YouVersion Logo
Search Icon

2 ദിനവൃത്താന്തം 1

1
1ദാവീദിന്റെ മകനായ ശലോമോൻ തന്റെ രാജത്വത്തിൽ സ്ഥിരപ്പെട്ടു; അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരുന്ന് അവനെ അത്യന്തം മഹത്ത്വപ്പെടുത്തി. 2ശലോമോൻ എല്ലാ യിസ്രായേലിനോടും സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ന്യായാധിപന്മാരോടും എല്ലാ യിസ്രായേലിന്റെയും പിതൃഭവനത്തലവന്മാരായ സകല പ്രഭുക്കന്മാരോടും സംസാരിച്ചിട്ട് 3ശലോമോൻ സർവസഭയുമായി ഗിബെയോനിലെ പൂജാഗിരിക്കു പോയി. യഹോവയുടെ ദാസനായ മോശെ മരുഭൂമിയിൽവച്ച് ഉണ്ടാക്കിയ ദൈവത്തിന്റെ സമാഗമനകൂടാരം അവിടെ ആയിരുന്നു. 4എന്നാൽ ദൈവത്തിന്റെ പെട്ടകം ദാവീദ് കിര്യത്ത്-യെയാരീമിൽനിന്ന് താൻ അതിനായി ഒരുക്കിയിരുന്ന സ്ഥലത്തേക്കു കൊണ്ടുപോന്നു; അവൻ അതിനായി യെരൂശലേമിൽ ഒരു കൂടാരം അടിച്ചിട്ടുണ്ടായിരുന്നു. 5ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേൽ ഉണ്ടാക്കിയ താമ്രയാഗപീഠവും അവിടെ യഹോവയുടെ തിരുനിവാസത്തിന്റെ മുമ്പിൽ ഉണ്ടായിരുന്നു; അവിടെ ശലോമോനും സഭയും അവനോടു പ്രാർഥിച്ചു. 6ശലോമോൻ അവിടെ യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിലെ താമ്രയാഗപീഠത്തിങ്കലേക്കു ചെന്ന് അതിന്മേൽ ആയിരം ഹോമയാഗം കഴിച്ചു.
7അന്നു രാത്രി ദൈവം ശലോമോനു പ്രത്യക്ഷനായി അവനോട്: ഞാൻ നിനക്ക് എന്തു തരേണം; ചോദിച്ചുകൊൾക എന്നരുളിച്ചെയ്തു. 8ശലോമോൻ ദൈവത്തോടു പറഞ്ഞത്: എന്റെ അപ്പനായ ദാവീദിനോടു നീ മഹാദയ കാണിച്ച് അവനു പകരം എന്നെ രാജാവാക്കിയിരിക്കുന്നു. 9ആകയാൽ യഹോവയായ ദൈവമേ എന്റെ അപ്പനായ ദാവീദിനോടുള്ള നിന്റെ വാഗ്ദാനം നിവൃത്തിയായി വരുമാറാകട്ടെ; ഭൂമിയിലെ പൊടിപോലെ അസംഖ്യമായുള്ള ജനത്തിനു നീ എന്നെ രാജാവാക്കിയിരിക്കുന്നുവല്ലോ. 10ആകയാൽ ഈ ജനത്തിനു നായകനായിരിക്കേണ്ടതിന് എനിക്കു ജ്ഞാനവും വിവേകവും തരേണമേ; അല്ലാതെ നിന്റെ ഈ വലിയ ജനത്തിനു ന്യായപാലനം ചെയ്‍വാൻ ആർക്കു കഴിയും? 11അതിനു ദൈവം ശലോമോനോട്: ഇതു നിന്റെ താൽപര്യമായിരിക്കയാലും ധനം, സമ്പത്ത്, മാനം, ശത്രുനിഗ്രഹം എന്നിവയോ ദീർഘായുസ്സോ ചോദിക്കാതെ ഞാൻ നിന്നെ രാജാവാക്കിവച്ച എന്റെ ജനത്തിനു ന്യായപാലനം ചെയ്യേണ്ടതിനു ജ്ഞാനവും വിവേകവും ചോദിച്ചിരിക്കയാലും 12ജ്ഞാനവും വിവേകവും നിനക്കു നല്കിയിരിക്കുന്നു; അതല്ലാതെ നിനക്കു മുമ്പുള്ള രാജാക്കന്മാരിൽ ആർക്കും ലഭിച്ചിട്ടില്ലാത്തതും നിന്റെ ശേഷം ആർക്കും ലഭിക്കാത്തതുമായ ധനവും സമ്പത്തും മാനവും ഞാൻ നിനക്കു തരും എന്ന് അരുളിച്ചെയ്തു. 13പിന്നെ ശലോമോൻ ഗിബെയോനിലെ പൂജാഗിരിയിൽനിന്നു, സമാഗമനകൂടാരത്തിന്റെ മുമ്പിൽ നിന്നുതന്നെ, യെരൂശലേമിലേക്കു വന്ന് യിസ്രായേലിൽ വാണു. 14ശലോമോൻ രഥങ്ങളെയും കുതിരച്ചേവകരെയും ശേഖരിച്ചു; അവന് ആയിരത്തിനാനൂറ് രഥങ്ങളും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു; അവരെ അവൻ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചു. 15രാജാവ് യെരൂശലേമിൽ പൊന്നും വെള്ളിയും പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരു താഴ്‌വീതിയിലെ കാട്ടത്തിമരംപോലെയും ആക്കി. 16ശലോമോനു കുതിരകളെ കൊണ്ടുവന്നതു മിസ്രയീമിൽനിന്നായിരുന്നു; രാജാവിന്റെ കച്ചവടക്കാർ അവയെ കൂട്ടമായി വിലയ്ക്കു വാങ്ങിക്കൊണ്ടുവരും. 17അവർ മിസ്രയീമിൽനിന്നു രഥമൊന്നിന് അറുനൂറും കുതിര ഒന്നിനു നൂറ്റമ്പതും വെള്ളി ശേക്കെൽ വില കൊടുത്തു വാങ്ങിക്കൊണ്ടുവരും; അങ്ങനെതന്നെ അവർ ഹിത്യരുടെ സകല രാജാക്കന്മാർക്കും അരാംരാജാക്കന്മാർക്കും കൊണ്ടുവന്നു കൊടുക്കും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in