2 ദിനവൃത്താന്തം 17
17
1അവന്റെ മകനായ യെഹോശാഫാത്ത് അവനു പകരം രാജാവായി; അവൻ യിസ്രായേലിനെതിരേ പ്രബലനായിത്തീർന്നു. 2അവൻ യെഹൂദായിലെ ഉറപ്പുള്ള പട്ടണങ്ങളിലൊക്കെയും സൈന്യങ്ങളെ ആക്കി; യെഹൂദാദേശത്തും തന്റെ അപ്പനായ ആസാ പിടിച്ച എഫ്രയീംപട്ടണങ്ങളിലും കാവൽപട്ടാളങ്ങളെയും ആക്കി. 3യെഹോശാഫാത്ത് തന്റെ പിതാവായ ദാവീദിന്റെ ആദ്യത്തെ വഴികളിൽ നടക്കയും ബാൽവിഗ്രഹങ്ങളെ ആശ്രയിക്കാതെ 4തന്റെ പിതാവിന്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിന്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിന്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ട് യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു. 5യഹോവ അവന് രാജത്വം ഉറപ്പിച്ചുകൊടുത്തു; എല്ലാ യെഹൂദായും യെഹോശാഫാത്തിനു കാഴ്ച കൊണ്ടുവന്നു; അവനു ധനവും മാനവും വളരെ ഉണ്ടായി. 6അവന്റെ ഹൃദയം യഹോവയുടെ വഴികളിൽ ധൈര്യപ്പെട്ടിട്ട് അവൻ പൂജാഗിരികളെയും അശേരാപ്രതിഷ്ഠകളെയും യെഹൂദായിൽനിന്നു നീക്കിക്കളഞ്ഞു. 7അവൻ തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ യെഹൂദാനഗരങ്ങളിൽ ഉപദേശിപ്പാനായിട്ട് ബെൻ-ഹയീൽ, ഓബദ്യാവ്, സെഖര്യാവ്, നെഥനയേൽ, മീഖാ എന്നീ തന്റെ പ്രഭുക്കന്മാരെയും 8അവരോടുകൂടെ ശെമയ്യാവ്, നെഥന്യാവ്, സെബദ്യാവ്, അസായേൽ, ശെമീരാമോത്ത്, യെഹോനാഥാൻ, അദോനീയാവ്, തോബീയാവ്, തോബ്-അഥോനീയാവ് എന്നീ ലേവ്യരെയും അവരോടുകൂടെ എലീശാമാ, യെഹോരാം എന്നീ പുരോഹിതന്മാരെയും അയച്ചു. 9അവർ യെഹൂദായിൽ ഉപദേശിച്ചു; യഹോവയുടെ ന്യായപ്രമാണപുസ്തകവും അവരുടെ കൈയിൽ ഉണ്ടായിരുന്നു; അവർ യെഹൂദാനഗരങ്ങളിലൊക്കെയും സഞ്ചരിച്ചു ജനത്തെ ഉപദേശിച്ചു. 10യഹോവയിങ്കൽനിന്ന് ഒരു ഭീതി യെഹൂദായ്ക്കു ചുറ്റുമുള്ള ദേശങ്ങളിലെ സകല രാജ്യങ്ങളിന്മേലും വീണിരുന്നതുകൊണ്ട് അവർ യെഹോശാഫാത്തിനോടു യുദ്ധം ചെയ്തില്ല. 11ഫെലിസ്ത്യരിലും ചിലർ യെഹോശാഫാത്തിനു കാഴ്ചയും കപ്പമായി വെള്ളിയും കൊണ്ടുവന്നു; അരാബ്യരും അവന് ഏഴായിരത്തി എഴുനൂറ് ആട്ടുകൊറ്റനും ഏഴായിരത്തി എഴുനൂറു വെള്ളാട്ടുകൊറ്റനുമുള്ള ആട്ടിൻകൂട്ടത്തെ കൊണ്ടുവന്നു. 12യെഹോശാഫാത്ത് മേല്ക്കുമേൽ പ്രബലനായിത്തീർന്നു, യെഹൂദായിൽ കോട്ടകളെയും സംഭാരനഗരങ്ങളെയും പണിതു. 13അവനു യെഹൂദാനഗരങ്ങളിൽ വളരെ പ്രവൃത്തി ഉണ്ടായിരുന്നു; പരാക്രമശാലികളായ യോദ്ധാക്കൾ യെരൂശലേമിൽ ഉണ്ടായിരുന്നു. 14പിതൃഭവനം പിതൃഭവനമായുള്ള അവരുടെ എണ്ണമാവിത്: യെഹൂദായുടെ സഹസ്രാധിപന്മാർ: അദ്നാപ്രഭു, അവനോടുകൂടെ മൂന്നുലക്ഷം പരാക്രമശാലികൾ; 15അവന്റെ ശേഷം യെഹോഹാനാൻപ്രഭു, അവനോടുകൂടെ രണ്ടുലക്ഷത്തെൺപതിനായിരം പേർ; 16അവന്റെ ശേഷം തന്നെത്താൻ മനഃപൂർവമായി യഹോവയ്ക്കു ഭരമേല്പിച്ചവനായ സിക്രിയുടെ മകൻ അമസ്യാവ്, അവനോടുകൂടെ രണ്ടുലക്ഷം പരാക്രമശാലികൾ; 17ബെന്യാമീനിൽനിന്നു പരാക്രമശാലിയായ എല്യാദാ, അവനോടുകൂടെ വില്ലും പരിചയും ധരിച്ച രണ്ടുലക്ഷം പേർ; 18അവന്റെ ശേഷം യെഹോസാബാദ്, അവനോടുകൂടെ യുദ്ധസന്നദ്ധരായ ഒരു ലക്ഷത്തെൺപതിനായിരം പേർ. 19രാജാവ് യെഹൂദായിലൊക്കെയും ഉറപ്പുള്ള പട്ടണങ്ങളിൽ ആക്കിയിരുന്നവരെ കൂടാതെ രാജാവിനു സേവചെയ്തുവന്നവർ ഇവർ തന്നെ.
Currently Selected:
2 ദിനവൃത്താന്തം 17: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.