YouVersion Logo
Search Icon

1 ദിനവൃത്താന്തം 21

21
1അനന്തരം സാത്താൻ യിസ്രായേലിനു വിരോധമായി എഴുന്നേറ്റു യിസ്രായേലിനെ എണ്ണുവാൻ ദാവീദിനു തോന്നിച്ചു. 2ദാവീദു യോവാബിനോടും ജനത്തിന്റെ പ്രഭുക്കന്മാരോടും: നിങ്ങൾ ചെന്നു ബേർ-ശേബ മുതൽ ദാൻവരെ യിസ്രായേലിനെ എണ്ണി അവരുടെ സംഖ്യ ഞാൻ അറിയേണ്ടതിനു കൊണ്ടുവരുവിൻ എന്നു പറഞ്ഞു. 3അതിനു യോവാബ്: യഹോവ തന്റെ ജനത്തെ ഉള്ളതിൽ നൂറിരട്ടിയായി വർധിപ്പിക്കട്ടെ; എങ്കിലും എന്റെ യജമാനനായ രാജാവേ, അവരൊക്കെയും യജമാനന്റെ ദാസന്മാരല്ലയോ? യജമാനൻ ഈ കാര്യം അന്വേഷിക്കുന്നത് എന്ത്? യിസ്രായേലിനു കുറ്റത്തിന്റെ കാരണമായിത്തീരുന്നത് എന്തിന് എന്നു പറഞ്ഞു. 4എന്നാൽ യോവാബ് രാജാവിന്റെ കല്പന അനുസരിക്കേണ്ടിവന്നു. അതുകൊണ്ടു യോവാബ് പുറപ്പെട്ട് എല്ലാ യിസ്രായേലിലും കൂടി സഞ്ചരിച്ചു യെരൂശലേമിലേക്കു മടങ്ങിവന്നു. 5യോവാബ് ജനത്തെ എണ്ണിയ സംഖ്യ ദാവീദിനു കൊടുത്തു: യിസ്രായേലിൽ ആയുധപാണികൾ എല്ലാം കൂടി പതിനൊന്നുലക്ഷം പേർ. യെഹൂദായിൽ ആയുധപാണികൾ നാലുലക്ഷത്തെഴുപതിനായിരം പേർ. 6എന്നാൽ രാജാവിന്റെ കല്പന യോവാബിനു വെറുപ്പായിരുന്നതുകൊണ്ട് അവൻ ലേവിയെയും ബെന്യാമീനെയും അവരുടെ കൂട്ടത്തിൽ എണ്ണിയില്ല. 7ദൈവത്തിന് ഈ കാര്യം അനിഷ്ടമായിരുന്നതുകൊണ്ട് അവൻ യിസ്രായേലിനെ ബാധിച്ചു. 8അപ്പോൾ ദാവീദ് ദൈവത്തോട്: ഈ കാര്യം ചെയ്തതിനാൽ ഞാൻ മഹാപാപം ചെയ്തിരിക്കുന്നു: എന്നാൽ അടിയന്റെ അകൃത്യം ക്ഷമിക്കേണമേ; ഞാൻ വലിയ ഭോഷത്തം ചെയ്തുപോയി എന്നു പറഞ്ഞു. 9യഹോവ ദാവീദിന്റെ ദർശകനായ ഗാദിനോട് അരുളിച്ചെയ്തതെന്തെന്നാൽ: 10നീ ചെന്നു ദാവീദിനോട്, ഞാൻ മൂന്നു കാര്യം നിന്റെ മുമ്പിൽ വയ്ക്കുന്നു; അവയിൽ ഒന്നു തിരഞ്ഞെടുത്തുകൊൾക; അതു ഞാൻ നിന്നോടു ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക. 11അങ്ങനെ ഗാദ് ദാവീദിന്റെ അടുക്കൽ ചെന്ന് അവനോട്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 12മൂന്നു സംവത്സരത്തെ ക്ഷാമമോ, നിന്റെ ശത്രുക്കളുടെ വാൾ നിന്നെ തുടർന്നെത്തി നീ മൂന്നു മാസം നിന്റെ ശത്രുക്കളാൽ നശിക്കയോ, ദേശത്തു മൂന്നു ദിവസം യഹോവയുടെ വാളായ മഹാമാരി ഉണ്ടായി യിസ്രായേൽദേശത്തൊക്കെയും യഹോവയുടെ ദൂതൻ സംഹാരം ചെയ്കയോ ഇവയിൽ ഒന്നു തിരഞ്ഞെടുത്തുകൊൾക. എന്നെ അയച്ചവനോടു ഞാൻ എന്തൊരു മറുപടി പറയേണ്ടൂ എന്ന് ആലോചിച്ചുനോക്കുക എന്നു പറഞ്ഞു. 13ദാവീദ് ഗാദിനോട്: ഞാൻ വലിയ വിഷമത്തിലായിരിക്കുന്നു; ഞാൻ ഇപ്പോൾ യഹോവയുടെ കൈയിൽതന്നെ വീഴട്ടെ; അവന്റെ കരുണ ഏറ്റവും വലിയതല്ലോ; മനുഷ്യന്റെ കൈയിൽ ഞാൻ വീഴരുതേ എന്നു പറഞ്ഞു. 14അങ്ങനെ യഹോവ യിസ്രായേലിൽ മഹാമാരി അയച്ചു; യിസ്രായേലിൽ എഴുപതിനായിരം പേർ വീണുപോയി. 15ദൈവം യെരൂശലേമിനെ നശിപ്പിക്കേണ്ടതിന് ഒരു ദൂതനെ അവിടെ അയച്ചു; അവൻ നശിപ്പിപ്പാൻ ഭാവിക്കുമ്പോൾ യഹോവ കണ്ട് ആ അനർഥത്തെക്കുറിച്ച് അനുതപിച്ചു നാശകദൂതനോട്: മതി, നിന്റെ കൈ പിൻവലിക്ക എന്നു കല്പിച്ചു. യഹോവയുടെ ദൂതൻ യെബൂസ്യനായ ഒർന്നാന്റെ കളത്തിനരികെ നില്ക്കയായിരുന്നു. 16ദാവീദ് തല പൊക്കി, യഹോവയുടെ ദൂതൻ വാൾ ഊരി യെരൂശലേമിനു മീതെ നീട്ടിപ്പിടിച്ചുംകൊണ്ടു ഭൂമിക്കും ആകാശത്തിനും മധ്യേ നില്ക്കുന്നതു കണ്ട് ദാവീദും മൂപ്പന്മാരും രട്ടുടുത്തു സാഷ്ടാംഗം വീണു. 17ദാവീദ് ദൈവത്തോട്: ജനത്തെ എണ്ണുവാൻ പറഞ്ഞവൻ ഞാനല്ലയോ? ദോഷം ചെയ്ത പാപി ഞാൻ ആകുന്നു; ഈ ആടുകൾ എന്തു ചെയ്തിരിക്കുന്നു? യഹോവേ, എന്റെ ദൈവമേ, നിന്റെ കൈ ബാധയ്ക്കായിട്ടു നിന്റെ ജനത്തിന്മേൽ അല്ല, എന്റെമേലും എന്റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ എന്നു പറഞ്ഞു. 18അപ്പോൾ യഹോവയുടെ ദൂതൻ ഗാദിനോട് ദാവീദ് ചെന്നു യെബൂസ്യനായ ഒർന്നാന്റെ കളത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠം പണിയേണമെന്നു ദാവീദിനോടു പറവാൻ കല്പിച്ചു. 19യഹോവയുടെ നാമത്തിൽ ഗാദ് പറഞ്ഞ വചനപ്രകാരം ദാവീദ് ചെന്നു. 20ഒർന്നാൻ തിരിഞ്ഞു ദൂതനെ കണ്ടു തന്റെ നാലു പുത്രന്മാരുമായി ഒളിച്ചു. ഒർന്നാൻ കോതമ്പു മെതിച്ചുകൊണ്ടിരിക്കയായിരുന്നു. 21ദാവീദ് ഒർന്നാന്റെ അടുക്കൽ വന്നപ്പോൾ ഒർന്നാൻ നോക്കി ദാവീദിനെ കണ്ടു കളത്തിൽനിന്നു പുറത്തുചെന്നു ദാവീദിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു. 22ദാവീദ് ഒർന്നാനോട്: ഈ കളത്തിന്റെ സ്ഥലത്തു ഞാൻ യഹോവയ്ക്ക് ഒരു യാഗപീഠം പണിയേണ്ടതിന് അത് എനിക്കു തരേണം; ബാധ ജനത്തെ വിട്ടുമാറേണ്ടതിനു നീ അതു മുഴുവിലയ്ക്ക് എനിക്കു തരേണം എന്നു പറഞ്ഞു. 23അതിന് ഒർന്നാൻ ദാവീദിനോട്: അത് എടുത്തുകൊൾക; യജമാനനായ രാജാവിന്റെ പ്രസാദംപോലെ ചെയ്തുകൊണ്ടാലും; ഇതാ ഞാൻ ഹോമയാഗത്തിനു കാളകളെയും വിറകിനു മെതിവണ്ടികളെയും ഭോജനയാഗത്തിനു കോതമ്പിനെയും തരുന്നു; എല്ലാം ഞാൻ തരുന്നു എന്നു പറഞ്ഞു. 24ദാവീദുരാജാവ് ഒർന്നാനോട്: അങ്ങനെ അല്ല; ഞാൻ മുഴുവിലയ്ക്കേ അതു വാങ്ങുകയുള്ളൂ; നിനക്കുള്ളതു ഞാൻ യഹോവയ്ക്കായിട്ട് എടുക്കയില്ല; ചെലവു കൂടാതെ ഹോമയാഗം കഴിക്കയും ഇല്ല എന്നു പറഞ്ഞു. 25അങ്ങനെ ദാവീദ് ആ സ്ഥലത്തിന് അറുനൂറ് ശേക്കെൽ പൊന്ന് ഒർന്നാനു കൊടുത്തു. 26ദാവീദ് അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു യഹോവയോടു പ്രാർഥിച്ചു; അവൻ ആകാശത്തിൽനിന്നു ഹോമപീഠത്തിന്മേൽ തീ ഇറക്കി അവന് ഉത്തരം അരുളി. 27യഹോവ ദൂതനോടു കല്പിച്ചു; അവൻ തന്റെ വാൾ വീണ്ടും ഉറയിൽ ഇട്ടു.
28ആ കാലത്ത് യെബൂസ്യനായ ഒർന്നാന്റെ കളത്തിൽവച്ചു യഹോവ തന്റെ പ്രാർഥനയ്ക്ക് ഉത്തരമരുളി എന്നു ദാവീദ് കണ്ടിട്ട് അവിടെ യാഗം കഴിച്ചു. 29മോശെ മരുഭൂമിയിൽവച്ച് ഉണ്ടാക്കിയിരുന്ന യഹോവയുടെ തിരുനിവാസവും ഹോമപീഠവും അന്ന് ഗിബെയോനിലെ പൂജാഗിരിയിൽ ആയിരുന്നു. 30യഹോവയുടെ ദൂതന്റെ വാളിനെ പേടിച്ചതുകൊണ്ടു ദൈവത്തോട് അരുളപ്പാടു ചോദിക്കേണ്ടതിന് അവിടെ ചെല്ലുവാൻ ദാവീദിനു കഴിഞ്ഞില്ല.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for 1 ദിനവൃത്താന്തം 21