യെഹെസ്കേൽ 32
32
1പന്ത്രണ്ടാം ആണ്ട്, പന്ത്രണ്ടാം മാസം, ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 2മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോനെക്കുറിച്ച് ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടത്: ജാതികളിൽ ബാലസിംഹമായുള്ളോവേ, നീ നശിച്ചിരിക്കുന്നു; നീ കടലിലെ നക്രംപോലെ ആയിരുന്നു; നീ നദികളിൽ ചാടി കാൽകൊണ്ടു വെള്ളം കലക്കി നദികളെ അഴുക്കാക്കിക്കളഞ്ഞു. 3യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അനേകം ജാതികളുടെ കൂട്ടത്തെക്കൊണ്ടു നിന്റെമേൽ എന്റെ വലയെ വീശിക്കും; അവർ എന്റെ വലയിൽ നിന്നെ വലിച്ചെടുക്കും. 4ഞാൻ നിന്നെ കരയ്ക്ക് വലിച്ചിടും; നിന്നെ വെളിമ്പ്രദേശത്ത് എറിഞ്ഞുകളയും; ആകാശത്തിലെ പറവയൊക്കെയും നിന്റെമേൽ ഇരിക്കുമാറാക്കി; സർവഭൂമിയിലെയും മൃഗങ്ങൾക്കു നിന്നെ ഇരയാക്കി തൃപ്തിവരുത്തും. 5ഞാൻ നിന്റെ മാംസത്തെ പർവതങ്ങളിന്മേൽ കൂട്ടി നിന്റെ പിണംകൊണ്ടു താഴ്വരകളെ നിറയ്ക്കും. 6ഞാൻ നിന്റെ ചെളിനിലത്തെ മലകളോളം നിന്റെ രക്തംകൊണ്ടു നനയ്ക്കും; നീർച്ചാലുകൾ നിന്നാൽ നിറയും. 7നിന്നെ കെടുത്തുകളയുമ്പോൾ ഞാൻ ആകാശത്തെ മൂടി അതിലെ നക്ഷത്രങ്ങളെ കറുപ്പുടുപ്പിക്കും; ഞാൻ സൂര്യനെ മേഘംകൊണ്ടു മറയ്ക്കും; ചന്ദ്രൻ പ്രകാശം നല്കുകയും ഇല്ല. 8ആകാശത്തിലെ ശോഭയുള്ള ജ്യോതിസ്സുകളെയൊക്കെയും ഞാൻ നിന്റെ നിമിത്തം കറുപ്പുടുപ്പിക്കയും നിന്റെ ദേശത്തിൽ അന്ധകാരം വരുത്തുകയും ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 9നിന്റെ നാശം ജാതികളുടെ ഇടയിലും നീ അറിയാത്ത ദേശങ്ങളോളവും പ്രസിദ്ധമാക്കുമ്പോൾ ഞാൻ അനേകജാതികളുടെ ഹൃദയങ്ങളെ വ്യസനിപ്പിക്കും. 10ഞാൻ അനേകം ജാതികളെ നിന്നെച്ചൊല്ലി സ്തംഭിക്കുമാറാക്കും; അവരുടെ രാജാക്കന്മാർ കാൺകെ ഞാൻ എന്റെ വാൾ വീശുമ്പോൾ, അവർ നിന്റെ നിമിത്തം അത്യന്തം പേടിച്ചുപോകും; നിന്റെ വീഴ്ചയുടെ നാളിൽ അവർ ഓരോരുത്തനും താന്താന്റെ പ്രാണനെ ഓർത്തു മാത്രതോറും വിറയ്ക്കും. 11യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽരാജാവിന്റെ വാൾ നിന്റെ നേരേ വരും. 12വീരന്മാരുടെ വാൾകൊണ്ടു ഞാൻ നിന്റെ പുരുഷാരത്തെ വീഴുമാറാക്കും; അവരെല്ലാവരും ജാതികളിൽ വച്ച് ഉഗ്രന്മാർ; അവർ മിസ്രയീമിന്റെ പ്രതാപത്തെ ശൂന്യമാക്കും; അതിലെ പുരുഷാരമൊക്കെയും നശിച്ചു പോകും. 13വളരെ വെള്ളത്തിനരികെ നിന്ന് ഞാൻ അതിലെ സകല മൃഗങ്ങളെയും നശിപ്പിക്കും ഇനിമേൽ മനുഷ്യന്റെ കാൽ അതിനെ കലക്കുകയില്ല; മൃഗങ്ങളുടെ കുളമ്പും അതിനെ കലക്കുകയില്ല. 14ആ കാലത്തു ഞാൻ അവരുടെ വെള്ളം തെളിയുമാറാക്കി അവരുടെ നദികളെ എണ്ണപോലെ ഒഴുകുമാറാക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 15ഞാൻ മിസ്രയീംദേശത്തെ പാഴാക്കി ദേശം ശൂന്യമായി അതിലുള്ളതൊക്കെയും ഇല്ലാതാകുമ്പോഴും ഞാൻ അതിലെ നിവാസികളെയൊക്കെയും നശിപ്പിക്കുമ്പോഴും, ഞാൻ യഹോവ എന്ന് അവർ അറിയും. 16അവർ അതിനെക്കുറിച്ചു വിലപിക്കുന്ന വിലാപം ഇതത്രേ; ജാതികളുടെ പുത്രിമാർ ഇതു ചൊല്ലി വിലപിക്കും; അവർ മിസ്രയീമിനെക്കുറിച്ചും അതിലെ സകല പുരുഷന്മാരെക്കുറിച്ചും ഇതു ചൊല്ലി വിലപിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
17പന്ത്രണ്ടാം ആണ്ട്, ആ മാസം പതിനഞ്ചാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 18മനുഷ്യപുത്രാ, നീ മിസ്രയീമിലെ പുരുഷാരത്തെക്കുറിച്ചു വിലപിച്ച് അതിനെയും ശ്രുതിപ്പെട്ട ജാതികളുടെ പുത്രിമാരെയും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ഭൂമിയുടെ അധോഭാഗത്തു തള്ളിയിടുക. 19സൗന്ദര്യത്തിൽ നീ ആരെക്കാൾ വിശേഷപ്പെട്ടിരിക്കുന്നു? നീ ഇറങ്ങിച്ചെന്ന് അഗ്രചർമികളുടെ കൂട്ടത്തിൽ കിടക്കുക. 20വാളാൽ നിഹതന്മാരായവരുടെ നടുവിൽ അവർ വീഴും; വാൾ നിയമിക്കപ്പെട്ടിരിക്കുന്നു; അതിനെയും അതിന്റെ സകല പുരുഷാരത്തെയും വലിച്ചു കൊണ്ടുപോകുവിൻ. 21വീരന്മാരിൽ ബലവാന്മാരായവർ അവന്റെ സഹായക്കാരോടുകൂടെ പാതാളത്തിന്റെ നടുവിൽനിന്ന് അവനോടു സംസാരിക്കും; അഗ്രചർമികളായി വാളാൽ നിഹതന്മാരായവർ ഇറങ്ങിച്ചെന്ന് അവിടെ കിടക്കുന്നു. 22അവിടെ അശ്ശൂരും അതിന്റെ സർവസമൂഹവും ഉണ്ട്; അവന്റെ ശവക്കുഴികൾ അവന്റെ ചുറ്റും കിടക്കുന്നു; അവരെല്ലാവരും വാളാൽ നിഹതന്മാരായി വീണവർ തന്നെ. 23അവരുടെ ശവക്കുഴികൾ പാതാളത്തിന്റെ അങ്ങേയറ്റത്തിരിക്കുന്നു; അതിന്റെ സമൂഹം അതിന്റെ ശവക്കുഴിയുടെ ചുറ്റും ഇരിക്കുന്നു; ജീവനുള്ളവരുടെ ദേശത്തു ഭീതിപരത്തിയ അവരെല്ലാവരും വാളാൽ നിഹതന്മാരായി വീണിരിക്കുന്നു. 24അവിടെ ഏലാമും അതിന്റെ ശവക്കുഴിയുടെ ചുറ്റും അതിന്റെ സകല പുരുഷാരവും ഉണ്ട്; അവർ എല്ലാവരും വാളാൽ നിഹതന്മാരായി വീണ് അഗ്രചർമികളായി ഭൂമിയുടെ അധോഭാഗത്ത് ഇറങ്ങിപ്പോയിരിക്കുന്നു; ജീവനുള്ളവരുടെദേശത്ത് അവർ ഭീതി പരത്തി; എങ്കിലും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ അവർ ലജ്ജ വഹിക്കുന്നു. 25നിഹതന്മാരുടെ മധ്യേ അവർ അതിനും അതിന്റെ സകല പുരുഷാരത്തിനും ഒരു കിടക്ക വിരിച്ചിരിക്കുന്നു; അതിന്റെ ശവക്കുഴികൾ അതിന്റെ ചുറ്റും ഇരിക്കുന്നു; അവരൊക്കെയും അഗ്രചർമികളായി വാളാൽ നിഹതന്മാരാകുന്നു; ജീവനുള്ളവരുടെ ദേശത്ത് അവർ ഭീതി പരത്തിയിരിക്കയാൽ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കുന്നു; നിഹതന്മാരുടെ മധ്യേ അതു കിടക്കുന്നു. 26അവിടെ മേശെക്കും തൂബലും അതിന്റെ സകല പുരുഷാരവും ഉണ്ട്; അതിന്റെ ശവക്കുഴികൾ അതിന്റെ ചുറ്റും ഇരിക്കുന്നു; അവർ ജീവനുള്ളവരുടെ ദേശത്തു ഭീതി പരത്തിയിരിക്കയാൽ അവരൊക്കെയും അഗ്രചർമികളായി വാളാൽ നിഹതന്മാരായിരിക്കുന്നു. 27അവർ ജീവനുള്ളവരുടെ ദേശത്തു വീരന്മാർക്ക് ഭീതി ആയിരുന്നതുകൊണ്ട് തങ്ങളുടെ അകൃത്യങ്ങളെ അസ്ഥികളിന്മേൽ ചുമന്നും തങ്ങളുടെ വാളുകളെ തലയ്ക്കു കീഴെ വച്ചുംകൊണ്ട് അഗ്രചർമികളിൽ പട്ടുപോയ വീരന്മാരായി പടക്കോപ്പോടുകൂടെ പാതാളത്തിൽ ഇറങ്ങിയവരുടെ കൂട്ടത്തിൽ കിടക്കേണ്ടതല്ലയോ? 28നീയോ അഗ്രചർമികളുടെ കൂട്ടത്തിൽ തകർന്നുപോകയും വാളാൽ നിഹതന്മാരായവരോടുകൂടെ കിടക്കുകയും ചെയ്യും. 29അവിടെ എദോമും അതിന്റെ രാജാക്കന്മാരും സകല പ്രഭുക്കന്മാരും ഉണ്ട്; അവർ തങ്ങളുടെ വല്ലഭത്വത്തിൽ വാളാൽ നിഹതന്മാരായവരുടെ കൂട്ടത്തിൽ കിടക്കേണ്ടിവന്നു; അവർ അഗ്രചർമികളോടും കുഴിയിൽ ഇറങ്ങുന്നവരോടുംകൂടെ കിടക്കുന്നു. 30അവിടെ വടക്കേ പ്രഭുക്കന്മാരെല്ലാവരും നിഹതന്മാരോടുകൂടെ ഇറങ്ങിപ്പോയ സകല സീദോന്യരും ഉണ്ട്; അവർ തങ്ങളുടെ വല്ലഭത്വത്താൽ പരത്തിയ ഭീതിനിമിത്തം ലജ്ജിക്കുന്നു; അവർ അഗ്രചർമികളായി വാളാൽ നിഹതന്മാരായവരോടുകൂടെ കിടക്കുകയും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കയും ചെയ്യുന്നു. 31അവരെ ഫറവോൻ കണ്ടു തന്റെ സകല പുരുഷാരത്തെയുംകുറിച്ച് ആശ്വസിക്കും; ഫറവോനും അവന്റെ സകല സൈന്യവും വാളാൽ നിഹതന്മാരായിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 32ഞാനല്ലോ അവന്റെ ഭീതി ജീവനുള്ളവരുടെ ദേശത്തു പരത്തിയത്; ഫറവോനും അവന്റെ പുരുഷാരമൊക്കെയും വാളാൽ നിഹതന്മാരായവരോടുകൂടെ അഗ്രചർമികളുടെ കൂട്ടത്തിൽ കിടക്കേണ്ടിവരും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
Currently Selected:
യെഹെസ്കേൽ 32: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.