യോശുവ 4
4
1ജനമൊക്കെയും യോർദ്ദാൻ കടന്നു തീർന്നശേഷം യഹോവ യോശുവയോടു കല്പിച്ചത് എന്തെന്നാൽ: 2നിങ്ങൾ ഓരോ ഗോത്രത്തിൽനിന്ന് ഓരോ ആൾ വീതം ജനത്തിൽനിന്നു പന്ത്രണ്ടു പേരെ കൂട്ടി അവരോട്: 3യോർദ്ദാന്റെ നടുവിൽ പുരോഹിതന്മാരുടെ കാൽ ഉറച്ചുനിന്ന സ്ഥലത്തുനിന്ന് പന്ത്രണ്ടു കല്ല് എടുത്ത് കരയ്ക്കു കൊണ്ടുവന്ന് ഈ രാത്രി നിങ്ങൾ പാർക്കുന്ന സ്ഥലത്ത് വയ്പാൻ കല്പിപ്പിൻ. 4അങ്ങനെ യോശുവ യിസ്രായേൽമക്കളുടെ ഓരോ ഗോത്രത്തിൽനിന്ന് ഓരോ ആൾ വീതം നിയമിച്ചിരുന്ന പന്ത്രണ്ടു പേരെ വിളിച്ചു. 5യോശുവ അവരോടു പറഞ്ഞത്: യോർദ്ദാന്റെ നടുവിൽ നിങ്ങളുടെ ദൈവമായ യഹോവയുടെ പെട്ടകത്തിനു മുമ്പിൽ ചെന്ന് യിസ്രായേൽമക്കളുടെ ഗോത്രസംഖ്യക്ക് ഒത്തവണ്ണം നിങ്ങളിൽ ഓരോരുത്തൻ ഓരോ കല്ല് ചുമലിൽ എടുക്കേണം. 6ഇത് നിങ്ങളുടെ ഇടയിൽ ഒരു അടയാളമായിരിക്കേണം; ഈ കല്ല് എന്ത് എന്ന് നിങ്ങളുടെ മക്കൾ വരുംകാലത്തു ചോദിക്കുമ്പോൾ: 7യോർദ്ദാനിലെ വെള്ളം യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പിൽ രണ്ടായി പിരിഞ്ഞതു നിമിത്തംതന്നെ എന്ന് അവരോടു പറയേണം. അതു യോർദ്ദാനെ കടന്നപ്പോൾ യോർദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞതുകൊണ്ട് ഈ കല്ല് യിസ്രായേൽമക്കൾക്ക് എന്നേക്കും ജ്ഞാപകമായിരിക്കേണം. 8യോശുവ കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ചെയ്തു; യഹോവ യോശുവയോട് കല്പിച്ചതുപോലെ യിസ്രായേൽമക്കളുടെ ഗോത്രസംഖ്യക്ക് ഒത്തവണ്ണം പന്ത്രണ്ടു കല്ല് യോർദ്ദാന്റെ നടുവിൽനിന്ന് എടുത്ത് തങ്ങൾ പാർത്ത സ്ഥലത്തു കൊണ്ടുപോയി വച്ചു. 9യോർദ്ദാന്റെ നടുവിലും നിയമപെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ നിന്ന സ്ഥലത്ത് യോശുവ പന്ത്രണ്ട് കല്ല് നാട്ടി; അവ ഇന്നുവരെ അവിടെ ഉണ്ട്. 10മോശെ യോശുവയോടു കല്പിച്ചതൊക്കെയും ജനത്തോടു പറവാൻ യഹോവ യോശുവയോടു കല്പിച്ചതൊക്കെയും ചെയ്തുതീരുവോളം പെട്ടകം ചുമന്ന പുരോഹിതന്മാർ യോർദ്ദാന്റെ നടുവിൽ നിന്നു; ജനം വേഗത്തിൽ മറുകര കടന്നു. 11ജനമൊക്കെയും കടന്നുതീർന്നപ്പോൾ ജനം കാൺകെ യഹോവയുടെ പെട്ടകവും പുരോഹിതന്മാരും മറുകര കടന്നു. 12മോശെ കല്പിച്ചിരുന്നതുപോലെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രവും യിസ്രായേൽമക്കൾക്ക് മുമ്പായി യുദ്ധസന്നദ്ധരായി കടന്നു. 13ഏകദേശം നാല്പതിനായിരം പേർ യുദ്ധസന്നദ്ധരായി യഹോവയുടെ മുമ്പാകെ യുദ്ധത്തിന് യെരീഹോസമഭൂമിയിൽ കടന്നു. 14അന്ന് യഹോവ യോശുവയെ എല്ലാ യിസ്രായേലിന്റെയും മുമ്പാകെ വലിയവനാക്കി; 15അവർ മോശെയെ ബഹുമാനിച്ചതുപോലെ അവനെയും അവന്റെ ആയുഷ്കാലമൊക്കെയും ബഹുമാനിച്ചു.
16യഹോവ യോശുവയോട്: സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാരോട് യോർദ്ദാനിൽനിന്നു കയറുവാൻ കല്പിക്ക എന്ന് അരുളിച്ചെയ്തു. 17അങ്ങനെ യോശുവ പുരോഹിതന്മാരോട് യോർദ്ദാനിൽനിന്നു കയറുവാൻ കല്പിച്ചു. 18യഹോവയുടെ സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ യോർദ്ദാന്റെ നടുവിൽനിന്നു കയറി; പുരോഹിതന്മാരുടെ ഉള്ളങ്കാൽ കരയ്ക്കു പൊക്കിവച്ച ഉടനെ യോർദ്ദാനിലെ വെള്ളം വീണ്ടും അതിന്റെ സ്ഥലത്തേക്ക് വന്ന് മുമ്പിലത്തെപ്പോലെ തീരം കവിഞ്ഞ് ഒഴുകി. 19ഒന്നാം മാസം പത്താം തീയതി ജനം യോർദ്ദാനിൽനിന്ന് കയറി യെരീഹോവിന്റെ കിഴക്കേ അതിരിലുള്ള ഗില്ഗാലിൽ പാളയം ഇറങ്ങി. 20യോർദ്ദാനിൽനിന്ന് എടുത്ത പന്ത്രണ്ടു കല്ല് യോശുവ ഗില്ഗാലിൽ നാട്ടി,
21യിസ്രായേൽമക്കളോടു പറഞ്ഞത് എന്തെന്നാൽ: ഈ കല്ല് എന്ത് എന്നു വരുംകാലത്ത് നിങ്ങളുടെ മക്കൾ പിതാക്കന്മാരോടു ചോദിച്ചാൽ: 22യിസ്രായേൽ ഉണങ്ങിയ നിലത്തുകൂടി ഈ യോർദ്ദാനിക്കരെ കടന്നു എന്ന് നിങ്ങളുടെ മക്കളോടു പറയേണം. 23ഭൂമിയിലെ സകല ജാതികളും യഹോവയുടെ കൈ ശക്തിയുള്ളതെന്ന് അറിഞ്ഞ് നിങ്ങളുടെ ദൈവമായ യഹോവയെ എന്നേക്കും ഭയപ്പെടേണ്ടതിന് 24ഞങ്ങൾ ഇക്കരെ കടപ്പാൻ തക്കവണ്ണം നിങ്ങളുടെ ദൈവമായ യഹോവ ഞങ്ങളുടെ മുമ്പിൽ ചെങ്കടൽ വറ്റിച്ചുകളഞ്ഞതുപോലെ നിങ്ങൾ ഇക്കരെ കടപ്പാൻ തക്കവണ്ണം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പിൽ യോർദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു.
Currently Selected:
യോശുവ 4: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.