YouVersion Logo
Search Icon

ഇയ്യോബ് 33

33
1എങ്കിലോ ഇയ്യോബേ, എന്റെ ഭാഷണം കേട്ടുകൊൾക;
എന്റെ സകല വാക്കുകളും ശ്രദ്ധിച്ചുകൊൾക.
2ഇതാ, ഞാൻ ഇപ്പോൾ എന്റെ വായ് തുറക്കുന്നു;
എന്റെ വായിൽ എന്റെ നാവു സംസാരിക്കുന്നു.
3എന്റെ വചനങ്ങൾ എന്റെ ഉള്ളിലെ നേർ ഉച്ചരിക്കും.
എന്റെ അധരങ്ങൾ അറിയുന്നത് അവ പരമാർഥമായി പ്രസ്താവിക്കും.
4ദൈവത്തിന്റെ ആത്മാവ് എന്നെ സൃഷ്‍ടിച്ചു;
സർവശക്തന്റെ ശ്വാസം എനിക്ക് ജീവനെ തരുന്നു.
5നിനക്കു കഴിയുമെങ്കിൽ എന്നോടു പ്രതിവാദിക്ക;
സന്നദ്ധനായി എന്റെ മുമ്പാകെ നിന്നുകൊൾക.
6ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിനുള്ളവൻ;
എന്നെയും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്നു.
7എന്റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല;
എന്റെ ഘനം നിനക്കു ഭാരമായിരിക്കയുമില്ല.
8ഞാൻ കേൾക്കെ നീ പറഞ്ഞതും
നിന്റെ വാക്ക് ഞാൻ കേട്ടതും എന്തെന്നാൽ:
9ഞാൻ ലംഘനം ഇല്ലാത്ത നിർമ്മലൻ;
ഞാൻ നിർദോഷി;
എന്നിൽ അകൃത്യവുമില്ല.
10അവൻ എന്റെ നേരേ വിരുദ്ധങ്ങളെ കണ്ടുപിടിക്കുന്നു;
എന്നെ തനിക്കു ശത്രുവായി വിചാരിക്കുന്നു.
11അവൻ എന്റെ കാലുകളെ ആമത്തിൽ ഇടുന്നു; എന്റെ പാതകളെയൊക്കെയും സൂക്ഷിച്ചുനോക്കുന്നു.
12ഇതിനു ഞാൻ നിന്നോട് ഉത്തരം പറയാം: ഇതിൽ നീ നീതിമാൻ അല്ല;
ദൈവം മനുഷ്യനെക്കാൾ വലിയവനല്ലോ.
13നീ അവനോട് എന്തിനു വാദിക്കുന്നു?
തന്റെ കാര്യങ്ങളിൽ ഒന്നിനും അവൻ കാരണം പറയുന്നില്ലല്ലോ.
14ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു;
മനുഷ്യൻ അതു കൂട്ടാക്കുന്നില്ലതാനും.
15ഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ, അവർ ശയ്യമേൽ നിദ്രകൊള്ളുമ്പോൾ,
സ്വപ്നത്തിൽ, രാത്രിദർശനത്തിൽത്തന്നെ,
16അവൻ മനുഷ്യരുടെ ചെവി തുറക്കുന്നു;
അവരോടുള്ള പ്രബോധനയ്ക്കു മുദ്രയിടുന്നു.
17മനുഷ്യനെ അവന്റെ ദുഷ്കർമത്തിൽനിന്ന് അകറ്റുവാനും
പുരുഷനെ ഗർവത്തിൽനിന്നു രക്ഷിപ്പാനും തന്നെ.
18അവൻ കുഴിയിൽനിന്ന് അവന്റെ പ്രാണനെയും
വാളാൽ നശിക്കാതവണ്ണം അവന്റെ ജീവനെയും കാക്കുന്നു.
19തന്റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു;
അവന്റെ അസ്ഥികളിൽ ഇടവിടാതെ പോരാട്ടം ഉണ്ട്.
20അതുകൊണ്ട് അവന്റെ ജീവൻ അപ്പവും അവന്റെ പ്രാണൻ സ്വാദുഭോജനവും വെറുക്കുന്നു.
21അവന്റെ മാംസം ക്ഷയിച്ച് കാൺമാനില്ലാതെയായിരിക്കുന്നു;
കാൺമാനില്ലാതിരുന്ന അവന്റെ അസ്ഥികൾ പൊങ്ങിനില്ക്കുന്നു.
22അവന്റെ പ്രാണൻ ശവക്കുഴിക്കും അവന്റെ ജീവൻ നാശകന്മാർക്കും അടുത്തിരിക്കുന്നു.
23മനുഷ്യനോട് അവന്റെ ധർമം അറിയിക്കേണ്ടതിന് ആയിരത്തിൽ ഒരുത്തനായി മധ്യസ്ഥനായൊരു ദൂതൻ അവനുവേണ്ടി ഉണ്ടെന്നുവരികിൽ
24അവൻ അവങ്കൽ കൃപ വിചാരിച്ചു:
കുഴിയിൽ ഇറങ്ങാതവണ്ണം ഇവനെ രക്ഷിക്കേണമേ;
ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു എന്നു പറയും.
25അപ്പോൾ അവന്റെ ദേഹം യൗവന ചൈതന്യത്താൽ പുഷ്‍ടിവയ്ക്കും;
അവൻ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും.
26അവൻ ദൈവത്തോടു പ്രാർഥിക്കും; അവൻ അവങ്കൽ പ്രസാദിക്കും;
തിരുമുഖത്തെ അവൻ സന്തോഷത്തോടെ കാണും;
അവൻ മനുഷ്യന് അവന്റെ നീതിയെ പകരം കൊടുക്കും.
27അവൻ മനുഷ്യരുടെ മുമ്പിൽ പാടിപ്പറയുന്നത്:
ഞാൻ പാപം ചെയ്തു നേരായുള്ളതു മറിച്ചുകളഞ്ഞു;
അതിന് എന്നോടു പകരം ചെയ്തിട്ടില്ല.
28അവൻ എന്റെ പ്രാണനെ കുഴിയിൽ ഇറങ്ങാതവണ്ണം രക്ഷിച്ചു;
എന്റെ ജീവൻ പ്രകാശത്തെ കണ്ടു സന്തോഷിക്കുന്നു.
29ഇതാ, ദൈവം രണ്ടു മൂന്നു പ്രാവശ്യം ഇവയൊക്കെയും മനുഷ്യനോടു ചെയ്യുന്നു.
30അവന്റെ പ്രാണനെ കുഴിയിൽനിന്നു കരേറ്റേണ്ടതിനും
ജീവന്റെ പ്രകാശംകൊണ്ട് അവനെ പ്രകാശിപ്പിക്കേണ്ടതിനും തന്നെ.
31ഇയ്യോബേ, ശ്രദ്ധവച്ചു കേൾക്ക; മിണ്ടാതെയിരിക്ക; ഞാൻ സംസാരിക്കാം.
32നിനക്ക് ഉത്തരം പറയുവാനുണ്ടെങ്കിൽ പറക; സംസാരിക്ക;
നിന്നെ നീതീകരിപ്പാൻ ആകുന്നു എന്റെ താൽപര്യം.
33ഇല്ലെന്നുവരികിൽ, നീ എന്റെ വാക്കു കേൾക്ക;
മിണ്ടാതിരിക്ക; ഞാൻ നിനക്കു ജ്ഞാനം ഉപദേശിച്ചുതരാം.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy