YouVersion Logo
Search Icon

യെഹെസ്കേൽ 21

21
1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 2മനുഷ്യപുത്രാ, നിന്റെ മുഖം യെരൂശലേമിനു നേരേ തിരിച്ച് വിശുദ്ധമന്ദിരത്തിനു വിരോധമായി പ്രസംഗിച്ച് യിസ്രായേൽദേശത്തിനു വിരോധമായി പ്രവചിച്ചു 3യിസ്രായേൽദേശത്തോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ നേരേ പുറപ്പെട്ട് എന്റെ വാൾ ഉറയിൽനിന്ന് ഊരി നീതിമാനെയും ദുഷ്ടനെയും നിന്നിൽനിന്നു ഛേദിച്ചുകളയും. 4ഞാൻ നീതിമാനെയും ദുഷ്ടനെയും നിന്നിൽനിന്നു ഛേദിച്ചുകളവാൻ പോകുന്നതുകൊണ്ട്, തെക്കുമുതൽ വടക്കുവരെ സകല ജഡത്തിനും വിരോധമായി എന്റെ വാൾ ഉറയിൽനിന്നു പുറപ്പെടും. 5യഹോവയായ ഞാൻ എന്റെ വാൾ ഉറയിൽനിന്ന് ഊരിയെന്നു സകല ജഡവും അറിയും. അത് ഇനി മടങ്ങിപ്പോരികയില്ല. 6നീയോ, മനുഷ്യപുത്രാ, നിന്റെ നടു ഒടികെ നെടുവീർപ്പിടുക; അവർ കാൺകെ കഠിനമായി നെടുവീർപ്പിടുക. 7എന്തിനു നെടുവീർപ്പിടുന്നു എന്ന് അവർ നിന്നോടു ചോദിച്ചാൽ നീ ഉത്തരം പറയേണ്ടത്: ഒരു വർത്തമാനം നിമിത്തം തന്നെ; അതു സംഭവിക്കുമ്പോൾ സകല ഹൃദയവും ഉരുകിപ്പോകും, എല്ലാ കൈകളും കുഴഞ്ഞുപോകും, ഏതു മനസ്സും കലങ്ങിപ്പോകും, എല്ലാ മുഴങ്കാലും വെള്ളംപോലെ ഒഴുകിപ്പോകും; അതു വന്നുകഴിഞ്ഞു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 8യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 9മനുഷ്യപുത്രാ, നീ പ്രവചിച്ചുപറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരു വാൾ; ഒരു വാൾ; അതു മൂർച്ചകൂട്ടി മിനുക്കിയിരിക്കുന്നു എന്നു പറക. 10കൊല നടത്തുവാൻ അതിനു മൂർച്ചകൂട്ടിയിരിക്കുന്നു; മിന്നുവാൻ തക്കവണ്ണം അതിനെ മിനുക്കിയിരിക്കുന്നു; അല്ലെങ്കിൽ നമുക്കു സന്തോഷിക്കാമോ? അത് എന്റെ മകന്റെ ചെങ്കോലിനെയും സകല വൃക്ഷത്തെയും നിരസിക്കുന്നു. 11ഉപയോഗിപ്പാൻ തക്കവണ്ണം അവൻ അതു മിനുക്കുവാൻ കൊടുത്തിരിക്കുന്നു; കൊല്ലുന്നവന്റെ കൈയിൽ കൊടുപ്പാൻ ഈ വാൾ മൂർച്ചകൂട്ടി മിനുക്കിയിരിക്കുന്നു. 12മനുഷ്യപുത്രാ, നിലവിളിച്ചു മുറയിടുക! അത് എന്റെ ജനത്തിന്മേലും യിസ്രായേലിന്റെ സകല പ്രഭുക്കന്മാരുടെമേലും വരും അവർ എന്റെ ജനത്തോടുകൂടെ വാളിന് ഏല്പിക്കപ്പെട്ടവരാകുന്നു; ആകയാൽ നീ തുടയിൽ അടിക്ക. 13അതൊരു പരീക്ഷയല്ലോ; എന്നാൽ നിരസിക്കുന്ന ചെങ്കോൽ തന്നെ ഇല്ലാതെപോയാൽ എന്ത് എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 14നീയോ മനുഷ്യപുത്രാ, പ്രവചിച്ചു കൈകൊട്ടുക; വാൾ, നിഹതന്മാരുടെ വാൾ തന്നെ, മുമ്മടങ്ങായി ഭവിക്കട്ടെ; നിഹതന്റെ വലിയ വാൾ അവരെ ചുറ്റുന്നു. 15അവരുടെ ഹൃദയം ഉരുകിപ്പോകേണ്ടതിനും അവരിൽ പട്ടുപോയവർ പെരുകേണ്ടതിനും ഞാൻ വാളിൻമുനയെ അവരുടെ എല്ലാ വാതിലുകൾക്കും നേരേ വച്ചിരിക്കുന്നു; അയ്യോ, അതു മിന്നൽപോലെയിരിക്കുന്നു; അതു കൊലയ്ക്കായി കൂർപ്പിച്ചിരിക്കുന്നു. 16പുറകോട്ടോ ഇടത്തോട്ടോ വലത്തോട്ടോ, നിന്റെ വായ്ത്തല തിരിയുന്നേടത്തേക്കുതന്നെ പുറപ്പെടുക. 17ഞാനും കൈ കൊട്ടി, എന്റെ ക്രോധത്തെ ശമിപ്പിക്കും; യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു. 18യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 19മനുഷ്യപുത്രാ, ബാബേൽരാജാവിന്റെ വാൾ വരേണ്ടതിനു നീ രണ്ടു വഴി നിയമിക്ക; രണ്ടും ഒരു ദേശത്തുനിന്നു തന്നെ പുറപ്പെടേണം; ഒരു കൈചൂണ്ടി ഉണ്ടാക്കി നഗരത്തിലേക്കുള്ള വഴിയുടെ തലയ്ക്കൽ നാട്ടുക. 20അങ്ങനെ വാൾ അമ്മോന്യരുടെ രബ്ബായിലും യെഹൂദായിൽ ഉറപ്പുള്ള യെരൂശലേമിലും വരേണ്ടതിനു നീ വഴി നിയമിക്ക. 21ബാബേൽരാജാവ് ഇരുവഴിത്തലയ്ക്കൽ, വഴിത്തിരിവിങ്കൽ തന്നെ, പ്രശ്നം നോക്കുവാൻ നില്ക്കുന്നു; അവൻ തന്റെ അമ്പുകളെ കുലുക്കി കുലദേവന്മാരോടു ചോദിക്കയും കരൾ നോക്കുകയും ചെയ്യുന്നു. 22യന്ത്രമുട്ടികളെ വയ്ക്കേണ്ടതിനും വൻകൊലയ്ക്കായി വായ് പിളർന്ന് ആർപ്പുവിളിക്കേണ്ടതിനും വാതിലുകളുടെ നേരേ യന്ത്രമുട്ടികളെ വയ്ക്കേണ്ടതിനും വാട കോരി കൊത്തളം പണിയേണ്ടതിനും യെരൂശലേമിനെക്കുറിച്ചുള്ള പ്രശ്നം അവന്റെ വലംകൈയിൽ വന്നിരിക്കുന്നു. 23എന്നാൽ അത് അവർക്കു വ്യാജലക്ഷണമായി തോന്നുന്നു; അവർ ആണ ഇടുവിച്ചിരിക്കുന്നുവല്ലോ; എന്നാൽ അവർ പിടിക്കപ്പെടേണ്ടതിന് അവൻ അകൃത്യം ഓർപ്പിക്കുന്നു. 24അതുകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ സകല പ്രവൃത്തികളിലും നിങ്ങളുടെ പാപങ്ങൾ പ്രത്യക്ഷമാകത്തക്കവണ്ണം നിങ്ങളുടെ അതിക്രമങ്ങൾ വെളിപ്പെട്ടുവരുന്നതിനാൽ നിങ്ങൾ നിങ്ങളുടെ അകൃത്യം ഓർപ്പിച്ചിരിക്കുന്നതുകൊണ്ടും നിങ്ങളെയും ഓർത്തിരിക്കുന്നതുകൊണ്ടും നിങ്ങളെ കൈയാൽ പിടിക്കും. 25നിഹതനും ദുഷ്ടനുമായി യിസ്രായേലിന്റെ പ്രഭുവായുള്ളോവേ, അന്ത്യാകൃത്യത്തിന്റെ കാലത്ത് നിന്റെ നാൾ വന്നിരിക്കുന്നു. 26യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ മകുടം നീക്കി കിരീടം എടുത്തുകളയും; അത് അങ്ങനെ ഇരിക്കയില്ല; ഞാൻ താണതിനെ ഉയർത്തുകയും ഉയർന്നതിനെ താഴ്ത്തുകയും ചെയ്യും. 27ഞാൻ അതിന് ഉന്മൂലനാശം, ഉന്മൂലനാശം, ഉന്മൂലനാശം വരുത്തും; അതിന് അവകാശമുള്ളവൻ വരുവോളം അത് ഇല്ലാതെയിരിക്കും; അവനു ഞാൻ അതു കൊടുക്കും. 28മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടത്: അമ്മോന്യരെക്കുറിച്ചും അവരുടെ നിന്ദയെക്കുറിച്ചും യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: 29അന്ത്യാകൃത്യത്തിന്റെ കാലത്ത്, നാൾ വന്നവരായി ദുഷ്ടന്മാരായ നിഹതന്മാരുടെ കഴുത്തിൽ വയ്ക്കേണ്ടതിന് അവർ നിനക്കു വ്യാജം ദർശിക്കുന്ന നേരത്തും നിനക്കു ഭോഷ്കു ലക്ഷണം പറയുന്ന നേരത്തും ഒരു വാൾ, ഒരു വാൾ ഊരിയിരിക്കുന്നു; അതു മിന്നൽപോലെ മിന്നേണ്ടതിനും തിന്നുകളയേണ്ടതിനും കൊലയ്ക്കായി മിനുക്കിയിരിക്കുന്നു എന്നു പറക. 30അതിനെ ഉറയിൽ ഇടുക; നീ സൃഷ്‍ടിക്കപ്പെട്ട സ്ഥലത്ത്, നിന്റെ ജന്മദേശത്തു തന്നെ ഞാൻ നിന്നെ ന്യായം വിധിക്കും, 31ഞാൻ എന്റെ ക്രോധം നിന്റെമേൽ പകർന്ന് എന്റെ കോപാഗ്നി നിന്റെമേൽ ഊതി, മൃഗപ്രായരും നശിപ്പിപ്പാൻ മിടുക്കന്മാരുമായ മനുഷ്യരുടെ കൈയിൽ നിന്നെ ഏല്പിക്കും. 32നീ തീക്കിരയായിത്തീരും; നിന്റെ രക്തം നിന്റെ ദേശത്തിന്റെ നടുവിൽ ഇരിക്കും; നിന്നെ ഇനി ആരും ഓർക്കയില്ല; യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in