YouVersion Logo
Search Icon

ന്യായാധിപന്മാർ 4

4
1ഏഹൂദ് മരിച്ചശേഷം യിസ്രായേൽമക്കൾ വീണ്ടും യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു. 2യഹോവ അവരെ ഹാസോരിൽ വാണ കനാന്യരാജാവായ യാബീന് വിറ്റുകളഞ്ഞു; അവന്റെ സേനാപതി ജാതികളുടെ ഹരോശെത്തിൽ പാർത്തിരുന്ന സീസെര ആയിരുന്നു. 3അവനു തൊള്ളായിരം ഇരുമ്പുരഥം ഉണ്ടായിരുന്നു. അവൻ യിസ്രായേൽമക്കളെ ഇരുപതു സംവത്സരം കഠിനമായി ഞെരുക്കിയതുകൊണ്ടു യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു.
4ആ കാലത്തു ലപ്പീദോത്തിന്റെ ഭാര്യയായ ദെബോറാ എന്ന പ്രവാചകി യിസ്രായേലിൽ ന്യായപാലനം ചെയ്തു. 5അവൾ എഫ്രയീംപർവതത്തിൽ രാമായ്ക്കും ബേഥേലിനും മധ്യേയുള്ള ദെബോറായുടെ ഈന്തപ്പനയുടെ കീഴിൽ പാർത്തിരുന്നു; യിസ്രായേൽമക്കൾ ന്യായവിസ്താരത്തിന് അവളുടെ അടുക്കൽ ചെല്ലുക പതിവായിരുന്നു. 6അവൾ അബീനോവാമിന്റെ മകനായ ബാരാക്കിനെ കേദെശ്-നഫ്താലിയിൽനിന്നു വിളിപ്പിച്ച് അവനോട്: നീ പുറപ്പെട്ടു താബോർപർവതത്തിൽ ചെന്ന് നഫ്താലിയുടെയും സെബൂലൂന്റെയും മക്കളിൽ പതിനായിരം പേരെ കൂട്ടിക്കൊൾക; 7ഞാൻ യാബീന്റെ സേനാപതി സീസെരയെയും അവന്റെ രഥങ്ങളെയും സൈന്യത്തെയും കീശോൻതോട്ടിനരികെ നിന്റെ അടുക്കൽ കൊണ്ടുവന്നു നിന്റെ കൈയിൽ ഏല്പിക്കുമെന്നു യിസ്രായേലിന്റെ ദൈവമായ യഹോവ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. 8ബാരാക് അവളോട്: നീ എന്നോടുകൂടെ വരുന്നെങ്കിൽ ഞാൻ പോകാം; നീ വരുന്നില്ല എങ്കിൽ ഞാൻ പോകയില്ല എന്നു പറഞ്ഞു. 9അതിന് അവൾ: ഞാൻ നിന്നോടുകൂടെ പോരാം; എന്നാൽ നീ പോകുന്ന യാത്രയാൽ ഉണ്ടാകുന്ന ബഹുമാനം നിനക്കു വരികയില്ല; യഹോവ സീസെരയെ ഒരു സ്ത്രീയുടെ കൈയിൽ ഏല്പിച്ചുകൊടുക്കും എന്നു പറഞ്ഞു. അങ്ങനെ ദെബോറാ എഴുന്നേറ്റു ബാരാക്കിനോടുകൂടെ കേദെശിലേക്കു പോയി. 10ബാരാക് സെബൂലൂനെയും നഫ്താലിയെയും കേദെശിൽ വിളിച്ചുകൂട്ടി; അവനോടുകൂടെ പതിനായിരം പേർ കയറിച്ചെന്നു; ദെബോറായുംകൂടെ കയറിച്ചെന്നു. 11എന്നാൽ കേന്യനായ ഹേബെർ മോശെയുടെ അളിയൻ ഹോബാബിന്റെ മക്കളായ കേന്യരെ വിട്ടുപിരിഞ്ഞ് കേദെശിനരികെയുള്ള സാനന്നീമിലെ കരുവേലകംവരെ കൂടാരം അടിച്ചിരുന്നു. 12അബീനോവാബിന്റെ മകനായ ബാരാക് താബോർപർവതത്തിൽ കയറിയിരിക്കുന്നു എന്ന് സീസെരയ്ക്ക് അറിവുകിട്ടി. 13സീസെര തന്റെ തൊള്ളായിരം ഇരുമ്പുരഥവുമായി തന്റെ എല്ലാ പടജ്ജനത്തെയും ജാതികളുടെ ഹരോശെത്തിൽനിന്നു കീശോൻതോട്ടിനരികെ വിളിച്ചുകൂട്ടി. 14അപ്പോൾ ദെബോറാ ബാരാക്കിനോട്: പുറപ്പെട്ടു ചെല്ലുക; യഹോവ ഇന്നു സീസെരയെ നിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; യഹോവ നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ ബാരാക്കും അവന്റെ പിന്നാലെ പതിനായിരം പേരും താബോർപർവതത്തിൽനിന്ന് ഇറങ്ങിച്ചെന്നു, 15യഹോവ സീസെരയെയും അവന്റെ സകല രഥങ്ങളെയും സൈന്യത്തെയും ബാരാക്കിന്റെ മുമ്പിൽ വാളിന്റെ വായ്ത്തലയാൽ തോല്പിച്ചു; സീസെര രഥത്തിൽനിന്ന് ഇറങ്ങി കാൽനടയായി ഓടിപ്പോയി. 16ബാരാക് രഥങ്ങളെയും സൈന്യത്തെയും ജാതികളുടെ ഹരോശെത്തുവരെ ഓടിച്ചു സീസെരയുടെ സൈന്യമൊക്കെയും വാളിന്റെ വായ്ത്തലയാൽ വീണു; ഒരുത്തനും ശേഷിച്ചില്ല.
17എന്നാൽ സീസെര കാൽനടയായി കേന്യനായ ഹേബെരിന്റെ ഭാര്യ യായേലിന്റെ കൂടാരത്തിലേക്ക് ഓടിപ്പോയി; കേന്യനായ ഹേബെരിന്റെ ഗൃഹവും ഹാസോർരാജാവായ യാബീനും തമ്മിൽ സമാധാനം ആയിരുന്നു. 18യായേൽ സീസെരയെ എതിരേറ്റുചെന്ന് അവനോട്: ഇങ്ങോട്ടു കയറിക്കൊൾക, യജമാനനേ ഇങ്ങോട്ടു കയറിക്കൊൾക; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അവൻ അവളുടെ അടുക്കൽ കൂടാരത്തിൽ കയറിച്ചെന്നു; അവൾ അവനെ ഒരു പരവതാനികൊണ്ടു മൂടി. 19അവൻ അവളോട്: എനിക്കു ദാഹിക്കുന്നു; കുടിപ്പാൻ കുറെ വെള്ളം തരേണമേ എന്നു പറഞ്ഞു. അവൾ പാൽതുരുത്തി തുറന്ന് അവനു കുടിപ്പാൻ കൊടുത്തു; പിന്നെയും അവനെ മൂടി. 20അവൻ അവളോട്: നീ കൂടാരവാതിൽക്കൽ നില്ക്ക; വല്ലവനും വന്ന് ഇവിടെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നു പറയേണം എന്നു പറഞ്ഞു.
21എന്നാൽ ഹേബെരിന്റെ ഭാര്യ യായേൽ കൂടാരത്തിന്റെ ഒരു കുറ്റി എടുത്തു കൈയിൽ ചുറ്റികയും പിടിച്ചു പതുക്കെ അവന്റെ അടുക്കൽ ചെന്നു കുറ്റി അവന്റെ ചെന്നിയിൽ തറച്ചു; അതു നിലത്തുചെന്ന് ഉറച്ചു; അവനു ഗാഢനിദ്രയായിരുന്നു; അവൻ ബോധംകെട്ടു മരിച്ചുപോയി. 22ബാരാക് സീസെരയെ തിരഞ്ഞു ചെല്ലുമ്പോൾ യായേൽ അവനെ എതിരേറ്റ് അവനോട്: വരിക, നീ അന്വേഷിക്കുന്ന ആളെ ഞാൻ കാണിച്ചുതരാം എന്നു പറഞ്ഞു. അവൻ അവളുടെ അടുക്കൽ ചെന്നപ്പോൾ സീസെര ചെന്നിയിൽ കുറ്റിയുമായി മരിച്ചുകിടക്കുന്നതു കണ്ടു. 23ഇങ്ങനെ ദൈവം അന്നു കനാന്യരാജാവായ യാബീനെ യിസ്രായേൽമക്കൾക്കു കീഴടക്കി. 24യിസ്രായേൽമക്കൾ കനാന്യരാജാവായ യാബീനെ നിർമ്മൂലമാക്കുംവരെ അവരുടെ കൈ കനാന്യരാജാവായ യാബീനു മേൽക്കുമേൽ ഭാരമായിത്തീർന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in