യിരെമ്യാവ് 27
27
1യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ ആരംഭത്തിങ്കൽ യഹോവയിങ്കൽനിന്നു യിരെമ്യാവിനുണ്ടായ അരുളപ്പാട് എന്തെന്നാൽ: 2യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: നീ കയറും നുകവും ഉണ്ടാക്കി നിന്റെ കഴുത്തിൽ വയ്ക്കുക. 3പിന്നെ അവയെ യെഹൂദാരാജാവായ സിദെക്കീയാവിന്റെ അടുക്കൽ വരുന്ന ദൂതന്മാരുടെ കൈയിൽ എദോംരാജാവിനും മോവാബുരാജാവിനും അമ്മോന്യരുടെ രാജാവിനും സോർരാജാവിനും സീദോൻരാജാവിനും കൊടുത്തയച്ച്, 4തങ്ങളുടെ യജമാനന്മാരോടു പറവാൻ നീ അവരോടു കല്പിക്കേണ്ടത്: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ യജമാനന്മാരോട് ഇപ്രകാരം പറവിൻ: 5ഞാൻ ഭൂമിയെയും ഭൂതലത്തിലെ മനുഷ്യനെയും മൃഗങ്ങളെയും എന്റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും ഉണ്ടാക്കിയിരിക്കുന്നു; എനിക്കു ബോധിച്ചവനു ഞാൻ അതു കൊടുക്കും. 6ഇപ്പോഴോ ഞാൻ ഈ ദേശങ്ങളെയൊക്കെയും എന്റെ ദാസനായി ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിൽ കൊടുത്തിരിക്കുന്നു; അവനെ സേവിക്കേണ്ടതിനു വയലിലെ മൃഗങ്ങളെയും ഞാൻ അവനു കൊടുത്തിരിക്കുന്നു. 7സകല ജാതികളും അവനെയും അവന്റെ മകനെയും മകന്റെ മകനെയും അവന്റെ ദേശത്തിന്റെ കാലാവധിയാകുവോളം സേവിക്കും; അതിന്റെ ശേഷം അനേകം ജാതികളും വലിയ രാജാക്കന്മാരും അവനെക്കൊണ്ടും സേവ ചെയ്യിക്കും. 8ബാബേൽരാജാവായ നെബൂഖദ്നേസരിനെ സേവിക്കയോ ബാബേൽരാജാവിന്റെ നുകത്തിനു കഴുത്തു കീഴ്പെടുത്തുകയോ ചെയ്യാത്ത ജാതിയെയും രാജ്യത്തെയും ഞാൻ അവന്റെ കൈകൊണ്ട് അവരെ മുടിച്ചുകളയുംവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും സന്ദർശിക്കും എന്നു യഹോവയുടെ അരുളപ്പാട്. 9നിങ്ങൾ ബാബേൽരാജാവിനെ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന നിങ്ങളുടെ പ്രവാചകന്മാർക്കും പ്രശ്നക്കാർക്കും നിങ്ങളുടെ സ്വപ്നങ്ങൾക്കും നിങ്ങളുടെ ശകുനവാദികൾക്കും ക്ഷുദ്രക്കാർക്കും ചെവികൊടുക്കരുത്. 10നിങ്ങളെ നിങ്ങളുടെ ദേശത്തുനിന്ന് അകറ്റിക്കളവാനും ഞാൻ നിങ്ങളെ നീക്കിക്കളഞ്ഞിട്ട് നിങ്ങൾ നശിച്ചുപോകുവാനും ഇടയാകത്തക്കവണ്ണം അവർ നിങ്ങളോടു ഭോഷ്കു പ്രവചിക്കുന്നു. 11എന്നാൽ ബാബേൽരാജാവിന്റെ നുകത്തിനു കഴുത്തു കീഴ്പെടുത്തി അവനെ സേവിക്കുന്ന ജാതിയെ ഞാൻ അവരുടെ ദേശത്തു തന്നെ വസിക്കുമാറാക്കും; അവർ അതിൽ കൃഷി ചെയ്ത് അവിടെ പാർക്കും എന്നു യഹോവയുടെ അരുളപ്പാട്. 12ഞാൻ അങ്ങനെ തന്നെ യെഹൂദാരാജാവായ സിദെക്കീയാവോടും പ്രസ്താവിച്ചതെന്തെന്നാൽ: നിങ്ങൾ ബാബേൽരാജാവിന്റെ നുകത്തിനു കഴുത്തു കീഴ്പെടുത്തി അവനെയും അവന്റെ ജനത്തെയും സേവിച്ചു ജീവിച്ചു കൊൾവിൻ. 13ബാബേൽരാജാവിനെ സേവിക്കാത്ത ജാതിയെക്കുറിച്ചു യഹോവ അരുളിച്ചെയ്തതുപോലെ നീയും നിന്റെ പ്രജകളും വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കുന്നത് എന്തിന്? 14നിങ്ങൾ ബാബേൽരാജാവിനെ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന പ്രവാചകന്മാരുടെ വാക്കു കേൾക്കരുത്; അവർ ഭോഷ്കത്രേ നിങ്ങളോടു പ്രവചിക്കുന്നത്. 15ഞാൻ അവരെ അയച്ചിട്ടില്ല; എങ്കിലും ഞാൻ നിങ്ങളെ നീക്കിക്കളവാനും നിങ്ങളും നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരും നശിച്ചുപോകുവാനും തക്കവണ്ണം അവർ എന്റെ നാമത്തിൽ ഭോഷ്കു പ്രവചിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്. 16പിന്നെ ഞാൻ പുരോഹിതന്മാരോടും ഈ സകല ജനത്തോടും പ്രസ്താവിച്ചതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയുടെ ആലയംവക ഉപകരണങ്ങൾ ഇപ്പോൾ ക്ഷണത്തിൽ ബാബേലിൽനിന്നു തിരികെ കൊണ്ടുവരും എന്നിങ്ങനെ പ്രവചിക്കുന്ന നിങ്ങളുടെ പ്രവാചകന്മാരുടെ വാക്കു കേൾക്കരുത്: അവർ ഭോഷ്കത്രേ നിങ്ങളോടു പ്രവചിക്കുന്നത്. 17അവർക്കു ചെവി കൊടുക്കരുത്; ബാബേൽരാജാവിനെ സേവിച്ചു ജീവിച്ചുകൊൾവിൻ; ഈ നഗരം ശൂന്യമായിത്തീരുന്നതെന്തിന്? 18അവർ പ്രവാചകന്മാരാകുന്നു എങ്കിൽ, യഹോവയുടെ അരുളപ്പാട് അവർക്കുണ്ടെങ്കിൽ, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്റെ അരമനയിലും യെരൂശലേമിലും ശേഷിച്ചിരിക്കുന്ന ഉപകരണങ്ങൾ ബാബേലിലേക്കു കൊണ്ടുപോകാതിരിക്കേണ്ടതിന് അവർ സൈന്യങ്ങളുടെ യഹോവയോടു പക്ഷവാദം കഴിക്കട്ടെ. 19ബാബേൽരാജാവായ നെബൂഖദ്നേസർ, യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവെയും യെഹൂദായിലും യെരൂശലേമിലും ഉള്ള സകല കുലീനന്മാരെയും യെരൂശലേമിൽനിന്നു ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയപ്പോൾ, 20അവൻ എടുക്കാതെ വച്ചിരുന്ന സ്തംഭങ്ങളെയും കടലിനെയും പീഠങ്ങളെയും ഈ നഗരത്തിൽ ശേഷിച്ചിരിക്കുന്ന ശേഷം ഉപകരണങ്ങളെയും കുറിച്ചു സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 21അതേ, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്റെ അരമനയിലും യെരൂശലേമിലും ശേഷിപ്പുള്ള ഉപകരണങ്ങളെക്കുറിച്ചുതന്നെ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 22അവയെ ബാബേലിലേക്കു കൊണ്ടുപോകും; ഞാൻ അവരെ സന്ദർശിക്കുന്ന നാൾവരെ, അവ അവിടെ ഇരിക്കും; പിന്നത്തേതിൽ ഞാൻ അവയെ ഈ സ്ഥലത്തു മടക്കി വരുത്തും എന്നു യഹോവയുടെ അരുളപ്പാട്.
Currently Selected:
യിരെമ്യാവ് 27: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.