YouVersion Logo
Search Icon

പുറപ്പാട് 14

14
1യഹോവ പിന്നെയും മോശെയോടു കല്പിച്ചത് എന്തെന്നാൽ: 2നിങ്ങൾ തിരിഞ്ഞു മിഗ്ദോലിനും കടലിനും മധ്യേ ബാൽസെഫോനു സമീപത്തുള്ള പീഹഹീരോത്തിനരികെ പാളയം ഇറങ്ങേണമെന്നു യിസ്രായേൽമക്കളോടു പറക; അതിന്റെ സമീപത്തു സമുദ്രത്തിനരികെ നിങ്ങൾ പാളയം ഇറങ്ങേണം. 3എന്നാൽ അവർ ദേശത്ത് ഉഴലുന്നു; മരുഭൂമിയിൽ കുടുങ്ങിയിരിക്കുന്നു എന്നു ഫറവോൻ യിസ്രായേൽമക്കളെക്കുറിച്ചു പറയും. 4ഫറവോൻ അവരെ പിന്തുടരുവാൻ തക്കവണ്ണം ഞാൻ അവന്റെ ഹൃദയം കഠിനമാക്കും. ഞാൻ യഹോവ ആകുന്നു എന്നു മിസ്രയീമ്യർ അറിയേണ്ടതിനു ഫറവോനിലും അവന്റെ സകല സൈന്യങ്ങളിലും ഞാൻ എന്നെത്തന്നെ മഹത്ത്വപ്പെടുത്തും. അവർ അങ്ങനെ ചെയ്തു. 5ജനം ഓടിപ്പോയി എന്നു മിസ്രയീംരാജാവിന് അറിവു കിട്ടിയപ്പോൾ ജനത്തെ സംബന്ധിച്ചു ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മനസ്സു മാറി; യിസ്രായേല്യരെ നമ്മുടെ അടിമവേലയിൽനിന്നു വിട്ടയച്ചുകളഞ്ഞുവല്ലോ; നാം ഈ ചെയ്തത് എന്ത് എന്ന് അവർ പറഞ്ഞു. 6പിന്നെ അവൻ രഥം കെട്ടിച്ചു പടജ്ജനത്തെയും 7വിശേഷപ്പെട്ട അറുനൂറു രഥങ്ങളെയും മിസ്രയീമിലെ സകല രഥങ്ങളെയും അവയ്ക്കു വേണ്ടുന്ന തേരാളികളെയും കൂട്ടി. 8യഹോവ മിസ്രയീംരാജാവായ ഫറവോന്റെ ഹൃദയം കഠിനമാക്കിയതിനാൽ അവൻ യിസ്രായേൽമക്കളെ പിന്തുടർന്നു. എന്നാൽ യിസ്രായേൽമക്കൾ യുദ്ധസന്നദ്ധരായി പുറപ്പെട്ടിരുന്നു. 9ഫറവോന്റെ എല്ലാ കുതിരയും രഥവും കുതിരപ്പടയും സൈന്യവുമായി മിസ്രയീമ്യർ അവരെ പിന്തുടർന്നു; കടല്ക്കരയിൽ ബാൽസെഫോനു സമീപത്തുള്ള പീഹഹീരോത്തിന് അരികെ അവർ പാളയമിറങ്ങിയിരിക്കുമ്പോൾ അവരോട് അടുത്തു. 10ഫറവോൻ അടുത്തുവരുമ്പോൾ യിസ്രായേൽമക്കൾ തല ഉയർത്തി മിസ്രയീമ്യർ പിന്നാലെ വരുന്നതു കണ്ട് ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു. 11അവർ മോശെയോട്: മിസ്രയീമിൽ ശവക്കുഴിയില്ലാഞ്ഞിട്ടോ നീ ഞങ്ങളെ മരുഭൂമിയിൽ മരിപ്പാൻ കൂട്ടിക്കൊണ്ടുവന്നത്? നീ ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചതിനാൽ ഞങ്ങളോട് ഈ ചെയ്തത് എന്ത്? 12മിസ്രയീമ്യർക്കു വേല ചെയ്‍വാൻ ഞങ്ങളെ വിടേണം എന്നു ഞങ്ങൾ മിസ്രയീമിൽവച്ചു നിന്നോടു പറഞ്ഞില്ലയോ? മരുഭൂമിയിൽ മരിക്കുന്നതിനെക്കാൾ മിസ്രയീമ്യർക്കു വേല ചെയ്യുന്നതായിരുന്നു ഞങ്ങൾക്കു നല്ലത് എന്നു പറഞ്ഞു. 13അതിനു മോശെ ജനത്തോട്: ഭയപ്പെടേണ്ടാ; ഉറച്ചുനില്പിൻ; യഹോവ ഇന്നു നിങ്ങൾക്കു ചെയ്‍വാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ; നിങ്ങൾ ഇന്നു കണ്ടിട്ടുള്ള മിസ്രയീമ്യരെ ഇനി ഒരുനാളും കാണുകയില്ല. 14യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു.
15അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തത്: നീ എന്നോടു നിലവിളിക്കുന്നത് എന്ത്? മുമ്പോട്ടുപോകുവാൻ യിസ്രായേൽമക്കളോടു പറക. 16വടി എടുത്തു നിന്റെ കൈ കടലിന്മേൽ നീട്ടി അതിനെ വിഭാഗിക്ക; യിസ്രായേൽമക്കൾ കടലിന്റെ നടുവേ ഉണങ്ങിയ നിലത്തുകൂടി കടന്നുപോകും. 17എന്നാൽ ഞാൻ മിസ്രയീമ്യരുടെ ഹൃദയത്തെ കഠിനമാക്കും; അവർ ഇവരുടെ പിന്നാലെ ചെല്ലും; ഞാൻ ഫറവോനിലും അവന്റെ സകല സൈന്യത്തിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെത്തന്നെ മഹത്ത്വപ്പെടുത്തും. 18ഇങ്ങനെ ഞാൻ ഫറവോനിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെത്തന്നെ മഹത്ത്വപ്പെടുത്തുമ്പോൾ ഞാൻ യഹോവ ആകുന്നു എന്നു മിസ്രയീമ്യർ അറിയും. 19അനന്തരം യിസ്രായേല്യരുടെ സൈന്യത്തിനു മുമ്പായി നടന്ന ദൈവദൂതൻ അവിടെനിന്നു മാറി അവരുടെ പിന്നാലെ നടന്നു; മേഘസ്തംഭവും അവരുടെ മുമ്പിൽനിന്നു മാറി പിമ്പിൽ പോയി നിന്നു. 20രാത്രി മുഴുവനും മിസ്രയീമ്യരുടെ സൈന്യവും യിസ്രായേല്യരുടെ സൈന്യവും തമ്മിൽ അടുക്കാതവണ്ണം അത് അവയുടെ മധ്യേ വന്നു; അവർക്കു മേഘവും അന്ധകാരവും ആയിരുന്നു; ഇവർക്കോ രാത്രിയെ പ്രകാശമാക്കിക്കൊടുത്തു. 21മോശെ കടലിന്മേൽ കൈ നീട്ടി; യഹോവ അന്നു രാത്രി മുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കൻകാറ്റുകൊണ്ടു കടലിനെ പിൻവാങ്ങിച്ച് ഉണങ്ങിയ നിലം ആക്കി; അങ്ങനെ വെള്ളം തമ്മിൽ വേർപിരിഞ്ഞു. 22യിസ്രായേൽമക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി; അവരുടെ ഇടത്തും വലത്തും വെള്ളം മതിലായി നിന്നു. മിസ്രയീമ്യർ പിന്തുടർന്നു; 23ഫറവോന്റെ കുതിരയും രഥങ്ങളും കുതിരപ്പടയും എല്ലാം അവരുടെ പിന്നാലെ കടലിന്റെ നടുവിലേക്കു ചെന്നു. 24പ്രഭാതയാമത്തിൽ യഹോവ അഗ്നിമേഘസ്തംഭത്തിൽനിന്നു മിസ്രയീമ്യസൈന്യത്തെ നോക്കി മിസ്രയീമ്യസൈന്യത്തെ താറുമാറാക്കി. 25അവരുടെ രഥചക്രങ്ങളെ തെറ്റിച്ച് ഓട്ടം പ്രയാസമാക്കി. അതുകൊണ്ടു മിസ്രയീമ്യർ: നാം യിസ്രായേലിനെ വിട്ട് ഓടിപ്പോക; യഹോവ അവർക്കുവേണ്ടി മിസ്രയീമ്യരോടു യുദ്ധം ചെയ്യുന്നു എന്നു പറഞ്ഞു.
26അപ്പോൾ യഹോവ മോശെയോട്: വെള്ളം മിസ്രയീമ്യരുടെമേലും അവരുടെ രഥങ്ങളിന്മേലും കുതിരപ്പടയുടെമേലും മടങ്ങിവരേണ്ടതിനു കടലിന്മേൽ കൈ നീട്ടുക എന്നു കല്പിച്ചു. 27മോശെ കടലിന്മേൽ കൈ നീട്ടി; പുലർച്ചയ്ക്കു കടൽ അതിന്റെ സ്ഥിതിയിലേക്കു മടങ്ങിവന്നു. മിസ്രയീമ്യർ അതിന് എതിരായി ഓടി; യഹോവ മിസ്രയീമ്യരെ കടലിന്റെ നടുവിൽ തള്ളിയിട്ടു. 28വെള്ളം മടങ്ങിവന്ന് അവരുടെ പിന്നാലെ കടലിലേക്കു ചെന്നിരുന്ന രഥങ്ങളെയും കുതിരപ്പടയെയും ഫറവോന്റെ സൈന്യത്തെയും എല്ലാം മുക്കിക്കളഞ്ഞു; അവരിൽ ഒരുത്തൻപോലും ശേഷിച്ചില്ല. 29യിസ്രായേൽമക്കൾ കടലിന്റെ നടുവേ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി; വെള്ളം അവരുടെ ഇടത്തും വലത്തും മതിലായി നിന്നു. 30ഇങ്ങനെ യഹോവ ആ ദിവസം യിസ്രായേല്യരെ മിസ്രയീമ്യരുടെ കൈയിൽനിന്നു രക്ഷിച്ചു; മിസ്രയീമ്യർ കടല്ക്കരയിൽ ചത്തടിഞ്ഞു കിടക്കുന്നതു യിസ്രായേല്യർ കാണുകയും ചെയ്തു. 31യഹോവ മിസ്രയീമ്യരിൽ ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യർ കണ്ടു; ജനം യഹോവയെ ഭയപ്പെട്ട്, യഹോവയിലും അവന്റെ ദാസനായ മോശെയിലും വിശ്വസിച്ചു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in