YouVersion Logo
Search Icon

യെഹെസ്കേൽ 22

22
1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 2മനുഷ്യപുത്രാ, നീ ന്യായം വിധിക്കുമോ? രക്തപാതകമുള്ള പട്ടണത്തെ നീ ന്യായം വിധിക്കുമോ? എന്നാൽ നീ അതിന്റെ സകല മ്ലേച്ഛതകളെയും അതിനോട് അറിയിച്ചു പറയേണ്ടത്: 3യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ കാലം വരുവാൻ തക്കവണ്ണം നിന്റെ നടുവിൽ രക്തം ചൊരിഞ്ഞു നിന്നെത്തന്നെ മലിനമാക്കേണ്ടതിന് വിഗ്രഹങ്ങളെ ഉണ്ടാക്കുന്ന നഗരമേ! 4നീ ചൊരിഞ്ഞ രക്തത്താൽ നീ കുറ്റക്കാരത്തിയായിത്തീർന്നു; നീ ഉണ്ടാക്കിയിരിക്കുന്ന വിഗ്രഹങ്ങളാൽ നീ നിന്നെത്തന്നെ മലിനമാക്കിയിരിക്കുന്നു; നിന്റെ നാളുകളെ നീ സമീപിക്കുമാറാക്കി; നിന്റെ ആണ്ടുകൾ നിനക്കു വന്നെത്തിയിരിക്കുന്നു; അതുകൊണ്ടു ഞാൻ നിന്നെ ജാതികൾക്കു നിന്ദയും സകല ദേശങ്ങൾക്കും പരിഹാസവിഷയവും ആക്കിയിരിക്കുന്നു. 5നിനക്കു സമീപസ്ഥന്മാരും ദൂരസ്ഥന്മാരും ആയിരിക്കുന്നവർ ദുഷ്കീർത്തിയും ബഹുതുമുലവും ഉള്ള നിന്നെ പരിഹസിക്കും. 6യിസ്രായേൽപ്രഭുക്കന്മാർ ഓരോരുത്തനും തന്നാൽ കഴിയുന്നേടത്തോളം രക്തം ചൊരിയുവാനത്രേ നിന്നിൽ ഇരിക്കുന്നത്. 7നിന്റെ മധ്യേ അവർ അപ്പനെയും അമ്മയെയും പുച്ഛിക്കുന്നു; നിന്റെ മധ്യേ അവർ പരദേശിയെ പീഡിപ്പിക്കുന്നു; നിന്നിൽവച്ച് അവർ അനാഥനെയും വിധവയെയും ഉപദ്രവിക്കുന്നു. 8എന്റെ വിശുദ്ധവസ്തുക്കളെ നീ ധിക്കരിച്ച് എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുന്നു. 9രക്തം ചൊരിയേണ്ടതിന് ഏഷണി പറയുന്നവർ നിന്നിൽ ഉണ്ട്; പൂജാഗിരികളിൽ ഭക്ഷണം കഴിക്കുന്നവർ നിന്നിൽ ഉണ്ട്; നിന്റെ നടുവിൽ അവർ ദുഷ്കർമം പ്രവർത്തിക്കുന്നു. 10നിന്നിൽ അവർ അപ്പന്റെ നഗ്നത അനാവൃതമാക്കുന്നു; നിന്നിൽവച്ച് അവർ ഋതുമാലിന്യത്തിൽ ഇരിക്കുന്നവളെ വഷളാക്കുന്നു. 11ഒരുത്തൻ തന്റെ കൂട്ടുകാരന്റെ ഭാര്യയുമായി മ്ലേച്ഛത പ്രവർത്തിക്കുന്നു; മറ്റൊരുത്തൻ തന്റെ മരുമകളെ ദുർമര്യാദ പ്രവർത്തിച്ചു മലിനയാക്കുന്നു; വേറൊരുത്തൻ നിന്നിൽ വച്ചു തന്റെ അപ്പന്റെ മകളായ സഹോദരിയെ വഷളാക്കുന്നു. 12രക്തംചൊരിയേണ്ടതിന് അവർ നിന്നിൽ കൈക്കൂലി വാങ്ങുന്നു; പലിശയും ലാഭവും വാങ്ങി നീ കൂട്ടുകാരെ ഞെരുക്കി സമ്പാദ്യമുണ്ടാക്കി എന്നെ മറന്നുകളഞ്ഞിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 13നീ സമ്പാദിച്ചിരിക്കുന്ന ലാഭത്തെയും നിന്റെ നടുവിലുണ്ടായ രക്തപാതകത്തെയും കുറിച്ചു ഞാൻ കൈകൊട്ടും. 14ഞാൻ നിന്നോടു കാര്യം തീർക്കുന്ന നാളിൽ നീ ധൈര്യത്തോടെ നില്ക്കുമോ? നിന്റെ കൈകൾ ബലപ്പെട്ടിരിക്കുമോ? യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു; ഞാൻ നിവർത്തിക്കയും ചെയ്യും. 15ഞാൻ നിന്നെ ജാതികളുടെ ഇടയിൽ ചിന്നിച്ചു രാജ്യങ്ങളിൽ ചിതറിച്ചു നിന്റെ മലിനത നിങ്കൽനിന്നു നീക്കും. 16ജാതികൾ കാൺകെ നീ നിന്നിൽത്തന്നെ മലിനയായിത്തീരും; ഞാൻ യഹോവ എന്നു നീ അറിയും.
17യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 18മനുഷ്യപുത്രാ, യിസ്രായേൽഗൃഹം എനിക്കു കിട്ടമായിത്തീർന്നിരിക്കുന്നു; അവരെല്ലാവരും ഉലയുടെ നടുവിൽ താമ്രവും വെളുത്തീയവും ഇരുമ്പും കറുത്തീയവും തന്നെ; അവർ വെള്ളിയുടെ കിട്ടമായിത്തീർന്നിരിക്കുന്നു. 19അതുകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എല്ലാവരും കിട്ടമായിത്തീർന്നിരിക്കകൊണ്ട് ഞാൻ നിങ്ങളെ യെരൂശലേമിന്റെ നടുവിൽ കൂട്ടും. 20വെള്ളിയും താമ്രവും ഇരുമ്പും കറുത്തീയവും വെളുത്തീയവും ഉലയുടെ നടുവിൽ ഇട്ട് ഊതി ഉരുക്കുന്നതുപോലെ ഞാൻ എന്റെ കോപത്തിലും എന്റെ ക്രോധത്തിലും നിങ്ങളെയും കൂട്ടിയുരുക്കും. 21ഞാൻ നിങ്ങളെ കൂട്ടി എന്റെ ക്രോധാഗ്നിയെ നിങ്ങളുടെമേൽ ഊതും; അങ്ങനെ നിങ്ങൾ അതിന്റെ നടുവിൽ ഉരുകിപ്പോകും. 22ഉലയുടെ നടുവിൽ വെള്ളി ഉരുകിപ്പോകുന്നതുപോലെ, നിങ്ങൾ അതിന്റെ നടുവിൽ ഉരുകിപ്പോകും; യഹോവയായ ഞാൻ എന്റെ ക്രോധം നിങ്ങളുടെമേൽ പകർന്നിരിക്കുന്നു എന്നു നിങ്ങൾ അറിയും. 23യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 24മനുഷ്യപുത്രാ, നീ അതിനോടു പറയേണ്ടത്; ക്രോധദിവസത്തിൽ നീ ശുദ്ധിയില്ലാത്തതും മഴയില്ലാത്തതുമായ ദേശമായിരിക്കും. 25അതിന്റെ നടുവിൽ അതിലെ പ്രവാചകന്മാരുടെ ഒരു കൂട്ടുകെട്ടുണ്ട്; അലറി ഇര കടിച്ചുകീറുന്ന ഒരു സിംഹംപോലെ അവർ ദേഹികളെ വിഴുങ്ങിക്കളയുന്നു; നിക്ഷേപങ്ങളെയും വിലയേറിയ വസ്തുക്കളെയും അപഹരിച്ചുകൊണ്ട് അവർ അതിന്റെ നടുവിൽ വിധവമാരെ വർധിപ്പിക്കുന്നു. 26അതിലെ പുരോഹിതന്മാർ എന്റെ ന്യായപ്രമാണത്തോടു ദ്രോഹം ചെയ്ത് എന്റെ വിശുദ്ധവസ്തുക്കളെ അശുദ്ധമാക്കുന്നു; അവർ ശുദ്ധവും അശുദ്ധവും തമ്മിൽ വേർതിരിക്കുന്നില്ല; മലിനവും നിർമലിനവും തമ്മിലുള്ള ഭേദം കാണിച്ചുകൊടുക്കുന്നതുമില്ല; ഞാൻ അവരുടെ മധ്യേ അശുദ്ധനായി ഭവിക്കത്തക്കവണ്ണം അവർ എന്റെ ശബ്ബത്തുകളെ നോക്കാതെ കണ്ണു മറച്ചുകളയുന്നു. 27അതിന്റെ നടുവിലെ പ്രഭുക്കന്മാർ ലാഭം ഉണ്ടാക്കേണ്ടതിന് ഇര കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെ രക്തം ചൊരിവാനും ദേഹികളെ നശിപ്പിപ്പാനും നോക്കുന്നു. 28അതിലെ പ്രവാചകന്മാർ വ്യാജം ദർശിച്ചും കള്ളപ്രശ്നം പറഞ്ഞും യഹോവ അരുളിച്ചെയ്യാതിരിക്കെ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറഞ്ഞുംകൊണ്ട് അവർക്കു കുമ്മായം തേക്കുന്നു. 29ദേശത്തിലെ ജനം ഞെരുക്കം ചെയ്കയും പിടിച്ചുപറിക്കയും എളിയവനെയും ദരിദ്രനെയും ഉപദ്രവിക്കയും പരദേശിയെ അന്യായമായി പീഡിപ്പിക്കയും ചെയ്യുന്നു. 30ഞാൻ ദേശത്തെ നശിപ്പിക്കാതവണ്ണം അതിനു മതിൽ കെട്ടി എന്റെ മുമ്പാകെ ഇടിവിൽ നില്ക്കേണ്ടതിന് ഒരു പുരുഷനെ ഞാൻ അവരുടെ ഇടയിൽ അന്വേഷിച്ചു; ആരെയും കണ്ടില്ലതാനും. 31ആകയാൽ ഞാൻ എന്റെ ക്രോധം അവരുടെമേൽ പകർന്ന് എന്റെ കോപാഗ്നികൊണ്ട് അവരെ മുടിച്ചുകളഞ്ഞിരിക്കുന്നു; അവരുടെ നടപ്പിനു തക്കവണ്ണം ഞാൻ അവർക്കു പകരം കൊടുത്തിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in