1 ശമൂവേൽ 20
20
1ദാവീദ് രാമായിലെ നയ്യോത്തിൽനിന്ന് ഓടി യോനാഥാന്റെ അടുക്കൽ ചെന്നു: ഞാൻ എന്തു ചെയ്തു? എന്റെ കുറ്റം എന്ത്? നിന്റെ അപ്പൻ എന്നെ കൊല്ലുവാൻ അന്വേഷിക്കേണ്ടതിന് അവനോടു ഞാൻ ചെയ്ത പാപം എന്ത് എന്നു ചോദിച്ചു. 2അവൻ അവനോട്: അങ്ങനെ ഭവിക്കരുതേ, നീ മരിക്കയില്ല; എന്റെ അപ്പൻ എന്നെ അറിയിക്കാതെ വലുതോ ചെറുതോ യാതൊന്നും ചെയ്വാറില്ല; പിന്നെ ഈ കാര്യം എന്നെ മറപ്പാൻ സംഗതി എന്ത്? അങ്ങനെ വരികയില്ല എന്നു പറഞ്ഞു. 3ദാവീദ് പിന്നെയും അവനോട്: എന്നോട് നിനക്കു പ്രിയമാകുന്നുവെന്ന് നിന്റെ അപ്പൻ നല്ലവണ്ണം അറികയാൽ യോനാഥാൻ ദുഃഖിക്കാതിരിക്കേണ്ടതിന് അവൻ ഇതു ഗ്രഹിക്കരുത് എന്ന് അവൻ വിചാരിക്കുന്നു; എന്നാൽ യഹോവയാണ, നിന്നാണ, എനിക്കും മരണത്തിനും മധ്യേ ഒരടി അകലം മാത്രമേയുള്ളൂ എന്നു സത്യംചെയ്തു പറഞ്ഞു. 4അപ്പോൾ യോനാഥാൻ ദാവീദിനോട്: നിന്റെ ആഗ്രഹം എന്ത്? ഞാൻ അതു ചെയ്തുതരും എന്നു പറഞ്ഞു. 5ദാവീദ് യോനാഥാനോടു പറഞ്ഞത്: നാളെ അമാവാസിയാകുന്നു; ഞാനും രാജാവിനോടുകൂടെ പന്തിഭോജനത്തിന് ഇരിക്കേണ്ടതല്ലോ; എങ്കിലും മറ്റന്നാൾ വൈകുന്നേരംവരെ വയലിൽ ഒളിച്ചിരിപ്പാൻ എനിക്ക് അനുവാദം തരേണം. 6നിന്റെ അപ്പൻ എന്നെ കാണാഞ്ഞിട്ട് അന്വേഷിച്ചാൽ: ദാവീദ് സ്വന്തപട്ടണമായ ബേത്ലഹേമിലേക്ക് ഒന്നു പോയിവരേണ്ടതിന് എന്നോടു താൽപര്യമായി അനുവാദം ചോദിച്ചു; അവന്റെ കുലത്തിനെല്ലാം അവിടെ വർഷാന്തരയാഗം ഉണ്ട് എന്നു ബോധിപ്പിക്കേണം. 7കൊള്ളാമെന്ന് അവൻ പറഞ്ഞാൽ അടിയനു ശുഭം; അല്ല, കോപിച്ചാൽ: അവൻ ദോഷം നിർണയിച്ചിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളേണം. 8എന്നാൽ അങ്ങുന്ന് അടിയനോടു ദയ ചെയ്യേണം; അടിയനുമായി യഹോവയെ സാക്ഷിയാക്കി സഖ്യത ചെയ്തിട്ടുണ്ടല്ലോ; വല്ല കുറ്റവും എന്നിൽ ഉണ്ടെങ്കിലോ അങ്ങുന്നുതന്നെ എന്നെ കൊല്ലുക; അപ്പന്റെ അടുക്കൽ എന്നെ കൊണ്ടുപോകുവാൻ എന്തൊരാവശ്യം? 9അതിന് യോനാഥാൻ: അങ്ങനെ നിനക്കു വരാതിരിക്കട്ടെ; എന്റെ അപ്പൻ നിനക്കു ദോഷം വരുത്തുവാൻ നിർണയിച്ചിരിക്കുന്നു എന്നു ഞാൻ അറിഞ്ഞാൽ നിന്നെ അറിയിക്കാതിരിക്കുമോ എന്നു പറഞ്ഞു. 10ദാവീദ് യോനാഥാനോട്: നിന്റെ അപ്പൻ നിന്നോടു കഠിനമായി ഉത്തരം പറഞ്ഞാലോ അത് ആർ എന്നെ അറിയിക്കും എന്നു ചോദിച്ചു. 11യോനാഥാൻ ദാവീദിനോട്: വരിക, നമുക്ക് വയലിലേക്കു പോകാം എന്നു പറഞ്ഞു; അവർ ഇരുവരും വയലിലേക്കു പോയി.
12പിന്നെ യോനാഥാൻ ദാവീദിനോടു പറഞ്ഞത്: യിസ്രായേലിന്റെ ദൈവമായ യഹോവ സാക്ഷി: നാളെ ഈ നേരത്തോ മറ്റന്നാളോ എന്റെ അപ്പന്റെ അന്തർഗതമറിഞ്ഞ് നിനക്കു ഗുണമെന്നു കണ്ടാൽ ഞാൻ ആളയച്ച് നിന്നെ അറിയിക്കാതിരിക്കുമോ? 13എന്നാൽ നിന്നോടു ദോഷം ചെയ്വാനാകുന്നു എന്റെ അപ്പന്റെ ഭാവമെങ്കിൽ ഞാൻ അതു നിന്നെ അറിയിച്ച് നീ സമാധാനത്തോടെ പോകേണ്ടതിന് നിന്നെ പറഞ്ഞയയ്ക്കാതിരുന്നാൽ യഹോവ യോനാഥാനോടു തക്കവണ്ണവും അധികവും ചെയ്യട്ടെ; യഹോവ എന്റെ അപ്പനോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കുമാറാകട്ടെ. 14ഞാൻ ഇനി ജീവനോടിരിക്കയാകുന്നു എങ്കിൽ ഞാൻ മരിക്കാതവണ്ണം യഹോവയുടെ ദയ നീ കാണിക്കേണ്ടത് എന്നോടു മാത്രമല്ല; 15എന്റെ ഗൃഹത്തോടും നിന്റെ ദയ ഒരിക്കലും അറ്റുപോകരുത്; യഹോവ ദാവീദിന്റെ ശത്രുക്കളെ ഒട്ടൊഴിയാതെ ഭൂതലത്തിൽനിന്നു ഛേദിച്ചുകളയുംകാലത്തും അറ്റുപോകരുത്. 16ഇങ്ങനെ യോനാഥാൻ ദാവീദിന്റെ ഗൃഹത്തോടു സഖ്യത ചെയ്തു. ദാവീദിന്റെ ശത്രുക്കളോട് യഹോവ ചോദിച്ചുകൊള്ളും. 17യോനാഥാൻ സ്വന്തപ്രാണനെപ്പോലെ ദാവീദിനെ സ്നേഹിക്കയാൽ തന്നോടുള്ള സ്നേഹത്തെച്ചൊല്ലി അവനെക്കൊണ്ടു പിന്നെയും സത്യം ചെയ്യിച്ചു. 18പിന്നെ യോനാഥാൻ ദാവീദിനോടു പറഞ്ഞത്: നാളെ അമാവാസിയാകുന്നുവല്ലോ; നിന്റെ ഇരിപ്പിടം ഒഴിഞ്ഞിരിക്കുമ്പോൾ നീ ഇല്ലെന്നു കാണും. 19മൂന്നു ദിവസം കഴിഞ്ഞിട്ട് കാര്യം നടന്ന അന്ന് നീ ഒളിച്ചിരുന്ന സ്ഥലത്തേക്ക് വേഗത്തിൽ ഇറങ്ങിവന്ന് ഏസെൽകല്ലിന്റെ അരികെ താമസിക്കേണം. 20അപ്പോൾ ഞാൻ അതിന്റെ ഒരു വശത്ത് ഒരു ലാക്കിന് എയ്യുന്ന ഭാവത്തിൽ മൂന്ന് അമ്പ് എയ്യും. 21നീ ചെന്ന് അമ്പു നോക്കി എടുത്തുകൊണ്ടു വരിക എന്നു പറഞ്ഞ് ഒരു ബാല്യക്കാരനെ അയയ്ക്കും. അമ്പുകൾ നിന്റെ ഇപ്പുറത്ത് ഇതാ, എടുത്തുകൊണ്ടു വരിക എന്നു ഞാൻ ബാല്യക്കാരനോടു പറഞ്ഞാൽ നീ അവ എടുത്തുകൊണ്ടു വരിക; യഹോവയാണ, നിനക്കു ശുഭമല്ലാതെ മറ്റൊന്നും വരികയില്ല. 22എന്നാൽ ഞാൻ ബാല്യക്കാരനോട്: അമ്പ് നിന്റെ അപ്പുറത്ത് അതാ എന്നു പറഞ്ഞാൽ നിന്റെ വഴിക്കു പൊയ്ക്കൊൾക; യഹോവ നിന്നെ പറഞ്ഞയച്ചിരിക്കുന്നു. 23ഞാനും നീയും തമ്മിൽ പറഞ്ഞിരിക്കുന്ന കാര്യത്തിലോ, യഹോവ എനിക്കും നിനക്കും മധ്യേ എന്നേക്കും സാക്ഷി.
24ഇങ്ങനെ ദാവീദ് വയലിൽ ഒളിച്ചു; അമാവാസിയായപ്പോൾ രാജാവ് പന്തിഭോജനത്തിന് ഇരുന്നു. 25രാജാവ് പതിവുപോലെ ചുവരിനരികെയുള്ള തന്റെ ആസനത്തിന്മേൽ ഇരുന്നു; യോനാഥാൻ എഴുന്നേറ്റു നിന്നു. അബ്നേർ ശൗലിന്റെ അരികെ ഇരുന്നു; ദാവീദിന്റെ സ്ഥലമോ ഒഴിഞ്ഞുകിടന്നു. 26അന്ന് ശൗൽ ഒന്നും പറഞ്ഞില്ല; അവന് എന്തോ ഭവിച്ചു അവന് ശുദ്ധിയില്ലായിരിക്കും; അതേ, അവനു ശുദ്ധിയില്ല എന്ന് അവൻ വിചാരിച്ചു. 27അമാവാസിയുടെ പിറ്റന്നാളും ദാവീദിന്റെ സ്ഥലം ഒഴിഞ്ഞുകിടന്നു; ശൗൽ തന്റെ മകനായ യോനാഥാനോട്: യിശ്ശായിയുടെ മകൻ ഇന്നലെയും ഇന്നും പന്തിഭോജനത്തിനു വരാതിരിക്കുന്നത് എന്ത് എന്നു ചോദിച്ചു. 28യോനാഥാൻ ശൗലിനോട്: ദാവീദ് ബേത്ലഹേമിൽ പോകുവാൻ എന്നോട് താൽപര്യമായി അനുവാദം ചോദിച്ചു: 29ഞങ്ങളുടെ കുലത്തിനു പട്ടണത്തിൽ ഒരു യാഗമുള്ളതുകൊണ്ട് എന്നെ വിട്ടയയ്ക്കേണമേ; എന്റെ ജ്യേഷ്ഠൻ തന്നെ എന്നോടു കല്പിച്ചിരിക്കുന്നു; ആകയാൽ നിനക്ക് എന്നോട് കൃപയുണ്ടെങ്കിൽ ഞാൻ എന്റെ സഹോദരന്മാരെ ചെന്നു കാൺമാൻ അനുവദിക്കേണമേ എന്നു പറഞ്ഞു. അതുകൊണ്ടാകുന്നു അവൻ രാജാവിന്റെ പന്തിഭോജനത്തിനു വരാതിരിക്കുന്നത് എന്നുത്തരം പറഞ്ഞു. 30അപ്പോൾ ശൗലിന്റെ കോപം യോനാഥാന്റെ നേരേ ജ്വലിച്ചു; അവൻ അവനോട്: വക്രതയും ദുശ്ശാഠ്യവും ഉള്ളവളുടെ മകനേ, നിന്റെ സ്വന്തലജ്ജയ്ക്കും നിന്റെ അമ്മയുടെ നഗ്നതയുടെ ലജ്ജയ്ക്കുമായി നീ യിശ്ശായിയുടെ മകനോടു കൂടിയിരിക്കുന്നു എന്ന് എനിക്ക് അറിഞ്ഞുകൂടയോ? 31യിശ്ശായിയുടെ മകൻ ഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലത്തൊരിക്കലും നീയും നിന്റെ രാജത്വവും ഉറയ്ക്കയില്ല. ഉടനെ ആളയച്ച് അവനെ എന്റെ അടുക്കൽ വരുത്തുക; അവൻ മരണയോഗ്യനാകുന്നു എന്നു പറഞ്ഞു. 32യോനാഥാൻ തന്റെ അപ്പനായ ശൗലിനോട്: അവനെ എന്തിനു കൊല്ലുന്നു? അവൻ എന്തു ചെയ്തു എന്നു ചോദിച്ചു. 33അപ്പോൾ ശൗൽ അവനെ കൊല്ലുവാൻ അവന്റെ നേരേ കുന്തം എറിഞ്ഞു; അതിനാൽ തന്റെ അപ്പൻ ദാവീദിനെ കൊല്ലുവാൻ നിർണയിച്ചിരിക്കുന്നു എന്നു യോനാഥാൻ അറിഞ്ഞു. 34യോനാഥാൻ അതികോപത്തോടെ പന്തിഭോജനത്തിൽനിന്ന് എഴുന്നേറ്റു; അമാവാസിയുടെ പിറ്റന്നാൾ ഭക്ഷണം ഒന്നും കഴിച്ചതുമില്ല; തന്റെ അപ്പൻ ദാവീദിനെ അപമാനിച്ചതുകൊണ്ട് അവനെക്കുറിച്ച് അവൻ വ്യസനിച്ചിരുന്നു.
35പിറ്റന്നാൾ രാവിലെ, ദാവീദുമായി നിശ്ചയിച്ചിരുന്ന സമയത്ത്, യോനാഥാൻ ഒരു ചെറിയ ബാല്യക്കാരനോടുകൂടെ വയലിലേക്കു പോയി. 36അവൻ തന്റെ ബാല്യക്കാരനോട്: ഓടിച്ചെന്നു ഞാൻ എയ്യുന്ന അമ്പ് എടുത്തു കൊണ്ടുവാ എന്നു പറഞ്ഞു. ബാല്യക്കാരൻ ഓടുമ്പോൾ അവന്റെ അപ്പുറത്തേക്ക് ഒരു അമ്പ് എയ്തു. 37യോനാഥാൻ എയ്ത അമ്പു വീണേടത്ത് ബാല്യക്കാരൻ എത്തിയപ്പോൾ യോനാഥാൻ ബാല്യക്കാരനോട്: അമ്പു നിന്റെ അപ്പുറത്തല്ലയോ എന്നു വിളിച്ചുപറഞ്ഞു. 38പിന്നെയും യോനാഥാൻ ബാല്യക്കാരനോട്: ബദ്ധപ്പെട്ട് ഓടിവരിക, നില്ക്കരുത് എന്നു വിളിച്ചുപറഞ്ഞു. യോനാഥാന്റെ ബാല്യക്കാരൻ അമ്പുകളെ പെറുക്കി യജമാനന്റെ അടുക്കൽ കൊണ്ടുവന്നു. 39എന്നാൽ യോനാഥാനും ദാവീദും അല്ലാതെ ബാല്യക്കാരൻ കാര്യം ഒന്നും അറിഞ്ഞില്ല. 40പിന്നെ യോനാഥാൻ തന്റെ ആയുധങ്ങളെ ബാല്യക്കാരന്റെ പക്കൽ കൊടുത്തു: പട്ടണത്തിലേക്കു കൊണ്ടുപോക എന്നു പറഞ്ഞു. 41ബാല്യക്കാരൻ പോയ ഉടനെ ദാവീദ് തെക്കുവശത്തുനിന്ന് എഴുന്നേറ്റുവന്ന് മൂന്നു പ്രാവശ്യം സാഷ്ടാംഗം വീണു നമസ്കരിച്ചു; അവർ തമ്മിൽ ചുംബനംചെയ്തു കരഞ്ഞു; ദാവീദോ ഉച്ചത്തിൽ കരഞ്ഞുപോയി. 42യോനാഥാൻ ദാവീദിനോട്: യഹോവ എനിക്കും നിനക്കും എന്റെ സന്തതിക്കും നിന്റെ സന്തതിക്കും മധ്യേ എന്നേക്കും സാക്ഷി എന്നിങ്ങനെ നാം ഇരുവരും യഹോവയുടെ നാമത്തിൽ സത്യം ചെയ്തിരിക്കകൊണ്ട് സമാധാനത്തോടെ പോക എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റു പോയി; യോനാഥാനോ പട്ടണത്തിലേക്കു പോന്നു.
Currently Selected:
1 ശമൂവേൽ 20: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.