YouVersion Logo
Search Icon

യോശുവ 11

11
1അനന്തരം ഹാസോർരാജാവായ യാബീൻ ഇതു കേട്ടപ്പോൾ അവൻ മാദോൻരാജാവായ യോബാബ്, ശിമ്രോൻരാജാവ്, അക്ക്ശാഫ്‍രാജാവ് എന്നിവരുടെ അടുക്കലും 2വടക്ക് മലമ്പ്രദേശത്തും കിന്നെരോത്തിനു തെക്ക് സമഭൂമിയിലും താഴ്‌വീതിയിലും പടിഞ്ഞാറ് ദോർമേടുകളിലും ഉള്ള രാജാക്കന്മാരുടെ അടുക്കലും 3കിഴക്കും പടിഞ്ഞാറുമുള്ള കനാന്യർ, പർവതങ്ങളിലെ അമോര്യർ, ഹിത്യർ, പെരിസ്യർ, യെബൂസ്യർ, മിസ്പാദേശത്ത് ഹെർമ്മോന്റെ അടിവാരത്തുള്ള ഹിവ്യർ എന്നിവരുടെ അടുക്കലും ആളയച്ചു. 4അവർ പെരുപ്പത്തിൽ കടല്ക്കരയിലെ മണൽപോലെ അനവധി ജനവും എത്രയും വളരെ കുതിരകളും രഥങ്ങളും കൂടിയ സൈന്യങ്ങളുമായി പുറപ്പെട്ടു. 5ആ രാജാക്കന്മാർ എല്ലാവരും ഒന്നിച്ചുകൂടി യിസ്രായേലിനോടു യുദ്ധം ചെയ്‍വാൻ മേരോംതടാകത്തിനരികെ വന്ന് ഒരുമിച്ചു പാളയമിറങ്ങി. 6അപ്പോൾ യഹോവ യോശുവയോട്: അവരെ പേടിക്കേണ്ടാ; ഞാൻ നാളെ ഈ നേരം അവരെയൊക്കെയും യിസ്രായേലിന്റെ മുമ്പിൽ ചത്തുവീഴുമാറാക്കും; നീ അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങൾ തീയിട്ടു ചുട്ടുകളയേണം. 7അങ്ങനെ യോശുവയും പടജ്ജനം ഒക്കെയും മേരോംതടാകത്തിനരികെ പെട്ടെന്ന് അവരുടെ നേരേ വന്ന് അവരെ ആക്രമിച്ചു. 8യഹോവ അവരെ യിസ്രായേലിന്റെ കൈയിൽ ഏല്പിച്ചു; അവർ അവരെ തോല്പിച്ചു; മഹാനഗരമായ സീദോൻവരെയും, മിസ്രെഫോത്ത്മയീംവരെയും കിഴക്കോട്ട് മിസ്പാ താഴ്‌വീതിവരെയും അവരെ ഓടിച്ചു, ആരും ശേഷിക്കാതവണ്ണം സംഹരിച്ചുകളഞ്ഞു. 9യഹോവ തന്നോടു കല്പിച്ചതുപോലെ യോശുവ അവരോടു ചെയ്തു: അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങൾ തീയിട്ടു ചുട്ടുകളഞ്ഞു.
10യോശുവ ആ സമയം തിരിഞ്ഞ് ഹാസോർ പിടിച്ച് അതിലെ രാജാവിനെ വാൾകൊണ്ടു കൊന്നു; ഹാസോർ മുമ്പേ ആ രാജ്യങ്ങൾക്ക് ഒക്കെയും മൂലസ്ഥാനമായിരുന്നു. 11അവർ അതിലെ സകല മനുഷ്യരെയും വാളിന്റെ വായ്ത്തലയാൽ വെട്ടി നിർമ്മൂലമാക്കി; ആരും ജീവനോടെ ശേഷിച്ചില്ല; അവൻ ഹാസോരിനെ തീകൊടുത്തു ചുട്ടുകളഞ്ഞു. 12ആ രാജാക്കന്മാരുടെ എല്ലാ പട്ടണങ്ങളെയും അവയിലെ രാജാക്കന്മാരെ ഒക്കെയും യോശുവ പിടിച്ചു വാളിന്റെ വായ്ത്തലയാൽ വെട്ടി നിർമ്മൂലമാക്കിക്കളഞ്ഞു. യഹോവയുടെ ദാസനായ മോശെ കല്പിച്ചതുപോലെ തന്നെ. 13എന്നാൽ കുന്നുകളിലെ പട്ടണങ്ങൾ ഒന്നും യിസ്രായേൽ ചുട്ടുകളഞ്ഞില്ല; ഹാസോർ മാത്രമേ യോശുവ ചുട്ടുകളഞ്ഞുള്ളൂ. 14ഈ പട്ടണങ്ങളിലെ കൊള്ളയൊക്കെയും കന്നുകാലികളെയും യിസ്രായേൽമക്കൾ തങ്ങൾക്കു തന്നെ എടുത്തു; എങ്കിലും മനുഷ്യരെയൊക്കെയും അവർ വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; ആരെയും ജീവനോടെ ശേഷിപ്പിച്ചില്ല. 15യഹോവ തന്റെ ദാസനായ മോശെയോടു കല്പിച്ചതുപോലെ മോശെ യോശുവയോട് കല്പിച്ചു; യോശുവ അങ്ങനെ തന്നെ ചെയ്തു; യഹോവ മോശെയോടു കല്പിച്ചതിൽ ഒന്നും അവൻ ചെയ്യാതെ വിട്ടില്ല.
16ഇങ്ങനെ മലനാടും തെക്കേദേശമൊക്കെയും ഗോശെൻദേശമൊക്കെയും താഴ്‌വീതിയും അരാബായും യിസ്രായേൽമലനാടും അതിന്റെ താഴ്‌വീതിയും സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നു തുടങ്ങി ഹെർമ്മോൻപർവതത്തിന്റെ അടിവാരത്തുള്ള ലെബാനോൻതാഴ്‌വരയിലെ ബാൽ-ഗാദ്‍വരെയുള്ള ദേശമൊക്കെയും യോശുവ പിടിച്ചു. 17അവിടങ്ങളിലെ സകല രാജാക്കന്മാരെയും അവൻ പിടിച്ച് വെട്ടിക്കൊന്നു. 18ആ രാജാക്കന്മാരോടൊക്കെയും യോശുവ ഏറിയ കാലം യുദ്ധം ചെയ്തിരുന്നു. 19ഗിബെയോൻനിവാസികളായ ഹിവ്യർ ഒഴികെ ഒരു പട്ടണക്കാരും യിസ്രായേൽമക്കളോട് സഖ്യത ചെയ്തില്ല; ശേഷമൊക്കെയും അവർ യുദ്ധത്തിൽ പിടിച്ചടക്കി. 20യഹോവ മോശെയോടു കല്പിച്ചതുപോലെ അവരെ നിർമ്മൂലമാക്കുകയും കരുണകൂടാതെ നശിപ്പിക്കയും ചെയ്‍വാൻ തക്കവണ്ണം അവർ നെഞ്ചുറപ്പിച്ച് യിസ്രായേലിനോട് യുദ്ധത്തിനു പുറപ്പെടേണ്ടതിന് യഹോവ സംഗതി വരുത്തിയിരുന്നു.
21അക്കാലത്ത് യോശുവ ചെന്ന് മലനാടായ ഹെബ്രോൻ, ദെബീർ, അനാബ്, യെഹൂദാമലനാട്, യിസ്രായേല്യമലനാട് എന്നീ ഇടങ്ങളിൽ നിന്നൊക്കെയും അനാക്യരെ സംഹരിച്ചു; അവരുടെ പട്ടണങ്ങളോടുകൂടെ യോശുവ അവരെ നിർമ്മൂലമാക്കി. 22ഗസ്സായിലും ഗത്തിലും അസ്തോദിലും മാത്രമല്ലാതെ യിസ്രായേൽമക്കളുടെ ദേശത്തെങ്ങും ഒരു അനാക്യനും ശേഷിച്ചിരുന്നില്ല. 23യഹോവ മോശെയോടു കല്പിച്ചതുപോലെയൊക്കെയും യോശുവ ദേശം മുഴുവനും പിടിച്ചു; യോശുവ അതിനെ യിസ്രായേലിനു ഗോത്രവിഭാഗപ്രകാരം ഭാഗിച്ചു കൊടുത്തു; ഇങ്ങനെ യുദ്ധം തീർന്നു ദേശത്തിന് സ്വസ്ഥത വന്നു.

Currently Selected:

യോശുവ 11: MALOVBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in