2 രാജാക്കന്മാർ 4
4
1പ്രവാചകശിഷ്യന്മാരുടെ ഭാര്യമാരിൽ ഒരുത്തി എലീശായോടു നിലവിളിച്ചു: നിന്റെ ദാസനായ എന്റെ ഭർത്താവു മരിച്ചുപോയി; നിന്റെ ദാസൻ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; ഇപ്പോൾ കടക്കാരൻ എന്റെ രണ്ടു മക്കളെ പിടിച്ച് അടിമകളാക്കുവാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു. 2എലീശാ അവളോട്: ഞാൻ നിനക്കുവേണ്ടി എന്തു ചെയ്യേണം? പറക; വീട്ടിൽ നിനക്ക് എന്തുള്ളൂ എന്നു ചോദിച്ചു. ഒരു ഭരണി എണ്ണയല്ലാതെ അടിയന്റെ വീട്ടിൽ മറ്റൊന്നും ഇല്ല എന്ന് അവൾ പറഞ്ഞു. 3അതിന് അവൻ: നീ ചെന്നു നിന്റെ അയൽക്കാരോടൊക്കെയും വെറുമ്പാത്രങ്ങൾ വായ്പ വാങ്ങുക; പാത്രങ്ങൾ കുറവായിരിക്കരുത്. 4പിന്നെ നീയും നിന്റെ മക്കളും അകത്തു കയറി വാതിൽ അടച്ച് പാത്രങ്ങളിലൊക്കെയും പകർന്ന്, നിറഞ്ഞതു നിറഞ്ഞത് ഒരു ഭാഗത്തു മാറ്റിവയ്ക്കുക എന്നു പറഞ്ഞു. 5അവൾ അവനെ വിട്ടു ചെന്നു തന്റെ മക്കളോടുകൂടെ അകത്തു കടന്നു വാതിൽ അടച്ചു; അവർ അവളുടെ അടുക്കൽ പാത്രങ്ങളെ വച്ചുകൊടുക്കയും അവൾ പകരുകയും ചെയ്തു. 6പാത്രങ്ങൾ നിറഞ്ഞശേഷം അവൾ തന്റെ മകനോട്: ഇനിയും പാത്രം കൊണ്ടുവരിക എന്നു പറഞ്ഞു. അവൻ അവളോട്: പാത്രം ഒന്നും ഇല്ല എന്നു പറഞ്ഞു. അപ്പോൾ എണ്ണ നിന്നുപോയി. 7അവൾ ചെന്നു ദൈവപുരുഷനോട് വസ്തുത അറിയിച്ചു. നീപോയി എണ്ണ വിറ്റു കടം വീട്ടി ശേഷിപ്പുകൊണ്ടു നീയും മക്കളും ഉപജീവനം കഴിച്ചുകൊൾക എന്നു പറഞ്ഞു.
8ഒരു ദിവസം എലീശാ ശൂനേമിലേക്കു പോയി; അവിടെ ധനികയായൊരു സ്ത്രീ ഉണ്ടായിരുന്നു; അവൾ അവനെ ഭക്ഷണത്തിനു വരേണം എന്നു നിർബന്ധിച്ചു. പിന്നത്തേതിൽ അവൻ ആ വഴി പോകുമ്പോഴൊക്കെയും ഭക്ഷണത്തിന് അവിടെ കയറും. 9അവൾ തന്റെ ഭർത്താവിനോട്: നമ്മുടെ വഴിയായി കൂടെക്കൂടെ കടന്നുപോകുന്ന ഈയാൾ വിശുദ്ധനായൊരു ദൈവപുരുഷൻ എന്നു ഞാൻ കാണുന്നു. 10നാം ചുവരോടുകൂടിയ ചെറിയൊരു മാളികമുറി പണിതുണ്ടാക്കുക; അതിൽ അവന് ഒരു കട്ടിലും ഒരു മേശയും ഒരു നാല്ക്കാലിയും ഒരു നിലവിളക്കും വയ്ക്കുക; അവൻ നമ്മുടെ അടുക്കൽ വരുമ്പോൾ അവന് അവിടെ കയറി പാർക്കാമല്ലോ എന്നു പറഞ്ഞു. 11പിന്നെ ഒരു ദിവസം അവൻ അവിടെ വരുവാൻ ഇടയായി; അവൻ ആ മാളികമുറിയിൽ കയറി അവിടെ കിടന്നുറങ്ങി. 12അവൻ തന്റെ ബാല്യക്കാരനായ ഗേഹസിയോട്: ശൂനേംകാരത്തിയെ വിളിക്ക എന്നു പറഞ്ഞു. അവൻ അവളെ വിളിച്ചു. 13അവൾ അവന്റെ മുമ്പിൽ വന്നുനിന്നു. അവൻ അവനോട്: നീ ഇത്ര താൽപര്യത്തോടെയൊക്കെയും ഞങ്ങൾക്കുവേണ്ടി കരുതിയല്ലോ? നിനക്കുവേണ്ടി എന്തു ചെയ്യേണം? രാജാവിനോടോ സേനാധിപതിയോടോ നിനക്കുവേണ്ടി വല്ലതും പറയേണ്ടതുണ്ടോ എന്നു നീ അവളോടു ചോദിക്കുക എന്നു പറഞ്ഞു. അതിന് അവൾ: ഞാൻ സ്വജനത്തിന്റെ മധ്യേ വസിക്കുന്നു എന്നു പറഞ്ഞു. 14എന്നാൽ അവൾക്കുവേണ്ടി എന്തു ചെയ്യാമെന്ന് അവൻ ചോദിച്ചതിനു ഗേഹസി: അവൾക്കു മകനില്ലല്ലോ; അവളുടെ ഭർത്താവു വൃദ്ധനും ആകുന്നു എന്നു പറഞ്ഞു. 15അവളെ വിളിക്ക എന്ന് അവൻ പറഞ്ഞു. അവൻ അവളെ വിളിച്ചപ്പോൾ അവൾ വാതിൽക്കൽ വന്നുനിന്നു. 16അപ്പോൾ അവൻ: വരുന്ന ആണ്ടിൽ ഈ സമയമാകുമ്പോഴേക്ക് നീ ഒരു മകനെ അണച്ചുകൊള്ളും എന്നു പറഞ്ഞു. അതിന് അവൾ: അല്ല, ദൈവപുരുഷനായ എന്റെ യജമാനനേ, അടിയനോടു ഭോഷ്കു പറയരുതേ എന്നു പറഞ്ഞു. 17ആ സ്ത്രീ ഗർഭം ധരിച്ചു പിറ്റേ ആണ്ടിൽ എലീശാ അവളോടു പറഞ്ഞ സമയത്തുതന്നെ ഒരു മകനെ പ്രസവിച്ചു. 18ബാലൻ വളർന്നപ്പോൾ ഒരു ദിവസം അവൻ കൊയ്ത്തുകാരോടുകൂടെ ഇരുന്ന തന്റെ അപ്പന്റെ അടുക്കൽ ചെന്നു. 19അവൻ അപ്പനോട്: എന്റെ തല, എന്റെ തല എന്നു പറഞ്ഞു. അവൻ ഒരു ബാല്യക്കാരനോട്: ഇവനെ എടുത്ത് അമ്മയുടെ അടുക്കൽ കൊണ്ടുപോക എന്നു പറഞ്ഞു. 20അവൻ അവനെ എടുത്ത് അവന്റെ അമ്മയുടെ അടുക്കൽ കൊണ്ടുചെന്നു; അവൻ ഉച്ചവരെ അവളുടെ മടിയിൽ ഇരുന്നശേഷം മരിച്ചുപോയി. 21അപ്പോൾ അവൾ കയറിച്ചെന്ന് അവനെ ദൈവപുരുഷന്റെ കട്ടിലിന്മേൽ കിടത്തി വാതിൽ അടച്ചു പുറത്തിറങ്ങി. 22പിന്നെ അവൾ തന്റെ ഭർത്താവിനെ വിളിച്ചു: ഞാൻ വേഗത്തിൽ ദൈവപുരുഷന്റെ അടുക്കലോളം പോയിവരേണ്ടതിന് എനിക്ക് ഒരു ബാല്യക്കാരനെയും ഒരു കഴുതയെയും അയച്ചുതരേണമേ എന്നു പറഞ്ഞു. 23അതിന് അവൻ: ഇന്നു നീ അവന്റെ അടുക്കൽ പോകുന്നത് എന്തിന്? ഇന്ന് അമാവാസിയല്ല, ശബ്ബത്തും അല്ലല്ലോ എന്നു പറഞ്ഞു. വേണ്ടതില്ല എന്ന് അവൾ പറഞ്ഞു. 24അങ്ങനെ അവൾ കഴുതപ്പുറത്തു കോപ്പിട്ടു കയറി ബാല്യക്കാരനോട്: നല്ലവണ്ണം തെളിച്ചുവിടുക; ഞാൻ പറഞ്ഞല്ലാതെ വഴിയിൽ എവിടെയും നിർത്തരുത് എന്നു പറഞ്ഞു. 25അവൾ ചെന്നു കർമ്മേൽപർവതത്തിൽ ദൈവപുരുഷന്റെ അടുക്കൽ എത്തി; ദൈവപുരുഷൻ അവളെ ദൂരത്തു കണ്ടപ്പോൾ തന്റെ ബാല്യക്കാരനായ ഗേഹസിയോട്: അതാ, ശൂനേംകാരത്തി വരുന്നു. 26നീ ഓടിച്ചെന്ന് അവളെ എതിരേറ്റ്: സുഖം തന്നെയോ? ഭർത്താവു സുഖമായിരിക്കുന്നുവോ? ബാലനു സുഖമുണ്ടോ എന്ന് അവളോടു ചോദിക്കേണം എന്നു പറഞ്ഞു. സുഖം തന്നെ എന്ന് അവൾ പറഞ്ഞു. 27അവൾ പർവതത്തിൽ ദൈവപുരുഷന്റെ അടുക്കൽ എത്തിയപ്പോൾ അവന്റെ കാൽ പിടിച്ചു; ഗേഹസി അവളെ മാറ്റുവാൻ അടുത്തു ചെന്നാറെ ദൈവപുരുഷൻ: അവളെ വിടുക; അവൾക്കു വലിയ മനോവ്യസനം ഉണ്ട്; യഹോവ അത് എന്നെ അറിയിക്കാതെ മറച്ചിരിക്കുന്നു എന്നു പറഞ്ഞു. 28ഞാൻ യജമാനനോട് ഒരു മകനെ ചോദിച്ചിരുന്നുവോ? എന്നെ ചതിക്കരുതേ എന്നു ഞാൻ പറഞ്ഞില്ലയോ എന്ന് അവൾ പറഞ്ഞു. 29ഉടനെ അവൻ ഗേഹസിയോട്: നീ അര കെട്ടി എന്റെ വടിയും കൈയിൽ എടുത്തുപോക; നീ ആരെ എങ്കിലും കണ്ടാൽ വന്ദനം ചെയ്യരുത്; നിന്നെ വന്ദനം ചെയ്താൽ പ്രതിവന്ദനം പറകയും അരുത്; എന്റെ വടി ബാലന്റെ മുഖത്തു വയ്ക്കേണം എന്നു പറഞ്ഞു. 30എന്നാൽ ബാലന്റെ അമ്മ യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു; അങ്ങനെ അവൻ എഴുന്നേറ്റ് അവളോടുകൂടെ പോയി. 31ഗേഹസി അവർക്കു മുമ്പായി ചെന്ന് വടി ബാലന്റെ മുഖത്തു വച്ചു; എങ്കിലും ഒരു അനക്കമോ ഉണർച്ചയോ ഉണ്ടായില്ല; അതുകൊണ്ട് അവൻ അവനെ എതിരേല്പാൻ മടങ്ങിവന്നു: ബാലൻ ഉണർന്നില്ല എന്ന് അറിയിച്ചു. 32എലീശാ വീട്ടിൽ വന്നപ്പോൾ തന്റെ കട്ടിലിന്മേൽ ബാലൻ മരിച്ചുകിടക്കുന്നതു കണ്ടു. 33താനും ബാലനും മാത്രം അകത്ത് ഉണ്ടായിരിക്കെ അവൻ വാതിൽ അടച്ചു യഹോവയോടു പ്രാർഥിച്ചു. 34പിന്നെ അവൻ കയറി ബാലന്റെമേൽ കിടന്നു; തന്റെ വായ് ബാലന്റെ വായ്മേലും തന്റെ കണ്ണ് അവന്റെ കണ്ണിന്മേലും തന്റെ ഉള്ളംകൈകൾ അവന്റെ ഉള്ളംകൈകളിന്മേലുംവച്ച് അവന്റെമേൽ കവിണ്ണുകിടന്നപ്പോൾ ബാലന്റെ ദേഹത്തിനു ചൂടുപിടിച്ചു. 35അവൻ ഇറങ്ങി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നടന്നിട്ടു പിന്നെയും കയറി അവന്റെമേൽ കവിണ്ണുകിടന്നു; അപ്പോൾ ബാലൻ ഏഴു പ്രാവശ്യം തുമ്മി കണ്ണു തുറന്നു. 36അവൻ ഗേഹസിയെ വിളിച്ചു; ശൂനേംകാരത്തിയെ വിളിക്ക എന്നു കല്പിച്ചു; അവൻ അവളെ വിളിച്ചു. അവൾ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ: നിന്റെ മകനെ എടുത്തുകൊണ്ടു പൊയ്ക്കൊൾക എന്നു പറഞ്ഞു. 37അവൾ അകത്തുചെന്ന് അവന്റെ കാൽക്കൽ സാഷ്ടാംഗം വീണു നമസ്കരിച്ചു തന്റെ മകനെ എടുത്തു കൊണ്ടുപോയി.
38അനന്തരം എലീശാ ഗില്ഗാലിൽ പോയി; അന്നു ദേശത്തു ക്ഷാമം ഉണ്ടായിരുന്നു; പ്രവാചകശിഷ്യന്മാർ അവന്റെ മുമ്പിൽ ഇരിക്കുമ്പോൾ അവൻ തന്റെ ബാല്യക്കാരനോട്: നീ വലിയ കലം അടുപ്പത്തുവച്ച് പ്രവാചകശിഷ്യന്മാർക്കു പായസം ഉണ്ടാക്കുക എന്നു പറഞ്ഞു. 39ഒരുത്തൻ ചീര പറിപ്പാൻ വയലിൽ ചെന്ന് ഒരു കാട്ടുവള്ളികണ്ട് മടിനിറയെ പേച്ചുര പറിച്ചു കൊണ്ടുവന്നു; അവർ അറിയായ്കയാൽ അരിഞ്ഞു പായസക്കലത്തിൽ ഇട്ടു. 40അവർ അത് ആളുകൾക്കു വിളമ്പി; അവർ പായസം കുടിക്കുമ്പോൾ നിലവിളിച്ചു; ദൈവപുരുഷനായുള്ളോവേ കലത്തിൽ മരണം എന്നു പറഞ്ഞു. 41അവർക്കു കുടിപ്പാൻ കഴിഞ്ഞില്ല. മാവു കൊണ്ടുവരുവിൻ എന്ന് അവൻ പറഞ്ഞു അതു കലത്തിൽ ഇട്ടു: ആളുകൾക്കു വിളമ്പിക്കൊടുക്ക എന്നു പറഞ്ഞു. പിന്നെ ദൂഷ്യമായുള്ളതൊന്നും കലത്തിൽ ഉണ്ടായിരുന്നില്ല.
42അനന്തരം ബാൽ-ശാലീശയിൽനിന്ന് ഒരാൾ ദൈവപുരുഷന് ആദ്യഫലമായിട്ട് ഇരുപതു യവത്തപ്പവും മലരും പൊക്കണത്തിൽ കൊണ്ടുവന്നു. ജനത്തിന് അതു തിന്മാൻ കൊടുക്ക എന്ന് അവൻ കല്പിച്ചു. 43അതിന് അവന്റെ ബാല്യക്കാരൻ: ഞാൻ ഇതു നൂറു പേർക്ക് എങ്ങനെ വിളമ്പും എന്നു പറഞ്ഞു. അവൻ പിന്നെയും: ജനത്തിന് അതു തിന്മാൻ കൊടുക്ക; അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. 44അങ്ങനെ അവൻ അവർക്കു വിളമ്പിക്കൊടുത്തു; യഹോവയുടെ വചനപ്രകാരം അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്തു.
Currently Selected:
2 രാജാക്കന്മാർ 4: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.