെ നേരേ വന്നു പാളയമിറങ്ങി അതിനെതിരേ ചുറ്റും കൊത്തളങ്ങൾ പണിതു. 5അങ്ങനെ സിദെക്കീയാരാജാവിന്റെ പതിനൊന്നാം ആണ്ടുവരെ നഗരം നിരോധിക്കപ്പെട്ടിരുന്നു. 6നാലാം മാസം ഒമ്പതാം തീയതി ക്ഷാമം നഗരത്തിൽ കലശലായി ദേശത്തെ ജനത്തിന് ആഹാരമില്ലാതെ ഭവിച്ചു. 7അപ്പോൾ നഗരത്തിന്റെ മതിൽ ഒരിടം പൊളിച്ചുതുറന്നു; കല്ദയർ നഗരം വളഞ്ഞിരിക്കെ പടയാളികളൊക്കെയും രാത്രി സമയത്തു രാജാവിന്റെ തോട്ടത്തിനരികെ രണ്ടു മതിലുകളുടെ മധ്യേയുള്ള പടിവാതിൽക്കൽകൂടി നഗരം വിട്ടുപുറപ്പെട്ട് അരാബായിലേക്കുള്ള വഴിയായി ഓടിപ്പോയി. 8എന്നാൽ കല്ദയരുടെ സൈന്യം രാജാവിനെ പിന്തുടർന്നു, യെരീഹോ സമഭൂമിയിൽവച്ചു സിദെക്കീയാവോട് എത്തി; അവന്റെ സൈന്യമൊക്കെയും അവനെ വിട്ടു ചിതറിപ്പോയി. 9അവർ രാജാവിനെ പിടിച്ചു, ഹമാത്ത്ദേശത്തിലെ രിബ്ലായിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു; അവൻ അവനു വിധി കല്പിച്ചു. 10ബാബേൽരാജാവ് സിദെക്കീയാവിന്റെ പുത്രന്മാരെ അവൻ കാൺകെ കൊന്നു; യെഹൂദാപ്രഭുക്കന്മാരെയൊക്കെയും അവൻ രിബ്ലായിൽവച്ചു കൊന്നുകളഞ്ഞു. 11പിന്നെ അവൻ സിദെക്കീയാവിന്റെ കണ്ണുപൊട്ടിച്ചു; ബാബേൽരാജാവ് അവനെ ചങ്ങലകൊണ്ടു ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുചെന്നു ജീവപര്യന്തം കാരാഗൃഹത്തിൽ ആക്കി. 12അഞ്ചാം മാസം പത്താം തീയതി, ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ പത്തൊമ്പതാം ആണ്ടിൽ തന്നെ, ബാബേൽരാജാവിന്റെ തിരുമുമ്പിൽ നില്ക്കുന്നവനും അകമ്പടിനായകനുമായ നെബൂസർ-അദാൻ യെരൂശലേമിലേക്കു വന്നു. 13അവൻ യഹോവയുടെ ആലയവും രാജധാനിയും ചുട്ടു, യെരൂശലേമിലെ എല്ലാ വീടുകളും പ്രധാന ഭവനങ്ങളൊക്കെയും തീ വച്ചു ചുട്ടുകളഞ്ഞു. 14അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കല്ദയസൈന്യമൊക്കെയും യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകളെല്ലാം ഇടിച്ചുകളഞ്ഞു. 15ജനത്തിൽ എളിയവരായ ചിലരെയും നഗരത്തിൽ ശേഷിച്ചിരുന്ന ജനശിഷ്ടത്തെയും ബാബേൽരാജാവിനെ ചെന്നു ശരണം പ്രാപിച്ചവരെയും പുരുഷാരത്തിൽ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസർ-അദാൻ ബദ്ധരാക്കി കൊണ്ടുപോയി. 16എന്നാൽ അകമ്പടിനായകനായ നെബൂസർ-അദാൻ ദേശത്തെ എളിയവരിൽ ചിലരെ മുന്തിരിത്തോട്ടക്കാരായും കൃഷിക്കാരായും വിട്ടേച്ചുപോയി. 17യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും യഹോവയുടെ ആലയത്തിലെ താമ്രംകൊണ്ടുള്ള കടലും കല്ദയർ ഉടച്ച് താമ്രമൊക്കെയും ബാബേലിലേക്കു കൊണ്ടുപോയി. 18കലങ്ങളും ചട്ടുകങ്ങളും കത്രികകളും കിണ്ണങ്ങളും തവികളും ശുശ്രൂഷയ്ക്കുള്ള സകല താമ്രോപകരണങ്ങളും അവർ എടുത്തുകൊണ്ടുപോയി. 19പാനപാത്രങ്ങളും തീച്ചട്ടികളും കിണ്ണങ്ങളും കലങ്ങളും വിളക്കുതണ്ടുകളും തവികളും കുടങ്ങളും പൊന്നുകൊണ്ടുള്ളതും വെള്ളികൊണ്ടുള്ളതും എല്ലാം അകമ്പടിനായകൻ കൊണ്ടുപോയി. 20ശലോമോൻരാജാവ് യഹോവയുടെ ആലയംവകയ്ക്ക് ഉണ്ടാക്കിയ രണ്ട് സ്തംഭവും ഒരു കടലും പീഠങ്ങളുടെ കീഴെ ഉണ്ടായിരുന്ന പന്ത്രണ്ട് താമ്രക്കാളയും തന്നെ; ഈ സകല സാധനങ്ങളുടെയും താമ്രത്തിനു തൂക്കമില്ലാതെയിരുന്നു. 21സ്തംഭങ്ങളോ, ഓരോന്ന് പതിനെട്ട് മുഴം ഉയരവും പന്ത്രണ്ട് മുഴം ചുറ്റളവും നാല് വിരൽ കനവും ഉള്ളതായിരുന്നു; അതു പൊള്ളയുമായിരുന്നു. 22അതിന്മേൽ താമ്രംകൊണ്ട് ഒരു പോതിക ഉണ്ടായിരുന്നു; പോതികയുടെ ഉയരം അഞ്ചു മുഴം പോതികമേൽ ചുറ്റും വലപ്പണിയും മാതളപ്പഴവും ഉണ്ടായിരുന്നു; സകലവും താമ്രംകൊണ്ടായിരുന്നു; രണ്ടാമത്തെ സ്തംഭത്തിനും ഇതുപോലെയുള്ള പണിയും മാതളപ്പഴവും ഉണ്ടായിരുന്നു. 23നാലുപുറത്തുംകൂടെ തൊണ്ണൂറ്റാറു മാതളപ്പഴവും ഉണ്ടായിരുന്നു; വലപ്പണിയിൽ ചുറ്റുമുള്ള മാതളപ്പഴം ആകെ നൂറ് ആയിരുന്നു. 24അകമ്പടിനായകൻ മഹാപുരോഹിതനായ സെരായാവെയും രണ്ടാം പുരോഹിതനായ സെഫന്യാവെയും മൂന്ന് വാതിൽകാവല്ക്കാരെയും പിടിച്ചുകൊണ്ടുപോയി. 25നഗരത്തിൽനിന്ന് അവൻ യോദ്ധാക്കളുടെ വിചാരകനായ ഒരു ഷണ്ഡനെയും നഗരത്തിൽവച്ചു കണ്ട ഏഴ് രാജപരിചാരകന്മാരെയും ദേശത്തിലെ ജനത്തെ പടയ്ക്കു ശേഖരിക്കുന്ന സേനാപതിയുടെ രായസക്കാരനെയും നഗരത്തിൽ കണ്ട അറുപതു നാട്ടുപുറക്കാരെയും പിടിച്ചുകൊണ്ടുപോയി. 26ഇവരെ അകമ്പടിനായകനായ നെബൂസർ-അദാൻ പിടിച്ച് രിബ്ലായിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു. 27ബാബേൽരാജാവ് ഹമാത്ത്ദേശത്തിലെ രിബ്ലായിൽവച്ച് അവരെ വെട്ടിക്കൊന്നു; ഇങ്ങനെ യെഹൂദാ സ്വദേശം വിട്ട് പ്രവാസത്തിലേക്കു പോകേണ്ടിവന്നു. 28നെബൂഖദ്നേസർ പ്രവാസത്തിലേക്കു കൊണ്ടുപോയ ജനം: ഏഴാം ആണ്ടിൽ മൂവായിരത്തിരുപത്തിമൂന്ന് യെഹൂദന്മാർ; 29നെബൂഖദ്നേസരിന്റെ പതിനെട്ടാം ആണ്ടിൽ അവൻ യെരൂശലേമിൽനിന്നു പ്രവാസത്തിലേക്കു കൊണ്ടുപോയ എണ്ണൂറ്റിമുപ്പത്തിരണ്ടു പേർ; 30നെബൂഖദ്നേസരിന്റെ ഇരുപത്തിമൂന്നാം ആണ്ടിൽ, അകമ്പടിനായകനായ നെബൂസർ-അദാൻ പ്രവാസത്തിലേക്കു കൊണ്ടുപോയ യെഹൂദന്മാർ എഴുനൂറ്റി നാല്പത്തഞ്ച് പേർ; ഇങ്ങനെ ആകെ നാലായിരത്തറുനൂറ് പേരായിരുന്നു. 31യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തേഴാമാണ്ടിൽ പന്ത്രണ്ടാം മാസം ഇരുപത്തഞ്ചാം തീയതി ബാബേൽരാജാവായ എവീൽ-മെരോദക് തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ച് കാരാഗൃഹത്തിൽനിന്നു വിടുവിച്ചു, 32അവനോട് ആദരവായി സംസാരിച്ച്, അവന്റെ ആസനത്തെ തന്നോടുകൂടെ ബാബേലിൽ ഉള്ള രാജാക്കന്മാരുടെ ആസനങ്ങൾക്കു മേലായി വച്ചു, 33അവന്റെ കാരാഗൃഹവസ്ത്രം മാറ്റി, അവൻ ജീവപര്യന്തം നിത്യവും അവന്റെ സന്നിധിയിൽ ഭക്ഷണം കഴിച്ചുപോന്നു. 34അവന്റെ അഹോവൃത്തിയോ ബാബേൽരാജാവ് അവന് അവന്റെ മരണദിവസംവരെ അവന്റെ ജീവകാലമൊക്കെയും നിത്യവൃത്തിക്കു ദിവസംപ്രതിയുള്ള ഓഹരി കൊടുത്തുപോന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in