YouVersion Logo
Search Icon

1 ദിനവൃത്താന്തം 20

20
1പിറ്റേയാണ്ടിൽ രാജാക്കന്മാർ യുദ്ധത്തിനു പുറപ്പെടുന്ന കാലത്ത് യോവാബ് സൈന്യബലത്തോടെ പുറപ്പെട്ട് അമ്മോന്യരുടെ ദേശത്തെ ശൂന്യമാക്കിയിട്ടു ചെന്നു രബ്ബായെ വളഞ്ഞു. ദാവീദോ യെരൂശലേമിൽത്തന്നെ താമസിച്ചിരുന്നു. യോവാബ് രബ്ബായെ പിടിച്ചു നശിപ്പിച്ചു. 2ദാവീദ് അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയിൽനിന്ന് എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്ന് എന്നു കണ്ടു; അതിൽ രത്നങ്ങളും പതിച്ചിരുന്നു; അതു ദാവീദിന്റെ തലയിൽ വച്ചു; അവൻ ആ പട്ടണത്തിൽനിന്ന് അനവധി കൊള്ളയും കൊണ്ടുപോന്നു. 3അവൻ അതിലെ ജനത്തെ പുറത്തു കൊണ്ടുവന്ന് ഈർച്ച വാളിനും മെതിവണ്ടിക്കും കോടാലിക്കും ആക്കി; ഇങ്ങനെ ദാവീദ് അമ്മോന്യരുടെ എല്ലാ പട്ടണങ്ങളോടും ചെയ്തു. പിന്നെ ദാവീദും സകല ജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
4അതിന്റെശേഷം ഗേസെരിൽവച്ചു ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; ആ സമയത്തു ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുത്തനായ സിപ്പായിയെ വെട്ടിക്കൊന്നു; 5പിന്നെ അവർ കീഴടങ്ങി. പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായപ്പോൾ യായീരിന്റെ മകനായ എൽഹാനാൻ ഗിത്യനായ ഗൊല്യാഥിന്റെ സഹോദരനായ ലഹ്‍മിയെ വെട്ടിക്കൊന്നു. അവന്റെ കുന്തത്തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു. 6വീണ്ടും ഗത്തിൽവച്ചു യുദ്ധം ഉണ്ടായി; അവിടെ ദീർഘകായനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവന് ഓരോ കൈക്ക് ആറാറു വിരലും ഓരോ കാലിന് ആറാറു വിരലും ആകെ ഇരുപത്തിനാല് വിരൽ ഉണ്ടായിരുന്നു; അവനും രാഫയ്ക്കു ജനിച്ചവനായിരുന്നു. 7അവൻ യിസ്രായേലിനെ ധിക്കരിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകനായ യോനാഥാൻ അവനെ വെട്ടിക്കൊന്നു. 8ഇവർ ഗത്തിൽ രാഫയ്ക്കു ജനിച്ചവർ ആയിരുന്നു; അവർ ദാവീദിന്റെയും അവന്റെ ദാസന്മാരുടെയും കൈയാൽ പട്ടുപോയി.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for 1 ദിനവൃത്താന്തം 20