പുറപ്പാട് 26
26
1തിരുനിവാസത്തെ പിരിച്ച പഞ്ഞി നൂൽ, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവ കൊണ്ടുണ്ടാക്കിയ പത്തു മൂടുശീലകൊണ്ടു തീർക്കേണം; നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകൾ ഉള്ളവയായി അവയെ ഉണ്ടാക്കേണം. 2ഓരോ മൂടുശീലയ്ക്ക് ഇരുപത്തെട്ടു മുഴം നീളവും ഓരോ മൂടുശീലയ്ക്കു നാലു മുഴം വീതിയും ഇങ്ങനെ മൂടുശീലയ്ക്കെല്ലാം ഒരു അളവ് ആയിരിക്കേണം. 3അഞ്ചു മൂടുശീല ഒന്നോടൊന്ന് ഇണച്ചിരിക്കേണം; മറ്റേ അഞ്ചു മൂടുശീലയും ഒന്നോടൊന്ന് ഇണച്ചിരിക്കേണം. 4ഇങ്ങനെ ഇണച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ നീലനൂൽകൊണ്ട് കണ്ണി ഉണ്ടാക്കേണം; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അങ്ങനെതന്നെ ഉണ്ടാക്കേണം. 5ഒരു മൂടുശീലയിൽ അമ്പതു കണ്ണി ഉണ്ടാക്കേണം; രണ്ടാമത്തെ വിരിയിലുള്ള മൂടുശീലയുടെ വിളുമ്പിലും അമ്പതു കണ്ണി ഉണ്ടാക്കേണം; കണ്ണി നേർക്കുനേരേ ആയിരിക്കേണം. 6പൊന്നുകൊണ്ട് അമ്പതു കൊളുത്തും ഉണ്ടാക്കേണം; തിരുനിവാസം ഒന്നായിരിപ്പാൻ തക്കവണ്ണം മൂടുശീലകളെ കൊളുത്തുകൊണ്ട് ഒന്നിച്ച് ഇണക്കേണം. 7തിരുനിവാസത്തിന്മേൽ മൂടുവിരിയായി കോലാട്ടുരോമംകൊണ്ടു മൂടുശീല ഉണ്ടാക്കേണം; പതിനൊന്നു മൂടുശീല വേണം. 8ഓരോ മൂടുശീലയ്ക്കു മുപ്പതു മുഴം നീളവും ഓരോ മൂടുശീലയ്ക്കു നാലു മുഴം വീതിയും ഇങ്ങനെ മൂടുശീല പതിനൊന്നിനും ഒരു അളവ് ആയിരിക്കേണം. 9അഞ്ചു മൂടുശീല ഒന്നായും ആറു മൂടുശീല ഒന്നായും ഇണച്ച് ആറാമത്തെ മൂടുശീല കൂടാരത്തിന്റെ മുൻവശത്തു മടക്കി ഇടേണം. 10ഇണച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും രണ്ടാമത്തെ വിരിയിലെ മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും ഉണ്ടാക്കേണം. 11താമ്രംകൊണ്ട് അമ്പതു കൊളുത്തും ഉണ്ടാക്കി കൊളുത്തു കണ്ണിയിൽ ഇട്ടു കൂടാരം ഒന്നായിരിക്കത്തക്കവണ്ണം ഇണച്ചുകൊള്ളേണം. 12മൂടുവിരിയുടെ മൂടുശീലയിൽ മിച്ചമായി കവിഞ്ഞു കിടക്കുന്ന പാതി മൂടുശീല തിരുനിവാസത്തിന്റെ പിൻവശത്തു തൂങ്ങിക്കിടക്കേണം. 13മൂടുവിരിയുടെ മൂടുശീല നീളത്തിൽ ശേഷിപ്പുള്ളത് ഇപ്പുറത്ത് ഒരു മുഴവും അപ്പുറത്ത് ഒരു മുഴവും ഇങ്ങനെ തിരുനിവാസത്തെ മൂടേണ്ടുന്നതിന് അതിന്റെ രണ്ടു പാർശ്വങ്ങളിലും തൂങ്ങിക്കിടക്കേണം. 14ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടു മൂടുവിരിക്ക് ഒരു പുറമൂടിയും അതിന്റെ മീതെ തഹശുതോൽകൊണ്ട് ഒരു പുറമൂടിയും ഉണ്ടാക്കേണം.
15തിരുനിവാസത്തിനു ഖദിരമരംകൊണ്ടു നിവിരെ നില്ക്കുന്ന പലകകളും ഉണ്ടാക്കേണം. 16ഓരോ പലകയ്ക്കും പത്തു മുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരിക്കേണം. 17ഓരോ പലകയ്ക്ക് ഒന്നോടൊന്നു ചേർന്നിരിക്കുന്ന രണ്ടു കുടുമ ഉണ്ടായിരിക്കേണം; തിരുനിവാസത്തിന്റെ പലകയ്ക്ക് ഒക്കെയും അങ്ങനെതന്നെ ഉണ്ടാക്കേണം. 18തിരുനിവാസത്തിനു പലകകൾ ഉണ്ടാക്കേണം; തെക്കുവശത്തേക്ക് ഇരുപതു പലക. 19ഇരുപതു പലകയ്ക്കും താഴെ വെള്ളികൊണ്ടു നാല്പതു ചുവട്, ഒരു പലകയുടെ അടിയിൽ രണ്ടു കുടുമയ്ക്കു രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു കുടുമയ്ക്കു രണ്ടു ചുവടും ഇങ്ങനെ ഇരുപതു പലകയുടെയും അടിയിൽ വെള്ളികൊണ്ടു നാല്പതു ചുവട് ഉണ്ടാക്കേണം. 20തിരുനിവാസത്തിന്റെ മറുപുറത്ത് വടക്കുവശത്തേക്ക് ഇരുപതു പലകയും 21ഒരു പലകയുടെ താഴെ രണ്ടു ചുവട്, മറ്റൊരു പലകയുടെ താഴെ രണ്ടു ചുവട്, ഇങ്ങനെ അവയ്ക്കു നാല്പതു വെള്ളിച്ചുവടും ഉണ്ടാക്കേണം. 22തിരുനിവാസത്തിന്റെ പിൻവശത്തു പടിഞ്ഞാറോട്ട് ആറു പലക ഉണ്ടാക്കേണം. 23തിരുനിവാസത്തിന്റെ രണ്ടു വശത്തുമുള്ള മൂലയ്ക്ക് ഈരണ്ടു പലക ഉണ്ടാക്കേണം. 24ഇവ താഴെ ഇരട്ടിയായിരിക്കേണം, മേലറ്റത്തോ ഒന്നാം വളയംവരെ തമ്മിൽ ചേർന്ന് ഒറ്റയായിരിക്കേണം; രണ്ടിനും അങ്ങനെതന്നെ വേണം; അവ രണ്ടു മൂലയ്ക്കും ഇരിക്കേണം. 25ഇങ്ങനെ എട്ടു പലകയും അവയുടെ വെള്ളിച്ചുവട്, ഒരു പലകയുടെ അടിയിൽ രണ്ടു ചുവട്, മറ്റൊരു പലകയുടെ അടിയിൽ രണ്ടു ചുവട് ഇങ്ങനെ പതിനാറു വെള്ളിച്ചുവടും വേണം. 26ഖദിരമരംകൊണ്ട് അന്താഴങ്ങൾ ഉണ്ടാക്കേണം; തിരുനിവാസത്തിന്റെ ഒരു ഭാഗത്തെ പലകയ്ക്ക് അഞ്ച് അന്താഴം. 27തിരുനിവാസത്തിന്റെ മറുഭാഗത്തെ പലകയ്ക്ക് അഞ്ച് അന്താഴം, തിരുനിവാസത്തിന്റെ പടിഞ്ഞാറേ ഭാഗത്തു പിൻവശത്തെ പലകയ്ക്ക് അഞ്ച് അന്താഴം. 28നടുവിലത്തെ അന്താഴം പലകയുടെ നടുവിൽ ഒരു അറ്റത്തുനിന്നു മറ്റേ അറ്റത്തോളം ചെല്ലുന്നതായിരിക്കേണം. 29പലക പൊന്നുകൊണ്ടു പൊതികയും അന്താഴം ചെലുത്തുവാനുള്ള അവയുടെ വളയങ്ങൾ പൊന്നുകൊണ്ട് ഉണ്ടാക്കുകയും വേണം; അന്താഴങ്ങൾ പൊന്നുകൊണ്ടു പൊതിയേണം. 30അങ്ങനെ പർവതത്തിൽവച്ച് കാണിച്ചുതന്ന പ്രമാണപ്രകാരം നീ തിരുനിവാസം നിവിർത്തേണം.
31നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ഒരു തിരശ്ശീല ഉണ്ടാക്കേണം; നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായി അതിനെ ഉണ്ടാക്കേണം. 32പൊന്നു പൊതിഞ്ഞതും പൊൻകൊളുത്തുള്ളതും വെള്ളികൊണ്ടുള്ള നാലു ചുവടിന്മേൽ നില്ക്കുന്നതുമായ നാലു ഖദിരസ്തംഭങ്ങളിന്മേൽ അതു തൂക്കിയിടേണം. 33കൊളുത്തുകളിൽ തിരശ്ശീല തൂക്കി സാക്ഷ്യപെട്ടകം തിരശ്ശീലയ്ക്കകത്ത് കൊണ്ടുചെന്നു വയ്ക്കേണം; തിരശ്ശീല വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവും തമ്മിൽ വേർതിരിക്കുന്നതായിരിക്കേണം. 34അതിവിശുദ്ധസ്ഥലത്തു സാക്ഷ്യപെട്ടകത്തിന്മീതെ കൃപാസനം വയ്ക്കേണം. 35തിരശ്ശീലയുടെ പുറമേ മേശയും മേശയ്ക്ക് എതിരേ തിരുനിവാസത്തിന്റെ തെക്കുഭാഗത്തു നിലവിളക്കും വയ്ക്കേണം; മേശ വടക്കുഭാഗത്തു വയ്ക്കേണം. 36നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽ പണിയായ ഒരു മറയും കൂടാരത്തിന്റെ വാതിലിന് ഉണ്ടാക്കേണം. 37മറശ്ശീലയ്ക്കു ഖദിരമരംകൊണ്ട് അഞ്ച് തൂണുണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം. അവയുടെ കൊളുത്ത് പൊന്നുകൊണ്ട് ആയിരിക്കേണം; അവയ്ക്കു താമ്രംകൊണ്ട് അഞ്ചു ചുവടും വാർപ്പിക്കേണം.
Currently Selected:
പുറപ്പാട് 26: MALOVBSI
Highlight
Share
Copy
![None](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2F58%2Fhttps%3A%2F%2Fweb-assets.youversion.com%2Fapp-icons%2Fen.png&w=128&q=75)
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.