YouVersion Logo
Search Icon

പുറപ്പാട് 15

15
1മോശെയും യിസ്രായേൽമക്കളും അന്നു യഹോവയ്ക്കു സങ്കീർത്തനം പാടി ചൊല്ലിയതെന്തെന്നാൽ:
ഞാൻ യഹോവയ്ക്കു പാട്ടുപാടും,
അവൻ മഹോന്നതൻ:
കുതിരയെയും അതിന്മേൽ ഇരുന്നവനെയും
അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.
2എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ;
അവൻ എനിക്കു രക്ഷയായിത്തീർന്നു.
അവൻ എന്റെ ദൈവം;
ഞാൻ അവനെ സ്തുതിക്കും;
അവൻ എന്റെ പിതാവിൻ ദൈവം;
ഞാൻ അവനെ പുകഴ്ത്തും.
3യഹോവ യുദ്ധവീരൻ; യഹോവ എന്ന്
അവന്റെ നാമം.
4ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും
അവൻ കടലിൽ തള്ളിയിട്ടു;
അവന്റെ രഥിപ്രവരന്മാർ ചെങ്കടലിൽ
മുങ്ങിപ്പോയി.
5ആഴി അവരെ മൂടി; അവർ കല്ലുപോലെ
ആഴത്തിൽ താണു.
6യഹോവേ, നിന്റെ വലംകൈ ബലത്തിൽ
മഹത്ത്വപ്പെട്ടു;
യഹോവേ, നിന്റെ വലംകൈ ശത്രുവിനെ
തകർത്തുകളഞ്ഞു.
7നീ എതിരാളികളെ മഹാപ്രഭാവത്താൽ
സംഹരിക്കുന്നു;
നീ നിന്റെ ക്രോധം അയയ്ക്കുന്നു;
അത് അവരെ താളടിയെപ്പോലെ
ദഹിപ്പിക്കുന്നു.
8നിന്റെ മൂക്കിലെ ശ്വാസത്താൽ
വെള്ളം കുന്നിച്ചുകൂടി;
പ്രവാഹങ്ങൾ ചിറപോലെ നിന്നു;
ആഴങ്ങൾ കടലിന്റെ ഉള്ളിൽ ഉറച്ചുപോയി.
9ഞാൻ പിന്തുടരും, പിടിക്കും,
കൊള്ള പങ്കിടും;
എന്റെ ആശ അവരാൽ പൂർത്തിയാകും;
ഞാൻ എന്റെ വാൾ ഊരും;
എന്റെ കൈ അവരെ നിഗ്രഹിക്കും
എന്നു ശത്രു പറഞ്ഞു.
10നിന്റെ കാറ്റിനെ നീ ഊതിച്ചു,
കടൽ അവരെ മൂടി;
അവർ ഈയംപോലെ പെരുവെള്ളത്തിൽ
താണു.
11യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ?
വിശുദ്ധിയിൽ മഹിമയുള്ളവനേ,
സ്തുതികളിൽ ഭയങ്കരനേ,
അദ്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ,
നിനക്കു തുല്യൻ ആർ?
12നീ വലംകൈ നീട്ടി; ഭൂമി അവരെ വിഴുങ്ങി.
13നീ വീണ്ടെടുത്ത ജനത്തെ ദയയാൽ നടത്തി;
നിന്റെ വിശുദ്ധനിവാസത്തിലേക്കു
നിന്റെ ബലത്താൽ അവരെ
കൊണ്ടുവന്നു.
14ജാതികൾ കേട്ടു നടുങ്ങുന്നു.
ഫെലിസ്ത്യനിവാസികൾക്കു ഭീതി
പിടിച്ചിരിക്കുന്നു.
15എദോമ്യപ്രഭുക്കന്മാർ ഭ്രമിച്ചു;
മോവാബ്യമുമ്പന്മാർക്കു കമ്പം പിടിച്ചു;
കനാന്യനിവാസികളെല്ലാം ഉരുകിപ്പോകുന്നു.
16ഭയവും ഭീതിയും അവരുടെമേൽ വീണു;
നിൻ ഭുജമാഹാത്മ്യത്താൽ അവർ
കല്ലുപോലെ ആയി;
അങ്ങനെ, യഹോവേ, നിന്റെ ജനം കടന്നു,
നീ സമ്പാദിച്ച ജനം കടന്നുപോയി.
17നീ അവരെ കൊണ്ടുചെന്നു
തിരുനിവാസത്തിനൊരുക്കിയ
സ്ഥാനത്ത്,
യഹോവേ, നിന്നവകാശപർവതത്തിൽ
നീ അവരെ നട്ടു,
കർത്താവേ, തൃക്കൈ സ്ഥാപിച്ച
വിശുദ്ധമന്ദിരത്തിങ്കൽതന്നെ.
18യഹോവ എന്നുമെന്നേക്കും രാജാവായി വാഴും.
19എന്നാൽ ഫറവോന്റെ കുതിര അവന്റെ രഥവും കുതിരപ്പടയുമായി കടലിന്റെ നടുവിൽ ഇറങ്ങിച്ചെന്നപ്പോൾ യഹോവ കടലിലെ വെള്ളം അവരുടെമേൽ മടക്കിവരുത്തി; യിസ്രായേൽമക്കളോ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോന്നു. 20അഹരോന്റെ സഹോദരി മിര്യാം എന്ന പ്രവാചകി കൈയിൽ തപ്പെടുത്തു, സ്ത്രീകൾ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടുംകൂടെ അവളുടെ പിന്നാലെ ചെന്നു. 21മിര്യാം അവരോടു പ്രതിഗാനമായി ചൊല്ലിയതു:
യഹോവയ്ക്കു പാട്ടുപാടുവിൻ,
അവൻ മഹോന്നതൻ:
കുതിരയെയും അതിന്മേൽ ഇരുന്നവനെയും
അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.
22അനന്തരം മോശെ യിസ്രായേലിനെ ചെങ്കടലിൽനിന്നു പ്രയാണം ചെയ്യിച്ചു; അവർ ശൂർമരുഭൂമിയിൽ ചെന്നു, മൂന്നു ദിവസം മരുഭൂമിയിൽ വെള്ളം കിട്ടാതെ സഞ്ചരിച്ചു. 23മാറായിൽ എത്തിയാറെ, മാറായിലെ വെള്ളം കുടിപ്പാൻ അവർക്കു കഴിഞ്ഞില്ല; അതു കയ്പുള്ളതായിരുന്നു. അതുകൊണ്ട് അതിനു മാറാ എന്നു പേരിട്ടു. 24അപ്പോൾ ജനം: ഞങ്ങൾ എന്തു കുടിക്കും എന്നു പറഞ്ഞു മോശെയുടെ നേരേ പിറുപിറുത്തു. 25അവൻ യഹോവയോട് അപേക്ഷിച്ചു; യഹോവ അവന് ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവൻ അതു വെള്ളത്തിൽ ഇട്ടപ്പോൾ വെള്ളം മധുരമായിത്തീർന്നു. അവിടെവച്ച് അവൻ അവർക്ക് ഒരു ചട്ടവും പ്രമാണവും നിയമിച്ചു; അവിടെവച്ച് അവൻ അവരെ പരീക്ഷിച്ചു: 26നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ട് അവനു പ്രസാദമുള്ളതു ചെയ്കയും അവന്റെ കല്പനകളെ അനുസരിച്ച് അവന്റെ സകല വിധികളും പ്രമാണിക്കയും ചെയ്താൽ ഞാൻ മിസ്രയീമ്യർക്കു വരുത്തിയ വ്യാധികളിൽ ഒന്നും നിനക്കു വരുത്തുകയില്ല; ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു എന്ന് അരുളിച്ചെയ്തു. 27പിന്നെ അവർ ഏലീമിൽ എത്തി; അവിടെ പന്ത്രണ്ടു നീരുറവും എഴുപത് ഈത്തപ്പനയും ഉണ്ടായിരുന്നു; അവർ അവിടെ വെള്ളത്തിനരികെ പാളയമിറങ്ങി.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in