YouVersion Logo
Search Icon

1 ദിനവൃത്താന്തം 22

22
1ഇതു യഹോവയായ ദൈവത്തിന്റെ ആലയം; ഇതു യിസ്രായേലിനു ഹോമപീഠം എന്നു ദാവീദ് പറഞ്ഞു. 2അനന്തരം ദാവീദ് യിസ്രായേൽദേശത്തിലെ അന്യജാതിക്കാരെ കൂട്ടിവരുത്തുവാൻ കല്പിച്ചു; ദൈവത്തിന്റെ ആലയം പണിവാൻ ചതുരക്കല്ലു ചെത്തേണ്ടതിനു അവൻ കല്പണിക്കാരെ നിയമിച്ചു. 3ദാവീദ് പടിവാതിൽ കതകുകളുടെ ആണികൾക്കായിട്ടും കൊളുത്തുകൾക്കായിട്ടും വളരെ ഇരുമ്പും തൂക്കമില്ലാതെ വളരെ താമ്രവും അനവധി ദേവദാരുവും ഒരുക്കിവച്ചു. 4സീദോന്യരും സോര്യരും അനവധി ദേവദാരു ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു. എന്റെ മകൻ ശലോമോൻ ചെറുപ്പവും ഇളംപ്രായവുമുള്ളവൻ ആകുന്നു; യഹോവയ്ക്കായി പണിയേണ്ടുന്ന ആലയമോ കീർത്തിയും ശോഭയുംകൊണ്ടു സർവദേശങ്ങൾക്കും അതിമഹത്ത്വമുള്ളതായിരിക്കേണം. 5ആകയാൽ ഞാൻ അതിനു തക്കവണ്ണം വട്ടംകൂട്ടും എന്നു ദാവീദ് പറഞ്ഞു. അങ്ങനെ ദാവീദ് തന്റെ മരണത്തിനുമുമ്പേ ധാരാളം വട്ടംകൂട്ടി.
6അവൻ തന്റെ മകനായ ശലോമോനെ വിളിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ഒരു ആലയം പണിയുവാൻ കല്പന കൊടുത്തു. 7ദാവീദ് ശലോമോനോടു പറഞ്ഞത്: മകനേ, ഞാൻ തന്നെ എന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിവാൻ താൽപര്യപ്പെട്ടിരുന്നു. 8എങ്കിലും എനിക്കു യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ: നീ വളരെ രക്തം ചിന്തി വലിയ യുദ്ധങ്ങളും ചെയ്തിട്ടുണ്ട്; നീ എന്റെ നാമത്തിന് ഒരു ആലയം പണിയരുത്; നീ എന്റെ മുമ്പാകെ ഭൂമിയിൽ ബഹുരക്തം ചിന്തിയിരിക്കുന്നു. 9എന്നാൽ നിനക്ക് ഒരു മകൻ ജനിക്കും; അവൻ വിശ്രമപുരുഷനായിരിക്കും; ഞാൻ ചുറ്റുമുള്ള അവന്റെ സകല ശത്രുക്കളെയും നീക്കി അവനു വിശ്രമം കൊടുക്കും; അവന്റെ പേർ ശലോമോൻ എന്ന് ആയിരിക്കും; അവന്റെ കാലത്തു ഞാൻ യിസ്രായേലിനു സമാധാനവും സ്വസ്ഥതയും നല്കും. 10അവൻ എന്റെ നാമത്തിന് ഒരു ആലയം പണിയും; അവൻ എനിക്കു മകനായും ഞാൻ അവന് അപ്പനായും ഇരിക്കും; യിസ്രായേലിൽ അവന്റെ രാജാസനം ഞാൻ എന്നേക്കും നിലനില്ക്കുമാറാക്കും. 11ആകയാൽ എന്റെ മകനേ, യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ; നിന്റെ ദൈവമായ യഹോവ നിന്നെക്കുറിച്ച് അരുളിച്ചെയ്തതുപോലെ നീ കൃതാർഥനായി അവന്റെ ആലയം പണിക. 12നിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണം നീ ആചരിക്കേണ്ടതിനു യഹോവ നിനക്കു ജ്ഞാനവും വിവേകവും തന്നു നിന്നെ യിസ്രായേലിനു നിയമിക്കുമാറാകട്ടെ. 13യഹോവ യിസ്രായേലിനുവേണ്ടി മോശെയോടു കല്പിച്ച ചട്ടങ്ങളും വിധികളും നീ പ്രമാണിച്ചാചരിക്കുന്നു എങ്കിൽ നീ കൃതാർഥനാകും; ധൈര്യപ്പെട്ട് ഉറച്ചിരിക്ക; ഭയപ്പെടരുത്, ഭ്രമിക്കയും അരുത്. 14ഇതാ, ഞാൻ എന്റെ കഷ്ടത്തിൽ യഹോവയുടെ ആലയത്തിനായി ഒരു ലക്ഷം താലന്ത് പൊന്നും പത്തു ലക്ഷം താലന്തു വെള്ളിയും പെരുപ്പം നിമിത്തം തൂക്കമില്ലാത്ത താമ്രവും ഇരുമ്പും സ്വരൂപിച്ചിട്ടുണ്ട്; മരവും കല്ലുംകൂടെ ഞാൻ ഒരുക്കിവച്ചിരിക്കുന്നു; നിനക്ക് ഇനിയും അതിനോടു ചേർത്തുകൊള്ളാമല്ലോ. 15നിന്റെ സ്വാധീനത്തിൽ കല്ലുവെട്ടുകാർ, കല്പണിക്കാർ, ആശാരികൾ എന്നിങ്ങനെ അനവധി പണിക്കാരും സകലവിധ കൗശലപ്പണിക്കാരും ഉണ്ടല്ലോ; 16പൊന്ന്, വെള്ളി, താമ്രം, ഇരുമ്പ് എന്നിവ ധാരാളം ഉണ്ട്; ഉത്സാഹിച്ചു പ്രവർത്തിച്ചുകൊൾക; യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ. 17ദാവീദ് യിസ്രായേലിന്റെ സകല പ്രഭുക്കന്മാരോടും തന്റെ മകനായ ശലോമോനെ സഹായിപ്പാൻ കല്പിച്ചുപറഞ്ഞത്: 18നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടെ ഉണ്ടല്ലോ; അവൻ നിങ്ങൾക്കു ചുറ്റും വിശ്രമം വരുത്തിയിരിക്കുന്നു. അവൻ ദേശനിവാസികളെ എന്റെ കൈയിൽ ഏല്പിച്ചു ദേശം യഹോവയ്ക്കും അവന്റെ ജനത്തിനും കീഴടങ്ങിയുമിരിക്കുന്നു. 19ആകയാൽ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിപ്പാൻ നിങ്ങളുടെ ഹൃദയവും മനസ്സും ഏല്പിച്ചുകൊടുപ്പിൻ. എഴുന്നേല്പിൻ; യഹോവയുടെ നിയമപെട്ടകവും ദൈവത്തിന്റെ വിശുദ്ധപാത്രങ്ങളും യഹോവയുടെ നാമത്തിനു പണിവാനുള്ള ആലയത്തിലേക്കു കൊണ്ടുവരേണ്ടതിനു യഹോവയായ ദൈവത്തിന്റെ വിശുദ്ധമന്ദിരത്തെ പണിവിൻ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for 1 ദിനവൃത്താന്തം 22