ന്യായാധിപന്മാർ 21
21
1എന്നാൽ നമ്മിൽ ആരും തന്റെ മകളെ ഒരു ബെന്യാമീന്യനു ഭാര്യയായി കൊടുക്കരുത് എന്ന് യിസ്രായേല്യർ മിസ്പായിൽ വച്ചു ശപഥം ചെയ്തിരുന്നു. 2ആകയാൽ ജനം ബേഥേലിൽ ചെന്ന് അവിടെ ദൈവസന്നിധിയിൽ സന്ധ്യവരെ ഇരുന്ന് ഉച്ചത്തിൽ മഹാവിലാപം കഴിച്ചു: 3യിസ്രായേലിന്റെ ദൈവമായ യഹോവേ, ഇന്ന് യിസ്രായേലിൽ ഒരു ഗോത്രം ഇല്ലാതെ പോകുവാൻ തക്കവണ്ണം യിസ്രായേലിൽ ഇങ്ങനെ സംഭവിച്ചുവല്ലോ എന്നു പറഞ്ഞു. 4പിറ്റന്നാൾ ജനം അതികാലത്ത് എഴുന്നേറ്റ് അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. 5പിന്നെ യിസ്രായേൽമക്കൾ: എല്ലാ യിസ്രായേൽഗോത്രങ്ങളിലും യഹോവയുടെ അടുക്കൽ സഭയ്ക്കു വരാതെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചു. മിസ്പായിൽ യഹോവയുടെ അടുക്കൽ വരാത്തവൻ മരണശിക്ഷ അനുഭവിക്കേണം എന്ന് അവർ ഒരു ഉഗ്രശപഥം ചെയ്തിരുന്നു. 6എന്നാൽ യിസ്രായേൽമക്കൾ തങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരെക്കുറിച്ച് അനുതപിച്ചു: ഇന്ന് യിസ്രായേലിൽനിന്ന് ഒരു ഗോത്രം അറ്റുപോയിരിക്കുന്നു. 7ശേഷിച്ചിരിക്കുന്നവർക്ക് നമ്മുടെ പുത്രിമാരെ ഭാര്യമാരായി കൊടുക്കരുത് എന്നു നാം യഹോവയുടെ നാമത്തിൽ സത്യം ചെയ്തിരിക്കകൊണ്ട് അവർക്കു ഭാര്യമാരെ കിട്ടുവാൻ നാം എന്തു ചെയ്യേണ്ടൂ എന്നു പറഞ്ഞു. 8യിസ്രായേൽഗോത്രങ്ങളിൽനിന്നു മിസ്പായിൽ യഹോവയുടെ അടുക്കൽ വരാതെ ആരെങ്കിലും ഉണ്ടോ എന്ന് അവർ അന്വേഷിച്ചപ്പോൾ ഗിലെയാദിലെ യാബേശിൽനിന്ന് ആരും പാളയത്തിൽ സഭയ്ക്കു വന്നിട്ടില്ല എന്നു കണ്ടു. 9ജനത്തെ എണ്ണിനോക്കിയാറെ ഗിലെയാദിലെ യാബേശ്നിവാസികളിൽ ആരും അവിടെ ഇല്ല എന്നു കണ്ടു. 10അപ്പോൾ സഭ പരാക്രമശാലികളായ പന്തീരായിരം പേരെ അവിടേക്ക് അയച്ച് അവരോടു കല്പിച്ചത്: നിങ്ങൾ ചെന്ന് ഗിലെയാദിലെ യാബേശ്നിവാസികളെ സ്ത്രീകളും പൈതങ്ങളും ഉൾപ്പെടെ വാളിന്റെ വായ്ത്തലയാൽ കൊല്ലുവിൻ. 11അതിൽ നിങ്ങൾ പ്രവർത്തിക്കേണ്ടത് ഇവ്വണ്ണം: സകല പുരുഷന്മാരെയും പുരുഷനോടുകൂടെ ശയിച്ച സകല സ്ത്രീകളെയും നിങ്ങൾ നിർമ്മൂലമാക്കേണം. 12അങ്ങനെ ചെയ്തതിൽ ഗിലെയാദിലെ യാബേശ്നിവാസികളുടെ ഇടയിൽ പുരുഷനുമായി ശയിച്ച് പുരുഷസംസർഗം ചെയ്തിട്ടില്ലാത്ത നാനൂറു കന്യകമാരെ കണ്ടെത്തി അവരെ കനാൻദേശത്തിലെ ശീലോവിൽ പാളയത്തിലേക്കു കൊണ്ടുവന്നു.
13സർവസഭയും രിമ്മോൻപാറയിലെ ബെന്യാമീന്യരോടു സംസാരിച്ച് സമാധാനം അറിയിപ്പാൻ ആളയച്ചു. 14അപ്പോൾ ബെന്യാമീന്യർ മടങ്ങിവന്നു; ഗിലെയാദിലെ യാബേശിലുള്ള സ്ത്രീകളിൽവച്ച് അവർ ജീവനോടെ രക്ഷിച്ചിരുന്നവരെ അവർക്കു കൊടുത്തു; 15അവർക്ക് അവരെക്കൊണ്ടു തികഞ്ഞില്ല. യഹോവ യിസ്രായേൽഗോത്രങ്ങളിൽ ഒരു ഛേദം വരുത്തിയിരിക്കകൊണ്ട് ജനം ബെന്യാമീന്യരെക്കുറിച്ചു ദുഃഖിച്ചു.
16ശേഷിച്ചവർക്കു സ്ത്രീകളെ കിട്ടേണ്ടതിന് നാം എന്തു ചെയ്യേണ്ടൂ? ബെന്യാമീൻഗോത്രത്തിൽനിന്നു സ്ത്രീകൾ അറ്റുപോയിരിക്കുന്നുവല്ലോ എന്നു സഭയിലെ മൂപ്പന്മാർ പറഞ്ഞു. 17യിസ്രായേലിൽനിന്ന് ഒരു ഗോത്രം നശിച്ചു പോകാതിരിക്കേണ്ടതിന് ബെന്യാമീന്യരിൽ രക്ഷപെട്ടവർക്ക് അവരുടെ അവകാശം നില്ക്കേണം. 18എങ്കിലും നമുക്കു നമ്മുടെ പുത്രിമാരെ അവർക്കു ഭാര്യമാരായി കൊടുത്തുകൂടാ; ബെന്യാമീന്യർക്ക് സ്ത്രീയെ കൊടുക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്നു യിസ്രായേൽമക്കൾ ശപഥം ചെയ്തിരിക്കുന്നുവല്ലോ എന്നും അവർ പറഞ്ഞു. 19അപ്പോൾ അവർ: ബേഥേലിനു വടക്കും ബേഥേലിൽനിന്നു ശെഖേമിലേക്കു പോകുന്ന പെരുവഴിക്കു കിഴക്കും ലെബോനയ്ക്കു തെക്കും ശീലോവിൽ ആണ്ടുതോറും യഹോവയുടെ ഉത്സവം ഉണ്ടല്ലോ എന്നു പറഞ്ഞു. 20ആകയാൽ അവർ ബെന്യാമീന്യരോട്: നിങ്ങൾ ചെന്നു മുന്തിരിത്തോട്ടങ്ങളിൽ പതിയിരിപ്പിൻ. 21ശീലോവിലെ കന്യകമാർ നിരനിരയായി നൃത്തം ചെയ്‍വാൻ പുറപ്പെട്ടു വരുന്നതു നിങ്ങൾ കാണുമ്പോൾ മുന്തിരിത്തോട്ടങ്ങളിൽനിന്നു പുറപ്പെട്ട് ഓരോരുത്തൻ ശീലോവിലെ കന്യകമാരിൽനിന്നു ഭാര്യയെ പിടിച്ച് ബെന്യാമീൻദേശത്തേക്കു പൊയ്ക്കൊൾവിൻ എന്നു കല്പിച്ചു. 22അവരുടെ അപ്പന്മാരോ ആങ്ങളമാരോ ഞങ്ങളുടെ അടുക്കൽ വന്ന് സങ്കടം പറഞ്ഞാൽ ഞങ്ങൾ അവരോട്: അവരെ ഞങ്ങൾക്കു ദാനം ചെയ്‍വിൻ; നാം പടയിൽ അവർക്കെല്ലാവർക്കും ഭാര്യമാരെ പിടിച്ചു കൊണ്ടുവന്നില്ല; നിങ്ങൾ കുറ്റക്കാരാകുവാൻ നിങ്ങൾ ഇക്കാലത്ത് അവർക്കു കൊടുത്തിട്ടും ഇല്ലല്ലോ എന്നു പറഞ്ഞുകൊള്ളാം. 23ബെന്യാമീന്യർ അങ്ങനെ ചെയ്തു; നൃത്തം ചെയ്യുന്ന സ്ത്രീകളെ തങ്ങളുടെ എണ്ണത്തിന് ഒത്തവണ്ണം പിടിച്ചു, തങ്ങളുടെ അവകാശത്തിലേക്കു മടങ്ങിച്ചെന്നു പട്ടണങ്ങളെ വീണ്ടും പണിത് അവയിൽ പാർത്തു. 24യിസ്രായേൽമക്കളും ആ കാലത്ത് അവിടംവിട്ട് ഓരോരുത്തൻ താന്താന്റെ ഗോത്രത്തിലേക്കും വീട്ടിലേക്കും പോയി; അങ്ങനെ അവർ അവിടം വിട്ട് ഓരോരുത്തൻ താന്താന്റെ അവകാശത്തിലേക്കു ചെന്നു. 25ആ കാലത്ത് യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തൻ തനിക്കു ബോധിച്ചതുപോലെ നടന്നു.
Currently Selected:
ന്യായാധിപന്മാർ 21: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.