YouVersion Logo
Search Icon

ഇയ്യോബ് 23

23
1അതിന് ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2ഇന്നും എന്റെ സങ്കടം കൊടിയതാകുന്നു;
അവന്റെ കൈ എന്റെ ഞരക്കത്തിന്മേൽ ഭാരമാകുന്നു.
3അവനെ എവിടെ കാണുമെന്നറിഞ്ഞെങ്കിൽ കൊള്ളായിരുന്നു;
അവന്റെ ന്യായാസനത്തിങ്കൽ ഞാൻ ചെല്ലുമായിരുന്നു.
4ഞാൻ അവന്റെ മുമ്പിൽ എന്റെ ന്യായം വിവരിക്കുമായിരുന്നു;
ന്യായവാദം കോരിച്ചൊരിയുമായിരുന്നു.
5അവന്റെ ഉത്തരം അറിയാമായിരുന്നു;
അവൻ എന്തു പറയുമെന്നും ഗ്രഹിക്കാമായിരുന്നു.
6അവൻ ബലാധിക്യത്തോടെ എന്നോടു വ്യവഹരിക്കുമോ?
ഇല്ല; അവൻ എന്നെ ആദരിക്കേയുള്ളൂ.
7അവിടെ നേരുള്ളവൻ അവനോടു വാദിക്കുമായിരുന്നു;
ഞാൻ സദാകാലത്തേക്കും എന്റെ ന്യായാധിപന്റെ കൈയിൽനിന്നു രക്ഷപെടുമായിരുന്നു.
8ഞാൻ കിഴക്കോട്ടു ചെന്നാൽ അവൻ അവിടെ ഇല്ല;
പടിഞ്ഞാറോട്ടു ചെന്നാൽ അവനെ കാണുകയില്ല.
9വടക്ക് അവൻ പ്രവർത്തിക്കയിൽ നോക്കിയിട്ട് അവനെ കാണുന്നില്ല;
തെക്കോട്ട് അവൻ തിരിയുന്നു; അവനെ കാണുന്നില്ലതാനും.
10എന്നാൽ ഞാൻ നടക്കുന്ന വഴി അവൻ അറിയുന്നു;
എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തുവരും.
11എന്റെ കാലടി അവന്റെ ചുവടു തുടർന്നു ചെല്ലുന്നു;
ഞാൻ വിട്ടുമാറാതെ അവന്റെ വഴി പ്രമാണിക്കുന്നു.
12ഞാൻ അവന്റെ അധരങ്ങളുടെ കല്പന വിട്ടു പിന്മാറിയിട്ടില്ല;
അവന്റെ വായിലെ വചനങ്ങളെ എന്റെ ആഹാരത്തെക്കാൾ സൂക്ഷിച്ചിരിക്കുന്നു.
13അവനോ അനന്യൻ; അവനെ തടുക്കുന്നത് ആർ?
തിരുവുള്ളത്തിന്റെ താൽപര്യം അവൻ അനുഷ്ഠിക്കും.
14എനിക്കു നിയമിച്ചിരിക്കുന്നത് അവൻ നിവർത്തിക്കുന്നു;
ഇങ്ങനെയുള്ള പലതും അവന്റെ പക്കൽ ഉണ്ട്.
15അതുകൊണ്ട് ഞാൻ അവന്റെ സാന്നിധ്യത്തിങ്കൽ ഭ്രമിക്കുന്നു;
ഓർത്തുനോക്കുമ്പോൾ ഞാൻ അവനെ ഭയപ്പെടുന്നു.
16ദൈവം എനിക്കു ധൈര്യക്ഷയം വരുത്തി,
സർവശക്തൻ എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു.
17ഞാൻ പരവശനായിരിക്കുന്നത് അന്ധകാരം നിമിത്തമല്ല,
കൂരിരുട്ട് എന്റെ മുഖത്തെ മൂടുന്നതുകൊണ്ടുമല്ല.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in