2 ദിനവൃത്താന്തം 2
2
1അനന്തരം ശലോമോൻ യഹോവയുടെ നാമത്തിന് ഒരു ആലയവും തനിക്ക് ഒരു അരമനയും പണിയുവാൻ നിശ്ചയിച്ചു. 2ശലോമോൻ എഴുപതിനായിരം ചുമട്ടുകാരെയും മലയിൽ എൺപതിനായിരം കല്ലുവെട്ടുകാരെയും അവർക്കു മേൽവിചാരകന്മാരായി മൂവായിരത്തി അറുനൂറു പേരെയും നിയമിച്ചു. 3പിന്നെ ശലോമോൻ സോർരാജാവായ ഹൂരാമിന്റെ അടുക്കൽ ആളയച്ചു പറയിച്ചത് എന്തെന്നാൽ: എന്റെ അപ്പനായ ദാവീദ് തനിക്കു പാർപ്പാൻ ഒരു അരമന പണിയേണ്ടതിന് അവന് ദേവദാരു കൊടുത്തയച്ചതിൽ നീ അവനോടു പെരുമാറിയതുപോലെ എന്നോടും ചെയ്യേണം. 4ഞാൻ എന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരാലയം പണിവാൻ പോകുന്നു; അത് അവനു പ്രതിഷ്ഠിച്ചിട്ട് അതിൽ അവന്റെ സന്നിധിയിൽ സുഗന്ധധൂപം കാട്ടുവാനും നിരന്തരമായ കാഴ്ചയപ്പം ഒരുക്കുവാനും കാലത്തും വൈകുന്നേരത്തും ശബ്ബത്തുകളിലും അമാവാസികളിലും ഞങ്ങളുടെ ദൈവമായ യഹോവയുടെ ഉത്സവങ്ങളിലും ഹോമയാഗം കഴിപ്പാനും തന്നെ. ഇതു യിസ്രായേലിന് ഒരു ശാശ്വതനിയമം ആകുന്നു. 5ഞങ്ങളുടെ ദൈവം സകല ദേവന്മാരെക്കാളും വലിയവനാകയാൽ ഞാൻ പണിവാൻ പോകുന്ന ആലയം വലിയത്. 6എന്നാൽ അവന് ആലയം പണിവാൻ പ്രാപ്തിയുള്ളവൻ ആർ? സ്വർഗത്തിലും സ്വർഗാധിസ്വർഗത്തിലും അവൻ അടങ്ങുകയില്ലല്ലോ; അങ്ങനെയിരിക്കെ അവന്റെ സന്നിധിയിൽ ധൂപം കാട്ടുവാനല്ലാതെ അവന് ഒരു ആലയം പണിയേണ്ടതിന് ഞാൻ ആർ? 7ആകയാൽ എന്റെ അപ്പനായ ദാവീദ് കരുതിയവരായി എന്റെ അടുക്കൽ യെഹൂദായിലും യെരൂശലേമിലും ഉള്ള കൗശലപ്പണിക്കാരോടുകൂടെ പൊന്ന്, വെള്ളി, താമ്രം, ഇരുമ്പ്, ധൂമ്രനൂൽ, ചുവപ്പുനൂൽ, നീല നൂൽ എന്നിവകൊണ്ടു പണിചെയ്‍വാൻ സമർഥനും കൊത്തുപണി ശീലമുള്ളവനുമായ ഒരാളെ എന്റെ അടുക്കൽ അയച്ചുതരേണം. 8ലെബാനോനിൽനിന്ന് ദേവദാരുവും സരളമരവും ചന്ദനവുംകൂടെ എനിക്ക് അയച്ചുതരേണം; നിന്റെ വേലക്കാർ ലെബാനോനിൽ മരംവെട്ടുവാൻ സമർഥന്മാരെന്ന് എനിക്കറിവുണ്ട്; എനിക്ക് വേണ്ടുവോളം മരം ശേഖരിപ്പാൻ എന്റെ വേലക്കാർ നിന്റെ വേലക്കാരോടുകൂടെ ഇരിക്കും. 9ഞാൻ പണിവാനിരിക്കുന്ന ആലയം വലിയതും അദ്ഭുതകരവും ആയിരിക്കേണം. 10മരംവെട്ടുകാരായ നിന്റെ വേലക്കാർക്കു ഞാൻ ഇരുപതിനായിരം കോർ കോതമ്പരിയും ഇരുപതിനായിരം കോർ യവവും ഇരുപതിനായിരം ബത്ത് വീഞ്ഞും ഇരുപതിനായിരം ബത്ത് എണ്ണയും കൊടുക്കും. 11സോർരാജാവായ ഹൂരാം ശലോമോന്: യഹോവ തന്റെ ജനത്തെ സ്നേഹിക്കകൊണ്ടു നിന്നെ അവർക്കു രാജാവാക്കിയിരിക്കുന്നു എന്നു മറുപടി എഴുതി അയച്ചു. 12ഹൂരാം പിന്നെയും പറഞ്ഞത്: യഹോവയ്ക്ക് ഒരു ആലയവും തനിക്ക് ഒരു അരമനയും പണിയേണ്ടതിനു ജ്ഞാനവും ബുദ്ധിയും വിവേകവും ഉള്ള ഒരു മകനെ ദാവീദുരാജാവിനു നല്കിയവനായി ആകാശവും ഭൂമിയും ഉണ്ടാക്കിയവനായി യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ. 13ഇപ്പോൾ ഞാൻ ജ്ഞാനവും വിവേകവുമുള്ള പുരുഷനായ ഹൂരാം-ആബിയെ അയച്ചിരിക്കുന്നു. 14അവൻ ഒരു ദാന്യസ്ത്രീയുടെ മകൻ; അവന്റെ അപ്പൻ ഒരു സോര്യൻ. പൊന്ന്, വെള്ളി, താമ്രം, ഇരുമ്പ്, കല്ല്, മരം, ധൂമ്രനൂൽ, നീലനൂൽ, ചണനൂൽ,ചുവപ്പുനൂൽ എന്നിവകൊണ്ടു പണി ചെയ്‍വാനും ഏതുവിധം കൊത്തുപണി ചെയ്‍വാനും നിന്റെ കൗശലപ്പണിക്കാരോടും നിന്റെ അപ്പനും എന്റെ യജമാനനുമായ ദാവീദിന്റെ കൗശലപ്പണിക്കാരോടുംകൂടെ അവന് ഏല്പിക്കുന്ന ഏതു കൗശലപ്പണിയും സങ്കല്പിപ്പാനും അവൻ സമർഥൻ ആകുന്നു. 15ആകയാൽ യജമാനൻ പറഞ്ഞ കോതമ്പും യവവും എണ്ണയും വീഞ്ഞും വേലക്കാർക്കു കൊടുത്തയയ്ക്കട്ടെ. 16എന്നാൽ ഞങ്ങൾ നിന്റെ ആവശ്യംപോലെയൊക്കെയും ലെബാനോനിൽനിന്നു മരം വെട്ടി ചങ്ങാടം കെട്ടി കടൽവഴിയായി യാഫോവിൽ എത്തിച്ചുതരും; നീ അതു യെരൂശലേമിലേക്കു കൊണ്ടുപോകേണം. 17അനന്തരം ശലോമോൻ യിസ്രായേൽദേശത്തിലെ അന്യന്മാരെയൊക്കെയും തന്റെ അപ്പനായ ദാവീദ് എണ്ണം നോക്കിയതുപോലെ എണ്ണം എടുത്താറെ ഒരു ലക്ഷത്തമ്പത്തി മൂവായിരത്തറുനൂറു പേർ എന്നു കണ്ടു. 18അവരിൽ എഴുപതിനായിരം പേരെ ചുമട്ടുകാരായിട്ടും എൺപതിനായിരം പേരെ മലയിൽ കല്ലുവെട്ടുകാരായിട്ടും മൂവായിരത്തറുനൂറു പേരെ ജനത്തെക്കൊണ്ടു വേല ചെയ്യിപ്പാൻ മേൽവിചാരകരായിട്ടും നിയമിച്ചു.
Currently Selected:
2 ദിനവൃത്താന്തം 2: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.