1 ദിനവൃത്താന്തം 13
13
1ദാവീദ് സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും സകല നായകന്മാരോടും ആലോചിച്ചശേഷം 2യിസ്രായേലിന്റെ സർവസഭയോടും പറഞ്ഞത്: നിങ്ങൾക്കു സമ്മതവും നമ്മുടെ ദൈവമായ യഹോവയ്ക്കു ഹിതവും ആകുന്നു എങ്കിൽ നാം യിസ്രായേൽദേശത്തെല്ലാടവുമുള്ള നമ്മുടെ ശേഷം സഹോദരന്മാരും അവരോടുകൂടെ പുല്പുറങ്ങളുള്ള പട്ടണങ്ങളിൽ പാർക്കുന്ന പുരോഹിതന്മാരും ലേവ്യരും നമ്മുടെ അടുക്കൽ വന്നുകൂടേണ്ടതിന് എല്ലാടവും ആളയയ്ക്കുക. 3നമ്മുടെ ദൈവത്തിന്റെ പെട്ടകം വീണ്ടും നമ്മുടെ അടുക്കൽ കൊണ്ടുവരിക; ശൗലിന്റെ കാലത്തു നാം അതിനെ ഗണ്യമാക്കിയില്ലല്ലോ. 4ഈ കാര്യം സകല ജനത്തിനും ബോധിച്ചതുകൊണ്ട് അങ്ങനെതന്നെ ചെയ്യേണമെന്നു സർവസഭയും പറഞ്ഞു. 5ഇങ്ങനെ ദാവീദ് ദൈവത്തിന്റെ പെട്ടകം കിര്യത്ത്-യെയാരീമിൽനിന്നു കൊണ്ടുവരേണ്ടതിനു മിസ്രയീമിലെ ശീഹോർ തുടങ്ങി ഹമാത്ത് പ്രദേശംവരെയുള്ള എല്ലാ യിസ്രായേലിനെയും കൂട്ടിവരുത്തി. 6കെരൂബുകളുടെ മധ്യേ അധിവസിക്കുന്ന യഹോവയായ ദൈവത്തിന്റെ തിരുനാമം വിളിക്കപ്പെടുന്ന പെട്ടകം കൊണ്ടുവരേണ്ടതിനു ദാവീദും യിസ്രായേലൊക്കെയും യെഹൂദായോടു ചേർന്ന് കിര്യത്ത്- യെയാരീമെന്ന ബയലയിൽ ചെന്നു. 7അവർ ദൈവത്തിന്റെ പെട്ടകം അബീനാദാബിന്റെ വീട്ടിൽനിന്ന് എടുത്ത് ഒരു പുതിയ വണ്ടിയിൽ കയറ്റി; ഉസ്സയും അഹ്യോവും വണ്ടി തെളിച്ചു. 8ദാവീദും എല്ലാ യിസ്രായേലും ദൈവത്തിന്റെ സന്നിധിയിൽ പൂർണശക്തിയോടെ പാട്ടുപാടിയും കിന്നരം, വീണ, തപ്പ്, കൈത്താളം, കാഹളം എന്നീ വാദ്യങ്ങൾ ഘോഷിച്ചുംകൊണ്ടു നൃത്തം ചെയ്തു. 9അവർ കീദോൻകളത്തിനു സമീപമെത്തിയപ്പോൾ കാള വിരളുകകൊണ്ട് ഉസ്സ പെട്ടകം പിടിപ്പാൻ കൈ നീട്ടി. 10അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരേ ജ്വലിച്ചു; അവൻ തന്റെ കൈ പെട്ടകത്തിങ്കലേക്കു നീട്ടിയതുകൊണ്ട് അവനെ ബാധിച്ചു, അവൻ അവിടെ ദൈവസന്നിധിയിൽ മരിച്ചുപോയി. 11യഹോവ ഉസ്സയെ ഛേദിച്ച ഛേദം നിമിത്തം ദാവീദിനു വ്യസനമായി: അവൻ ആ സ്ഥലത്തിനു പേരെസ്-ഉസ്സ എന്നു പേർ വിളിച്ചു. 12ഇത് ഇന്നുവരെയും പറഞ്ഞുവരുന്നു. അന്നു ദാവീദ് ദൈവത്തെ ഭയപ്പെട്ടുപോയി: ഞാൻ ദൈവത്തിന്റെ പെട്ടകം എങ്ങനെ എന്റെ അടുക്കൽ കൊണ്ടുവരേണ്ടൂ എന്നു പറഞ്ഞു. 13അങ്ങനെ ദാവീദ് പെട്ടകം തന്റെ അടുക്കൽ ദാവീദിന്റെ നഗരത്തിൽ കൊണ്ടുവരാതെ ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിലേക്കു മാറ്റി കൊണ്ടുപോയി. 14ദൈവത്തിന്റെ പെട്ടകം ഓബേദ്-എദോമിന്റെ കുടുംബത്തോടുകൂടെ മൂന്നു മാസം അവന്റെ വീട്ടിൽ ഇരുന്നു; യഹോവ ഓബേദ്-എദോമിന്റെ കുടുംബത്തെയും അവനുള്ള സകലത്തെയും അനുഗ്രഹിച്ചു.
Currently Selected:
1 ദിനവൃത്താന്തം 13: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.