YouVersion Logo
Search Icon

യിരെമ്യാവ് 43

43
1യിരെമ്യാവ് സകല ജനത്തോടും അവരുടെ ദൈവമായ യഹോവ അവനെ അവരുടെ അടുക്കൽ അയച്ചു പറയിച്ച ഈ സകല വചനങ്ങളും, അവരുടെ ദൈവമായ യഹോവയുടെ സകല വചനങ്ങളും തന്നെ, 2പറഞ്ഞുതീർന്നശേഷം ഹോശയ്യാവിന്റെ മകനായ അസര്യാവും കാരേഹിന്റെ മകനായ യോഹാനാനും അഹങ്കാരികളായ പുരുഷന്മാരൊക്കെയും യിരെമ്യാവോടു: നീ ഭോഷ്കു പറയുന്നു; മിസ്രയീമിൽ ചെന്നു പാർക്കേണ്ടതിന് അവിടെ പോകരുതെന്നു പറവാൻ ഞങ്ങളുടെ ദൈവമായ യഹോവ നിന്നെ അയച്ചിട്ടില്ല. 3കല്ദയർ ഞങ്ങളെ കൊന്നുകളയേണ്ടതിനും ഞങ്ങളെ ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോകേണ്ടതിനും ഞങ്ങളെ അവരുടെ കൈയിൽ ഏല്പിപ്പാൻ നേര്യാവിന്റെ മകനായ ബാരൂക് നിന്നെ ഞങ്ങൾക്കു വിരോധമായി ഉത്സാഹിപ്പിക്കുന്നു എന്നു പറഞ്ഞു. 4അങ്ങനെ കാരേഹിന്റെ മകനായ യോഹാനാനും എല്ലാ പടത്തലവന്മാരും സകല ജനവും യെഹൂദാദേശത്തു പാർക്കേണം എന്നുള്ള യഹോവയുടെ വാക്ക് അനുസരിച്ചില്ല. 5സകല ജാതികളുടെയും ഇടയിൽ ചിതറിപ്പോയിട്ടു യെഹൂദാദേശത്തു പാർക്കേണ്ടതിനു മടങ്ങിവന്ന യെഹൂദാശിഷ്ടത്തെയൊക്കെയും 6പുരുഷന്മാരെയും സ്ത്രീകളെയും പൈതങ്ങളെയും രാജകുമാരികളെയും അകമ്പടിനായകനായ നെബൂസർ-അദാൻ ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ ഏല്പിച്ചിരുന്ന എല്ലാവരെയും യിരെമ്യാപ്രവാചകനെയും നേര്യാവിന്റെ മകനായ ബാരൂക്കിനെയും കാരേഹിന്റെ മകനായ യോഹാനാനും എല്ലാ പടത്തലവന്മാരും കൂട്ടിക്കൊണ്ട്, 7യഹോവയുടെ വാക്ക് അനുസരിക്കാതെ മിസ്രയീംദേശത്തു ചെന്നു തഹ്പനേസ്‍വരെ എത്തി. 8തഹ്പനേസിൽവച്ചു യിരെമ്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ: 9നീ വലിയ കല്ലുകളെ എടുത്തു യെഹൂദാപുരുഷന്മാർ കാൺകെ തഹ്പനേസിൽ ഫറവോന്റെ അരമനയുടെ പടിക്കലുള്ള കളത്തിലെ കളിമണ്ണിൽ കുഴിച്ചിട്ട് അവരോടു പറയേണ്ടത്: 10യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എന്റെ ദാസനായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിനെ വരുത്തി ഞാൻ കുഴിച്ചിട്ട ഈ കല്ലുകളിന്മേൽ അവന്റെ സിംഹാസനം വയ്ക്കും; അവൻ അവയുടെമേൽ തന്റെ മണിപ്പന്തൽ നിർത്തും. 11അവൻ അന്നു മിസ്രയീംദേശം ജയിച്ചടക്കി മരണത്തിനുള്ളവരെ മരണത്തിനും പ്രവാസത്തിനുള്ളവരെ പ്രവാസത്തിനും വാളിനുള്ളവരെ വാളിനും ഏല്പിക്കും. 12ഞാൻ മിസ്രയീമിലെ ദേവന്മാരുടെ ക്ഷേത്രങ്ങൾക്കു തീ വയ്ക്കും; അവയെ ചുട്ടുകളഞ്ഞിട്ട് അവൻ അവരെ പ്രവാസത്തിലേക്കു കൊണ്ടുപോകും; ഒരിടയൻ തന്റെ പുതപ്പു പുതയ്ക്കുന്നതുപോലെ അവൻ മിസ്രയീംദേശത്തെ പുതയ്ക്കയും അവിടെനിന്നു സമാധാനത്തോടെ പുറപ്പെട്ടു പോകയും ചെയ്യും. 13അവൻ മിസ്രയീംദേശത്തു ബേത്ത്-ശേമെശിലെ വിഗ്രഹങ്ങളെ തകർത്തു മിസ്രയീമ്യദേവന്മാരുടെ ക്ഷേത്രങ്ങളെ തീ വച്ചു ചുട്ടുകളയും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in