ആവർത്തനപുസ്തകം 6
6
1നിങ്ങൾ കൈവശമാക്കുവാൻ കടന്നുചെല്ലുന്ന ദേശത്ത് നിങ്ങൾ അനുസരിച്ചു നടക്കേണ്ടതിനും നിന്റെ ജീവകാലമൊക്കെയും നീയും നിന്റെ മകനും മകന്റെ മകനും ഞാൻ നിന്നോടു കല്പിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ എല്ലാ ചട്ടങ്ങളും കല്പനകളും പ്രമാണിപ്പാൻ തക്കവണ്ണം 2അവനെ ഭയപ്പെടേണ്ടതിനും നീ ദീർഘായുസ്സോടിരിക്കേണ്ടതിനുമായി നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് ഉപദേശിച്ചു തരുവാൻ കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും വിധികളും ഇവ ആകുന്നു. 3ആകയാൽ യിസ്രായേലേ, നിനക്കു നന്നായിരിക്കേണ്ടതിനും നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെ പാലും തേനും ഒഴുകുന്ന ദേശത്ത് നിങ്ങൾ ഏറ്റവും വർധിക്കേണ്ടതിനും നീ കേട്ട് ജാഗ്രതയോടെ അനുസരിച്ചു നടക്ക.
4യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻതന്നെ. 5നിന്റെ ദൈവമായ യഹോവയെ നീ പൂർണഹൃദയത്തോടും പൂർണമനസ്സോടും പൂർണശക്തിയോടും കൂടെ സ്നേഹിക്കേണം. 6ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. 7നീ അവയെ നിന്റെ മക്കൾക്ക് ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം. 8അവയെ അടയാളമായി നിന്റെ കൈമേൽ കെട്ടേണം; അവ നിന്റെ കണ്ണുകൾക്കു മധ്യേ പട്ടമായി ഇരിക്കേണം. 9അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതേണം. 10നിന്റെ ദൈവമായ യഹോവ നിനക്കു തരുമെന്ന് അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു നിന്നെ കൊണ്ടുചെന്നു നീ പണിയാത്ത വലുതും നല്ലതുമായ പട്ടണങ്ങളും 11നീ നിറയ്ക്കാതെ സകല സമ്പത്തും നിറഞ്ഞിരിക്കുന്ന വീടുകളും നീ കുഴിക്കാത്ത കിണറുകളും നീ നട്ടുണ്ടാക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവു തോട്ടങ്ങളും നിനക്കു തരികയും നീ തിന്നു തൃപ്തിപ്രാപിക്കയും ചെയ്യുമ്പോൾ 12നിന്നെ അടിമവീടായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മറക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. 13നിന്റെ ദൈവമായ യഹോവയെ ഭയപ്പെട്ട് അവനെ സേവിക്കേണം; അവന്റെ നാമത്തിൽ സത്യം ചെയ്യേണം. 14നിന്റെ ദൈവമായ യഹോവയുടെ കോപം നിനക്കു വിരോധമായി ജ്വലിച്ചു നിന്നെ ഭൂമിയിൽനിന്നു നശിപ്പിക്കാതിരിപ്പാൻ ചുറ്റുമിരിക്കുന്ന ജാതികളുടെ ദേവന്മാരായ അന്യദൈവങ്ങളുടെ പിന്നാലെ നീ പോകരുത്; 15നിന്റെ ദൈവമായ യഹോവ നിങ്ങളുടെ മധ്യേ തീക്ഷ്ണതയുള്ള ദൈവം ആകുന്നു. 16നിങ്ങൾ മസ്സായിൽവച്ചു പരീക്ഷിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുത്. 17നിങ്ങളുടെ ദൈവമായ യഹോവ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും നിങ്ങൾ ജാഗ്രതയോടെ പ്രമാണിക്കേണം. 18നിനക്കു നന്നായിരിക്കേണ്ടതിനും യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത നല്ല ദേശം നീ ചെന്നു കൈവശമാക്കേണ്ടതിനും യഹോവ അരുളിച്ചെയ്തതുപോലെ 19നിന്റെ സകല ശത്രുക്കളെയും നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളയേണ്ടതിനും നീ യഹോവയുടെ മുമ്പാകെ ന്യായവും ഹിതവുമായുള്ളതിനെ ചെയ്യേണം. 20നമ്മുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള സാക്ഷ്യങ്ങളും ചട്ടങ്ങളും വിധികളും എന്ത് എന്നു നാളെ നിന്റെ മകൻ നിന്നോടു ചോദിക്കുമ്പോൾ 21നീ നിന്റെ മകനോടു പറയേണ്ടത് എന്തെന്നാൽ: ഞങ്ങൾ മിസ്രയീമിൽ ഫറവോന് അടിമകൾ ആയിരുന്നു; എന്നാൽ യഹോവ ബലമുള്ള കൈകൊണ്ടു ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു. 22മിസ്രയീമിന്റെയും ഫറവോന്റെയും അവന്റെ സകല കുടുംബത്തിന്റെയുംമേൽ ഞങ്ങൾ കാൺകെ യഹോവ മഹത്തും ഉഗ്രവുമായുള്ള അടയാളങ്ങളും അദ്ഭുതങ്ങളും പ്രവർത്തിച്ചു. 23ഞങ്ങളെയോ താൻ നമ്മുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം തരുവാൻ അതിൽ കൊണ്ടുവന്നാക്കേണ്ടതിന് അവിടെനിന്നു പുറപ്പെടുവിച്ചു. 24എല്ലായ്പോഴും നമുക്കു നന്നായിരിക്കേണ്ടതിനും ഇന്നത്തെപ്പോലെ അവൻ നമ്മെ ജീവനോടെ രക്ഷിക്കേണ്ടതിനുമായി നാം നമ്മുടെ ദൈവമായ യഹോവയെ ഭയപ്പെടുവാനും ഈ എല്ലാ ചട്ടങ്ങളെയും ആചരിപ്പാനും യഹോവ നമ്മോടു കല്പിച്ചു. 25നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം അവന്റെ മുമ്പാകെ ഈ സകല കല്പനകളും ആചരിപ്പാൻ തക്കവണ്ണം കാത്തുകൊള്ളുന്നു എങ്കിൽ നാം നീതിയുള്ളവരായിരിക്കും.
Currently Selected:
ആവർത്തനപുസ്തകം 6: MALOVBSI
Highlight
Share
Copy
![None](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2F58%2Fhttps%3A%2F%2Fweb-assets.youversion.com%2Fapp-icons%2Fen.png&w=128&q=75)
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.