യെശയ്യാവ് 8
8
1യഹോവ എന്നോടു കല്പിച്ചത്: നീ ഒരു വലിയ പലക എടുത്ത്, സാമാന്യ അക്ഷരത്തിൽ: മഹേർ-ശാലാൽ ഹാശ്-ബസ് എന്ന് എഴുതുക. 2ഞാൻ ഊരീയാപുരോഹിതനെയും യെബെരെഖ്യാവിൻ മകനായ സഖര്യാവെയും എനിക്കു വിശ്വസ്തസാക്ഷികളാക്കി വയ്ക്കും. 3ഞാൻ പ്രവാചകിയുടെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു. യഹോവ എന്നോട്: അവനു മഹേർ-ശാലാൽ ഹാശ്-ബസ് എന്നു പേർ വിളിക്ക; 4ഈ കുട്ടിക്ക് അപ്പാ, അമ്മേ എന്നു വിളിപ്പാൻ പ്രായമാകുംമുമ്പേ ദമ്മേശെക്കിലെ ധനവും ശമര്യയിലെ കൊള്ളയും അശ്ശൂർരാജാവിന്റെ അടുക്കലേക്ക് എടുത്തുകൊണ്ടുപോകും എന്നരുളിച്ചെയ്തു. 5യഹോവ പിന്നെയും എന്നോട് അരുളിച്ചെയ്തതെന്തെന്നാൽ: 6ഈ ജനം സാവധാനത്തോടെ ഒഴുകുന്ന ശീലോഹാ വെള്ളത്തെ നിരസിച്ചു രെസീനിലും രെമല്യാവിൻമകനിലും സന്തോഷിക്കുന്നതുകൊണ്ട്, 7അതു കാരണത്താൽ തന്നെ, യഹോവ നദിയിലെ ബലമേറിയ പെരുവെള്ളത്തെ, അശ്ശൂർരാജാവിനെയും അവന്റെ സകല മഹത്ത്വത്തെയും തന്നെ, അവരുടെമേൽ വരുത്തും; അത് അതിന്റെ എല്ലാ തോടുകളിലും പൊങ്ങി അതിന്റെ എല്ലാ കരകളെയും കവിഞ്ഞൊഴുകും. 8അതു യെഹൂദായിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്റെ വിടർന്ന ചിറക്, ഇമ്മാനൂവേലേ, നിന്റെ ദേശത്തിന്റെ വീതിയെ മൂടും.
9ജാതികളേ, കലഹിപ്പിൻ; തകർന്നുപോകുവിൻ! സകല ദൂരദിക്കുകാരുമായുള്ളോരേ, ശ്രദ്ധിച്ചുകൊൾവിൻ; അര കെട്ടിക്കൊൾവിൻ; തകർന്നുപോകുവിൻ. അര കെട്ടിക്കൊൾവിൻ, തകർന്നു പോകുവിൻ. 10കൂടി ആലോചിച്ചുകൊൾവിൻ; അതു നിഷ്ഫലമായിത്തീരും; കാര്യം പറഞ്ഞുറപ്പിൻ; സാധ്യം ഉണ്ടാകയില്ല; ദൈവം ഞങ്ങളോടുകൂടെ ഉണ്ട്. 11യഹോവ ബലമുള്ള കൈകൊണ്ട് എന്നെ പിടിച്ച് എന്നോട് അരുളിച്ചെയ്തു ഞാൻ ഈ ജനത്തിന്റെ വഴിയിൽ നടക്കാതെയിരിക്കേണ്ടതിന് എനിക്ക് ഉപദേശിച്ചുതന്നതെന്തെന്നാൽ: 12ഈ ജനം കൂട്ടുകെട്ട് എന്നു പറയുന്നതിനൊക്കെയും കൂട്ടുകെട്ട് എന്നു നിങ്ങൾ പറയരുത്; അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടരുത്, ഭ്രമിച്ചുപോകയുമരുത്. 13സൈന്യങ്ങളുടെ യഹോവയെ ശുദ്ധീകരിപ്പിൻ; അവൻതന്നെ നിങ്ങളുടെ ഭയവും നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ. 14എന്നാൽ അവൻ ഒരു വിശുദ്ധമന്ദിരമായിരിക്കും; എങ്കിലും യിസ്രായേൽഗൃഹത്തിനു രണ്ടിനും അവൻ ഒരു ഇടർച്ചക്കല്ലും തടങ്ങൽപാറയും യെരൂശലേംനിവാസികൾക്ക് ഒരു കുടുക്കും കെണിയും ആയിരിക്കും. 15പലരും അതിന്മേൽ തട്ടിവീണു തകർന്നുപോകയും കെണിയിൽ കുടുങ്ങി പിടിപെടുകയും ചെയ്യും.
16സാക്ഷ്യം പൊതിഞ്ഞുകെട്ടുക; എന്റെ ശിഷ്യന്മാരുടെ ഇടയിൽ ഉപദേശം മുദ്രയിട്ടു വയ്ക്കുക. 17ഞാനോ യാക്കോബ്ഗൃഹത്തിന് തന്റെ മുഖം മറച്ചുകളഞ്ഞ യഹോവയ്ക്കായി കാത്തിരിക്കയും പ്രത്യാശിക്കയും ചെയ്യും. 18ഇതാ, ഞാനും യഹോവ എനിക്കു തന്ന മക്കളും സീയോൻപർവതത്തിൽ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയാൽ യിസ്രായേലിൽ അടയാളങ്ങളും അദ്ഭുതങ്ങളും ആയിരിക്കുന്നു. 19വെളിച്ചപ്പാടന്മാരോടും ചിലയ്ക്കുകയും ജപിക്കുകയും ചെയ്യുന്നവരായ ലക്ഷണവാദികളോടും അരുളപ്പാടു ചോദിപ്പിൻ എന്ന് അവർ നിങ്ങളോടു പറയുന്നുവെങ്കിൽ-ജനം തങ്ങളുടെ ദൈവത്തോടല്ലയോ ചോദിക്കേണ്ടത്? ജീവനുള്ളവർക്കുവേണ്ടി മരിച്ചവരോടോ ചോദിക്കേണ്ടത്? 20ഉപദേശത്തിനും സാക്ഷ്യത്തിനും വരുവിൻ! അവർ ഈ വാക്കുപോലെ പറയുന്നില്ലെയെങ്കിൽ- അവർക്ക് അരുണോദയം ഉണ്ടാകയില്ല. 21അവർ ഏറ്റവും വലഞ്ഞും വിശന്നും ദേശത്തുകൂടെ കടന്നുപോകും; അവർക്കു വിശക്കുമ്പോൾ അവർ മുഷിഞ്ഞു തങ്ങളുടെ രാജാവിനെയും തങ്ങളുടെ ദൈവത്തെയും ശപിച്ചു മുഖം മേലോട്ടു തിരിക്കും. 22അവർ ഭൂമിയിൽ നോക്കുമ്പോൾ കഷ്ടതയും അന്ധകാരവും സങ്കടമുള്ള തിമിരവും കാണും; കൂരിരുട്ടിലേക്ക് അവരെ തള്ളിക്കളയും.
Currently Selected:
യെശയ്യാവ് 8: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.