YouVersion Logo
Search Icon

യെശയ്യാവ് 7

7
1ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ മകനായി യെഹൂദാരാജാവായ ആഹാസിന്റെ കാലത്ത് അരാമ്യരാജാവായ രെസീനും രെമല്യാവിന്റെ മകനായി യിസ്രായേൽരാജാവായ പെക്കഹും യെരൂശലേമിന്റെ നേരേ യുദ്ധം ചെയ്‍വാൻ പുറപ്പെട്ടുവന്നു; അതിനെ പിടിപ്പാൻ അവർക്കു കഴിഞ്ഞില്ലതാനും. 2അരാം എഫ്രയീമിനോടു യോജിച്ചിരിക്കുന്നു എന്നു ദാവീദുഗൃഹത്തിന് അറിവുകിട്ടിയപ്പോൾ അവന്റെ ഹൃദയവും അവന്റെ ജനത്തിന്റെ ഹൃദയവും കാട്ടിലെ വൃക്ഷങ്ങൾ കാറ്റുകൊണ്ട് ഉലയുമ്പോലെ ഉലഞ്ഞുപോയി. 3അപ്പോൾ യഹോവ യെശയ്യാവോട് അരുളിച്ചെയ്തതെന്തെന്നാൽ: നീയും നിന്റെ മകൻ ശെയാർ- യാശൂബും അലക്കുകാരന്റെ വയലിലെ പെരുവഴിക്കൽ മേലെക്കുളത്തിന്റെ നീർപ്പാത്തിയുടെ അറ്റത്ത് ആഹാസിനെ എതിരേല്പാൻ ചെന്ന് അവനോടു പറയേണ്ടത്: 4സൂക്ഷിച്ചു കൊൾക; സാവധാനമായിരിക്ക; പുകയുന്ന ഈ രണ്ടു മുറിക്കൊള്ളിനിമിത്തം അരാമിന്റെയും രെസീന്റെയും രെമല്യാവിൻമകന്റെയും ഉഗ്രകോപം നിമിത്തം നീ ഭയപ്പെടരുത്; നിന്റെ ധൈര്യം ക്ഷയിച്ചുപോകയുമരുത്. 5നാം യെഹൂദായുടെ നേരേ ചെന്ന് അതിനെ വിഷമിപ്പിച്ചു മതിൽ ഇടിച്ചു കടന്നു താബെയലിന്റെ മകനെ അവിടെ രാജാവായി വാഴിക്കേണം എന്നു പറഞ്ഞു. 6അരാമും എഫ്രയീമും രെമല്യാവിന്റെ മകനും നിന്റെ നേരേ ദുരാലോചന ചെയ്കകൊണ്ടു 7യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു നടക്കയില്ല, സാധിക്കയുമില്ല. 8അരാമിനു തല ദമ്മേശെക്; ദമ്മേശെക്കിനു തല രെസീൻ. അറുപത്തഞ്ചു സംവത്സരത്തിനകം എഫ്രയീം ജനമായിരിക്കാതവണ്ണം തകർന്നുപോകും. 9എഫ്രയീമിനു തല ശമര്യ; ശമര്യക്കു തല രെമല്യാവിന്റെ മകൻ; നിങ്ങൾക്കു വിശ്വാസം ഇല്ലെങ്കിൽ സ്ഥിരവാസവുമില്ല. 10യഹോവ പിന്നെയും ആഹാസിനോട്: 11നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊൾക എന്നു കല്പിച്ചതിന് ആഹാസ്: 12ഞാൻ ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല എന്നു പറഞ്ഞു. 13അതിന് അവൻ പറഞ്ഞത്: ദാവീദുഗൃഹമേ, കേൾപ്പിൻ; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നത്? 14അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്ക് ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ഇമ്മാനൂവേൽ എന്നു പേർ വിളിക്കും. 15തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും. 16തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും. 17യഹോവ നിന്റെമേലും നിന്റെ ജനത്തിന്മേലും നിന്റെ പിതൃഭവനത്തിന്മേലും എഫ്രയീം യെഹൂദായെ വിട്ടുപിരിഞ്ഞ നാൾമുതൽ വന്നിട്ടില്ലാത്തൊരു കാലം വരുത്തും; അശ്ശൂർരാജാവിനെത്തന്നെ.
18അന്നാളിൽ യഹോവ മിസ്രയീമിലെ നദികളുടെ അറ്റത്തുനിന്നു കൊതുകിനെയും അശ്ശൂർദേശത്തുനിന്നു തേനീച്ചയെയും ചൂളകുത്തി വിളിക്കും. 19അവയൊക്കെയും വന്നു ശൂന്യമായ താഴ്‌വരകളിലും പാറപ്പിളർപ്പുകളിലും എല്ലാ മുൾപ്പടർപ്പുകളിലും എല്ലാ മേച്ചൽപ്പുറങ്ങളിലും പറ്റും. 20അന്നാളിൽ കർത്താവ് നദിക്ക് അക്കരെനിന്നു കൂലിക്കു വാങ്ങിയ ക്ഷൗരക്കത്തികൊണ്ട്, അശ്ശൂർരാജാവിനെക്കൊണ്ടു തന്നെ, തലയും കാലും ക്ഷൗരം ചെയ്യും; അതു താടിയുംകൂടെ നീക്കും. 21അന്നാളിൽ ഒരുത്തൻ ഒരു പശുക്കിടാവിനെയും രണ്ട് ആട്ടിനെയും വളർത്തും. 22അവയെ കറന്നു കിട്ടുന്ന പാലിന്റെ പെരുപ്പംകൊണ്ട് അവൻ തൈരു തന്നെ കൊറ്റുകഴിക്കും; ദേശത്തു ശേഷിച്ചിരിക്കുന്ന ഏവരുടെയും ആഹാരം തൈരും തേനും ആയിരിക്കും.
23അന്നാളിൽ ആയിരം വെള്ളിക്കാശു വിലയുള്ള ആയിരം മുന്തിരിവള്ളി ഉണ്ടായിരുന്ന സ്ഥലമൊക്കെയും മുള്ളും പറക്കാരയും പിടിച്ചു കിടക്കും. 24ദേശമൊക്കെയും മുള്ളും പറക്കാരയും പിടിച്ചുകിടക്കുന്നതിനാൽ മനുഷ്യർ അമ്പും വില്ലും എടുത്തുകൊണ്ടു മാത്രമേ അവിടേക്കു ചെല്ലുകയുള്ളൂ. 25തൂമ്പാകൊണ്ടു കിളച്ചുവന്ന എല്ലാ മലകളിലും മുള്ളും പറക്കാരയും പേടിച്ചിട്ട് ആരും പോകയില്ല; അതു കാളകളെ അഴിച്ചുവിടുവാനും ആടുകൾ ചവിട്ടിക്കളവാനും മാത്രം ഉതകും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in