YouVersion Logo
Search Icon

2 ദിനവൃത്താന്തം 18

18
1യെഹോശാഫാത്തിന് ധനവും മാനവും വളരെ ഉണ്ടായിരുന്നു; അവൻ ആഹാബിനോടു സംബന്ധംകൂടി. 2ചില സംവത്സരം കഴിഞ്ഞശേഷം അവൻ ശമര്യയിൽ ആഹാബിന്റെ അടുക്കൽ ചെന്നു; ആഹാബ് അവനും കൂടെയുണ്ടായിരുന്ന ജനത്തിനുംവേണ്ടി വളരെ ആടുകളെയും കാളകളെയും അറുത്തു; ഗിലെയാദിലെ രാമോത്തിലേക്കു തന്നോടുകൂടെ ചെല്ലേണ്ടതിന് അവനെ വശീകരിച്ചു. 3യിസ്രായേൽരാജാവായ ആഹാബ് യെഹൂദാരാജാവായ യെഹോശാഫാത്തിനോട്: നീ എന്നോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്കു പോരുമോ എന്നു ചോദിച്ചു. അവൻ അവനോട്: ഞാനും നീയും എന്റെ ജനവും നിന്റെ ജനവും ഒരുപോലെയല്ലോ; ഞങ്ങൾ നിന്നോടുകൂടെ യുദ്ധത്തിനു പോരാം എന്നു പറഞ്ഞു. 4യെഹോശാഫാത്ത് യിസ്രായേൽരാജാവിനോട്: ഇന്ന് യഹോവയുടെ അരുളപ്പാടു ചോദിച്ചാലും എന്നു പറഞ്ഞു. 5യിസ്രായേൽരാജാവ് നാനൂറു പ്രവാചകന്മാരെ വരുത്തി അവരോട്: ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിനു പോകയോ പോകാതിരിക്കയോ എന്തു വേണ്ടൂ എന്നു ചോദിച്ചു. അതിന് അവർ: പുറപ്പെടുക; ദൈവം അതു രാജാവിന്റെ കൈയിൽ ഏല്പിക്കും എന്നു പറഞ്ഞു. 6എന്നാൽ യെഹോശാഫാത്ത്: നാം അരുളപ്പാടു ചോദിക്കേണ്ടതിന് ഇവിടെ യഹോവയുടെ പ്രവാചകനായിട്ട് ഇനി ആരും ഇല്ലയോ എന്നു ചോദിച്ചു. 7അതിനു യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: നാം യഹോവയോട് അരുളപ്പാടു ചോദിപ്പാൻ തക്കവണ്ണം ഇനി ഒരുത്തനുണ്ട്; എന്നാൽ അവൻ എന്നെക്കുറിച്ച് ഒരിക്കലും ഗുണമല്ല എല്ലായ്പോഴും ദോഷം തന്നെ പ്രവചിക്കുന്നതുകൊണ്ട് എനിക്ക് അവനെ ഇഷ്ടമില്ല; അവൻ യിമ്ലയുടെ മകനായ മീഖായാവ് എന്നു പറഞ്ഞു. രാജാവ് അങ്ങനെ പറയരുതേ എന്നു യെഹോശാഫാത്ത് പറഞ്ഞു. 8അങ്ങനെ യിസ്രായേൽരാജാവ് ഒരു ഷണ്ഡനെ വിളിച്ചു: യിമ്ലയുടെ മകനായ മീഖായാവെ വേഗം കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു. 9യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ചു ശമര്യയുടെ പടിവാതിൽ പ്രവേശനത്തിങ്കൽ ഒരു വിശാലസ്ഥലത്തു താന്താന്റെ സിംഹാസനത്തിൽ ഇരുന്നു; പ്രവാചകന്മാരൊക്കെയും അവരുടെ സന്നിധിയിൽ പ്രവചിച്ചുകൊണ്ടിരുന്നു. 10കെനയനയുടെ മകനായ സിദെക്കീയാവ് തനിക്ക് ഇരുമ്പുകൊണ്ട് കൊമ്പുണ്ടാക്കി: നീ ഇവകൊണ്ട് അരാമ്യരെ അവർ ഒടുങ്ങുംവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. 11പ്രവാചകന്മാരൊക്കെയും അങ്ങനെ തന്നെ പ്രവചിച്ചു: ഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെടുക; നീ കൃതാർഥനാകും; യഹോവ അതു രാജാവിന്റെ കൈയിൽ ഏല്പിക്കും എന്നു പറഞ്ഞു. 12മീഖായാവെ വിളിപ്പാൻ പോയ ദൂതൻ അവനോട്: നോക്കൂ, പ്രവാചകന്മാരുടെ വാക്കുകൾ ഒരുപോലെ രാജാവിനു ഗുണമായിരിക്കുന്നു; നിന്റെ വാക്കും അവരിൽ ഒരുത്തൻറേതുപോലെ ഇരിക്കട്ടെ; നീയും ഗുണമായി പറയേണമേ എന്നു പറഞ്ഞു. 13അതിനു മീഖായാവ്: യഹോവയാണ, എന്റെ ദൈവം അരുളിച്ചെയ്യുന്നതു തന്നെ ഞാൻ പ്രസ്താവിക്കും എന്നു പറഞ്ഞു. 14അവൻ രാജാവിന്റെ അടുക്കൽ വന്നപ്പോൾ രാജാവ് അവനോട്: മീഖായാവേ, ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിനു പോകയോ പോകാതിരിക്കയോ എന്തു വേണ്ടൂ എന്നു ചോദിച്ചു. അതിന് അവൻ: പുറപ്പെടുവിൻ; നിങ്ങൾ കൃതാർഥരാകും; അവർ നിങ്ങളുടെ കൈയിൽ ഏല്പിക്കപ്പെടും എന്നു പറഞ്ഞു. 15രാജാവ് അവനോട്: നീ യഹോവയുടെ നാമത്തിൽ സത്യമല്ലാതെ യാതൊന്നും എന്നോടു പറയരുതെന്ന് എത്ര പ്രാവശ്യം ഞാൻ നിന്നോട് സത്യം ചെയ്തു പറയേണം എന്നു ചോദിച്ചു. 16അതിന് അവൻ: ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേൽ ഒക്കെയും പർവതങ്ങളിൽ ചിതറിയിരിക്കുന്നത് ഞാൻ കണ്ടു; അപ്പോൾ യഹോവ: ഇവർക്കു നാഥനില്ല; ഇവർ ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു സമാധാനത്തോടെ മടങ്ങിപ്പോകട്ടെ എന്നു കല്പിച്ചു എന്നു പറഞ്ഞു. 17അപ്പോൾ യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: ഇവൻ എന്നെക്കുറിച്ചു ദോഷമല്ലാതെ ഗുണം പ്രവചിക്കയില്ലെന്നു ഞാൻ നിന്നോട് പറഞ്ഞില്ലയോ എന്നു പറഞ്ഞു. 18അതിന് അവൻ പറഞ്ഞത്: എന്നാൽ യഹോവയുടെ വചനം കേട്ടുകൊൾവിൻ! യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗത്തിലെ സൈന്യം എല്ലാം അവന്റെ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു. 19യിസ്രായേൽരാജാവായ ആഹാബ് ചെന്നു ഗിലെയാദിലെ രാമോത്തിൽ പട്ടുപോകേണ്ടതിന് അവനെ ആർ വശീകരിക്കും എന്നു യഹോവ ചോദിച്ചതിന് ഒരുത്തൻ ഇങ്ങനെയും ഒരുത്തൻ അങ്ങനെയും പറഞ്ഞു. 20എന്നാറെ ഒരു ആത്മാവ് മുമ്പോട്ടുവന്നു യഹോവയുടെ സന്നിധിയിൽ നിന്നു: ഞാൻ അവനെ വശീകരിക്കും എന്നു പറഞ്ഞു. യഹോവ അവനോട്: ഏതിനാൽ എന്നു ചോദിച്ചു. 21അതിന് അവൻ: ഞാൻ ചെന്ന് അവന്റെ സകല പ്രവാചകന്മാരുടെയും വായിൽ ഭോഷ്കിന്റെ ആത്മാവായിരിക്കും എന്നു പറഞ്ഞു. നീ അവനെ വശീകരിക്കും; നിനക്കു സാധിക്കും; നീ ചെന്ന് അങ്ങനെ ചെയ്ക എന്ന് അവൻ കല്പിച്ചു. 22ആകയാൽ ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ പ്രവാചകന്മാരുടെ വായിൽ കൊടുത്തിരിക്കുന്നു; യഹോവ നിന്നെക്കുറിച്ച് അനർഥം കല്പിച്ചുമിരിക്കുന്നു. 23അപ്പോൾ കെനയനയുടെ മകനായ സിദെക്കീയാവ് അടുത്തുചെന്നു മീഖായാവെ ചെകിട്ടത്ത് അടിച്ചു: നിന്നോടു സംസാരിപ്പാൻ യഹോവയുടെ ആത്മാവ് എന്നെ വിട്ട് ഏതു വഴിയായി കടന്നുവന്നു എന്നു ചോദിച്ചു. 24അതിനു മീഖായാവ്: നീ ഒളിക്കേണ്ടതിന് അറ തേടിനടക്കുന്ന ദിവസത്തിൽ നീ കാണും എന്നു പറഞ്ഞു. 25അപ്പോൾ യിസ്രായേൽരാജാവ് പറഞ്ഞത്: നിങ്ങൾ മീഖായാവെ പിടിച്ചു നഗരാധിപതിയായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കൽ കൊണ്ടുചെന്ന്: 26ഇവനെ കാരാഗൃഹത്തിൽ ആക്കി, ഞാൻ സമാധാനത്തോടെ മടങ്ങിവരുവോളം ഞെരുക്കത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവുംകൊണ്ടു പോഷിപ്പിക്കേണ്ടതിനു രാജാവ് കല്പിച്ചിരിക്കുന്നു എന്നു പറവിൻ. 27അതിനു മീഖായാവ്: നീ സമാധാനത്തോടെ മടങ്ങിവരുന്നുണ്ടെങ്കിൽ യഹോവ ഞാൻ മുഖാന്തരം അരുളിച്ചെയ്തിട്ടില്ല എന്നു പറഞ്ഞു. സകല ജാതികളുമായുള്ളോരേ, കേട്ടുകൊൾവിൻ എന്നും അവൻ പറഞ്ഞു.
28അങ്ങനെ യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിലേക്കു പോയി. 29എന്നാൽ യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: ഞാൻ വേഷം മാറി പടയിൽ കടക്കും; നീയോ രാജവസ്ത്രം ധരിച്ചുകൊൾക എന്നു പറഞ്ഞു. 30അങ്ങനെ യിസ്രായേൽരാജാവ് വേഷം മാറി, അവർ പടയിൽ കടന്നു. എന്നാൽ അരാംരാജാവ് തന്റെ രഥനായകന്മാരോട്: നിങ്ങൾ യിസ്രായേൽരാജാവിനോട് മാത്രമല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുത് എന്നു കല്പിച്ചിരുന്നു. 31ആകയാൽ രഥനായകന്മാർ യെഹോശാഫാത്തിനെ കണ്ടപ്പോൾ: ഇവൻതന്നെ യിസ്രായേൽരാജാവ് എന്നു പറഞ്ഞ് അവനോടു പൊരുതുവാൻ തിരിഞ്ഞു; എന്നാൽ യെഹോശാഫാത്ത് നിലവിളിച്ചു; യഹോവ അവനെ സഹായിച്ചു; അവനെ വിട്ടുപോവാൻ ദൈവം അവർക്കു തോന്നിച്ചു. 32അവൻ യിസ്രായേൽരാജാവല്ല എന്നു രഥനായകന്മാർ കണ്ടിട്ട് അവർ അവനെ പിന്തുടരാതെ മടങ്ങിപ്പോയി. 33എന്നാൽ ഒരുത്തൻ യദൃച്ഛയാ വില്ലു കുലച്ചു യിസ്രായേൽരാജാവിനെ കവചത്തിനും പതക്കത്തിനും ഇടയ്ക്ക് എയ്തു; അവൻ തന്റെ സാരഥിയോട്: നിന്റെ കൈ തിരിച്ച് എന്നെ പടയിൽനിന്നു കൊണ്ടുപോക; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു. 34അന്നു പട കഠിനമായിത്തീർന്നതുകൊണ്ടു യിസ്രായേൽരാജാവ് സന്ധ്യവരെ അരാമ്യർക്കെതിരേ രഥത്തിൽ നിവിർന്നു നിന്നു; സൂര്യൻ അസ്തമിക്കുന്ന സമയത്ത് അവൻ മരിച്ചുപോയി.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for 2 ദിനവൃത്താന്തം 18