YouVersion Logo
Search Icon

അപ്പൊ. പ്രവൃത്തികൾ 22

22
1സഹോദരന്മാരും പിതാക്കന്മാരുമായുള്ളോരേ, എനിക്ക് ഇന്നു നിങ്ങളോടുള്ള പ്രതിവാദം കേട്ടുകൊൾവിൻ.
2എന്നാൽ എബ്രായഭാഷയിൽ സംസാരിക്കുന്നതു കേട്ടിട്ട് അവർ അധികം മൗനമായി നിന്നു. അവൻ പറഞ്ഞതെന്തെന്നാൽ:
3ഞാൻ കിലിക്യയിലെ തർസൊസിൽ ജനിച്ച യെഹൂദനും ഈ നഗരത്തിൽ വളർന്നു ഗമാലിയേലിന്റെ കാല്ക്കൽ ഇരുന്നു പിതാക്കന്മാരുടെ ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചവനുമാകയാൽ നിങ്ങൾ എല്ലാവരും ഇന്ന് ഇരിക്കുന്നതുപോലെ ദൈവസേവയിൽ എരിവുള്ളവനായിരുന്നു. 4ഞാൻ പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചുകെട്ടി തടവിൽ ഏല്പിച്ചും ഈ മാർഗക്കാരെ കൊല്ലുവാനും മടിക്കാതെ ഉപദ്രവിച്ചും വന്നു. 5അതിനു മഹാപുരോഹിതനും മൂപ്പന്മാരുടെ സംഘമൊക്കെയും എനിക്കു സാക്ഷികൾ; അവരോടു സഹോദരന്മാർക്കായി എഴുത്തു വാങ്ങിക്കൊണ്ടു ദമസ്കൊസിൽ പാർക്കുന്നവരെയും പിടിച്ചുകെട്ടി ദണ്ഡനത്തിനായി യെരൂശലേമിലേക്കു കൊണ്ടുവരേണ്ടതിനു ഞാൻ അവിടേക്കു യാത്രയായി. 6അങ്ങനെ പ്രയാണം ചെയ്തു ദമസ്കൊസിനോട് അടുത്തപ്പോൾ ഏകദേശം ഉച്ചയ്ക്ക് പെട്ടെന്നു ആകാശത്തുനിന്നു വലിയൊരു വെളിച്ചം എന്റെ ചുറ്റും മിന്നി. 7ഞാൻ നിലത്തു വീണു: ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത് എന്ന് എന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു. 8കർത്താവേ, നീ ആർ എന്നു ഞാൻ ചോദിച്ചതിന്: നീ ഉപദ്രവിക്കുന്ന നസറായനായ യേശു ആകുന്നു ഞാൻ എന്ന് അവൻ എന്നോടു പറഞ്ഞു. 9എന്നോടുകൂടെയുള്ളവർ വെളിച്ചം കണ്ടു എങ്കിലും എന്നോട് സംസാരിക്കുന്നവന്റെ ശബ്ദം കേട്ടില്ല. 10കർത്താവേ ഞാൻ എന്തു ചെയ്യേണം എന്ന് ചോദിച്ചതിന് കർത്താവ് എന്നോട്: എഴുന്നേറ്റ് ദമസ്കൊസിലേക്ക് പോക; നീ ചെയ്യേണ്ടതിന് വിധിച്ചിരിക്കുന്നതെല്ലാം അവിടെ നിന്നോടു പറയും എന്നു കല്പിച്ചു. 11ആ വെളിച്ചത്തിന്റെ തേജസ്സ് ഹേതുവായിട്ട് കണ്ണു കാണായ്കയാൽ കൂടെയുള്ളവർ എന്നെ കൈക്കു പിടിച്ചു നടത്തി; അങ്ങനെ ഞാൻ ദമസ്കൊസിലെത്തി. 12അവിടെ പാർക്കുന്ന സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനായി ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുത്തൻ എന്റെ അടുക്കൽ വന്നു നിന്നു; 13സഹോദരനായ ശൗലേ, കാഴ്ച പ്രാപിക്ക എന്നു പറഞ്ഞു; ആ നാഴികയിൽതന്നെ ഞാൻ കാഴ്ച പ്രാപിച്ച് അവനെ കണ്ടു. 14അപ്പോൾ അവൻ എന്നോട്: നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ തന്റെ ഇഷ്ടം അറിവാനും നീതിമാനായവനെ കാൺമാനും അവന്റെ വായിൽനിന്ന് വചനം കേൾപ്പാനും നിയമിച്ചിരിക്കുന്നു. 15നീ കാൺകയും കേൾക്കയും ചെയ്തതിന് സകല മനുഷ്യർക്കും നീ അവന്റെ സാക്ഷിയായിത്തീരും. 16ഇനി താമസിക്കുന്നത് എന്ത്? എഴുന്നേറ്റ് അവന്റെ നാമം വിളിച്ച് പ്രാർഥിച്ച് സ്നാനമേറ്റ് നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു. 17പിന്നെ ഞാൻ യെരൂശലേമിൽ മടങ്ങിച്ചെന്ന് ദൈവാലയത്തിൽ പ്രാർഥിക്കുംനേരം ഒരു വിവശതയിൽ ആയി അവനെ കണ്ടു: 18നീ ബദ്ധപ്പെട്ട് വേഗം യെരൂശലേം വിട്ടുപോക; നീ എന്നെക്കുറിച്ച് പറയുന്ന സാക്ഷ്യം അവർ കൈക്കൊൾകയില്ല എന്ന് എന്നോടു കല്പിച്ചു. 19അതിന് ഞാൻ: കർത്താവേ, നിന്നിൽ വിശ്വസിക്കുന്നവരെ ഞാൻ തടവിലാക്കുകയും പള്ളിതോറും അടിപ്പിക്കയും ചെയ്തു എന്നും 20നിന്റെ സാക്ഷിയായ സ്തെഫാനൊസിന്റെ രക്തം ചൊരിഞ്ഞപ്പോൾ ഞാനും സമ്മതിച്ച് അരികെനിന്ന് അവനെ കൊല്ലുന്നവരുടെ വസ്ത്രം കാത്തുകൊണ്ടിരുന്നു എന്നും അവർ അറിയുന്നുവല്ലോ എന്നു പറഞ്ഞു. 21അവൻ എന്നോട്: നീ പോക; ഞാൻ നിന്നെ ദൂരത്തു ജാതികളുടെ അടുക്കലേക്ക് അയയ്ക്കും എന്നു കല്പിച്ചു.
22ഈ വാക്കോളം അവർ അവനു ചെവി കൊടുത്തു; പിന്നെ: ഇങ്ങനത്തവനെ ഭൂമിയിൽനിന്നു നീക്കിക്കളക; അവൻ ജീവിച്ചിരിക്കുന്നതു യോഗ്യമല്ല എന്നു നിലവിളിച്ചു പറഞ്ഞു. 23അവർ കൂക്കലിട്ടും വസ്ത്രം കീറിക്കളഞ്ഞും പൂഴിവാരി മേലോട്ട് എറിഞ്ഞുംകൊണ്ടിരിക്കുമ്പോൾ 24അവർ ഇങ്ങനെ അവന്റെ നേരേ ആർക്കുവാൻ സംഗതി എന്ത് എന്ന് അറിയേണ്ടതിന് ചമ്മട്ടികൊണ്ട് അവനോടു ചോദ്യം ചെയ്യേണം എന്നു സഹസ്രാധിപൻ പറഞ്ഞ് അവനെ കോട്ടയിലേക്കു കൊണ്ടുപോകുവാൻ കല്പിച്ചു. 25തന്നെ വാറുകൊണ്ടു കെട്ടുമ്പോൾ പൗലൊസ് അരികെ നില്ക്കുന്ന ശതാധിപനോട്: റോമാപൗരനും വിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടികൊണ്ട് അടിക്കുന്നതു വിഹിതമോ എന്നു ചോദിച്ചു. 26ഇതു കേട്ടിട്ടു ശതാധിപൻ ചെന്നു സഹസ്രാധിപനോട്: നീ എന്തു ചെയ്‍വാൻ പോകുന്നു? ഈ മനുഷ്യൻ റോമാപൗരൻ ആകുന്നു എന്ന് ബോധിപ്പിച്ചു. 27സഹസ്രാധിപൻ വന്ന്: നീ റോമാപൗരൻ തന്നെയോ? എന്നോട് പറക എന്ന് ചോദിച്ചതിന്: അതേ എന്ന് അവൻ പറഞ്ഞു. 28ഞാൻ ഏറിയ മുതൽ കൊടുത്ത് ഈ പൗരത്വം സമ്പാദിച്ചു എന്ന് സഹസ്രാധിപൻ പറഞ്ഞതിന്: ഞാനോ അങ്ങനെ ജനിച്ചിരിക്കുന്നു എന്ന് പൗലൊസ് പറഞ്ഞു. 29ഭേദ്യം ചെയ്‍വാൻ ഭാവിച്ചവർ ഉടനെ അവനെ വിട്ടു മാറി; സഹസ്രാധിപനും അവൻ റോമാപൗരൻ എന്ന് അറിഞ്ഞപ്പോൾ അവനെ ബന്ധിച്ചതുകൊണ്ടു ഭയപ്പെട്ടു.
30പിറ്റേന്ന് യെഹൂദന്മാർ പൗലൊസിന്മേൽ ചുമത്തുന്ന കുറ്റത്തിന്റെ സൂക്ഷ്മം അറിവാൻ ഇച്ഛിച്ചിട്ട് അവൻ മഹാപുരോഹിതന്മാരും ന്യായാധിപസംഘമൊക്കെയും കൂടിവരുവാൻ കല്പിച്ച് അവനെ കെട്ട് അഴിച്ചു താഴെ കൊണ്ടുചെന്ന് അവരുടെ മുമ്പിൽ നിറുത്തി.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy