YouVersion Logo
Search Icon

ഇയ്യോബ് 24

24
1സർവശക്തൻ ശിക്ഷാസമയങ്ങളെ നിയമിക്കാത്തതും
അവന്റെ ഭക്തന്മാർ അവന്റെ വിസ്താര ദിവസങ്ങളെ കാണാതിരിക്കുന്നതും എന്ത്?
2ചിലർ അതിരുകളെ മാറ്റുന്നു;
ചിലർ ആട്ടിൻകൂട്ടത്തെ കവർന്നു കൊണ്ടുപോയി മേയിക്കുന്നു.
3ചിലർ അനാഥന്മാരുടെ കഴുതയെ കൊണ്ടുപൊയ്ക്കളയുന്നു;
ചിലർ വിധവയുടെ കാളയെ പണയം വാങ്ങുന്നു.
4ചിലർ സാധുക്കളെ വഴി തെറ്റിക്കുന്നു;
ദേശത്തെ എളിയവർ ഒരുപോലെ ഒളിച്ചുകൊള്ളുന്നു.
5അവർ മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ ഇര തേടി വേലയ്ക്കു പുറപ്പെടുന്നു;
ശൂന്യപ്രദേശം മക്കൾക്കുവേണ്ടി അവർക്ക് ആഹാരം.
6അവർ വയലിൽ അന്യന്റെ പയറു പറിക്കുന്നു;
ദുഷ്ടന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കുന്നു.
7അവർ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു;
കുളിരിൽ അവർക്കു പുതപ്പും ഇല്ല.
8അവർ മലകളിൽ മഴ നനയുന്നു;
മറവിടം ഇല്ലായ്കയാൽ അവർ പാറയെ ആശ്രയിക്കുന്നു.
9ചിലർ മുലകുടിക്കുന്ന അനാഥക്കുട്ടികളെ അപഹരിക്കുന്നു;
ചിലർ ദരിദ്രനോടു പണയം വാങ്ങുന്നു.
10അവർ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു;
പട്ടിണി കിടന്നുകൊണ്ടു കറ്റ ചുമക്കുന്നു.
11അന്യരുടെ മതിലുകൾക്കകത്ത് അവർ ചക്കാട്ടുന്നു;
മുന്തിരിച്ചക്കു ചവിട്ടുകയും ദാഹിച്ചിരിക്കയും ചെയ്യുന്നു.
12പട്ടണത്തിൽ ആളുകൾ ഞരങ്ങുന്നു;
പട്ടുപോയവരുടെ പ്രാണൻ നിലവിളിക്കുന്നു;
ദൈവത്തിനോ അതിൽ നീരസം തോന്നുന്നില്ല.
13ഇവർ വെളിച്ചത്തോടു മത്സരിക്കുന്നു;
അതിന്റെ വഴികളെ അറിയുന്നില്ല;
അതിന്റെ പാതകളിൽ നടക്കുന്നതുമില്ല.
14കൊലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു;
ദരിദ്രനെയും എളിയവനെയും കൊല്ലുന്നു;
രാത്രിയിൽ കള്ളനായി നടക്കുന്നു.
15വ്യഭിചാരിയുടെ കണ്ണ് അസ്തമാനം കാത്തിരിക്കുന്നു;
അവൻ മുഖം മറച്ചു നടന്ന് ഒരു കണ്ണും എന്നെ കാണുകയില്ല എന്നു പറയുന്നു.
16ചിലർ ഇരുട്ടത്തു വീടു തുരന്നു കയറുന്നു;
പകൽ അവർ വാതിൽ അടച്ചു പാർക്കുന്നു;
വെളിച്ചത്ത് ഇറങ്ങുന്നതുമില്ല.
17പ്രഭാതം അവർക്കൊക്കെയും അന്ധതമസ്സുതന്നെ;
അന്ധതമസ്സിന്റെ ഘോരത്വങ്ങൾ അവർക്കു പരിചയമുണ്ടല്ലോ.
18വെള്ളത്തിന്മേൽ അവർ വേഗത്തിൽ പൊയ്പോകുന്നു;
അവരുടെ ഓഹരി ഭൂമിയിൽ ശപിക്കപ്പെട്ടിരിക്കുന്നു;
മുന്തിരിത്തോട്ടങ്ങളുടെ വഴിക്ക് അവർ തിരിയുന്നില്ല.
19ഹിമജലം വരൾച്ചയ്ക്കും ഉഷ്ണത്തിനും
പാപം ചെയ്തവൻ പാതാളത്തിനും ഇരയാകുന്നു.
20ഗർഭപാത്രം അവനെ മറന്നുകളയും;
കൃമി അവനെ തിന്നു രസിക്കും;
പിന്നെ ആരും അവനെ ഓർക്കയില്ല;
നീതികേട് ഒരു വൃക്ഷംപോലെ തകർന്നുപോകും.
21പ്രസവിക്കാത്ത മച്ചിയെ അവൻ വിഴുങ്ങിക്കളയുന്നു;
വിധവയ്ക്കു നന്മ ചെയ്യുന്നതുമില്ല.
22അവൻ തന്റെ ശക്തിയാൽ നിഷ്കണ്ടകന്മാരെ നിലനില്ക്കുമാറാക്കുന്നു;
ജീവനെക്കുറിച്ച് നിരാശപ്പെട്ടിരിക്കെ അവർ എഴുന്നേല്ക്കുന്നു.
23അവൻ അവർക്കു നിർഭയവാസം നല്കുന്നു;
അവർ ഉറച്ചുനില്ക്കുന്നു;
എങ്കിലും അവന്റെ ദൃഷ്‍ടി അവരുടെ വഴികളിന്മേൽ ഉണ്ട്.
24അവർ ഉയർന്നിരിക്കുന്നു; കുറെക്കഴിഞ്ഞിട്ടോ അവർ ഇല്ല;
അവരെ താഴ്ത്തി മറ്റെല്ലാവരെയും പോലെ നീക്കിക്കളയുന്നു;
കതിരുകളുടെ തലപോലെ അവരെ അറുക്കുന്നു.
25ഇങ്ങനെയല്ലെങ്കിൽ എന്നെ കള്ളനാക്കുകയും എന്റെ വാക്കു ഖണ്ഡിക്കയും ചെയ്യുന്നവൻ ആർ?

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for ഇയ്യോബ് 24