YouVersion Logo
Search Icon

യോശുവ 5

5
1യിസ്രായേൽമക്കൾ ഇക്കരെ കടപ്പാൻ തക്കവണ്ണം യഹോവ അവരുടെ മുമ്പിൽ യോർദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു എന്ന് യോർദ്ദാന്റെ പടിഞ്ഞാറെ ഭാഗത്തുള്ള അമോര്യരാജാക്കന്മാരൊക്കെയും സമുദ്രതീരത്തുള്ള കനാന്യരാജാക്കന്മാരൊക്കെയും കേട്ടപ്പോൾ അവരുടെ ഹൃദയം ഉരുകി; യിസ്രായേൽമക്കളുടെ നിമിത്തം അവരിൽ അശേഷം ചൈതന്യമില്ലാതെയായി.
2അക്കാലത്ത് യഹോവ യോശുവയോട്: തീക്കല്ലുകൊണ്ട് കത്തി ഉണ്ടാക്കി യിസ്രായേൽമക്കളെ രണ്ടാമതും പരിച്ഛേദന ചെയ്ക എന്നു കല്പിച്ചു. 3യോശുവ തീക്കല്ലുകൊണ്ട് കത്തി ഉണ്ടാക്കി യിസ്രായേൽമക്കളെ അഗ്രചർമഗിരിയിങ്കൽ വച്ച് പരിച്ഛേദന ചെയ്തു. 4യോശുവ പരിച്ഛേദന ചെയ്‍വാനുള്ള കാരണമോ മിസ്രയീമിൽനിന്നു പുറപ്പെട്ട ആണുങ്ങളായ ജനമൊക്കെയും യോദ്ധാക്കളെല്ലാവരും മിസ്രയീമിൽനിന്നു പുറപ്പെട്ടുപോന്നശേഷം പ്രയാണത്തിൽ മരുഭൂമിയിൽവച്ചു മരിച്ചുപോയി; 5പുറപ്പെട്ടുപോന്ന ജനത്തിനെല്ലാം പരിച്ഛേദന കഴിഞ്ഞിരുന്നു എങ്കിലും മിസ്രയീമിൽനിന്ന് പുറപ്പെട്ടശേഷം മരുഭൂമിയിൽവച്ച് പ്രയാണത്തിൽ ജനിച്ചവരിൽ ആരെയും പരിച്ഛേദന ചെയ്തിരുന്നില്ല. 6മിസ്രയീമിൽനിന്നു പുറപ്പെട്ട യോദ്ധാക്കളായവരൊക്കെയും യഹോവയുടെ വാക്ക് അനുസരിക്കായ്കകൊണ്ട് അവർ മരിച്ചൊടുങ്ങുംവരെ യിസ്രായേൽമക്കൾ നാല്പതു സംവത്സരം മരുഭൂമിയിൽ സഞ്ചരിക്കേണ്ടിവന്നു; നമുക്കു തരുമെന്നു യഹോവ പിതാക്കന്മാരോട് സത്യം ചെയ്ത ദേശമായി പാലും തേനും ഒഴുകുന്ന ദേശം അവരെ കാണിക്കയില്ല എന്ന് യഹോവ അവരോടു സത്യം ചെയ്തിരുന്നു. 7എന്നാൽ അവർക്കു പകരം അവൻ എഴുന്നേല്പിച്ച പുത്രന്മാരെ യോശുവ പരിച്ഛേദന ചെയ്തു; അവരെ പ്രയാണത്തിൽ പരിച്ഛേദന ചെയ്യായ്കകൊണ്ട് അവർ അഗ്രചർമികളായിരുന്നു. 8അവർ സർവ ജനത്തെയും പരിച്ഛേദന ചെയ്തു തീർന്നശേഷം അവർക്കു സൗഖ്യമായതുവരെ അവർ പാളയത്തിൽ താന്താങ്ങളുടെ സ്ഥലത്തു പാർത്തു. 9യഹോവ യോശുവയോട്: ഇന്നു ഞാൻ മിസ്രയീമിന്റെ നിന്ദ നിങ്ങളിൽനിന്ന് ഉരുട്ടിക്കളഞ്ഞിരിക്കുന്നു എന്ന് അരുളിച്ചെയ്തു; അതുകൊണ്ട് ആ സ്ഥലത്തിന് ഇന്നുവരെ ഗില്ഗാൽ (ഉരുൾ) എന്നു പേർ പറയുന്നു.
10യിസ്രായേൽമക്കൾ ഗില്ഗാലിൽ പാളയമിറങ്ങി; ആ മാസം പതിന്നാലാം തീയതി സന്ധ്യാസമയത്ത് യെരീഹോസമഭൂമിയിൽവച്ച് പെസഹ കഴിച്ചു. 11പെസഹയുടെ പിറ്റേ ദിവസം തന്നേ അവർ ദേശത്തെ വിളവുകൊണ്ടുള്ള പുളിപ്പില്ലാത്ത അപ്പവും മലരും തിന്നു. 12അവർ ദേശത്തെ വിളവ് അനുഭവിച്ചതിന്റെ പിറ്റേദിവസം മന്ന നിന്നുപോയി; യിസ്രായേൽമക്കൾക്കു പിന്നെ മന്ന കിട്ടിയതുമില്ല; ആയാണ്ട് അവർ കനാൻദേശത്തെ വിളവുകൊണ്ട് ഉപജീവിച്ചു.
13യോശുവ യെരീഹോവിനു സമീപത്ത് ഇരിക്കുമ്പോൾ തല ഉയർത്തി നോക്കി; ഒരു ആൾ കൈയിൽ വാൾ ഊരിപ്പിടിച്ചുകൊണ്ട് അവന്റെ നേരേ നില്ക്കുന്നതു കണ്ടു; യോശുവ അവന്റെ അടുക്കൽ ചെന്ന് അവനോട്: നീ ഞങ്ങളുടെ പക്ഷക്കാരനോ ശത്രുപക്ഷക്കാരനോ എന്നു ചോദിച്ചു. 14അതിന് അവൻ: അല്ല, ഞാൻ യഹോവയുടെ സൈന്യത്തിന്റെ അധിപതിയായി ഇപ്പോൾ വന്നിരിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ യോശുവ സാഷ്ടാംഗം വീണു നമസ്കരിച്ച് അവനോട്: കർത്താവിന് അടിയനോടുള്ള കല്പന എന്ത് എന്നു ചോദിച്ചു. 15യഹോവയുടെ സൈന്യത്തിന്റെ അധിപതി യോശുവയോട്: നിന്റെ കാലിൽനിന്നു ചെരുപ്പ് അഴിച്ചുകളക; നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാകുന്നു എന്നു പറഞ്ഞു; യോശുവ അങ്ങനെ ചെയ്തു.

Currently Selected:

യോശുവ 5: MALOVBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in