ആവർത്തനപുസ്തകം 7
7
1നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്നെ കടത്തുകയും നിന്നെക്കാൾ പെരുപ്പവും ബലവുമുള്ള ജാതികളായ ഹിത്യർ, ഗിർഗ്ഗശ്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ഏഴു മഹാജാതികളെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളകയും 2നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കൈയിൽ ഏല്പിക്കയും നീ അവരെ തോല്പിക്കയും ചെയ്യുമ്പോൾ അവരെ നിർമ്മൂലമാക്കിക്കളയേണം; അവരോട് ഉടമ്പടി ചെയ്കയോ കൃപ കാണിക്കയോ അരുത്. 3അവരുമായി വിവാഹസംബന്ധം ചെയ്യരുത്; നിന്റെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കയോ അവരുടെ പുത്രിമാരെ നിന്റെ പുത്രന്മാർക്ക് എടുക്കയോ ചെയ്യരുത്. 4അന്യദൈവങ്ങളെ സേവിപ്പാൻ തക്കവണ്ണം അവർ നിന്റെ പുത്രന്മാരെ എന്നോട് അകറ്റിക്കളയും; യഹോവയുടെ കോപം നിങ്ങൾക്കു വിരോധമായി ജ്വലിച്ച് നിങ്ങളെ വേഗത്തിൽ നശിപ്പിക്കും. 5ആകയാൽ നിങ്ങൾ അവരോട് ഇങ്ങനെ ചെയ്യേണം; അവരുടെ ബലിപീഠങ്ങൾ ഇടിക്കേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെ അശേരാപ്രതിഷ്ഠകളെ വെട്ടിക്കളയേണം; അവരുടെ വിഗ്രഹങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയേണം. 6നിന്റെ ദൈവമായ യഹോവയ്ക്ക് നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകല ജാതികളിലുംവച്ച് നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിനു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു. 7നിങ്ങൾ സംഖ്യയിൽ സകല ജാതികളെക്കാളും പെരുപ്പമുള്ളവരാകകൊണ്ടല്ല യഹോവ നിങ്ങളെ പ്രിയപ്പെട്ട് തിരഞ്ഞെടുത്തത്; നിങ്ങൾ സകല ജാതികളെക്കാളും കുറഞ്ഞവരല്ലോ ആയിരുന്നത്. 8യഹോവ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോട് താൻ ചെയ്ത സത്യം പാലിക്കുന്നതുകൊണ്ടും അത്രേ യഹോവ നിങ്ങളെ ബലമുള്ള കൈയാൽ പുറപ്പെടുവിച്ച് അടിമവീടായ മിസ്രയീമിലെ രാജാവായ ഫറവോന്റെ കൈയിൽനിന്നു വീണ്ടെടുത്തത്. 9ആകയാൽ നിന്റെ ദൈവമായ യഹോവ തന്നെ ദൈവം; അവൻ തന്നെ സത്യദൈവം എന്നു നീ അറിയേണം: അവൻ തന്നെ സ്നേഹിച്ച് തന്റെ കല്പനകളെ പ്രമാണിക്കുന്നവർക്ക് ആയിരം തലമുറവരെ നിയമവും ദയയും പാലിക്കുന്നു. 10തന്നെ പകയ്ക്കുന്നവരെ നശിപ്പിപ്പാൻ അവർക്ക് നേരിട്ട് പകരം കൊടുക്കുന്നു; തന്നെ പകയ്ക്കുന്നവന് അവൻ താമസിയാതെ നേരിട്ട് പകരം കൊടുക്കും. 11ആകയാൽ ഞാൻ ഇന്ന് നിന്നോടു കല്പിക്കുന്ന കല്പനകളും ചട്ടങ്ങളും വിധികളും നീ പ്രമാണിച്ചു നടക്കേണം. 12നിങ്ങൾ ഈ വിധികൾ കേട്ടു പ്രമാണിച്ചു നടന്നാൽ നിന്റെ ദൈവമായ യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത നിയമവും ദയയും നിനക്കായിട്ടു പാലിക്കും. 13അവൻ നിന്നെ സ്നേഹിച്ച് അനുഗ്രഹിച്ചു വർധിപ്പിക്കും; അവൻ നിനക്കു തരുമെന്ന് നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്ത് നിന്റെ ഗർഭഫലവും നിന്റെ കൃഷിഫലവും ധാന്യവും വീഞ്ഞും എണ്ണയും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കും. 14നീ സകല ജാതികളെക്കാളും അനുഗ്രഹിക്കപ്പെട്ടിരിക്കും; വന്ധ്യനും വന്ധ്യയും നിങ്ങളിലാകട്ടെ നിന്റെ നാല്ക്കാലികളിലാകട്ടെ ഉണ്ടാകയില്ല. 15യഹോവ സകല രോഗവും നിങ്കൽനിന്ന് അകറ്റിക്കളയും; നീ അറിഞ്ഞിരിക്കുന്ന മിസ്രയീമ്യരുടെ ദുർവ്യാധികളിൽ ഒന്നും അവൻ നിന്റെമേൽ വരുത്താതെ നിന്നെ ദ്വേഷിക്കുന്ന എല്ലാവർക്കും അവയെ കൊടുക്കും. 16നിന്റെ ദൈവമായ യഹോവ നിന്റെ കൈയിൽ ഏല്പിക്കുന്ന സകല ജാതികളെയും നീ മുടിച്ചു കളയേണം; നിനക്ക് അവരോടു കനിവു തോന്നരുത്; അവരുടെ ദേവന്മാരെ നീ സേവിക്കരുത്; അതു നിനക്ക് കെണിയായിത്തീരും. 17ഈ ജാതികൾ എന്നെക്കാൾ പെരുപ്പം ഉള്ളവർ; അവരെ നീക്കിക്കളവാൻ എനിക്ക് എങ്ങനെ കഴിയും എന്നു നീ നിന്റെ ഹൃദയത്തിൽ പറയുമായിരിക്കും. 18എന്നാൽ അവരെ ഭയപ്പെടരുത്; നിന്റെ ദൈവമായ യഹോവ ഫറവോനോടും എല്ലാ മിസ്രയീമ്യരോടും ചെയ്തതായി 19നിന്റെ കണ്ണാലെ കണ്ട വലിയ പരീക്ഷകളും അടയാളങ്ങളും അദ്ഭുതങ്ങളും നിന്റെ ദൈവമായ യഹോവ നിന്നെ പുറപ്പെടുവിച്ച ബലമുള്ള കൈയും നീട്ടിയ ഭുജവും നീ നല്ലവണ്ണം ഓർക്കേണം; നീ പേടിക്കുന്ന സകല ജാതികളോടും നിന്റെ ദൈവമായ യഹോവ അങ്ങനെ ചെയ്യും. 20അത്രയുമല്ല, ശേഷിച്ചിരിക്കുന്നവരും നിന്റെ മുമ്പിൽനിന്ന് ഒളിച്ചുകൊള്ളുന്നവരും നശിച്ചുപോകുംവരെ നിന്റെ ദൈവമായ യഹോവ അവരുടെ ഇടയിൽ കടന്നലിനെ അയയ്ക്കും. 21നീ അവരെ കണ്ട് ഭ്രമിക്കരുത്; നിന്റെ ദൈവമായ യഹോവ എന്ന വലിയവനും ഭയങ്കരനുമായ ദൈവം നിങ്ങളുടെ മധ്യേ ഉണ്ട്. 22ആ ജാതികളെ നിന്റെ ദൈവമായ യഹോവ കുറേശ്ശ കുറേശ്ശയായി നിന്റെ മുമ്പിൽനിന്നു നീക്കിക്കളയും; കാട്ടുമൃഗങ്ങൾ പെരുകി നിനക്ക് ഉപദ്രവമാകാതിരിപ്പാൻ അവരെ ക്ഷണത്തിൽ നശിപ്പിച്ചുകൂടാ. 23നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കൈയിൽ ഏല്പിക്കയും അവർ നശിച്ചുപോകുംവരെ അവർക്ക് മഹാപരാഭവം വരുത്തുകയും ചെയ്യും. അവരുടെ രാജാക്കന്മാരെ നിന്റെ കൈയിൽ ഏല്പിക്കും; നീ അവരുടെ പേർ ആകാശത്തിൻകീഴിൽനിന്ന് ഇല്ലാതെയാക്കേണം. 24അവരെ സംഹരിച്ചുതീരുവോളം ഒരു മനുഷ്യനും നിന്റെ മുമ്പിൽ നില്ക്കയില്ല. 25അവരുടെ ദേവപ്രതിമകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; നീ വശീകരിക്കപ്പെടാതിരിപ്പാൻ അവയിന്മേലുള്ള വെള്ളിയും പൊന്നും മോഹിച്ച് എടുത്തുകൊള്ളരുത്; അത് നിന്റെ ദൈവമായ യഹോവയ്ക്ക് അറപ്പാകുന്നു. 26നീയും അതുപോലെ ശാപമായിത്തീരാതിരിക്കേണ്ടതിന് അറപ്പായുള്ളത് നിന്റെ വീട്ടിൽ കൊണ്ടുപോകരുത്; അത് നിനക്ക് തീരെ അറപ്പുംവെറുപ്പുമായിരിക്കേണം; അതു ശാപഗ്രസ്തമല്ലോ.
Currently Selected:
ആവർത്തനപുസ്തകം 7: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.