YouVersion Logo
Search Icon

യിരെമ്യാവ് 26

26
1യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ ആരംഭത്തിങ്കൽ യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാടാവിത്: 2യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ നിന്നുകൊണ്ട്, യഹോവയുടെ ആലയത്തിൽ നമസ്കരിപ്പാൻ വരുന്ന സകല യെഹൂദാപട്ടണങ്ങളോടും പ്രസ്താവിപ്പാൻ ഞാൻ നിന്നോടു കല്പിക്കുന്ന സകല വചനങ്ങളെയും അവരോടു പ്രസ്താവിക്ക; ഒരു വാക്കും വിട്ടുകളയരുത്. 3അവരുടെ ദുഷ്പ്രവൃത്തികൾ നിമിത്തം ഞാൻ അവർക്കു വരുത്തുവാൻ വിചാരിക്കുന്ന അനർഥത്തെക്കുറിച്ചു ഞാൻ അനുതപിക്കത്തക്കവണ്ണം പക്ഷേ അവർ കേട്ട് ഓരോരുത്തൻ താന്താന്റെ ദുർമാർഗം വിട്ടുതിരിയുമായിരിക്കും. 4എന്നാൽ നീ അവരോടു പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇടവിടാതെ നിങ്ങളുടെ അടുക്കൽ അയച്ചു പറയിച്ചിട്ടും നിങ്ങൾ കൂട്ടാക്കാതിരുന്ന എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വചനങ്ങളെ കേൾപ്പാനും 5ഞാൻ നിങ്ങളുടെ മുമ്പിൽ വച്ച എന്റെ ന്യായപ്രമാണത്തെ അനുസരിച്ചു നടപ്പാനും നിങ്ങൾ എന്റെ വാക്കു കേൾക്കയില്ലെങ്കിൽ 6ഞാൻ ഈ ആലയത്തെ ശീലോവിനു തുല്യമാക്കി ഈ നഗരത്തെ ഭൂമിയിലുള്ള സകല ജാതികൾക്കും ശാപവാക്യമാക്കിത്തീർക്കും. 7യിരെമ്യാവ് ഈ വാക്കുകളെ യഹോവയുടെ ആലയത്തിൽവച്ചു പറയുന്നതു പുരോഹിതന്മാരും പ്രവാചകന്മാരും സകല ജനവും കേട്ടു. 8എന്നാൽ സകല ജനത്തോടും പ്രസ്താവിപ്പാൻ യഹോവ കല്പിച്ചിരുന്നതൊക്കെയും യിരെമ്യാവ് പ്രസ്താവിച്ചു തീർന്നശേഷം, പുരോഹിതന്മാരും പ്രവാചകന്മാരും സകല ജനവും അവനെ പിടിച്ചു: നീ മരിക്കേണം നിശ്ചയം; 9ഈ ആലയം ശീലോവിനു തുല്യമാകും, ഈ നഗരം നിവാസികൾ ഇല്ലാതെ ശൂന്യമാകും എന്നു നീ യഹോവയുടെ നാമത്തിൽ പ്രവചിച്ചിരിക്കുന്നതെന്ത് എന്നു പറഞ്ഞു ജനമൊക്കെയും യഹോവയുടെ ആലയത്തിൽ യിരെമ്യാവിന്റെ അടുക്കൽ വന്നുകൂടി. 10ഈ കാര്യം യെഹൂദാപ്രഭുക്കന്മാർ കേട്ടാറെ, അവർ രാജാവിന്റെ അരമനയിൽനിന്നു യഹോവയുടെ ആലയത്തിലേക്കു കയറിച്ചെന്നു, യഹോവയുടെ ആലയത്തിന്റെ പുതിയ പടിവാതിലിന്റെ പ്രവേശനത്തിങ്കൽ ഇരുന്നു. 11പുരോഹിതന്മാരും പ്രവാചകന്മാരും പ്രഭുക്കന്മാരോടും സകല ജനത്തോടും: ഈ മനുഷ്യൻ മരണയോഗ്യൻ; അവൻ ഈ നഗരത്തിനു വിരോധമായി പ്രവചിച്ചിരിക്കുന്നതു നിങ്ങൾ സ്വന്തചെവികൊണ്ടു കേട്ടുവല്ലോ എന്നു പറഞ്ഞു. 12അതിനു യിരെമ്യാവ് സകല പ്രഭുക്കന്മാരോടും സർവജനത്തോടും പറഞ്ഞത്: നിങ്ങൾ കേട്ടിരിക്കുന്ന വാക്കുകളൊക്കെയും ഈ ആലയത്തിനും ഈ നഗരത്തിനും വിരോധമായി പ്രവചിപ്പാൻ യഹോവ എന്നെ അയച്ചിരിക്കുന്നു. 13ആകയാൽ നിങ്ങൾ നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കി, നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് കേട്ടനുസരിപ്പിൻ; എന്നാൽ യഹോവ നിങ്ങൾക്കു വിരോധമായി അരുളിച്ചെയ്തിരിക്കുന്ന അനർഥത്തെക്കുറിച്ച് അനുതപിക്കും. 14ഞാനോ ഇതാ നിങ്ങളുടെ കൈയിൽ ഇരിക്കുന്നു; നിങ്ങൾക്ക് ഇഷ്ടവും ന്യായവും ആയി തോന്നുന്നതുപോലെ എന്നോടു ചെയ്തുകൊൾവിൻ. 15എങ്കിലും നിങ്ങൾ എന്നെ കൊന്നുകളഞ്ഞാൽ, നിങ്ങൾ കുറ്റമില്ലാത്ത രക്തം നിങ്ങളുടെമേലും ഈ നഗരത്തിന്മേലും അതിലെ നിവാസികളുടെമേലും വരുത്തും എന്ന് അറിഞ്ഞുകൊൾവിൻ; നിങ്ങൾ കേൾക്കെ ഈ വാക്കുകളൊക്കെയും പ്രസ്താവിക്കേണ്ടതിനു യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു സത്യം. 16അപ്പോൾ പ്രഭുക്കന്മാരും സകല ജനവും പുരോഹിതന്മാരോടും പ്രവാചകന്മാരോടും: ഈ മനുഷ്യൻ മരണയോഗ്യനല്ല; അവൻ നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ അല്ലോ നമ്മോടു സംസാരിക്കുന്നത് എന്നു പറഞ്ഞു. 17അനന്തരം ദേശത്തിലെ മൂപ്പന്മാരിൽ ചിലർ എഴുന്നേറ്റു ജനത്തിന്റെ സർവസംഘത്തോടും പറഞ്ഞത്: 18യെഹൂദാരാജാവായ ഹിസ്കീയാവിന്റെ കാലത്തു മോരഷ്ട്യനായ മീഖായാവ് സകല യെഹൂദാജനത്തോടും പ്രവചിച്ചു: സീയോനെ വയൽപോലെ ഉഴുതുകളയും; യെരൂശലേം കല്ക്കുന്നായും ഈ ആലയമുള്ള പർവതം വനാന്തരഗിരികളായും തീരും എന്നിങ്ങനെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. 19യെഹൂദാരാജാവായ ഹിസ്കീയാവും സർവ യെഹൂദായും അവനെ കൊന്നുകളഞ്ഞുവോ? അവൻ യഹോവയെ ഭയപ്പെട്ടു, യഹോവയോടു ക്ഷമ യാചിക്കയും താൻ അവർക്കു വരുത്തുമെന്ന് അരുളിച്ചെയ്തിരുന്ന അനർഥത്തെക്കുറിച്ചു യഹോവ അനുതപിക്കയും ചെയ്തില്ലയോ? നാമോ നമ്മുടെ പ്രാണനു വലിയൊരു അനർഥം വരുത്തുവാൻ പോകുന്നു. 20അങ്ങനെ തന്നെ കിര്യത്ത്-യെയാരീമിൽനിന്നുള്ള ശെമയ്യാവിന്റെ മകനായ ഊരീയാവ് എന്നൊരുത്തൻ യഹോവയുടെ നാമത്തിൽ പ്രവചിച്ചു; അവൻ യിരെമ്യാവിന്റെ സകല വാക്കുകളെയുംപോലെ ഈ നഗരത്തിനും ഈ ദേശത്തിനും വിരോധമായി പ്രവചിച്ചു. 21യെഹോയാക്കീംരാജാവും അവന്റെ സകല യുദ്ധവീരന്മാരും സകല പ്രഭുക്കന്മാരും അവന്റെ വാക്കുകളെ കേട്ടപ്പോൾ, രാജാവ് അവനെ കൊന്നുകളവാൻ വിചാരിച്ചു; ഊരീയാവ് അതു കേട്ടു ഭയപ്പെട്ടു മിസ്രയീമിലേക്ക് ഓടിപ്പോയി. 22യെഹോയാക്കീംരാജാവ് ചില ആളുകളെ, അഖ്ബോരിന്റെ മകനായ എൽനാഥാനെയും അവനോടുകൂടെ മറ്റു ചിലരെയും മിസ്രയീമിലേക്ക് അയച്ചു. 23അവർ ഊരീയാവെ മിസ്രയീമിൽനിന്നു യെഹോയാക്കീംരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അവനെ വാൾകൊണ്ടു കൊന്ന് അവന്റെ ശവത്തെ സാമാന്യജനത്തിന്റെ ശ്മശാനത്തിൽ ഇട്ടുകളഞ്ഞു. 24എന്നാൽ യിരെമ്യാവെ ജനത്തിന്റെ കൈയിൽ ഏല്പിച്ചു കൊല്ലാതിരിക്കേണ്ടതിനു ശാഫാന്റെ മകനായ അഹീക്കാം അവനു പിന്തുണയായിരുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for യിരെമ്യാവ് 26