ആവർത്തനപുസ്തകം 10
10
1അക്കാലത്ത് യഹോവ എന്നോട്: നീ മുമ്പിലത്തേവപോലെ രണ്ടു കല്പലക വെട്ടിയെടുത്ത് എന്റെ അടുക്കൽ പർവതത്തിൽ കയറിവരിക; മരംകൊണ്ട് ഒരു പെട്ടകവും ഉണ്ടാക്കുക. 2നീ ഉടച്ചുകളഞ്ഞ മുമ്പിലത്തെ പലകകളിൽ ഉണ്ടായിരുന്ന വചനങ്ങൾ ഞാൻ ആ പലകകളിൽ എഴുതും; നീ അവയെ ആ പെട്ടകത്തിൽ വയ്ക്കേണം എന്നു കല്പിച്ചു. 3അങ്ങനെ ഞാൻ ഖദിരമരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കി മുമ്പിലത്തേവപോലെ രണ്ടു കല്പലക വെട്ടിയെടുത്ത് കൈയിൽ ആ പലകയുമായി പർവതത്തിൽ കയറി. 4മഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പർവതത്തിൽ തീയുടെ നടുവിൽനിന്നു നിങ്ങളോട് അരുളിച്ചെയ്ത പത്തു കല്പനയും യഹോവ മുമ്പിലത്തെ എഴുത്തുപോലെ പലകകളിൽ എഴുതി, അവയെ എന്റെ പക്കൽ തന്നു. 5അനന്തരം ഞാൻ തിരിഞ്ഞ് പർവതത്തിൽനിന്ന് ഇറങ്ങി ഞാൻ ഉണ്ടാക്കിയിരുന്ന പെട്ടകത്തിൽ പലക വച്ചു; യഹോവ എന്നോടു കല്പിച്ചതുപോലെ അവ അവിടെത്തന്നെ ഉണ്ട്.- 6യിസ്രായേൽമക്കൾ ബെനേ-ആക്കാൻ എന്ന ബേരോത്തിൽനിന്നു മോസരയിലേക്കു യാത്രചെയ്തു. അവിടെവച്ച് അഹരോൻ മരിച്ചു; അവിടെ അവനെ അടക്കം ചെയ്തു; അവന്റെ മകൻ എലെയാസാർ അവനു പകരം പുരോഹിതനായി. 7അവിടെനിന്ന് അവർ ഗുദ്ഗോദായ്ക്കും ഗുദ്ഗോദായിൽനിന്ന് നീരൊഴുക്കുള്ള ദേശമായ യോത്-ബത്തായ്ക്കും യാത്രചെയ്തു. 8അക്കാലത്ത് യഹോവ ലേവിഗോത്രത്തെ യഹോവയുടെ നിയമപെട്ടകം ചുമപ്പാനും ഇന്നുവരെ നടന്നുവരുന്നതുപോലെ യഹോവയുടെ സന്നിധിയിൽ നിന്നു ശുശ്രൂഷചെയ്‍വാനും അവന്റെ നാമത്തിൽ അനുഗ്രഹിപ്പാനും വേർതിരിച്ചു. 9അതുകൊണ്ട് ലേവിക്ക് അവന്റെ സഹോദരന്മാരോടുകൂടെ ഓഹരിയും അവകാശവും ഇല്ല; നിന്റെ ദൈവമായ യഹോവ അവനു വാഗ്ദത്തം ചെയ്തതുപോലെ യഹോവ തന്നെ അവന്റെ അവകാശം.- 10ഞാൻ മുമ്പിലത്തെപ്പോലെ നാല്പതു രാവും നാല്പതു പകലും പർവതത്തിൽ താമസിച്ചു; ആ പ്രാവശ്യവും യഹോവ എന്റെ അപേക്ഷ കേട്ടു; നിന്നെ നശിപ്പിക്കാതിരിപ്പാൻ യഹോവയ്ക്കു സമ്മതമായി. 11പിന്നെ യഹോവ എന്നോട്: നീ എഴുന്നേറ്റ് യാത്ര പുറപ്പെട്ട് ജനത്തിനു മുൻനടക്ക; അവർക്കു കൊടുക്കുമെന്ന് ഞാൻ അവരുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശം അവർ ചെന്നു കൈവശമാക്കട്ടെ എന്നു കല്പിച്ചു.
12ആകയാൽ യിസ്രായേലേ, നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാ വഴികളിലും നടക്കയും അവനെ സ്നേഹിക്കയും നിന്റെ ദൈവമായ യഹോവയെ പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടെ സേവിക്കയും 13ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന യഹോവയുടെ കല്പനകളും ചട്ടങ്ങളും നിന്റെ നന്മയ്ക്കായി പ്രമാണിക്കയും വേണം എന്നല്ലാതെ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കുന്നത് എന്ത്? 14ഇതാ, സ്വർഗവും സ്വർഗാധിസ്വർഗവും ഭൂമിയും അതിലുള്ളതൊക്കെയും നിന്റെ ദൈവമായ യഹോവയ്ക്കുള്ളവ ആകുന്നു. 15നിന്റെ പിതാക്കന്മാരോടു മാത്രം യഹോവയ്ക്കു പ്രീതി തോന്നി അവരെ സ്നേഹിച്ചു; അവരുടെ ശേഷം അവരുടെ സന്തതിയായ നിങ്ങളെ ഇന്നുള്ളതുപോലെ അവൻ സകല ജാതികളിലുംവച്ച് തിരഞ്ഞെടുത്തു. 16ആകയാൽ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമം പരിച്ഛേദന ചെയ്‍വിൻ; ഇനിമേൽ ദുശ്ശാഠ്യമുള്ളവരാകരുത്. 17നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ; അവൻ മുഖം നോക്കുന്നില്ല, പ്രതിഫലം വാങ്ങുന്നതുമില്ല. 18അവൻ അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ച് അവന് അന്നവും വസ്ത്രവും നല്കുന്നു. 19ആകയാൽ നിങ്ങൾ പരദേശിയെ സ്നേഹിപ്പിൻ; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ. 20നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടേണം; അവനെ സേവിക്കേണം; അവനോടു ചേർന്നിരിക്കേണം; അവന്റെ നാമത്തിൽ സത്യം ചെയ്യേണം. 21അവൻ ആകുന്നു നിന്റെ പുകഴ്ച; അവൻ ആകുന്നു നിന്റെ ദൈവം; നീ കണ്ണാലെ കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ കാര്യങ്ങളെ നിനക്കുവേണ്ടി ചെയ്തത് അവൻതന്നെ. 22നിന്റെ പിതാക്കന്മാർ എഴുപതു ദേഹികളായി മിസ്രയീമിലേക്ക് ഇറങ്ങിപ്പോയി; ഇപ്പോഴോ നിന്റെ ദൈവമായ യഹോവ നിന്നെ വർധിപ്പിച്ച് ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ആക്കിയിരിക്കുന്നു.
Currently Selected:
ആവർത്തനപുസ്തകം 10: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.