യിരെമ്യാവ് 42
42
1അനന്തരം എല്ലാ പടത്തലവന്മാരും കാരേഹിന്റെ മകനായ യോഹാനാനും ഹോശയ്യാവിന്റെ മകനായ യെസന്യാവും ആബാലവൃദ്ധം സർവജനവും അടുത്തു വന്നു യിരെമ്യാപ്രവാചകനോട്: 2നിന്റെ ദൈവമായ യഹോവ ഞങ്ങൾ നടക്കേണ്ടുന്ന വഴിയും ഞങ്ങൾ ചെയ്യേണ്ടുന്ന കാര്യവും ഞങ്ങൾക്ക് അറിയിച്ചുതരേണ്ടതിനു ശേഷിച്ചിരിക്കുന്ന ഈ സകല ജനവുമായ ഞങ്ങൾക്കുവേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാർഥിക്കേണം എന്നുള്ള ഞങ്ങളുടെ അപേക്ഷ അംഗീകരിക്കേണമേ. 3അസംഖ്യജനമായിരുന്ന ഞങ്ങളിൽ അല്പംപേർ മാത്രമേ ശേഷിപ്പുള്ളൂ എന്നു നീ സ്വന്ത കണ്ണാൽ കാണുന്നുവല്ലോ എന്നു പറഞ്ഞു. 4യിരെമ്യാപ്രവാചകൻ അവരോട്: ഞാൻ നിങ്ങളുടെ അപേക്ഷ അംഗീകരിച്ചിരിക്കുന്നു; നിങ്ങൾ പറഞ്ഞതുപോലെ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാർഥിക്കും; യഹോവ നിങ്ങൾക്ക് ഉത്തരമരുളുന്നതെല്ലാം ഞാൻ നിങ്ങളെ അറിയിക്കും; ഒന്നും മറച്ചുവയ്ക്കയില്ല എന്നു പറഞ്ഞു. 5അവർ യിരെമ്യാവോട്: നീ മുഖാന്തരം നിന്റെ ദൈവമായ യഹോവ ഞങ്ങളോട് അരുളിച്ചെയ്യുന്നതുപോലെയൊക്കെയും ഞങ്ങൾ ചെയ്യാതെ ഇരുന്നാൽ, യഹോവ നമ്മുടെ മധ്യേ സത്യവും വിശ്വസ്തതയുമുള്ള സാക്ഷിയായിരിക്കട്ടെ. 6ഞങ്ങൾ നിന്നെ പറഞ്ഞയയ്ക്കുന്ന ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചിട്ടു ഞങ്ങൾക്കു ഗുണം വരേണ്ടതിനു നമ്മുടെ ദൈവമായ യഹോവയുടെ വാക്കു ഗുണമായാലും ദോഷമായാലും ഞങ്ങൾ കേട്ടനുസരിക്കും എന്നു പറഞ്ഞു.
7പത്തു ദിവസം കഴിഞ്ഞശേഷം യിരെമ്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായി. 8അവൻ കാരേഹിന്റെ മകനായ യോഹാനാനെയും കൂടെ ഉണ്ടായിരുന്ന എല്ലാ പടത്തലവന്മാരെയും ആബാലവൃദ്ധം സകല ജനത്തെയും വിളിച്ച് അവരോടു പറഞ്ഞത്: 9നിങ്ങളുടെ അപേക്ഷ ബോധിപ്പിപ്പാൻ നിങ്ങൾ എന്നെ പറഞ്ഞയച്ച യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 10നിങ്ങൾ ഈ ദേശത്തു പാർത്തുകൊണ്ടിരിക്കുമെങ്കിൽ ഞാൻ നിങ്ങളെ പൊളിച്ചുകളയാതെ പണികയും നിങ്ങളെ പറിച്ചുകളയാതെ നടുകയും ചെയ്യും; നിങ്ങൾക്കു വരുത്തിയ അനർഥത്തെക്കുറിച്ചു ഞാൻ അനുതപിക്കുന്നു. 11നിങ്ങൾ പേടിക്കുന്ന ബാബേൽരാജാവിനെ പേടിക്കേണ്ടാ; നിങ്ങളെ രക്ഷിപ്പാനും അവന്റെ കൈയിൽനിന്നു നിങ്ങളെ വിടുവിപ്പാനും ഞാൻ നിങ്ങളോടുകൂടെ ഉള്ളതുകൊണ്ട് അവനെ പേടിക്കേണ്ടാ എന്നു യഹോവയുടെ അരുളപ്പാട്. 12അവനു നിങ്ങളോടു കരുണ തോന്നുവാനും നിങ്ങളെ നിങ്ങളുടെ ദേശത്തേക്കു മടക്കി അയപ്പാനും തക്കവണ്ണം ഞാൻ നിങ്ങൾക്കു കരുണ കാണിക്കും. 13എന്നാൽ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് അനുസരിക്കാതെ: 14ഞങ്ങൾ ഈ ദേശത്തു പാർക്കയില്ല; യുദ്ധം കാൺമാനില്ലാത്തതും കാഹളനാദം കേൾപ്പാനില്ലാത്തതും ആഹാരത്തിനു മുട്ടില്ലാത്തതുമായ മിസ്രയീംദേശത്തു ചെന്നു പാർക്കും എന്നു പറയുന്നു 15എങ്കിൽ- യെഹൂദായിൽ ശേഷിപ്പുള്ളവരേ, ഇപ്പോൾ യഹോവയുടെ വചനം കേൾപ്പിൻ! യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ മിസ്രയീമിലേക്കു പോകുവാൻ മുഖംതിരിച്ച് അവിടെ ചെന്നു പാർക്കേണ്ടതിനു ഭാവിക്കുന്നു 16എങ്കിൽ-നിങ്ങൾ പേടിക്കുന്ന വാൾ അവിടെ മിസ്രയീംദേശത്തുവച്ച് നിങ്ങളെ പിടിക്കും; നിങ്ങൾ ഭയപ്പെടുന്ന ക്ഷാമം അവിടെ മിസ്രയീമിൽവച്ചു നിങ്ങളെ ബാധിക്കും; അവിടെവച്ച് നിങ്ങൾ മരിക്കും. 17മിസ്രയീമിൽ ചെന്നു പാർക്കേണ്ടതിന് അവിടെ പോകുവാൻ മുഖം തിരിച്ചിരിക്കുന്ന ഏവരും വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; ഞാൻ അവർക്കു വരുത്തുന്ന അനർഥത്തിൽ അകപ്പെടാതെ അവരിൽ ആരും ശേഷിക്കയോ ഒഴിഞ്ഞുപോകയോ ചെയ്കയില്ല. 18യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ കോപവും എന്റെ ക്രോധവും യെരൂശലേംനിവാസികളുടെ മേൽ പകർന്നിരിക്കുന്നതുപോലെ തന്നെ, നിങ്ങൾ മിസ്രയീമിൽ ചെല്ലുമ്പോൾ എന്റെ ക്രോധം നിങ്ങളുടെ മേലും പകരും; നിങ്ങൾ പ്രാക്കിനും സ്തംഭനത്തിനും ശാപത്തിനും നിന്ദയ്ക്കും വിഷയമായിത്തീരും; ഈ സ്ഥലം നിങ്ങൾ ഇനി കാണുകയുമില്ല. 19യെഹൂദായിൽ ശേഷിപ്പുള്ളവരേ, നിങ്ങൾ മിസ്രയീമിൽ പോകരുത് എന്നു യഹോവ കല്പിക്കുന്നു; ഞാൻ അത് ഇന്നു നിങ്ങളോടു സാക്ഷീകരിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിഞ്ഞുകൊൾവിൻ. 20നീ ഞങ്ങളുടെ ദൈവമായ യഹോവയോടു ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കേണം; ഞങ്ങളുടെ ദൈവമായ യഹോവ കല്പിക്കുന്നതൊക്കെയും നീ ഞങ്ങളോട് അറിയിക്കേണം; ഞങ്ങൾ അതുപോലെ ചെയ്യും എന്നു പറഞ്ഞു നിങ്ങൾ എന്നെ നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കൽ അയച്ചു. 21ഞാൻ ഇന്ന് അതു നിങ്ങളോട് അറിയിക്കയും ചെയ്തു; നിങ്ങളോ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക്, ഞാൻ മുഖാന്തരം അവൻ നിങ്ങളോട് അറിയിച്ച കാര്യം ഒന്നും അനുസരിച്ചിട്ടില്ല; ഇതിൽ നിങ്ങൾ നിങ്ങളെത്തന്നെ ചതിച്ചിരിക്കുന്നു. 22ആകയാൽ നിങ്ങൾ ഇപ്പോൾ ചെന്നു പാർപ്പാൻ ആഗ്രഹിക്കുന്ന സ്ഥലത്തുവച്ച് നിങ്ങൾ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും എന്ന് അറിഞ്ഞുകൊൾവിൻ.
Currently Selected:
യിരെമ്യാവ് 42: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.