YouVersion Logo
Search Icon

ആവർത്തനപുസ്തകം 11

11
1ആകയാൽ നിന്റെ ദൈവമായ യഹോവയെ നീ സ്നേഹിച്ച് അവന്റെ പ്രമാണവും ചട്ടങ്ങളും വിധികളും കല്പനകളും എല്ലായ്പോഴും പ്രമാണിക്കേണം. 2നിങ്ങളുടെ ദൈവമായ യഹോവയുടെ ശിക്ഷ, അവന്റെ മഹത്ത്വം, അവന്റെ ബലമുള്ള കൈ, അവന്റെ നീട്ടിയ ഭുജം, 3അവൻ മിസ്രയീമിന്റെ മധ്യേ മിസ്രയീംരാജാവായ ഫറവോനോടും അവന്റെ സകല ദേശത്തോടും ചെയ്ത അവന്റെ അടയാളങ്ങൾ, അവന്റെ പ്രവൃത്തികൾ, 4അവൻ മിസ്രയീമ്യരുടെ സൈന്യത്തോടും കുതിരകളോടും രഥങ്ങളോടും ചെയ്തത്, അവർ നിങ്ങളെ പിന്തുടർന്നപ്പോൾ അവൻ ചെങ്കടലിലെ വെള്ളം അവരുടെമേൽ ഒഴുകുമാറാക്കി ഇന്നുവരെ കാണുന്നതുപോലെ അവരെ നശിപ്പിച്ചത്, 5നിങ്ങൾ ഇവിടെ വരുവോളം മരുഭൂമിയിൽവച്ച് അവൻ നിങ്ങളോടു ചെയ്തത്, 6അവൻ രൂബേന്റെ മകനായ എലീയാബിന്റെ മക്കളായ ദാഥാനോടും അബീരാമിനോടും ചെയ്തത്, ഭൂമി വായ്പിളർന്ന് അവരെയും കുടുംബങ്ങളെയും കൂടാരങ്ങളെയും എല്ലാ യിസ്രായേല്യരുടെയും മധ്യേ അവർക്കുള്ള സകല ജീവികളെയും വിഴുങ്ങിക്കളഞ്ഞത് എന്നിങ്ങനെയുള്ളവ അറിയാത്തവരും കാണാത്തവരുമായ നിങ്ങളുടെ മക്കളോടല്ല ഞാൻ സംസാരിക്കുന്നത് എന്ന് നിങ്ങൾ ഇന്ന് അറിഞ്ഞുകൊൾവിൻ. 7യഹോവ ചെയ്ത മഹാപ്രവൃത്തികളൊക്കെയും നിങ്ങൾ കണ്ണാലെ കണ്ടിരിക്കുന്നുവല്ലോ. 8ആകയാൽ നിങ്ങൾ ബലപ്പെടുവാനും നിങ്ങൾ കൈവശമാക്കുവാൻ കടന്നുപോകുന്ന ദേശം ചെന്നടക്കുവാനും 9യഹോവ നിങ്ങളുടെ പിതാക്കന്മാർക്കും അവരുടെ സന്തതിക്കും കൊടുക്കുമെന്ന് അവരോടു സത്യംചെയ്ത ദേശമായി പാലും തേനുമൊഴുകുന്ന ദേശത്ത് നിങ്ങൾ ദീർഘായുസ്സോടിരിപ്പാനുമായി ഇന്നു ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്ന കല്പനകളൊക്കെയും പ്രമാണിച്ചു നടപ്പിൻ. 10നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശം നീ വിട്ടുപോകുന്ന മിസ്രയീംദേശം പോലെയല്ല; അവിടെ നീ വിത്തു വിതച്ചിട്ട് പച്ചക്കറിത്തോട്ടംപോലെ നിന്റെ കാലുകൊണ്ടു നനയ്ക്കേണ്ടിവന്നു. 11നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശമോ മലകളും താഴ്വരകളും ഉള്ളതായി ആകാശത്തുനിന്നു പെയ്യുന്ന മഴവെള്ളം കുടിക്കുന്നതും നിന്റെ ദൈവമായ യഹോവ പരിപാലിക്കുന്നതുമായ ദേശമാകുന്നു. 12ആണ്ടിന്റെ ആരംഭംമുതൽ അവസാനംവരെ നിന്റെ ദൈവമായ യഹോവയുടെ ദൃഷ്‍ടി എപ്പോഴും അതിന്മേൽ ഇരിക്കുന്നു.
13നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ സ്നേഹിക്കയും പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടെ അവനെ സേവിക്കയും ചെയ്തുകൊണ്ട് ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന എന്റെ കല്പനകൾ ജാഗ്രതയോടെ അനുസരിച്ചാൽ 14ധാന്യവും വീഞ്ഞും എണ്ണയും ശേഖരിക്കേണ്ടതിന് ഞാൻ തക്കസമയത്ത് നിങ്ങളുടെ ദേശത്തിനു വേണ്ടുന്ന മുന്മഴയും പിന്മഴയും പെയ്യിക്കും. 15ഞാൻ നിന്റെ നിലത്ത് നിന്റെ നാല്ക്കാലികൾക്കു പുല്ലു തരും; നീ തൃപ്തിയാകുംവണ്ണം ഭക്ഷിക്കും. 16നിങ്ങളുടെ ഹൃദയത്തിനു ഭോഷത്തം പറ്റുകയും നിങ്ങൾ നേർവഴി വിട്ട് അന്യദൈവങ്ങളെ സേവിച്ച് നമസ്കരിക്കയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. 17അല്ലാഞ്ഞാൽ യഹോവയുടെ ക്രോധം നിങ്ങളുടെ നേരേ ജ്വലിച്ചിട്ട് മഴ പെയ്യാതിരിക്കേണ്ടതിന് അവൻ ആകാശത്തെ അടച്ചുകളകയും ഭൂമി അനുഭവം തരാതിരിക്കയും യഹോവ നിങ്ങൾക്കു തരുന്ന നല്ല ദേശത്തുനിന്ന് നിങ്ങൾ വേഗം നശിച്ചുപോകയും ചെയ്യും. 18ആകയാൽ നിങ്ങൾ എന്റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹിച്ച് നിങ്ങളുടെ കൈമേൽ അടയാളമായി കെട്ടുകയും അവ നിങ്ങളുടെ കണ്ണുകൾക്കു മധ്യേ പട്ടമായിരിക്കയും വേണം. 19വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും നിങ്ങൾ അവയെക്കുറിച്ചു സംസാരിച്ചുകൊണ്ട് നിങ്ങളുടെ മക്കൾക്ക് അവയെ ഉപദേശിച്ചുകൊടുക്കേണം. 20യഹോവ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്ന് അവരോടു സത്യംചെയ്ത ദേശത്ത് നിങ്ങളും നിങ്ങളുടെ മക്കളും ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം ദീർഘായുസ്സോടിരിക്കേണ്ടതിന് 21അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതേണം. 22ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്ന ഈ സകല കല്പനകളും ജാഗ്രതയോടെ പ്രമാണിച്ചുകൊണ്ട് നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ എല്ലാ വഴികളിലും നടന്ന് അവനോടു ചേർന്നിരിക്കയും ചെയ്താൽ 23യഹോവ ഈ ജാതികളെയെല്ലാം നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയും; നിങ്ങളെക്കാൾ വലിപ്പവും ബലവുമുള്ള ജാതികളുടെ ദേശം നിങ്ങൾ കൈവശമാക്കും. 24നിങ്ങളുടെ ഉള്ളംകാൽ ചവിട്ടുന്ന ഇടമൊക്കെയും നിങ്ങൾക്ക് ആകും; നിങ്ങളുടെ അതിർ മരുഭൂമിമുതൽ ലെബാനോൻവരെയും ഫ്രാത്ത്നദിമുതൽ പടിഞ്ഞാറേ കടൽവരെയും ആകും. 25ഒരു മനുഷ്യനും നിങ്ങളുടെ മുമ്പിൽ നില്ക്കയില്ല; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോട് അരുളിച്ചെയ്തതുപോലെ അവൻ നിങ്ങളെയുള്ള പേടിയും ഭീതിയും നിങ്ങൾ ചെല്ലുന്ന സകല ദിക്കിലും വരുത്തും.
26ഇതാ, ഞാൻ ഇന്ന് അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വയ്ക്കുന്നു. 27ഇന്നു ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ നിങ്ങൾ അനുസരിക്കുന്നു എങ്കിൽ അനുഗ്രഹവും 28നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ അനുസരിക്കാതെ ഇന്നു ഞാൻ നിങ്ങളോടു കല്പിക്കുന്ന വഴിയെ വിട്ടുമാറി നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളുടെ പിന്നാലെ ചെല്ലുന്നു എങ്കിൽ ശാപവും വരും.
29നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് നിന്റെ ദൈവമായ യഹോവ നിന്നെ കടത്തിയശേഷം ഗെരിസീംമലമേൽവച്ച് അനുഗ്രഹവും ഏബാൽമലമേൽവച്ച് ശാപവും പ്രസ്താവിക്കേണം. 30അവ ഗില്ഗാലിനെതിരായി മോരെതോപ്പിനരികെ അരാബായിൽ പാർക്കുന്ന കനാന്യരുടെ ദേശത്ത് യോർദ്ദാനക്കരെ പടിഞ്ഞാറല്ലോ ഉള്ളത്. 31നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ദേശം കൈവശമാക്കേണ്ടതിന് നിങ്ങൾ യോർദ്ദാൻ കടന്നുചെന്ന് അതിനെ അടക്കി അവിടെ പാർക്കും. 32ഞാൻ ഇന്ന് നിങ്ങളുടെ മുമ്പിൽ വയ്ക്കുന്ന എല്ലാ ചട്ടങ്ങളും വിധികളും നിങ്ങൾ പ്രമാണിച്ചുനടക്കേണം.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy