YouVersion Logo
Search Icon

യെഹെസ്കേൽ 31

31
1പതിനൊന്നാം ആണ്ട്, മൂന്നാം മാസം, ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 2മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോനോടും അവന്റെ പുരുഷാരത്തോടും പറയേണ്ടത്: നിന്റെ മഹത്ത്വത്തിൽ നീ ആർക്കു സമൻ? 3അശ്ശൂർ ലെബാനോനിൽ ഭംഗിയുള്ള കൊമ്പുകളോടും തണലുള്ള ഇലകളോടും പൊക്കത്തിലുള്ള വളർച്ചയോടുംകൂടിയ ഒരു ദേവദാരുവായിരുന്നുവല്ലോ; അതിന്റെ തുഞ്ചം മേഘങ്ങളോളം എത്തിയിരുന്നു. 4വെള്ളം അതിനെ വളർത്തി ആഴി അതിനെ ഉയരുമാറാക്കി; അതിന്റെ നദികൾ തോട്ടത്തെ ചുറ്റി ഒഴുകി, അതു തന്റെ ഒഴുക്കുകളെ വയലിലെ സകല വൃക്ഷങ്ങളുടെയും അടുക്കലേക്ക് അയച്ചുകൊടുത്തു. 5അതുകൊണ്ട് അതു വളർന്നു വയലിലെ സകല വൃക്ഷങ്ങളെക്കാളും പൊങ്ങി; അത് വെള്ളത്തിന്റെ പെരുപ്പംകൊണ്ടു പടർന്ന് തന്റെ കൊമ്പുകളെ പെരുക്കി ചില്ലികളെ നീട്ടി. 6അതിന്റെ ചില്ലികളിൽ ആകാശത്തിലെ പറവയൊക്കെയും കൂടുണ്ടാക്കി; അതിന്റെ കൊമ്പുകളുടെ കീഴെ കാട്ടുമൃഗമൊക്കെയും പെറ്റുകിടന്നു; അതിന്റെ തണലിൽ വലിയ ജാതികളൊക്കെയും പാർത്തു. 7ഇങ്ങനെ അതിന്റെ വേർ വളരെ വെള്ളത്തിനരികെ ആയിരുന്നതുകൊണ്ട് അത് വലുതായി കൊമ്പുകളെ നീട്ടി ശോഭിച്ചിരുന്നു. 8ദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കൾക്ക് അതിനെ മറപ്പാൻ കഴിഞ്ഞില്ല; സരളവൃക്ഷങ്ങൾ അതിന്റെ കൊമ്പുകളോടു തുല്യമായിരുന്നില്ല; അരിഞ്ഞിൽവൃക്ഷങ്ങൾ അതിന്റെ ചില്ലികളോട് ഒത്തിരുന്നില്ല; ദൈവത്തിന്റെ തോട്ടത്തിലെ ഒരു വൃക്ഷവും ഭംഗിയിൽ അതിനോടു സമമായിരുന്നതുമില്ല. 9കൊമ്പുകളുടെ പെരുപ്പംകൊണ്ടു ഞാൻ അതിനു ഭംഗി വരുത്തിയതിനാൽ ദൈവത്തിന്റെ തോട്ടമായ ഏദെനിലെ സകല വൃക്ഷങ്ങളും അതിനോട് അസൂയപ്പെട്ടു. 10അതുകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു വളർന്നുപൊങ്ങി തുഞ്ചം മേഘങ്ങളോളം നീട്ടി അതിന്റെ ഹൃദയം തന്റെ വളർച്ചയിങ്കൽ ഗർവിച്ചുപോയതുകൊണ്ടു 11ഞാൻ അതിനെ ജാതികളിൽ ബലവാനായവന്റെ കൈയിൽ ഏല്പിക്കും; അവൻ അതിനോട് ഇടപെടും; അതിന്റെ ദുഷ്ടത നിമിത്തം ഞാൻ അതിനെ തള്ളിക്കളഞ്ഞിരിക്കുന്നു. 12ജാതികളിൽ ഉഗ്രന്മാരായ അന്യജാതിക്കാർ അതിനെ വെട്ടി തള്ളിയിട്ടു; അതിന്റെ കൊമ്പുകൾ മലകളിലും എല്ലാ താഴ്‌വരകളിലും വീണു; അതിന്റെ ശാഖകൾ ദേശത്തിലെ എല്ലാ തോടുകളുടെയും അരികത്ത് ഒടിഞ്ഞുകിടക്കുന്നു; ഭൂമിയിലെ സകല ജാതികളും അതിന്റെ തണൽ വിട്ടിറങ്ങി അതിനെ ഉപേക്ഷിച്ചുപോയി. 13വീണുകിടക്കുന്ന അതിന്റെ തടിമേൽ ആകാശത്തിലെ പറവയൊക്കെയും പാർക്കും; അതിന്റെ കൊമ്പുകളുടെ ഇടയിലേക്കു കാട്ടുമൃഗമൊക്കെയും വരും. 14വെള്ളത്തിനരികെയുള്ള സകല വൃക്ഷങ്ങളും ഉയരം ഹേതുവായി ഗർവിക്കയോ തുഞ്ചം മേഘങ്ങളോളം നീട്ടുകയോ വെള്ളം കുടിക്കുന്നവരായ അവരുടെ സകല ബലശാലികളും തങ്ങളുടെ ഉയർച്ചയിങ്കൽ നിഗളിച്ചു നില്ക്കയോ ചെയ്യാതിരിക്കേണ്ടതിനു തന്നെ; അവരൊക്കെയും മനുഷ്യപുത്രന്മാരുടെ ഇടയിൽ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ഭൂമിയുടെ അധോഭാഗത്ത് മരണത്തിന് ഏല്പിക്കപ്പെട്ടിരിക്കുന്നു.
15യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു പാതാളത്തിൽ ഇറങ്ങിപ്പോയ നാളിൽ ഞാൻ ഒരു വിലാപം കഴിപ്പിച്ചു; അതിനുവേണ്ടി ആഴത്തെ മൂടി പെരുവെള്ളം കെട്ടിനില്പാൻ തക്കവണ്ണം അതിന്റെ നദികളെ തടുത്തു; അതുനിമിത്തം ഞാൻ ലെബാനോനെ കറുപ്പുടുപ്പിച്ചു; കാട്ടിലെ സകല വൃക്ഷങ്ങളും അതുനിമിത്തം ക്ഷീണിച്ചുപോയി. 16ഞാൻ അതിനെ കുഴിയിൽ ഇറങ്ങുന്നവരോടു കൂടെ പാതാളത്തിൽ തള്ളിയിട്ടപ്പോൾ, അതിന്റെ വീഴ്ചയുടെ മുഴക്കത്തിങ്കൽ ഞാൻ ജാതികളെ നടുങ്ങുമാറാക്കി; ഏദെനിലെ സകല വൃക്ഷങ്ങളും ലെബാനോനിലെ ശ്രേഷ്ഠവും ഉത്തമവുമായി വെള്ളം കുടിക്കുന്ന സകല വൃക്ഷങ്ങളും ഭൂമിയുടെ അധോഭാഗത്ത് ആശ്വാസം പ്രാപിച്ചു. 17അവയും അതിനോടുകൂടെ വാളാൽ നിഹതന്മാരായവരുടെ അടുക്കൽ പാതാളത്തിൽ ഇറങ്ങിപ്പോയി; അതിന്റെ തുണയായി അതിന്റെ നിഴലിൽ ജാതികളുടെ മധ്യേ പാർത്തവർ തന്നെ. 18അങ്ങനെ നീ മഹത്ത്വത്തിലും വലിപ്പത്തിലും ഏദെനിലെ വൃക്ഷങ്ങളിൽ ഏതിനോടു തുല്യമാകുന്നു? എന്നാൽ നീ ഏദെനിലെ വൃക്ഷങ്ങളോടുകൂടെ ഭൂമിയുടെ അധോഭാഗത്ത് ഇറങ്ങിപ്പോകേണ്ടിവരും; വാളാൽ നിഹതന്മാരായവരോടുകൂടെ നീ അഗ്രചർമികളുടെ ഇടയിൽ കിടക്കും. ഫറവോനും അവന്റെ സകല പുരുഷാരവും തന്നെ എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in