YouVersion Logo
Search Icon

പുറപ്പാട് 27

27
1അഞ്ചു മുഴം നീളവും അഞ്ചു മുഴംവീതിയുമായി ഖദിരമരംകൊണ്ടു യാഗപീഠം ഉണ്ടാക്കേണം; യാഗപീഠം സമചതുരവും മൂന്നു മുഴം ഉയരവും ആയിരിക്കേണം. 2അതിന്റെ നാലു കോണിലും കൊമ്പ് ഉണ്ടാക്കേണം; കൊമ്പ് അതിൽനിന്നുതന്നെ ആയിരിക്കേണം; അതു താമ്രംകൊണ്ടു പൊതിയേണം. 3അതിലെ വെണ്ണീർ എടുക്കേണ്ടതിനു ചട്ടികളും അതിന്റെ ചട്ടുകങ്ങളും കിണ്ണങ്ങളും മുൾകൊളുത്തുകളും തീക്കലശങ്ങളും ഉണ്ടാക്കേണം; അതിന്റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ട് ഉണ്ടാക്കേണം. 4അതിനു താമ്രംകൊണ്ട് വലപ്പണിയായി ഒരു ജാലവും ഉണ്ടാക്കേണം; ജാലത്തിന്മേൽ നാലു കോണിലും നാലു താമ്രവളയം ഉണ്ടാക്കേണം. 5ജാലം യാഗപീഠത്തിന്റെ പകുതിയോളം എത്തുംവണ്ണം താഴെ യാഗപീഠത്തിന്റെ ചുറ്റുപടിക്ക് കീഴായി വയ്ക്കേണം. 6യാഗപീഠത്തിനു ഖദിരമരം കൊണ്ടു തണ്ടുകൾ ഉണ്ടാക്കി താമ്രംകൊണ്ടു പൊതിയേണം. 7തണ്ടുകൾ വളയങ്ങളിൽ ഇടേണം; യാഗപീഠം ചുമക്കുമ്പോൾ തണ്ടുകൾ അതിന്റെ രണ്ടു ഭാഗത്തും ഉണ്ടായിരിക്കേണം. 8പലകകൊണ്ടു പൊള്ളയായി അത് ഉണ്ടാക്കേണം; പർവതത്തിൽവച്ചു കാണിച്ചുതന്ന പ്രകാരംതന്നെ അത് ഉണ്ടാക്കേണം.
9തിരുനിവാസത്തിനു പ്രാകാരവും ഉണ്ടാക്കേണം; തെക്കേ ഭാഗത്തേക്കു പ്രാകാരത്തിന് പിരിച്ച പഞ്ഞിനൂൽകൊണ്ട് ഒരു ഭാഗത്തേക്ക് നൂറു മുഴം നീളത്തിൽ മറശ്ശീല വേണം. 10അതിന്റെ ഇരുപതു തൂണും അവയുടെ ഇരുപതു ചുവടും താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടികളും വെള്ളികൊണ്ടും ആയിരിക്കേണം. 11അങ്ങനെതന്നെ വടക്കേ ഭാഗത്തേക്കു നൂറു മുഴം നീളത്തിൽ മറശ്ശീല വേണം; അതിന്റെ ഇരുപതു തൂണും അവയുടെ ഇരുപതു ചുവടും താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടികളും വെള്ളികൊണ്ടും ആയിരിക്കേണം. 12പടിഞ്ഞാറേ ഭാഗത്തേക്കു പ്രാകാരത്തിന്റെ വീതിക്ക് അമ്പതു മുഴം നീളത്തിൽ മറശ്ശീലയും അതിനു പത്തു തൂണും അവയ്ക്കു പത്തു ചുവടും വേണം. 13കിഴക്കേ ഭാഗത്തേക്കും പ്രാകാരത്തിന്റെ വീതി അമ്പതു മുഴം ആയിരിക്കേണം. 14ഒരു ഭാഗത്തേക്കു പതിനഞ്ചു മുഴം നീളമുള്ള മറശ്ശീലയും അതിന് മൂന്നു തൂണും അവയ്ക്കു മൂന്നു ചുവടും വേണം. 15മറ്റേ ഭാഗത്തേക്കും പതിനഞ്ചു മുഴം നീളമുള്ള മറശ്ശീലയും അതിനു മൂന്നു തൂണും അവയ്ക്കു മൂന്നു ചുവടും വേണം. 16എന്നാൽ പ്രാകാരത്തിന്റെ വാതിലിനു നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽ പണിയായി ഇരുപതു മുഴം നീളമുള്ള ഒരു മറയും അതിനു നാലു തൂണും അവയ്ക്കു നാലു ചുവടും വേണം. 17പ്രാകാരത്തിന്റെ എല്ലാ തൂണുകൾക്കും വെള്ളികൊണ്ടു മേൽചുറ്റുപടി വേണം; അവയുടെ കൊളുത്ത് വെള്ളികൊണ്ടും അവയുടെ ചുവട് താമ്രംകൊണ്ടും ആയിരിക്കേണം. 18പ്രാകാരത്തിനു നൂറു മുഴം നീളവും എല്ലാടവും അമ്പതു മുഴം വീതിയും അഞ്ചു മുഴം ഉയരവും ഉണ്ടായിരിക്കേണം; അതു പിരിച്ച പഞ്ഞിനൂൽകൊണ്ടും ചുവട് താമ്രംകൊണ്ടും ആയിരിക്കേണം. 19തിരുനിവാസത്തിലെ സകല ശുശ്രൂഷയ്ക്കുമുള്ള ഉപകരണങ്ങളൊക്കെയും അതിന്റെ എല്ലാ കുറ്റികളും പ്രാകാരത്തിന്റെ എല്ലാ കുറ്റികളും താമ്രംകൊണ്ട് ആയിരിക്കേണം.
20വിളക്കു നിരന്തരം കത്തിക്കൊണ്ടിരിക്കേണ്ടതിനു യിസ്രായേൽമക്കൾ വിളക്കിന് ഇടിച്ചെടുത്ത തെളിവുള്ള ഒലിവെണ്ണ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ അവരോടു കല്പിക്ക. 21സമാഗമനകൂടാരത്തിൽ സാക്ഷ്യത്തിനു മുമ്പിലുള്ള തിരശ്ശീലയ്ക്കു പുറത്ത് അഹരോനും അവന്റെ പുത്രന്മാരും അതിനെ വൈകുന്നേരംമുതൽ പ്രഭാതംവരെ യഹോവയുടെ മുമ്പാകെ കത്തുവാൻ തക്കവണ്ണം വയ്ക്കേണം; ഇത് യിസ്രായേൽമക്കൾക്ക് തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in