YouVersion Logo
Search Icon

ഇയ്യോബ് 26

26
1അതിന് ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2നീ ശക്തിയില്ലാത്തവന് എന്തു സഹായം ചെയ്തു?
ബലമില്ലാത്ത ഭുജത്തെ എങ്ങനെ താങ്ങി?
3ജ്ഞാനമില്ലാത്തവന് എന്താലോചന പറഞ്ഞു കൊടുത്തു?
ജ്ഞാനം എത്ര ധാരാളം ഉപദേശിച്ചു?
4ആരെയാകുന്നു നീ വാക്യം കേൾപ്പിച്ചത്?
ആരുടെ ശ്വാസം നിന്നിൽനിന്നു പുറപ്പെട്ടു;
5വെള്ളത്തിനും അതിലെ നിവാസികൾക്കും കീഴെ പ്രേതങ്ങൾ നൊന്തു നടുങ്ങുന്നു.
6പാതാളം അവന്റെ മുമ്പിൽ തുറന്നു കിടക്കുന്നു;
നരകം മറയില്ലാതെയിരിക്കുന്നു.
7ഉത്തരദിക്കിനെ അവൻ ശൂന്യത്തിന്മേൽ വിരിക്കുന്നു;
ഭൂമിയെ നാസ്തിത്വത്തിന്മേൽ തൂക്കുന്നു.
8അവൻ വെള്ളത്തെ മേഘങ്ങളിൽ കെട്ടിവയ്ക്കുന്നു;
അതു വഹിച്ചിട്ട് കാർമുകിൽ കീറിപ്പോകുന്നതുമില്ല.
9തന്റെ സിംഹാസനത്തിന്റെ ദർശനം അവൻ മറച്ചുവയ്ക്കുന്നു;
അതിന്മേൽ തന്റെ മേഘം വിരിക്കുന്നു.
10അവൻ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും അറ്റത്തോളം
വെള്ളത്തിന്മേൽ ഒരു അതിർ വരച്ചിരിക്കുന്നു.
11ആകാശത്തിന്റെ തൂണുകൾ കുലുങ്ങുന്നു;
അവന്റെ തർജനത്താൽ അവ ഭ്രമിച്ചുപോകുന്നു.
12അവൻ തന്റെ ശക്തികൊണ്ട് സമുദ്രത്തെ ഇളക്കുന്നു;
തന്റെ വിവേകംകൊണ്ട് രഹബിനെ തകർക്കുന്നു.
13അവന്റെ ശ്വാസത്താൽ ആകാശം ശോഭിച്ചിരിക്കുന്നു;
അവന്റെ കൈ വിദ്രുതസർപ്പത്തെ കുത്തിത്തുളച്ചിരിക്കുന്നു.
14എന്നാൽ ഇവ അവന്റെ വഴികളുടെ അറ്റങ്ങളത്രേ;
നാം അവനെക്കുറിച്ച് ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളൂ.
അവന്റെ ബലത്തിന്റെ ഇടിമുഴക്കമോ ആർ ഗ്രഹിക്കും?

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for ഇയ്യോബ് 26