ഇയ്യോബ് 14
14
1സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണനും ആകുന്നു.
2അവൻ പൂപോലെ വിടർന്നു പൊഴിഞ്ഞു പോകുന്നു;
നിലനില്ക്കാതെ നിഴൽപോലെ ഓടിപ്പോകുന്നു.
3അവന്റെ നേരേയോ തൃക്കണ്ണു മിഴിക്കുന്നത്?
എന്നെയോ നീ ന്യായവിസ്താരത്തിലേക്കു വരുത്തുന്നത്?
4അശുദ്ധനിൽനിന്നു ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല.
5അവന്റെ ജീവകാലത്തിന് അവധി ഉണ്ടല്ലോ;
അവന്റെ മാസങ്ങളുടെ എണ്ണം നിന്റെ പക്കൽ;
അവനു ലംഘിച്ചുകൂടാത്ത അതിർ നീ വച്ചിരിക്കുന്നു.
6അവൻ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ചു
തന്റെ ദിവസത്തിൽ തൃപ്തിപ്പെടേണ്ടതിനു നിന്റെ നോട്ടം അവങ്കൽനിന്നു മാറ്റിക്കൊള്ളേണമേ.
7ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ട്;
അതിനെ വെട്ടിയാൽ പിന്നെയും പൊട്ടി കിളുർക്കും;
അത് ഇളംകൊമ്പുകൾ വിടാതിരിക്കയില്ല.
8അതിന്റെ വേർ നിലത്തു പഴകിയാലും
അതിന്റെ കുറ്റി മണ്ണിൽ കെട്ടുപോയാലും
9വെള്ളത്തിന്റെ ഗന്ധംകൊണ്ട്
അതു കിളുർക്കും ഒരു തൈപോലെ തളിർവിടും.
10പുരുഷനോ മരിച്ചാൽ ദ്രവിച്ചു പോകുന്നു;
മനുഷ്യൻ പ്രാണനെ വിട്ടാൽ പിന്നെ അവൻ എവിടെ?
11സമുദ്രത്തിലെ വെള്ളം പൊയ്പോകുമ്പോലെയും
ആറു വറ്റി ഉണങ്ങിപ്പോകുമ്പോലെയും
12മനുഷ്യൻ കിടന്നിട്ട് എഴുന്നേല്ക്കുന്നില്ല;
ആകാശം ഇല്ലാതെയാകുംവരെ അവർ ഉണരുന്നില്ല;
ഉറക്കത്തിൽനിന്നു ജാഗരിക്കുന്നതുമില്ല;
13നീ എന്നെ പാതാളത്തിൽ മറച്ചുവയ്ക്കയും നിന്റെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കയും
എനിക്ക് ഒരവധി നിശ്ചയിച്ച് എന്നെ ഓർക്കുകയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു.
14മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ?
എന്നാൽ എനിക്കു മാറ്റം വരുവോളം എന്റെ യുദ്ധകാലമൊക്കെയും കാത്തിരിക്കാമായിരുന്നു.
15നീ വിളിക്കും; ഞാൻ നിന്നോട് ഉത്തരം പറയും;
നിന്റെ കൈവേലയോടു നിനക്കു താൽപര്യമുണ്ടാകും.
16ഇപ്പോഴോ നീ എന്റെ കാലടികളെ എണ്ണുന്നു;
എന്റെ പാപത്തിന്മേൽ നീ ദൃഷ്‍ടി വയ്ക്കുന്നില്ലയോ?
17എന്റെ അതിക്രമം ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നു;
എന്റെ അകൃത്യം നീ കെട്ടി പറ്റിച്ചിരിക്കുന്നു.
18മലപോലും വീണു പൊടിയുന്നു;
പാറയും സ്ഥലംവിട്ടു മാറിപ്പോകുന്നു.
19വെള്ളം കല്ലുകളെ തേയുമാറാക്കുന്നതും അതിന്റെ പ്രവാഹം നിലത്തെ പൊടിയെ ഒഴുക്കിക്കളയുന്നതുംപോലെ
നീ മനുഷ്യന്റെ പ്രത്യാശയെ നശിപ്പിക്കുന്നു.
20നീ എപ്പോഴും അവനെ ആക്രമിച്ചിട്ട് അവൻ കടന്നുപോകുന്നു;
നീ അവന്റെ മുഖം വിരൂപമാക്കി അവനെ അയച്ചുകളയുന്നു.
21അവന്റെ പുത്രന്മാർക്കു ബഹുമാനം ലഭിക്കുന്നത് അവൻ അറിയുന്നില്ല;
അവർക്കു താഴ്ച ഭവിക്കുന്നത് അവൻ ഗ്രഹിക്കുന്നതുമില്ല.
22തന്നെപ്പറ്റി മാത്രം അവന്റെ ദേഹം വേദനപ്പെടുന്നു;
തന്നെക്കുറിച്ചത്രേ അവന്റെ ഉള്ളം ദുഃഖിക്കുന്നു.
Currently Selected:
ഇയ്യോബ് 14: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.